Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്ടകമില്ലാതെ കർഷക നോഹ

agricultural-theme-park-mango-meadows മാംഗോ മെഡോസ് കാർഷിക പാർക്ക്. ഫോട്ടോ: സൂരജ് ലൈവ് മീഡിയ, കോട്ടയം

നോഹ തന്റെ പെട്ടകവുമായി ആയാംകുടിക്കു വന്നാൽ മതി. വിളകളും വളർത്തുമൃഗങ്ങളുമായി കുര്യൻ തയാർ– പ്രളയം ഭൂമിയെ മൂടിയപ്പോൾ സർവ ജീവജാലങ്ങളുടെയും ഓരോ ജോഡിയെ പെട്ടകത്തിൽ കയറ്റി വംശനാശം തടഞ്ഞ നോഹ ബൈബിളിലെ ശ്രദ്ധേയകഥാപാത്രമാണ്. ഒരുപക്ഷേ മനുഷ്യരാശിയിലെ പ്രഥമ ജൈവവൈവിധ്യ സംരക്ഷകൻ. സഹസ്രാബ്ദങ്ങൾക്കു ശേഷം ലോകമാകെ ജൈവവൈവിധ്യം അപകടത്തിലാവുന്ന ഇക്കാലത്ത്, സകല വിളകളെയും വളർത്തുമൃഗങ്ങളെയും ഒരിടത്തുകൂട്ടി സംരക്ഷിക്കുന്ന നെല്ലിക്കുഴി എൻ.കെ. കുര്യനും നോഹയുടെ പാതയിലാണ്.

nk-kurien-mango-meadows-agricultural-theme-park എൻ.കെ. കുര്യൻ. ചിത്രം: ആർ.എസ്. ഗോപൻ

വിവിധ സ്ഥലങ്ങളിൽനിന്നുള്ള 4800 സസ്യവർഗങ്ങൾ, 146 ഇനം ഫലവൃക്ഷങ്ങൾ, 84 ഇനം പച്ചക്കറി വിളകൾ, 39 ഇനം വാഴ എന്നിങ്ങനെ ജൈവ വൈവിധ്യത്തിന്റെ അപൂർവ കലവറയാണ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കു സമീപം ആയാംകുടി മാംഗോ മെഡോസ് എന്ന കാർഷിക പാർക്കിൽ കുര്യൻ തീർത്തിരിക്കുന്നത്. തേയില മുതൽ നെല്ലു വരെ, ആഞ്ഞിലിക്കവിള മുതൽ കിവിഫ്രൂട്ട് വരെ, കുന്തിരിക്കം മുതൽ രുദ്രാക്ഷം വരെ ഇവിടെ നട്ടുവളർത്തിയ കുര്യൻ പലതിൽനിന്നും ഫലമെടുത്തുതുടങ്ങി. ഇവയ്ക്കുപുറമെ 63 ഇനം മത്സ്യങ്ങൾ, വിവിധ നാടൻ, വിദേശ കന്നുകാലി ജനുസുകൾ, കോഴി–താറാവിനങ്ങൾ എന്നിങ്ങനെ കൃഷിക്കാഴ്ചകളുടെ പൂരപ്പറമ്പായി മുപ്പതേക്കർ ഒരുക്കിയ അദ്ദേഹത്തിന്റെ പരിശ്രമം നമിക്കപ്പെടേണ്ടതുതന്നെ. അഞ്ചടി താഴ്ത്തിയാൽ ചേറുള്ള സ്ഥലത്താണ് ഈ നേട്ടം. പ്രൈമറി വിദ്യാർഥികൾക്കും ഗവേഷകവിദ്യാർഥികൾക്കും ഒരേപോലെ പ്രയോജനപ്പെടുന്ന ഇൻഫോടെയ്ൻമെന്റ് പാർക്ക് എന്നുകൂടി മാംഗോ മെഡോസിനെ വിശേഷിപ്പിക്കാം.

വായിക്കാം ഇ - കർഷകശ്രീ

പതിന്നാലു വർഷംകൊണ്ട് പണം മാത്രമല്ല സമയവും സ്വസ്ഥതയുമൊക്കെ സ്വപ്നസാക്ഷാൽക്കാരത്തിനായി മുടക്കേണ്ടിവന്നെങ്കിലും നാൽപത്താറുകാരനായ കുര്യന്റെ ആവേശമണഞ്ഞിട്ടില്ല. ഈ പച്ചപ്പിൽനിന്ന് അധികം അകന്നുനിൽക്കാൻ തനിക്കു കഴിയില്ലെന്ന് അദ്ദേഹം പറയുന്നു. നിർമാണത്തിന്റെ 95 ശതമാനവും പൂർത്തിയായ പാർക്കിനു സാമ്പത്തിക പിന്തുണ നൽകുന്നതിൽ സർക്കാർ ഏജൻസി വിമുഖത കാട്ടിയതുമൂലം സംരംഭം പൂർണതയിലെത്തിക്കാനാവാതെ വിഷമിക്കുകയാണ് ഇദ്ദേഹം. കൈക്കൂലി നൽകാൻ മടിച്ചതുകൊണ്ടു മാത്രമാണ് നിശ്ചിത സമയത്ത് പ്രഥമ കാർഷികോല്ലാസ പാർക്ക് പൂർത്തിയാക്കാൻ കഴിയാതെ പോയതെന്നു കുര്യൻ ആരോപിച്ചു.

orange-peanut-butter-fruit ഓറഞ്ച്, പീനട്ട് ബട്ടർ ഫ്രൂട്ട്. ചിത്രങ്ങൾ: ആർ.എസ്. ഗോപൻ

ഉൽപന്നങ്ങളുമായി വിപണിയിലെത്തുന്ന കൃഷിക്കാരുടെ പതിവു ദുര്യോഗമാണ് കുര്യനെ കാർഷിക സംരംഭകനാക്കിയത്. സിവിൽ എൻജിനീയറായി സൗദിയിലായിരുന്നു ജോലി. അറബികളുടെ വിശ്രമതാവളമായ മൊസ്ര (ഫാം ഹൗസ്) കണ്ടപ്പോഴൊക്കെ കുര്യൻ മനസിൽ പറഞ്ഞു, നാട്ടിലെത്തുമ്പോൾ തനിക്കും ഇത്തരമൊന്ന് നിർമിക്കണം. തുടക്കമെന്നവണ്ണം നാലരയേക്കർ ഭൂമി വാങ്ങി കുളം നിർമിച്ചു. കുട്ടനാടൻ പാടങ്ങളിൽ വെള്ളം വറ്റിച്ചപ്പോൾ കിട്ടിയ കാരി, വരാൽ, മഞ്ഞക്കൂരി എന്നിവയെയാണ് ആദ്യം കുളത്തിലിട്ടത്. മൂന്നു വർഷത്തിനു ശേഷം കുളം വറ്റിച്ചപ്പോൾ കിട്ടിയത് മൂന്ന് ലോഡിലധികം മത്സ്യങ്ങൾ. മെച്ചപ്പെട്ട വില കിട്ടുമെന്നു കേട്ടാണ് നാടൻ മത്സ്യങ്ങളുമായി ലോറി തൃശൂർ മാർക്കറ്റിലേക്കയച്ചത്. ലോറിക്കണക്കിനു മീൻ കണ്ടാൽ കച്ചവടക്കാർ വില കുറയ്ക്കാതിരിക്കുന്നതെങ്ങനെ!. നാട്ടിൽ അമ്പതു രൂപയിലധികം വില കിട്ടിയിരുന്ന കാരിക്ക് തൃശൂരിൽ അന്ന് 15 രൂപ. അപമാനഭാരത്തോടെ മീൻ തിരികെയെത്തിച്ചു കൃഷിയിടത്തിൽ കുഴിച്ചിട്ടപ്പോൾ കുര്യൻ ഒരു പ്രതിജ്ഞയെടുത്തു–  ഇനി മേലാൽ അവഹേളിക്കപ്പെടാനായി വിപണിയിൽ പോകില്ല. എന്നു കരുതി കുര്യൻ കൃഷി ചെയ്യാതിരുന്നില്ല. ലഭ്യമായ പറമ്പിൽ മുഴുവൻ കൃഷി നടത്തി. ഒരു വ്യത്യാസം മാത്രം – വിത്തിടുമ്പോൾതന്നെ വിപണിയെക്കുറിച്ചും ചിന്തിച്ചു.

