Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവശ്യക്കാർ അയലത്തു തന്നെ

amballoor-my-farm ആമ്പല്ലൂരിലെ മൈ ഫാം കർഷകയായ പ്രിയയും ഭർത്താവ് ഗോപനും കൃഷി ഓഫീസർ സതീഷ്, സാലുമോൻ, സൗമ്യ എന്നിവർക്കൊപ്പം.

എറണാകുളം ആമ്പല്ലൂരിലെ കാവുങ്കൽ വീടിനോടു ചേർന്നുള്ള ഒന്നര ഏക്കർ പാടത്ത് പ്രിയ ഗോപൻ നടത്തുന്ന കൃഷിയിൽ വിളവൈവിധ്യമേറെ. പതിവ് പച്ചക്കറിയിനങ്ങൾക്കു പുറമേ കടല, തുവര, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട് തുടങ്ങി പുതുമയുള്ള ഒട്ടേറെ വിളകൾ ഈ വീട്ടമ്മ നട്ടുവളർത്തുന്നു. ഇത്രയേറെ വിളകൾ കൃഷിചെയ്യുമ്പോഴും വിപണനത്തെക്കുറിച്ച് പ്രിയയ്ക്ക് ആശങ്കയില്ല. മൂപ്പെത്തിയ പച്ചക്കറികളും പഴങ്ങളുമൊക്കെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വിളവെടുത്ത് വീട്ടിൽ സൂക്ഷിച്ചാൽ മതി, മണിക്കൂറുകൾക്കുള്ളിൽ തൊട്ടടുത്ത എറണാകുളം നഗരത്തിൽനിന്നു വണ്ടി വന്ന് എല്ലാം കൊണ്ടുപോകും. വിപണിവിലയേക്കാൾ 20–30 ശതമാനം അധികം നൽകുകയും ചെയ്യും.

ഇനി പ്രിയയുടെ വീട്ടിൽനിന്നു വണ്ടി കയറിയ തക്കാളിയും വെണ്ടയ്ക്കയും പപ്പായയുമൊക്കെ എവിടെയെത്തിയെന്നു നോക്കാം. സംഭരണശാലയിൽ കഴുകി വൃത്തിയാക്കിയ അവയോരോന്നും വിവിധ കാർഡ്ബോർഡ് പെട്ടികളിലായി. അടുത്ത ഒരു മണിക്കൂറിനുള്ളിൽ വിവിധ ഫ്ലാറ്റുകളിലും വില്ലകളിലും കാത്തിരിക്കുന്ന വീട്ടമ്മമാരുടെ കരങ്ങളിലേക്ക്. ഉച്ചയ്ക്ക് പ്രിയയുടെ തൊടിയിൽ ചിരിച്ചുനിന്നിരുന്ന കോളിഫ്ലവറും കാബേജും വൈകുന്നേരം അഞ്ചിനു കടവന്ത്രയിലെയും കലൂരിലെയുമൊക്കെ അടുക്കളകളിലെത്തുമ്പോഴും ചിരി മാഞ്ഞിട്ടുണ്ടാവില്ല. വിഷാംശമില്ലാത്ത പച്ചക്കറികളുടെ പുതുമ മാറാത്ത ആ ചിരി നഗരവാസികളായ വീട്ടമ്മമാരുടെ ആശ്വാസവും ആവേശവുമാകാതിരിക്കുമോ?

വായിക്കാം ഇ - കർഷകശ്രീ

വിപണനമാണ് നാട്ടിൻപുറത്തെ കർഷകനു വെല്ലുവിളി. സുരക്ഷിതഭക്ഷണമാണ് പട്ടണത്തിലെ ഉപഭോക്താവിന്റെ ആവശ്യം– ഒരാളുടെ വെല്ലുവിളി മറ്റൊരാളുടെ ആവശ്യം നടത്തുമെങ്കിൽ ഇവരെ തമ്മിൽ കൂട്ടിമുട്ടിക്കുകയല്ലേ വേണ്ടൂ. അതു തന്നെയാണ് നെയ്ബർഹുഡ് സൊലൂഷൻസ് ചെയ്യുന്നതും.

കാർഷികവിപണനത്തിൽ പുതുശൈലി സൃഷ്ടിക്കുകയാണ് കളമശേരി നെയ്ബർഹുഡ് അഗ്രിബിസിനസ് സൊലൂഷൻസ്. വിത്തു മുതൽ വിപണിവരെ കൃഷിക്കാർക്ക് തുണയേകി സുരക്ഷിതഭക്ഷണം പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന വ്യത്യസ്ത മാതൃകയാണിത്. പട്ടണവാസികളായ ഉപഭോക്താക്കളെ സമീപവാസികളായ കൃഷിക്കാരുടെ കൂട്ടായ്മകളുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് രണ്ടു ഭാഗങ്ങളുണ്ട്. മൈ ഫാം എന്ന പേരിലുള്ള ആദ്യഭാഗത്ത് നഗരങ്ങളോടു ചേർന്നുള്ള ഗ്രാമങ്ങളിൽ നല്ല കൃഷിരീതികൾ (good agricultural practices-GAP) പിന്തുടരുന്ന കൃഷിക്കാരുടെ കൂട്ടായ്മകൾ സൃഷ്ടിക്കുന്നു. അവർക്ക് വിഷരഹിതമായും ജൈവികമായും കൃഷി നടത്തുന്നതിനു സാങ്കേതികവിദ്യയും വിഭവങ്ങളും കമ്പനി എത്തിക്കും. കൃഷിയിടം സന്ദർശിച്ച് ഉപദേശങ്ങളും നിർദേശങ്ങളും നൽകുന്നതിനു പരിശീലനം കിട്ടിയ കാർഷിക വിദഗ്ധരുമുണ്ട്. മൈ ഫാം അംഗങ്ങൾ നിശ്ചിത ജൈവരീതികൾ പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇവരുടെ നിരീക്ഷണമുണ്ടാകും. ഇപ്രകാരം കർശനമായ നിരീക്ഷണത്തിലും മേൽനോട്ടത്തിലും ഉൽപാദിപ്പിക്കുന്ന വിളകൾ‌ വിപണിവിലയെക്കാൾ ഉയർന്ന നിരക്കിൽ വാങ്ങുമെന്ന ഉറപ്പും നെയ്ബർഹുഡ് സൊലൂഷൻസ് നൽകുന്നുണ്ട്. കൃഷിക്കാർക്ക് പുറംവിപണിയിൽ കിട്ടുന്നതിനേക്കാൾ 20–30 ശതമാനം കൂടുതലായിരിക്കുമിത്.

സ്വന്തമായി സ്ഥലവും കൃഷി ചെയ്യാൻ താൽപര്യവുമുണ്ടെങ്കിലും സമയവും സൗകര്യവുമില്ലാത്തവർക്കുവേണ്ടി ഉൽപാദനവും വിപണനവും നടത്തുന്ന പദ്ധതിയും ഇവർ ഏറ്റെടുക്കുന്നു. കമ്പനിയുടെ കാർഷികവിദഗ്ധരായിരിക്കും സ്ഥലമുടമകൾക്കുവേണ്ടി കൃഷിയുടെ മേൽനോട്ടം വഹിക്കുക. മുതൽമുടക്ക് സ്ഥലമുടമയുടേതും. വിത്തിറക്കുന്നതു മുതൽ വിറ്റഴിക്കുന്നതുവരെയുള്ള കൃഷിക്കാരന്റെ തലവേദനകൾ പൂർണമായി ഏറ്റെടുക്കുന്ന ഈ പങ്കാളിത്ത പദ്ധതി നഗരപ്രാന്തങ്ങളിൽ കൂടുതൽ സ്ഥലമുള്ളവർ പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയാണ് നെയ്ബർഹുഡ് സൊലൂഷൻസിനുള്ളത്. മുതൽമുടക്കിന് ആനുപാതികമായി ചെറിയ സർവീസ് ചാർജ് മാത്രം ഈടാക്കുകയും വരുമാനം ഉടമയ്ക്കു കൈമാറുകയും ചെയ്യുന്നു. മുഴുവൻ സമയ കൃഷിക്കാർ മാത്രമല്ല, കൃഷിപ്രേമികളായ ഉദ്യോഗസ്ഥർപോലും ഈ പദ്ധതിയിൽ ചേരുന്നുണ്ട്. മൈ ഫാം പദ്ധതിയിലൂടെ ലഭിച്ച സാങ്കേതിക–വിപണന പിന്തുണയാണ് മുൻപരിചയമില്ലാതെ കൃഷിയിലേക്കിറങ്ങാൻ ധൈര്യം പകർന്നതെന്ന് സ്വകാര്യ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായ എൻസൺ പറഞ്ഞു. 90 സെന്റ് സ്ഥലത്തു വാഴ, പീച്ചിൽ, പയർ തുടങ്ങി വ്യത്യസ്ത വിളകളാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്.

