Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപണിയിൽ തിളങ്ങി കപ്പ

tapioca-farming മൂവാറ്റുപുഴ കടാതിയിലെ നെൽപാടത്തു കപ്പക്കൃഷി ആരംഭിച്ചപ്പോൾ.

കപ്പയ്ക്കിപ്പോൾ നല്ല കാലം. മറ്റു കാർഷിക വിളകൾ നേരിടുന്ന തിരച്ചടികൾക്കിടയിലും വിപണിയിൽ കപ്പയ്ക്കു ലഭിക്കുന്ന വൻ ഡിമാൻഡ് എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ കൂടുതൽ പേരെ കപ്പ കർഷകരാക്കുന്നു. നെൽകൃഷിയൊഴിഞ്ഞു തരിശായി കിടന്ന വയലുകളിലെല്ലാം കപ്പ ആദായമുള്ള കൃഷിയായി മാറുകയാണ്. മൂവാറ്റുപുഴ വാളകം, മഴുവന്നൂർ, പായിപ്ര, മാറാടി, കുന്നത്തുനാട് എന്നിവിടങ്ങളിലെ നെൽവയലുകളിലാണ് കപ്പ കൃഷി വ്യാപകമാകുന്നത്. കപ്പയ്ക്ക് ഇപ്പോൾ റെക്കോർഡ് വിലയാണ്. പച്ചക്കപ്പ കിലോഗ്രാമിന് 34–36 രൂപ വരെയായി. വാട്ടുകപ്പ (ഉണങ്ങിയ കപ്പ)യുടെ വില 70-75ലേക്ക് ഉയർന്നു. വില കുതിച്ചുകയറുന്നതിനിടെ വാട്ടുകപ്പ പൂഴ്ത്തിവയ്പുമുണ്ട്.

20 രൂപയിൽനിന്നാണു പച്ചക്കപ്പ വില ഉയർന്നത്. രണ്ടു വർഷം മുൻപു 30 വരെ എത്തിയിരുന്നു. പിന്നീട് വലിയ തോതിൽ ഇടിഞ്ഞു. തമിഴ്‌നാട്ടിൽ ഉൽപാദനം വർധിക്കുകയും അവിടെനിന്നു കേരളത്തിൽ വിറ്റഴിക്കുകയും ചെയ്തതോടെയാണു വിലയിടിഞ്ഞത്. തമിഴ്‌നാട്ടിലെ തേവാരം കേന്ദ്രീകരിച്ചായിരുന്നു വ്യാപകമായ കൃഷി. കുറഞ്ഞ ചെലവു മാത്രമാണ് തമിഴ്‌നാട്ടിൽ കൃഷിയിറക്കുന്നതിനുള്ളത്. മണ്ണിന്റെ മേന്മയും അനുകൂലമായതിനാൽ വൻ വിളവാണ് അവിടെ ലഭിച്ചത്. ഇപ്പോൾ തമിഴ്‌നാട്ടിൽനിന്നു കപ്പ എത്തുന്നില്ല എന്നതു നാട്ടിൽ വില വർധിക്കുന്നതിനും കൃഷി വ്യാപകമാകുന്നതിനും കാരണമായി.

കേരളത്തിൽ കപ്പ കൃഷി ചെയ്യുന്ന സ്ഥലങ്ങൾ പത്തു വർഷത്തിനിടെ 35 ശതമാനത്തോളം കുറഞ്ഞതായാണു കേരള കാർഷിക സർവകലാശാലയുടെ അഗ്രികൾച്ചറൽ മാർക്കറ്റ് ഇന്റലിജൻസ് സെന്ററിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അയൽ സംസ്ഥാനമായ തമിഴ്നാട് വ്യാവസായിക അടിസ്ഥാനത്തിൽ കപ്പക്കൃഷി നടപ്പാക്കി ഉൽപാദനം കേരളത്തെക്കാൾ വർധിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇന്ത്യയിൽ തന്നെ പ്രധാന കപ്പ ഉൽപാദക സംസ്ഥാനമായിരുന്ന കേരളം പിന്നോട്ടുപോകുകയായിരുന്നു. വിലയിലെ ഏറ്റക്കുറച്ചിലുകളും ഭൂമിവില ഉയർന്നതോടെ കൃഷി ചെയ്യുന്നതിനു സ്ഥലമില്ലാതായതും കപ്പക്കൃഷി കുറയാൻ കാരണമായി. എന്നാൽ വിലയുയർന്നതോടെ കർഷകരുടെ മനോഭാവം മാറി. നെൽകൃഷി ഒഴിയുന്ന പാടങ്ങളിലൊക്കെ ഇപ്പോൾ കപ്പ കൃഷി ചെയ്യുന്നു.

താരതമ്യേന കുറച്ചു ശ്രദ്ധയും കുറവു തൊഴിലാളികളും മതിയെന്നതും കീടങ്ങളെ അധികമൊന്നും ഭയപ്പെടേണ്ട എന്നതും കർഷകരെ ആകർഷിക്കുന്നു. കപ്പയിൽനിന്നു മൂല്യവർധിത ഉൽപന്നങ്ങൾ ധാരാളം നിർമിക്കപ്പെടുന്നതിനാൽ ഡിമാൻഡ് ഉയർന്നുവെന്നതും ശുഭസൂചനയായി. സ്റ്റാർച്ചിനും മറ്റുമായി വ്യവസായ അടിസ്ഥാനത്തിൽ കപ്പക്കൃഷി നടക്കുന്നില്ലെങ്കിലും ആഭ്യന്തര വിപണിയിൽ ഭക്ഷ്യവസ്തുവെന്ന നിലയിൽ കപ്പയ്ക്ക് പ്രിയമേറെയാണ്. കൂടുതൽ വിള കിട്ടുന്ന ഇനങ്ങളായ എച്ച്–226, എച്ച്–165, ശ്രഹർഷ തുടങ്ങിയവയാണു കൂടുതലായി കൃഷി ചെയ്യുന്നത്.

Your Rating: