കർഷകർക്ക് തിരിച്ചടിയായി കാപ്പി, ദുർബലാവസ്ഥയിൽ റബർവിപണി: ഇന്നത്തെ (10/6/25) അന്തിമ വില

Mail This Article
ചൂട് കാപ്പി, ദാ തണുത്തു, ഉൽപാദകർ ആശങ്കയിൽ. ആഗോള വിപണിക്ക് ഒപ്പം ഇന്ത്യൻ കാപ്പിവിലയും കുറയുന്ന പ്രവണത കർണാടകത്തിലെയും കേരളത്തിലെയും കർഷകരെ സമ്മർദ്ദത്തിലാക്കി. ഉയർന്ന വില മോഹിച്ച് പിടിച്ചുവച്ച ചരക്ക് വിറ്റുമാറണോയെന്ന ആലോചനയിലാണ് ഒരു വിഭാഗം, എന്നാൽ, കാത്തിരുന്നാൽ കാപ്പി വീണ്ടും ചൂടുപിടിക്കുമെന്ന പ്രതീക്ഷയിലാണ് മറ്റൊരു കൂട്ടർ. വർഷാരംഭത്തിൽ കിലോയ്ക്ക് 500 രൂപയിലേക്കു മുന്നേറിയ റോബസ്‌റ്റ കാപ്പി നിലവിൽ 380 രൂപയിലേക്ക് താഴ്‌ന്നപ്പോൾ 600 രൂപയിൽനിന്ന അറബിക്കയുടെ വിലയും കുറഞ്ഞു. രാജ്യാന്തര മാർക്കറ്റിലും കാപ്പിക്ക് കാലിടറി. മുൻനിര ഉൽപാദക രാജ്യമായ ബ്രസീലിൽ വിളവെടുപ്പ് പുരോഗമിക്കുന്നു. ഏകദേശം 30 ശതമാനം വിളവെടുപ്പ് പൂർത്തിയായതിനൊപ്പം ലഭ്യത ഉയർന്നത് വിലയെ ചെറിയ അളവിൽ ബാധിച്ചു. ഇതിനിടെ വിയറ്റ്‌നാമിന്റെ കാപ്പി കയറ്റുമതി വർധിച്ചത് വിപണിയുടെ മുന്നേറ്റ സാധ്യതകളെ താൽക്കാലികമായി പിടിച്ചു നിർത്തി. കഴിഞ്ഞമാസം വിയറ്റ്‌നാമിന്റെ കാപ്പി കയറ്റുമതി 59 ശതമാനം വർധിച്ച് 1.48 ലക്ഷം ടണ്ണിലെത്തി. ജനുവരി‐മേയിൽ അവർ 8.13 ലക്ഷം ടൺ കാപ്പി ഷിപ്പ്‌മെന്റ് നടത്തി.
യുഎസ്‐ചൈന വ്യാപാര ചർച്ചകൾ ലണ്ടനിൽ പുരോഗമിച്ചതോടെ നികുതി ഇളവുകൾക്കുള്ള സാധ്യത റബർ മാർക്കറ്റിലെ ഊഹക്കച്ചവടക്കാരെ വിൽപ്പനകൾ തിരിച്ചു പിടിക്കാൻ പ്രേരിപ്പിച്ചു. ജപ്പാൻ എക്‌സ്‌ചേഞ്ചിലെ ഷോട്ട് കവറിങ്ങിൽ റബർ വീണ്ടും കിലോ 300 യെന്നിലേക്ക് ഉയർന്നു. അതേസമയം വിപണി സാങ്കേതികമായി ദുർബലാവസ്ഥയിൽ നീങ്ങുന്നതിനാൽ പുതിയ വാങ്ങലുകൾക്ക് ഫണ്ടുകൾ തയാറായില്ല. അവധി വ്യാപാരത്തിലെ ചലനങ്ങൾ കണ്ട് ബാങ്കോക്കിലെ കയറ്റുമതി സമൂഹം ഷീറ്റ് വില കിലോ രണ്ട് രൂപ ഉയർത്തി 198 രൂപയാക്കി. ഇറക്കുമതി രാജ്യങ്ങൾ വിപണിയുടെ ചലനങ്ങൾ നിരീക്ഷിച്ചതല്ലാതെ പുതിയ കച്ചവടങ്ങൾ ഉറപ്പിച്ചതായി സൂചനയില്ല. കൊച്ചിയിൽ നാലാം ഗ്രേഡ് റബർ കിലോ 196 രൂപയിൽ സ്റ്റെഡി. അടുത്ത വാരത്തോടെ മഴ വീണ്ടും ശക്തിപ്രാപിക്കുമെന്ന വിലയിരുത്തലുകൾ പുറത്തുവരുന്നതിനാൽ പരമാവധി വേഗത്തിൽ റബർ മരങ്ങളിൽ റെയിൻ ഗാർഡ് ഒരുക്കുന്ന തിരക്കിലാണ് ഉൽപാദകർ.

പെരുന്നാൾ ആഘോഷങ്ങൾ കഴിഞ്ഞതോടെ അറബ് രാജ്യങ്ങൾ ഇന്ത്യൻ ഏലത്തിൽനിന്ന് അൽപ്പം അകന്നെങ്കിലും മാസമധ്യത്തോടെ അവർ രംഗത്ത് തിരിച്ചെത്തുമെന്ന സൂചനയാണ് കയറ്റുമതി മേഖലയിൽനിന്നും ലഭ്യമാകുന്നത്. മുഹറം അടുത്തതിനാൽ പുതിയ ഓർഡറുകളുടെ വരവ് ഏലത്തിനു താങ്ങ് പകരാം. നെടുങ്കണ്ടത്ത് രാവിലെ നടന്ന ലേലത്തിൽ 31,375 കിലോ ചരക്ക് വിൽപ്പനയ്‌ക്ക് എത്തിയതിൽ 30,601 കിലോയും വിറ്റഴിഞ്ഞു. മികച്ചയിനങ്ങൾ കിലോ 2924 രൂപയിലും ശരാശരി ഇനങ്ങൾ 2411 രൂപയിലും കൈമാറി.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക