Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൈവാത്മാവ്

spinach-cultivation

രാസവളപ്രയോഗമില്ലാതെയുള്ള, പ്രകൃതിക്കിണങ്ങിയ കൃഷിരീതികൾ ഇന്ന് വ്യാപകമാവുകയാണ്. കർഷകനെന്നു പറഞ്ഞാൽ പകലന്തിയോളം വെയിലത്തും മഴയത്തും പണിയെടുക്കുന്നവൻ എന്ന കാഴ്ചപ്പാടു തന്നെ മാറുകയാണ്. വിവരസാങ്കേതിക വിദ്യയുടെ വളർച്ച കാർഷിക മേഖലയിലും നൂതനമായ മാറ്റങ്ങളാണു കൊണ്ടുവന്നിരിക്കുന്നത്. കാർഷിക സംസ്ഥാനമായ കർണാടകയും ജൈവക‌ൃഷിയിലും ഉൽപാദനത്തിലും വിപണനത്തിലും ഏറെ മുന്നേറിയിരിക്കുകയാണ്. 2004ൽ രാജ്യത്ത് ആദ്യമായി ഓർഗാനിക് ഫാമിങ് പോളിസി നടപ്പാക്കിയ കർണാടക അതിന്റെ രണ്ടാംഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്.

മാതൃകയായി ഓർഗാനിക്സ് ആൻഡ് മില്ലറ്റ്സ് മേള

കർണാടക കൃഷിവകുപ്പ് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഓർഗാനിക്സ് ആൻഡ് മില്ലറ്റ്സ് ദേശീയ വിപണനമേള മാറിയ കൃഷിമാതൃകകളാണ് കാണിച്ചുതന്നത്. 250 സ്റ്റാളുകളിലായി നിറഞ്ഞുനിന്ന പ്രദർശനം എഴുപതിനായിരത്തിലധികം പേരാണു സന്ദർശിച്ചത്. കർഷകർക്ക് ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ വിറ്റഴിക്കാൻ സാധിച്ചതു വൻ നേട്ടവുമായി. 80 ലക്ഷം രൂപയുടെ ഉൽപന്നങ്ങളാണു മേളയിൽ വിറ്റഴിച്ചത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ കർഷക കൂട്ടായ്മകൾക്കു നാൽപതിലധികം ഓൺലൈൻ, ചില്ലറ വിൽപന ശൃംഖലകളുമായി വ്യാപാരക്കരാർ ഉറപ്പിക്കാനും സാധിച്ചു. ജൈവകാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിനായി മാത്രം ഇരുപത് ധാരണപത്രങ്ങളാണ് ഒപ്പുവച്ചത്. എട്ട് സ്റ്റാർട്ട് അപ് കമ്പനികളാണ് ഇതിനായി മുന്നിട്ടിറങ്ങിയത്.

kannada-farmers ഓർഗാനിക്സ് ആൻഡ് മില്ലറ്റ്സ് മേളയിൽ പരമ്പരാഗത രീതിയിൽ തലപ്പാവ് അണിഞ്ഞെത്തിയ കന്നഡ കർഷകർ.

ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളായ ബിഗ് ബാസ്കറ്റ്, നാംധാരി അടക്കമുള്ളവരുടെ പ്രതിനിധികൾ കർഷക സംഘങ്ങളുമായി നേരിട്ട് ഉടമ്പടിവച്ചതോടെ ഉൽപന്നങ്ങൾ കാലതാമസം കൂടാതെ ഉപഭോക്താക്കളിലെത്തിക്കാനുള്ള അവസരമാണു ലഭിച്ചത്. കൃഷിമേഖലയിലെ സ്റ്റാർട്ട് അപ് സംരംഭങ്ങൾക്കു മാത്രമായി 10.5 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ കർണാടക വകയിരുത്തിയിരിക്കുന്നത്. വൻകിട നഗരങ്ങൾക്കു പുറമെ ചെറുകിട നഗരങ്ങളിലും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളും ഗ്രാന്റും സർക്കാർ നൽകും. ഫാം ടൂറിസം അടക്കമുള്ള മേഖലകൾ കേന്ദ്രീകരിച്ചുള്ള സംരംഭങ്ങൾ ‌ഗ്രാമമേഖലകളിലും ഉണർവ് നൽകിയിട്ടുണ്ട്.

കന്നഡിഗരുടെ വയർ നിറയ്ക്കാൻ ധാന്യങ്ങൾ

അരിഭക്ഷണമില്ലാതെ മലയാളികൾക്കു ദിവസം കഴിച്ചുകൂട്ടാൻ പ്രയാസമാണ്. കന്നഡിഗർക്ക് അരിയില്ലെങ്കിലും റാഗിയുണ്ടെങ്കിൽ കാര്യം സുഭിക്ഷം. ധാന്യവിളകളുടെ (മില്ലറ്റ്സ്) ഉൽപാദനം വർധിപ്പിക്കാനും പ്രചാരണത്തിനുമായി ഒട്ടേറെ പദ്ധതികൾക്കാണു കൃഷിവകുപ്പ് നേതൃത്വം നൽകുന്നത്. നെല്ല്, ഗോതമ്പ് തുടങ്ങിയ പരമ്പരാഗത വിളകൾക്കു വേണ്ടിവരുന്നതിന്റെ പകുതിപോലും ജലം ഈ ധാന്യവിളകളുടെ കൃഷിക്ക് ആവശ്യമില്ലെന്നതാണ് പ്രധാന മേൻമ.