പഴം, പച്ചക്കറികൾ മാത്രമല്ല മുട്ട, പാലുൽപന്നങ്ങൾ, നാളികേരം തുടങ്ങി കർഷകകുടുംബങ്ങളിൽ ലഭിക്കുന്ന എല്ലാ ഉൽപന്നങ്ങളും നെയ്ബർഹുഡ് ഉപഭോക്താക്കളിലെത്തിക്കുമെന്ന് മാനേജിങ് ഡയറക്ടർ എസ്.എസ്. സാലുമോൻ പറയുന്നു. വയനാട്ടിലെ പുൽപള്ളിയിൽ ഒന്നര ദശകം മുമ്പ് ജൈവഗ്രാമം സൃഷ്ടിച്ച കൃഷിഓഫിസറെന്ന അനുഭവസമ്പത്തുമായാണ് ഇദ്ദേഹം ഈ സംരംഭത്തിനു തുടക്കമിട്ടിരിക്കുന്നത്. കെഎസ്ഐഡിസിയുടെ സീഡ് മണി നേടി തുടങ്ങിയ ഈ അഗ്രിസ്റ്റാർട്ടപ് പദ്ധതിയിൽ പങ്കാളികളായി വേറെയും നിക്ഷേപകരുണ്ട്.

ഓരോ നഗരത്തിലേക്കും ആവശ്യമായ ജൈവ ഉൽപന്നങ്ങൾ നഗരത്തിലും പരിസരഗ്രാമങ്ങളിലും ഉൽപാദിപ്പിക്കുന്ന സംവിധാനമാണ് വിഭാവനം ചെയ്യുന്നത്. ഉപഭോക്താവിലേക്കുള്ള ദൂരം പരമാവധി കുറച്ച് സാമ്പത്തികമായും പാരിസ്ഥിതികമായും സുസ്ഥിരമായ ഉൽപാദന– വിതരണശൃംഖല സൃഷ്ടിക്കുകയാണ് കമ്പനിയുടെ മൈ ഫാം, ബൈ ഫ്രഷ് പദ്ധതികൾ.

ജൈവകൃഷിരീതികളും സുസ്ഥിര കൃഷിരീതികളും (Good Agricultural Practices- GAP) പിന്തുടരാൻ സന്നദ്ധരായവരെയാണ് മൈ ഫാമിലേക്കു തിരഞ്ഞെടുക്കുന്നത്. ജൈവസാക്ഷ്യപത്രമില്ലെങ്കിലും പൂർണമായും ജൈവകൃഷിരീതിയാണ് തുടക്കം മുതൽ ഇവരുടേത്. പങ്കാളിത്ത ഉറപ്പിലൂടെ ജൈവസാക്ഷ്യപത്രം നേടാമെന്ന പ്രതീക്ഷയും മൈ ഫാം അംഗങ്ങൾക്കുണ്ട്. കൊച്ചി നഗരത്തിന്റെ സമീപ പഞ്ചായത്തുകളിൽനിന്ന് അതത് കൃഷിഭവനുകളുടെ സഹായത്തോടെ മികച്ച ജൈവകർഷകരെ കണ്ടെത്തുകയാണിപ്പോൾ ചെയ്യുന്നത്.

തൃപ്പൂണിത്തുറയ്ക്കു സമീപം ആമ്പല്ലൂർ പഞ്ചായത്തിലെ 14 കൃഷിക്കാർ പദ്ധതിപ്രകാരം പച്ചക്കറി ഉൽപാദിപ്പിക്കുന്നുണ്ട്. കൃഷിഭവൻ നാമനിർദേശം ചെയ്ത ജൈവകർഷകരെ മാത്രമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് കമ്പനിയുടെ ഫാർമർ കൺസൾട്ടന്റ് സൗമ്യ അനീഷ് പറഞ്ഞു.

spinach-vegetable

സംസ്ഥാന സർക്കാരിന്റെ സുസ്ഥിരകൃഷി (GAP) പദ്ധതിയിലേക്ക് കൃഷിക്കാരെ ആകർഷിക്കാൻ മൈ ഫാം പദ്ധതിയുടെ വിപണനപിന്തുണ ഉപകരിച്ചതായി ആമ്പല്ലൂർ കൃഷി ഓഫിസർ സതീഷ് കുമാർ ചൂണ്ടിക്കാട്ടി. നിർദിഷ്ട മാനദണ്ഡങ്ങൾ പാലിച്ച് ഉൽപാദിപ്പിക്കുന്ന സുരക്ഷിത ഭക്ഷ്യവസ്തുക്കൾ നെയ്ബർഹുഡ് സൊലൂഷൻസിനു നൽകിയാൽ മതി, മെച്ചപ്പെട്ട വില മുൻകൂട്ടി ഉറപ്പിക്കാം– അദ്ദേഹം പറഞ്ഞു.