കൃഷിയിടത്തിലെ ഉൽപന്നങ്ങൾ അവിടെനിന്നുതന്നെ വാങ്ങാൻ ആളുണ്ടാവുന്ന സാഹചര്യം സൃഷ്ടിക്കാനായി അടുത്ത ശ്രമം. കുളത്തിലെ മീൻ ഭക്ഷണമായി മാറുമ്പോൾ, അതു വിളമ്പുന്ന ഹോട്ടലിന്റെ താരപദവി ഉയരുമ്പോൾ വില പത്തിരട്ടിവരെ വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തന്റെ കുളത്തിലെ മീനും അങ്ങനെ വിൽക്കണമെന്നു തീരുമാനമായി, തീരുമാനം പരിശ്രമത്തിനു വഴിമാറിയപ്പോൾ നാലേക്കർ മുപ്പതേക്കറായി വളർന്നു. പക്ഷേ അതിനു പതിന്നാലു വർഷവും കോടികളുടെ നിക്ഷേപവും നിരന്തര പഠനങ്ങളും വേണ്ടിവന്നെന്നു മാത്രം.

elephant-apple-fruit എലിഫൻറ് ആപ്പിൾ. ചിത്രം: ആർ.എസ്.ഗോപൻ

പാടത്തിനരികിലെ റബർതോട്ടത്തെ ജൈവവൈവിധ്യത്തിന്റെ കേദാരമാക്കിയ കുര്യൻ തന്റെ സ്വപ്നസംരംഭം കാണാനും അനുഭവിക്കാനും മറ്റുളളവർക്ക് അവസരം തുറന്നു കൊടുത്തിരിക്കുകയാണിപ്പോൾ. പത്താമുദയത്തിൽ വിത്തെറിയുന്ന കാർഷിക പാരമ്പര്യം നിലനിറുത്തി ഏപ്രിൽ 23നു സന്ദർശകർക്കായി തുറക്കപ്പെട്ട മാംഗോ മെഡോസ് ഇന്ത്യയിലെ പ്രഥമ കാർഷിക പാർക്കാണ്. ഫാം ടൂറിസത്തിനൊപ്പം ഉത്തരവാദിത്ത ടൂറിസത്തിന്റെ നല്ല അംശങ്ങളും ഇതിനോടു കൂട്ടിച്ചേർക്കപ്പെടുന്നുണ്ട്.

പാർക്കിനു സമീപമുള്ള മൂന്നു പഞ്ചായത്ത് വാർഡുകളിലെ കർഷക കുടുംബങ്ങൾക്കു സ്ഥിരവരുമാനം നൽകുന്ന രീതിയിലാണ് മാംഗോ മെഡോസിന്റെ പ്രവർത്തനം. ഇവിടുത്തെ ഭക്ഷണശാലകൾക്കാവശ്യമായ പരമാവധി ഉൽപന്നങ്ങൾ സമീപവാസികളായ കൃഷിക്കാരിൽനിന്നാവും വാങ്ങുക. ഇതിനായി മാംഗോ മെഡോസ് ക്ലസ്റ്റർ രൂപീകരിച്ചുകഴിഞ്ഞു. ചില്ലറവിലയേക്കാൾ അഞ്ചു ശതമാനം മാത്രം കുറച്ചാണ് കാർഷികോൽപന്നങ്ങൾക്കു വില നൽകുക. കൂടുതലായി ആവശ്യമുള്ള ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന് ഉൽപാദകരുമായി പ്രത്യേകം ധാരണയുണ്ടാക്കും.

ഇപ്രകാരം വാങ്ങുന്ന ഉൽപന്നങ്ങൾ പാചകത്തിനുപയോഗിക്കും. അധികമുള്ളവ മുഖ്യകവാടത്തിനോടു ചേർന്നുള്ള ജൈവ വിൽപനശാലയിലൂടെ ആവശ്യക്കാർക്ക് നൽകും. ഫാമിലെ ഓരോ സന്ദർശകനും സമീപവാസികളായ കർഷകകുടുംബങ്ങളുടെകൂടി വിപണന– വരുമാന സാധ്യതകളാണ് വർധിപ്പിക്കുന്നത്. മാംഗോ മെഡോസിനു കൃഷി, വിനോദം, താമസസൗകര്യം, ഭക്ഷണം എന്നിങ്ങനെ സാമ്പത്തിക സ്വയംപര്യാപ്തതയുള്ള നാലു വിഭാഗങ്ങളാണുള്ളത്. അനുഭവസമ്പന്നരായ കാർഷിക വിദഗ്ധരുടെ മേൽനോട്ടത്തിലായിരിക്കും കൃഷി. കാർഷിക ഉൽപന്നങ്ങൾ മുൻകൂട്ടി നിശ്ചയിച്ച വിലയ്ക്കു മാത്രമേ പാചകവിഭാഗത്തിനു നൽകൂ.

