Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തേജസ്സോടെ തേജസ്വിനി

tejaswini-soap തേജസ് ബ്രാൻഡിൽ സോപ്പ്

മൂവാറ്റുപുഴയില്‍ 2010ലെ കര്‍ഷകശ്രീ കാര്‍ഷികമേളയില്‍ മലയാള മനോരമയുടെ കര്‍ഷകശ്രീ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സ്വന്തം നാട്ടുകാരടക്കമുള്ള സദസ്സിനോടു സണ്ണി ജോര്‍ജ് പറഞ്ഞു. ‘‘എനിക്കും കുടുംബത്തിനും സുഖമായി ജീവിക്കാനാവുന്ന തരത്തിലൊരു സുസ്ഥിര കൃഷിയിടം ഞാനൊരുക്കിക്കഴിഞ്ഞു. ഇനിയുള്ള ജീവിതം ഞാന്‍ എന്റെ നാട്ടിലെ കര്‍ഷകരുടെ ഉന്നമനത്തിനായി സമര്‍പ്പിക്കുകയാണ്.’’

sunny-george-tejaswini-fertilizer-plant സണ്ണി ജോർജ് പെരിങ്ങോമിൽ പൂർത്തിയാകുന്ന വളം നിർമാണശാലയിൽ

കണ്ണൂര്‍ ചെറുപുഴ ഇളംതുരുത്തില്‍ സണ്ണി ജോര്‍ജ് വാക്കു പാലിച്ചു. ഏഴു വര്‍ഷമായി ചെറുപുഴയിലെയും സമീപഗ്രാമങ്ങളിലെയും കര്‍ഷകരുടെ ഉന്നമനത്തിനായി കഠിനാധ്വാനത്തിലാണ് അദ്ദേഹം. അതിന്റെ സാക്ഷാത്കാരമാകും സണ്ണിയുടെ നേതൃത്വത്തിലുള്ള തേജസ്വിനി കേരോല്‍പാദക കമ്പനി ചെറുപുഴയ്ക്കടുത്ത് പെരിങ്ങോമിലെ നാലേക്കര്‍ ഭൂമിയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഹൈടെക് കാര്‍ഷികോല്‍പന്ന സംസ്കരണശാല. വെളിച്ചെണ്ണയും വിര്‍ജിന്‍ വെളിച്ചെണ്ണയും മുതല്‍ നീരയും അതിന്റെ മൂല്യവര്‍ധിതോല്‍പന്നങ്ങളുംവരെ ലക്ഷ്യമിടുന്ന വ്യവസായ കോംപ്ലക്സില്‍നിന്നു മഞ്ഞള്‍പ്പൊടിയും ചോക്കലേറ്റുംപോലെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളും വിപണിയിലെത്തും.

tejaswini-turmeric-powder തേജസ് ബ്രാൻഡിൽ മഞ്ഞൾപ്പൊടി

വായിക്കാം ഇ - കർഷകശ്രീ

ലക്ഷങ്ങള്‍ മുടക്കി നീര പ്ലാൻറുകള്‍ സ്ഥാപിച്ചു പ്രതിസന്ധിയിലായ കേരോല്‍പാദക കമ്പനികളുടെ കൂട്ടത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ കേരോല്‍പാദക കമ്പനിയായ തേജസ്വിനി ഇടംപിടിച്ചില്ല. അതിനു കാരണം തുടക്കം മുതല്‍ കമ്പനിയുടെ സാരഥ്യം വഹിക്കുന്ന സണ്ണിയുടെ ദീര്‍ഘവീക്ഷണവും സ്ഥാപനത്തിന്റെ മുഖമുദ്രയായി അദ്ദേഹം വളര്‍ത്തിയെടുത്ത സാമ്പത്തിക അച്ചടക്കവുമാണ്.