ആസൂത്രിത ഉല്‍പാദനമാണ് മൈ ഫാം പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. കുറഞ്ഞത് 20 സെന്റ് കൃഷിയിടം ഉള്ളവർക്ക് പദ്ധതിയിൽ ചേരാം. വിളകളുടെ ലഭ്യത, ആവശ്യകത, വില, കാലാവസ്ഥ എന്നിവ സംബന്ധിച്ച് മൂന്നു മാസത്തെ മുൻകൂർ ധാരണയുണ്ടാക്കിയ ശേഷം അതനുസരിച്ച് കൃഷി ക്രമീകരിക്കുന്നു. വിത്തിടുമ്പോഴുള്ള വിലയേക്കാൾ വിളവെടുക്കാറാകുമ്പോഴുള്ള വിലയും ആവശ്യകതയും മനസ്സിലാക്കിയാവും ഏതു വിള കൃഷിചെയ്യണമെന്നു തീരുമാനിക്കുക. ഇതിനനുസരിച്ച് ഓരോ കർഷകനും ഉൽപാദിപ്പിക്കേണ്ട വിളകളേതെന്നും എത്രയെന്നും കിട്ടാവുന്ന വിലയും കമ്പനി അറിയിക്കും. മുഴുവന്‍ സ്ഥലവും ഒന്നോ രണ്ടോ വിളകള്‍ക്കായി നീക്കി വയ്ക്കുന്നതിനു പകരം എല്ലാ ആഴ്ചയിലും വരുമാനം കിട്ടത്തക്ക വിധത്തിൽ കൃഷിയിടം ആസൂത്രണം ചെയ്യാനും മൈ ഫാം കര്‍ഷകർക്ക് സാധിക്കുന്നുണ്ട്. മൊത്തം കൃഷിയിടത്തെ രണ്ടോ മൂന്നോ ഭാഗങ്ങളായി തിരിച്ചാണ് ഇതു സാധ്യമാക്കുക. ഒരു വിളവെടുപ്പ് തീരുമ്പോഴേക്കും അതേ കൃഷിയിടത്തിൽ അടുത്ത വിളവെടുപ്പ് ആരംഭിക്കാൻ കഴിയുന്ന റിലേ കൃഷിരീതിയും സ്വീകരിച്ചിട്ടുണ്ട്.

കമ്പനി പ്രതിനിധികൾ നടത്തുന്ന കൃഷിയിട പരിശോധനയുടെ അടിസ്ഥാനത്തിൽ തൊട്ടടുത്ത ദിവസത്തെ ഉൽപാദനം സംബന്ധിച്ച് ഉപഭോക്താക്കൾക്ക് മുൻകൂർ ധാരണ നൽകും. ഇതനുസരിച്ചു കിട്ടുന്ന ഓർഡറുകൾ കൃത്യമായി പാലിക്കാനാവും. കാലാവസ്ഥയുടെയും മണ്ണിന്റെയും പരിസ്ഥിതിയുടെയും സ്വഭാവം തിരിച്ചറിഞ്ഞ് കീട–രോഗ സാധ്യതകൾ മുൻകൂട്ടി തടയുന്ന രീതിയാണ് നെയ്ബർഹുഡ് സൊലൂഷൻസ് കൃഷിക്കാരെ പരിശീലിപ്പിക്കുന്നത്. കെണികൾ, കീടവികർഷണികൾ തുടങ്ങിയവ ഇതിനായി ഉപയോഗപ്പെടുത്തിവരുന്നു. രോഗം വന്നശേഷമുള്ള മരുന്നുപ്രയോഗത്തെക്കാൾ വരാതെ തടയുന്ന രീതി ജൈവ ഉൽപാദനത്തിന് അനിവാര്യമാണെന്ന് സാലുമോൻ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതനുസരിച്ച് വിളവെടുപ്പ് ക്രമീകരിക്കുന്നതിനാൽ ഉൽപന്നങ്ങൾ ചെലവാകാതെ സൂക്ഷിക്കേണ്ടിവരുന്നില്ല.