പ്രതിരോധശേഷി കൂടിയതിനാൽ രാസവളങ്ങളുടെ ഉപയോഗമില്ലാതെ തന്നെ കൂടുതൽ ഉൽപാദനം സാധ്യമാണ്. പ്രോട്ടീനുകൾക്കു പുറമെ വൈറ്റമിൻ ബി, ഇ, ഫൈബർ, ഫോളിക് ആസിഡ്, മഗ്‍നീഷ്യം, കോപ്പർ, ഫോസ്ഫറസ്, സിങ്ക്, കാൽസ്യം, പൊട്ടാഷ്യം എന്നിവ കൂടുതലായി അടങ്ങിയ ധാന്യവിഭവങ്ങൾ ജീവിതശൈലി രോഗങ്ങളിൽനിന്നു മോചനവും നൽകുമെന്ന് ശാസ്ത്രീയപഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

cabbage-and-fruits-cultivation

വടക്കൻ കർണാടകയുടെ തനതു ധാന്യവിഭവങ്ങളായ റാഗി, ജോവർ, ബജ്റ എന്നിവയിൽ നിന്നുള്ള ഉൽപന്നങ്ങൾ എല്ലാവർക്കും രുചിക്കുന്ന രീതിയിലേക്കു മാറിയിരിക്കുകയാണ്. കൂടാതെ കർണാടകയുടെ തനത് ധാന്യവിഭവങ്ങളുടെ പ്രചാരണത്തിനായി 'മില്ലറ്റ് മെലഡീസ്' എന്ന പേരിൽ മൊബൈൽ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. വിവിധ ധാന്യങ്ങൾ കൊണ്ട് ഭക്ഷ്യവിഭവങ്ങൾ തയാറാക്കുന്നതും ഇതിന്റെ സവിശേഷതകളും ആപ്പിലൂടെ അറിയാൻ സാധിക്കും.

കർണാടക ബ്രാൻഡ്

കർണാടകയുടെ ജൈവകാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിൽ ബ്രാൻഡിങ്ങിനും പ്രാധാന്യം. ജൈവകാർഷിക ഉൽപന്നങ്ങൾ സിരി കർണാടക എന്ന പേരിലും ധാന്യവിഭവങ്ങൾ ശ്രേഷ്ഠ കർണാടക എന്ന പേരിലുമാണ് ബ്രാൻഡ് ചെയ്തത്. കർണാടകയിലെ 14 കാർഷിക സഹകരണസംഘങ്ങളുടെ ഉൽപന്നങ്ങളാണു ബ്രാൻഡിങ്ങിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതോടെ ആഭ്യന്തരവിപണിക്കു പുറമെ രാജ്യാന്തര വിപണിയിലും കർണാടകയുടെ തനതു ധാന്യവിഭവങ്ങളും പച്ചക്കറി പഴവർഗ ഉൽപന്നങ്ങളും  ആവശ്യക്കാർക്കു ഗുണമേൻമ നഷ്ടമാകാതെ മിതമായ നിരക്കിൽ ലഭ്യമാകും. രാജ്യാന്തര വിപണിയിൽ ഐസി ഒന്ന്, ഐസി രണ്ട്, ഐസി മൂന്ന് ഗ്രേഡുകളായി തിരിച്ചാണ് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്.

വളർച്ചയുടെ പാതയിൽ

കരിമ്പ് ഉൽപന്നങ്ങൾ, എണ്ണ, ധാന്യങ്ങൾ, പരുത്തി, ആയുർവേദ മരുന്നുകൾ, കാപ്പി, തേയില, ഡ്രൈ ഫ്രൂട്ട്സ്, സുഗന്ധവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയാണ് ഇന്ത്യയിൽ ജൈവ കൃഷിരീതികളിലൂടെ കൂടുതലായി ഉൽപാദിപ്പിക്കുന്നത്. ജൈവകൃഷി ഉൽപാദനത്തിൽ 2015-16 വർഷത്തെ കണക്കുപ്രകാരം ഒന്നാംസ്ഥാനം മധ്യപ്രദേശിനും രണ്ടാംസ്ഥാനം മഹാരാഷ്ട്രയ്ക്കും മൂന്നാംസ്ഥാനം കർണാടകയ്ക്കുമാണ്. 93,963 ഹെക്ടർ പ്രദേശത്ത് കർണാടകയിൽ ജൈവകൃഷി നടത്തിയപ്പോൾ 2,82,633 ടൺ ആയിരുന്നു കഴിഞ്ഞവർഷത്തെ ഉൽപാദനം. കർഷകരുടെ 14 റീജനൽ ഫെഡറേഷൻസ് ഓഫ് ഓർഗാനിക് ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണു വിപണനം നടത്തുന്നത്. ജൈവകൃഷി ഗവേഷണത്തിനു മാത്രമായി എട്ട് ഗവേഷണ സ്ഥാപനങ്ങളും കർണാടകയിൽ പ്രവർത്തിക്കുന്നുണ്ട്.

ഓർഗാനിക് ഹബ്

ഇന്ത്യയിലെ ഓർഗാനിക് ഹബ് ആയാണ് ബെംഗളൂരു മാറിയിരിക്കുന്നത്. ജൈവ ഉൽപന്നങ്ങളുടെ വിൽപനക്കായി 400 റീട്ടെയിൽ ഔട്ട് ലെറ്റുകളും 160 ഓർഗാനിക് ഔട്ട് ലെറ്റുകളും ഒൻപത് ഓർഗാനിക് റസ്റ്ററന്റുകളും ഉദ്യാനനഗരിയിൽ പ്രവർത്തിക്കുന്നുണ്ട്.