തൊണ്ണൂറുകളില്‍ വിളകള്‍ക്കെല്ലാം വിലയിടിഞ്ഞപ്പോള്‍ കര്‍ഷകരുടെ സ്വന്തം വിപണി എന്ന ആശയവുമായി കേരളമാകെ ചലനം സൃഷ്ടിച്ച ഇന്‍ഫാം പ്രസ്ഥാനം ചെറുപുഴയിലും സജീവമായിരുന്നു. അതിന്റെ തുടര്‍ച്ചയായി 1995ല്‍ സണ്ണിയുടെ നേതൃത്വത്തില്‍ തേജസ്വിനി ഫാര്‍മേഴ്സ് സൊസൈറ്റി രൂപംകൊണ്ടു. കാര്‍ഷികോല്‍പന്ന വിപണനത്തില്‍ തുടങ്ങിയ പ്രവര്‍ത്തനം പിന്നീട് ജൈവകൃഷിയിലേക്കും ഇക്കോടൂറിസത്തിലേക്കും വ്യാപിപ്പിച്ചു. കൃഷിവകുപ്പിന്റെ പദ്ധതിപ്രകാരം 2010–’12 കാലഘട്ടത്തില്‍ അഞ്ഞൂറു കര്‍ഷകരുടെ പങ്കാളിത്തത്തോടെ ആയിരം ഹെക്ടറിലാണ് ജൈവകൃഷി ചെയ്തത്. വിളകള്‍ പ്രധാനമായും തെങ്ങ്, കുരുമുളക്, മഞ്ഞള്‍ എന്നിവയായിരുന്നു. കൃഷിക്കു മാത്രമല്ല, ഇവയുടെ മൂല്യവർധനയ്ക്കും ജൈവ സാക്ഷ്യപത്രം നേടി. വെളിച്ചെണ്ണ, വിര്‍ജിന്‍ വെളിച്ചെണ്ണ, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവയായിരുന്നു ഉല്‍പന്നങ്ങള്‍. തുടര്‍ന്ന് ജൈവരീതിയിലല്ലാത്ത കൃഷിയില്‍നിന്നുള്ള ഉല്‍പന്നങ്ങളും ജൈവവളങ്ങള്‍, കയറുല്‍പന്നങ്ങള്‍ എന്നിവയും തേജസ്വിനി വിപണിയിലിറക്കി.

കര്‍ഷകരുടെ മനസ്സില്‍ മാത്രമല്ല, വിപണിയിലും സ്ഥാനമുറപ്പിച്ച ശേഷമാണ് 2013ല്‍ കേരളത്തില്‍ നാളികേര വികസന ബോര്‍ഡിനു കീഴിലുള്ള ആദ്യത്തെ ഉല്‍പാദക കമ്പനിയായി തേജസ്വിനി മാറുന്നത്. കുറഞ്ഞത് ഇരുനൂറു തെങ്ങുള്ള 200 കര്‍ഷകര്‍ 25,000 രൂപ വീതം ഓഹരിയെടുത്താണ് കമ്പനി രൂപീകരിച്ചത്. 50,000 രൂപ വീതം ഓഹരിയെടുത്ത 180 കേരോല്‍പാദക സംഘങ്ങളുമടക്കം ഇപ്പോള്‍ 380 അംഗങ്ങളാണുള്ളത്.

നീര ഉല്‍പാദനത്തില്‍ റിക്കോര്‍ഡ് സൃഷ്ടിച്ച തേജസ്വിനിയാണ് കര്‍ഷകർതന്നെ സ്വന്തം തെങ്ങില്‍ നീര ടാപ്പിങ് നടത്തിയാല്‍ വൻ വരുമാനം നേടാമെന്നു കാര്‍ഷിക കേരളത്തെ പഠിപ്പിച്ചതും. അതേസമയം സമ്മര്‍ദമേറെയുണ്ടായിട്ടും കോടികള്‍ മുടക്കി നീര പ്ലാന്‍റ് സ്ഥാപിക്കുകയെന്ന ആശയത്തെ ചെറുത്തുനില്‍ക്കുകയും ചെയ്തു തേജസ്വിനി.