noni-fruit-velvet-apple നോനി, വെൽവറ്റ് ആപ്പിൾ. ചിത്രങ്ങൾ: ആർ.എസ്. ഗോപൻ

കൃഷിയിൽ താൽപര്യമുള്ളവരെ ആകർഷിക്കുന്ന ഒട്ടേറെ കാഴ്ചകൾ കുര്യൻ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫലവൃക്ഷങ്ങൾ നട്ടുവളർത്തിയ ഏദൻ തോട്ടമാണ് ഇവയിലൊന്ന്. ഭൂരിപക്ഷം വൃക്ഷങ്ങളും കായ്ച്ചുതുടങ്ങിയ ഈ തോട്ടത്തിൽ വിലക്കപ്പെട്ട കനിയുമായി ആദം– ഹവ്വ ദമ്പതികളുടെ പ്രതിമ കാണാം. വിലക്കപ്പെടാത്ത ഫലങ്ങളാണ് ബാക്കി മുഴുവനും – എലഫന്റ് ആപ്പിൾ, ബാങ്കോക്ക് ചാമ്പ, വെൽവറ്റ് ആപ്പിൾ, ലാങ്ഷാറ്റ്, ജബോട്ടിക്കാബ, കിവി, ആഫ്രിക്കൻ പിസ്ത, ബർമീസ് മരമുന്തിരി, സാന്റോൾ, ലെമൺവൈൻ, സബർജിൽ, മിറക്കിൾ ഫ്രൂട്ട്, മൂട്ടിപ്പഴം, കാട്ടമ്പഴം, കോക്കം, മധുരളൂവി എന്നിങ്ങനെ അതു നീളുമ്പോൾ ഒരു പഴത്തിനു വേണ്ടി അവയെല്ലാം നഷ്ടപ്പെടുത്തിയ ആദിമാതാപിതാക്കന്മാരെ അറിയാതെ പഴിച്ചുപോകും. ഓരോ ഇനത്തിന്റെയും ഉപ ഇനങ്ങൾ തന്നെ ഏറെയുണ്ട്. മാംഗോ മെഡോസ് എന്ന പേര് അന്വർഥമാക്കി 101 തരം മാവുകൾ, പ്ലാവ് 21 തരം, ചാമ്പ പതിനാറു തരം, പന്ത്രണ്ട് തരം വീതം പേരയും പപ്പായയും, തെങ്ങ് ഒമ്പതുതരം എന്നിങ്ങനെ പട്ടിക നീളുന്നു.

സമീപത്തെ ഒട്ടേറെ ക്ഷേത്രങ്ങളിലേക്ക് പൂജാ ആവശ്യങ്ങൾക്കു തളിരും തടിയും പൂക്കളും കലർപ്പില്ലാതെ എത്തിക്കുന്നത് ഈ പാർക്കിൽ നിന്നാണ്. മാംഗോ മെഡോസിലെ ഓരോ മരത്തിനും ആത്മകഥ പറയാനുണ്ടാവും. സ്വന്തം പെരുമയുമായി ബന്ധപ്പെട്ട ഈ കഥകളിൽ ഔഷധഗുണം മാത്രമല്ല, പുരാണബന്ധം, ചരിത്രപ്രാധാന്യം, സാഹിത്യത്തിലെ പരാമർശം തുടങ്ങി പല കാര്യങ്ങളുമുണ്ടാവും. അഞ്ചോ ആറോ മരങ്ങളെക്കുറിച്ചു മാത്രം അറിവുണ്ടായിരുന്ന കുര്യന് ഇന്ന് തോട്ടത്തിലെ ഭൂരിപക്ഷം വൃക്ഷലതാദികളുടെയും ഊരും പേരും മാത്രമല്ല, അവയെക്കുറിച്ചുള്ള കഥകളും ഹൃദിസ്ഥം. തനതുശൈലിയിൽ രസകരമായ വർണനകളോടെ ഫേസ്ബുക്കിൽ അവതരിപ്പിക്കുന്ന ഈ കഥകൾ തന്നെയാണ് ഇപ്പോൾ മാംഗോ മെഡോസിന്റെ പ്രധാന പരസ്യം. വേണ്ടത്ര ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റ് വിപണനതന്ത്രങ്ങളിലേക്ക് കടക്കാമെന്നാണ് പ്രതീക്ഷ.