ഒരു വിളയും പുറംവിപണിയിൽനിന്നു വാങ്ങി നൽകുന്നില്ല. വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിനാണിത്. അസോസിയേറ്റ് കൃഷിക്കാരായും പങ്കാളിത്ത കർഷകരായും ആകെ 25 പേർ ഇതിനകം മൈ ഫാം പദ്ധതിയിൽ ചേർന്നു കഴിഞ്ഞു.

ഫോൺ: 7293003501 (സാലുമോൻ)

കൃഷിയിടത്തിൽനിന്നു കലവറയിലേക്ക്

പതിനഞ്ച് ഏക്കർ സ്ഥലത്ത് മൈ ഫാം പദ്ധതിയിലൂടെ ഉൽപാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും ബൈ ഫ്രഷ് എന്ന ബ്രാൻഡിൽ നാലു മാസമായി എറണാകുളം നഗരത്തിലെ എഴുപതോളം ഭവനങ്ങളിൽ നൽകിവരുന്നു. ഉപഭോക്താക്കളെ വരിക്കാരായി ചേർക്കുന്ന ഈ പദ്ധതി പ്രകാരം ആഴ്ചതോറും കുറഞ്ഞത് ഒരു പെട്ടി ജൈവ പച്ചക്കറി ഉപഭോക്താവിനു കിട്ടും. ആഴ്ചയിൽ പരമാവധി രണ്ടു പെട്ടികൾ മാത്രമാണ് ഇപ്പോൾ നൽകാനാവുക. ആറോ ഏഴോ ഇനങ്ങളിലായി ഓരോ പെട്ടിയിലും മൂന്നു കിലോ ജൈവ പച്ചക്കറിയുണ്ടാവും. ഇതിനു 300 രൂപ വില ഈടാക്കും.

കൃഷിയിടത്തിൽ തന്നെ പായ്ക്കു ചെയ്തു തുടങ്ങുന്നതിനാൽ ചതവോ മുറിവോ ഇല്ലാതെ ഉപഭോക്താക്കളിലെത്തിക്കാനാവുന്നു. പുതുമ നഷ്ടപ്പെടാതെയും വിഷാംശമില്ലെന്ന് ഉറപ്പാക്കിയും കിട്ടുന്ന പഴങ്ങളും പച്ചക്കറികളും തന്നെയാണ് ബൈ ഫ്രഷിന്റെ പ്രചരണായുധം. വരിക്കാരായി ചേര്‍ന്നവരുടെ ശുപാർശപ്രകാരം കൂടുതൽ ആവശ്യക്കാർ എത്തുന്നുണ്ട്. എന്നാൽ കൃഷി വ്യാപിപ്പിക്കാതെ കൂടുതൽ വരിക്കാരെ ചേർക്കാനാവാത്ത സ്ഥിതിയിലാണിവർ. ബൈ ഫ്രഷ് ഉപഭോക്താക്കൾക്ക് മാസത്തിലൊരിക്കൽ തങ്ങളുടെ ഭക്ഷണം ഉൽപാദിപ്പിക്കുന്ന കൃഷിയിടങ്ങളെയും കൃഷിക്കാരെയും സന്ദർശിക്കാനും ഉല്‍പാദനപ്രക്രിയ നേരിട്ടു കണ്ടു ബോധ്യപ്പെടാനും നെയ്ബർഹുഡ് സൊലൂഷൻസ് അവസരമൊരുക്കുന്നുണ്ട്. ഉപഭോക്താക്കളില്‍ വിശ്വാസവും മതിപ്പും സൃഷ്ടിക്കുന്നതിനൊപ്പം ഉൽപാദകർക്ക് അംഗീകാരവും കിട്ടുന്ന വിധത്തിലായിരിക്കും ഇത് നടത്തുക.

ഒരു വര്‍ഷത്തിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കൂടി മൈ ഫാം, ബൈ ഫ്രഷ് പദ്ധതികൾ നടപ്പാക്കും. ഈ പട്ടണങ്ങളിലെയും സമീപപ്രദേശങ്ങളിലെയും ജൈവകർഷകർക്ക് മികച്ച വിപണനസാധ്യതയാണ് ഇതുവഴി തുറന്നുകിട്ടുന്നതെന്നു സാലുമോൻ അഭിപ്രായപ്പെട്ടു.