tejaswini-coconut-oil-packing വെളിച്ചെണ്ണ പായ്ക്ക് ചെയ്യുന്നു

കമ്പനി വന്നതോടെ തേജസ്വിനി ഉൽപന്നങ്ങള്‍ പ്രത്യേക ബ്രാന്‍ഡ് നാമത്തില്‍ വിപണിയിലിറക്കിത്തുടങ്ങി. വെളിച്ചെണ്ണ, വിര്‍ജിന്‍ വെളിച്ചെണ്ണ, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, സോപ്പ് എന്നിവ തേജസ് എന്ന പേരിലും ജൈവവളം സമൃദ്ധി എന്ന പേരിലുമാണ് വിപണിയിലിറക്കുന്നത്. കൃഷിയിടങ്ങളില്‍നിന്നു നല്ല തേങ്ങ തിരഞ്ഞെടുത്ത് സള്‍ഫറും പുകയുമില്ലാതെ ഡ്രയറില്‍ കൊപ്ര ഉണക്കി സ്വന്തം മില്ലില്‍ ആട്ടി അരിച്ചെടുത്താണ് വെളിച്ചെണ്ണ പായ്ക്കു ചെയ്യുന്നത്. നാളികേര ചിപ്സ്, കൊക്കോ ചോക്കലേറ്റ് എന്നിവയാണ് മറ്റ് ഉല്‍പന്നങ്ങള്‍. ജൈവോല്‍പന്നങ്ങള്‍ക്കുള്ള തേങ്ങയും മറ്റു വിളകളും ജൈവ സാക്ഷ്യപത്രമുള്ള കൃഷിയിടങ്ങളില്‍നിന്നാണ് ശേഖരിക്കുന്നത്.

കയര്‍പിത്ത്, ചാണകം, ചാരം, കോഴിവളം, മീൻവളം, ഡോളെമെറ്റ് തുടങ്ങിയവ ചേര്‍ത്താണ് വളം നിര്‍മാണം. തെങ്ങിനും കമുകിനുമായി സമൃദ്ധി (കോക്കനട്ട്), പച്ചക്കറികള്‍ക്കായി സമൃദ്ധി (വെജ് പ്ലസ്) എന്നിവയുമുണ്ട്. പെരിങ്ങോം, ചെറുപുഴ പഞ്ചായത്തുകളും കേരോല്‍പാദക സമിതികളും പദ്ധതികളിലേക്കു സമൃദ്ധി വളം വന്‍തോതില്‍ വാങ്ങുന്നു. ഒട്ടേറെ കര്‍ഷകര്‍ നേരിട്ടും പതിവായി വാങ്ങുന്നു. കഴിഞ്ഞ വര്‍ഷം വളത്തിനു മാത്രം 50 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായിരുന്നു. ഗുണമേന്മയുള്ള തെങ്ങിന്‍തൈയടക്കം എല്ലാ വിളകളുടെയും നടീൽവസ്തുക്കള്‍ വില്‍ക്കുന്ന നഴ്സറിയാണ് തേജസ്വിനിയുടെ മറ്റൊരു സേവനം.

ഡയറക്ടര്‍ ബോര്‍ഡംഗങ്ങളുടെ ചുമതലയിലാണ് മൂല്യവര്‍ധന യൂണിറ്റുകളുടെയും നഴ്സറികളുടെയും നടത്തിപ്പ്. സംസ്കരണ യൂണിറ്റുകള്‍ ജോഷി കുര്യാക്കോസും നഴ്സറി ടോം ജോര്‍ജും നോക്കി നടത്തുന്നു.