ലോകത്തിലെ തന്നെ ഏറ്റവും വലിയ പരശുരാമ പ്രതിമ, വൃക്ഷകന്യക, പ്രണയ ജോഡികൾ എന്നു തുടങ്ങി കുട്ടൂസനും ഡാകിനിയുംവരെ ഉൾപ്പെടുന്നതാണ് ഇവിടുത്തെ പ്രതിമാശേഖരം. ഫാം ചുറ്റിക്കാണുന്നതിനായി ബാറ്ററികൊണ്ടു പ്രവർത്തിക്കുന്ന റിക്ഷയും ആകാശവീക്ഷണത്തിനായി കേബിൾകാറും നിരീക്ഷണഗോപുരവും ഇവിടെയുണ്ട്. സന്ദർശകരായ മുസ്ലിം സഹോദരന്മാർക്കായി ഒരു മസ്ജിദും കുര്യൻ സജ്ജമാക്കിക്കഴിഞ്ഞു. മാംഗോ മെഡോസിലെ നാടൻ ചായക്കട, കള്ളുഷാപ്പ് എന്നിവയിലേക്കു വേണ്ട വിഭവങ്ങൾ ഇവിടെത്തന്നെ ഉൽപാദിപ്പിക്കുന്നു. മീൻകുളത്തിൽ മീനൂട്ടിനു സൗകര്യപ്രദമായ വിധത്തിൽ ഒരു പിരിയൻ പാലം. നാണയമുണ്ടാക്കുമ്പോൾ ബാക്കിവരുന്ന ലോഹത്തകിടുകൾകൊണ്ടാണ് ഇതിന്റെ നിർമാണം. തകിടിലെ തുളകളിലൂടെ കുളത്തിലെ മത്സ്യങ്ങളെ കാണുകയും അവയ്ക്ക് തീറ്റ നൽകുകയുമാവാം. കൊതുമ്പുവള്ളവും പെഡൽബോട്ടുമൊക്കെ പ്രയോജനപ്പെടുത്തി ഫാമിലെ കുളങ്ങളിലൂടെയും കനാലുകളിലൂടെയുമൊക്കെ ഉല്ലസിച്ചുനീങ്ങാം. കൃത്രിമമായുണ്ടാക്കിയ കുന്നിനു ചുറ്റും നട്ടുവളർത്തിയ തേയിലത്തോട്ടമാണ് മറ്റൊരു കൗതുകം. സമുദ്രനിരപ്പിലുള്ള ഈ തോട്ടത്തിൽനിന്ന് ആഴ്ചതോറും പത്തു കിലോയിലേറെ തേയില നുള്ളിയെന്ന് കുര്യൻ പറഞ്ഞു. ഇക്കഴിഞ്ഞ വേനൽക്കാലത്ത് ഓരുവെള്ളത്തിന്റെ ആക്രമണത്തിൽനിന്നു തേയിലച്ചെടികളെ സംരക്ഷിക്കാൻ കഠിനാധ്വാനത്തിലായിരുന്നു അദ്ദേഹം.

ഇരുപതോളം കോട്ടേജുകളും റിസോർട്ടിലുണ്ട്. കൂട്ടുകുടുംബങ്ങൾക്കു താമസിക്കാനുള്ള നാലുകെട്ട് മുതൽ ഹണിമൂൺ കോട്ടേജ് വരെ ഇവയിലുൾപ്പെടും. കിടപ്പറയുടെ തറയിലെ പരവതാനി നീക്കിയാൽ തീറ്റയ്ക്കായി പാഞ്ഞെത്തുന്ന മീൻകൂട്ടമാണ് ചില കോട്ടേജുകളുടെ ആകർഷണം. താമസക്കാരായെത്തുന്നവർക്ക് ഫാമിലെ പഴങ്ങളും പച്ചക്കറികളുമൊക്കെ വിളവെടുക്കാനും പാചകം ചെയ്തു ഭക്ഷിക്കാനും സൗകര്യമുണ്ട്. ഫാമിന്റെ പിൻഭാഗത്തെ തോടിനോടു ചേർന്ന് കെട്ടിയുയർത്തിയ തട്ടിൽ നിന്നു ചൂണ്ടയിടുകയോ ദേശാടനപ്പക്ഷികളെ നിരീക്ഷിക്കുകയോ ആവാം.

ഹരിതകാന്തിയുടെ ഈ ചെറുതുരുത്തിൽ 350 രൂപയാണ് പ്രവേശനഫീസ്. വിദ്യാർഥികൾ ഉച്ചഭക്ഷണത്തിനുൾപ്പെടെ 300 രൂപ നൽകിയാൽ മതി. ദമ്പതികൾക്കും കൂട്ടുകുടുംബങ്ങൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കുമൊക്കെ പ്രയോജനപ്പെടുത്താവുന്ന താമസസൗകര്യങ്ങളും കൺവൻഷൻ സെന്ററുമൊക്കെ മാംഗോ മെഡോസിനെ സജീവമാക്കുന്നു.

ഫോൺ– 9072580510