വളം നിര്‍മാണത്തിന്റേതുള്‍പ്പെടെ എല്ലാ യൂണിറ്റുകളും പണി പൂര്‍ത്തിയായിവരുന്ന മള്‍ട്ടി കോംപ്ലക്സിലേക്കു മാറ്റുമെന്നു സണ്ണി ജോര്‍ജ് അറിയിച്ചു. പത്തു കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പ്രോജക്ടിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായി. കൊപ്ര ഡ്രയര്‍ യൂണിറ്റും ജൈവവളം, സോപ്പ്, കയറുല്‍പന്ന നിര്‍മാണ യൂണിറ്റുകളും ഈ മാസം തന്നെ അവിടെ പ്രവര്‍ത്തനം തുടങ്ങും. കര്‍ഷകരുടെ ഓഹരിക്കൊപ്പം നബാര്‍ഡിന്റെയും സ്മോള്‍ അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യംപോലുള്ള സംസ്ഥാന– കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെയും വായ്പ, സബ്സിഡി എന്നിവയും സമാഹരിച്ചാണ് ഇതിനു മൂലധനം കണ്ടെത്തുന്നത്.

കേരോല്‍പന്നങ്ങളുടെ മാത്രമല്ല, സുഗന്ധവിളകള്‍, കൊക്കോ തുടങ്ങി ഈ മേഖലയിലെ എല്ലാ കാര്‍ഷികോല്‍പന്നങ്ങളുടെയും സംസ്കരണവും മൂല്യവര്‍ധനയുമാണ് ഈ പ്രോജക്ടില്‍ വിഭാവനം ചെയ്തിട്ടുള്ളതെന്നു സണ്ണി ജോര്‍ജ് പറഞ്ഞു. അതുകൊണ്ടുതന്നെ എല്ലാ കര്‍ഷകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

ഫോണ്‍ (സണ്ണി ജോര്‍ജ്): 9495147228

നീരയിലും ചുവടു തെറ്റാതെ

shaju-appachan-with-neera നീരയുമായി ഷാജു അപ്പച്ചൻ

കര്‍ഷകര്‍ക്കു പരിശീലനം നല്‍കി നീര ചെത്താന്‍ നിയോഗിച്ചതിലൂടെ അവര്‍ക്ക് ആരും പ്രതീക്ഷിക്കാത്തത്ര ഉയര്‍ന്ന വരുമാനമാണ് തേജസ്വിനി കമ്പനി നേടിക്കൊടുക്കുന്നത്. ആദ്യഘട്ടത്തില്‍ ഉദയഗിരി, ചെറുപുഴ, ആലക്കോട് ഫെഡറേഷനുകളിലെ 31 യുവകര്‍ഷകരാണ് പരിശീലനം നേടി നീരചെത്തിനിറങ്ങിയത്. ഇവരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പാലാക്കാട്ട് പുത്തന്‍പുരയ്ക്കല്‍ ഷാജു അപ്പച്ചന്‍ ഇന്നു കാര്‍ഷികകേരളത്തിന്റെ താരമാണ്. 12 തെങ്ങില്‍നിന്നു നീരയെടുത്ത് ദിവസം 2500 രൂപ വരെ നേടുന്നുണ്ട് ഈ യുവാവ്. 36 ലീറ്ററാണ് ഒരു ദിവസത്തെ ശരാശരി ഉല്‍പാദനം.

കമ്പനിയുടെ പ്രതിദിന നീര ഉല്‍പാദനം 200–300 ലീറ്റര്‍. ചെറുപുഴ, ആലക്കോട്, തളിപ്പറമ്പ്, പയ്യന്നൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലായി പത്തിലേറെ ശാലകളിലൂടെയാണ് വിപണനം. നീര ബാക്കിവന്നാല്‍ അത് ഉപയോഗിച്ചു തേനും കേക്കുമുണ്ടാക്കും. നീര ടാപ്പിങ്ങില്‍ പരിശീലനവും നല്‍കുന്നുണ്ട്. നീരയ്ക്കു പറ്റിയ കുറിയ ഇനമായ മലയന്‍കുറിയ മഞ്ഞയുടെ തൈകള്‍ മൈസൂരുവിലെ ഡിജെ ഫാമില്‍നിന്നു വാങ്ങി കര്‍ഷകർക്കു വിതരണം ചെയ്തുവരുന്നു.