Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തും ചെയ്യും യന്ത്രപ്പറവ

drone-robot-for-plucking-coconuts റോബട്ട് തേങ്ങയിടുന്നതിന്റെ ചിത്രീകരണം

നാലുവർഷം മുമ്പ് കോഴിക്കോടു നടന്ന സ്റ്റാർട്ടപ് സംഗമത്തിന് അലിറിസ എത്തിയത് ചെറിയൊരു യന്ത്രപ്പറവയുമായാണ്. ആളുകൾ നോക്കി നിൽക്കെ പറവ പറന്നു ചെന്ന് കൈകൾ വിടർത്തി അടുത്തു നിന്ന തെങ്ങിലെ തേങ്ങയിട്ടു. തേങ്ങയിടാൻ ആളില്ലാതെ വലഞ്ഞിരുന്നവരെല്ലാം അലിറിസയുടെ ചുറ്റും കൂടി. ഇതിനെന്തു ചെലവുവരും, എവിടെ കിട്ടും എന്നു ചിലർ. വിളഞ്ഞ തേങ്ങ തിരിച്ചറിയാനുള്ള ബുദ്ധിയുണ്ടോ എന്നു മറ്റു ചിലർ. രാത്രിയിൽ പറക്കുമോ, അയൽക്കാരന്റെ പറമ്പിലെ തേങ്ങയിടുമോ തുടങ്ങിയ ചോദ്യങ്ങളുമായി വന്ന വിരുതൻമാരുമുണ്ട്. ഏതായാലും ആ ചോദ്യങ്ങളിലൂടെ തന്റെ യന്ത്രത്തിന്റെ പോരായ്മകളും ആവശ്യങ്ങളും എന്തൊക്കെയെന്ന് മനസ്സിലായെന്ന് അലിറിസ. നാലു വർഷത്തിനിപ്പുറം ഇന്ന്, എത്ര ഉയരമുള്ള തെങ്ങിലേക്കും പറന്നുചെന്ന് ഏതു തേങ്ങയിടാനും അലിറിസയുടെ റോബട്ട് പൂർണ സജ്ജൻ.

കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽനിന്നു സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിൽ മാസ്റ്റർ ബിരുദം നേടിയ കോഴിക്കോട് ബാലുശ്ശേരി സ്വദേശി അലിറിസ അബ്ദുൽ ഗഫൂറിനു സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെയുണ്ട് സോഫ്റ്റ്‌വെയർ രൂപകൽപനയിലും റോബോട്ടിക്സിലുമെല്ലാം കമ്പം. തേങ്ങയിടാൻ ആളില്ലാതെ വീട്ടുകാർ വലയുന്നതു കണ്ട്, കയ്യിലിരിക്കുന്ന ഹെലികോപ്റ്റർ കളിപ്പാട്ടം പറന്നു ചെന്നു തേങ്ങയിടുന്നത് കുട്ടിക്കാലത്ത് അലിറിസ മനസ്സിൽ കണ്ടിട്ടുമുണ്ട്. പിൽക്കാലത്ത്, ഡ്രോണുകളെ സംബന്ധിച്ചുള്ള അന്വേഷണങ്ങളിലും പഠനങ്ങളിലും മുഴുകിയപ്പോൾ പഴയ ഭാവന യാഥാർഥ്യമാക്കാൻ ശ്രമം തുടങ്ങി.

വായിക്കാം ഇ - കർഷകശ്രീ

വിവാഹ വിഡിയോക്കാർ ആകാശദൃശ്യങ്ങൾക്കായി പറത്തിവിടുന്ന കുഞ്ഞൻ വിമാനം (Unmanned Aerial Vehicle - Drone) ഇന്നു പുതുമയല്ല. പലതരം ഡ്രോണുകളിൽ ഒന്നാണത്. ചാര നിരീക്ഷണം പോലുള്ള തന്ത്രപ്രധാന സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചു തുടങ്ങിയ ഡ്രോണുകൾ ഇന്നു കൃഷിയുൾപ്പെടെ ഒട്ടേറെ രംഗങ്ങളിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. അതിവിശാലമായ കൃഷിയിടങ്ങളിലെ നിരീക്ഷണങ്ങൾക്കായി കാമറ ഘടിപ്പിച്ച ഡ്രോണുകൾ അയയ്ക്കുന്ന രീതി യൂറോപ്പിലും അമേരിക്കയിലുമെല്ലാം ഇന്നു സാധാരണം. വിളനാശം തിട്ടപ്പെടുത്തുക, വളവും കീടനാശിനികളും തളിക്കുക, വിശാലമായ പുൽമേടുകളിലേക്കു (ranch) മേയാൻ വിടുന്ന പശുക്കളെ കണ്ടെത്തുക തുടങ്ങി ഒട്ടേറെ കാർഷികാവശ്യങ്ങൾക്ക് ഡ്രോണുകൾ പ്രയോജനപ്പെടുന്നു.

ഇത്തരം ഡ്രോണുകളെ കൃത്രിമ ബുദ്ധി (artificial intelligence) ഉപയോഗിച്ചു പ്രവർത്തിക്കുന്ന റോബട്ടുകളാക്കി മാറ്റുന്നതിൽ വിദഗ്ധനാണ് അലിറിസ. ഡ്രോണുകൾ മാത്രമല്ല, കൃത്രിമബുദ്ധി ഉപയോഗിച്ചു പ്രവർത്തിക്കുന്ന റോബട്ട് സംവിധാനം ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങൾക്കെല്ലാം സേവനം നൽകുന്നു, കോഴിക്കോടു പാലാഴിയിലെ ബിസിനസ് പാർക്കിൽ പ്രവർത്തിക്കുന്ന അലിറിസയുടെ ഫ്ല്യു അപ് ടെക്നോളജീസ്.

aliriza-abdul-gaffoor-with-drone-robot വെയ്റ്റർ റോബട്ടുമായി അലിറിസ

സന്ദർഭത്തിനനുസരിച്ച് ഉചിതമായ തീരുമാനമെടുക്കാൻ കഴിയുമെന്നതാണല്ലോ മനുഷ്യബുദ്ധിയുടെ സവിശേഷത. ഈ സാധ്യതകൾ സന്നിവേശിപ്പിച്ചു തയാറാക്കുന്ന കൃത്രിമ ബുദ്ധി (artificial intelligence) പ്രയോഗിച്ചാണ് അലിറിസയുടെ റോബട്ട് തേങ്ങയിടുന്നത്. തെങ്ങിന്റെ മണ്ടയിലേക്കു പറന്നുചെല്ലുന്ന റോബട്ട് മടലുകൾക്കിടയിൽ സൗകര്യപ്രദമായ സ്ഥലത്തു ലാൻഡ് ചെയ്യുന്നു, യന്ത്രക്കൈയിൽ ഘടിപ്പിച്ച കാമറ വഴി താഴെ നിൽക്കുന്ന ഉടമയ്ക്ക് സ്വന്തം സ്മാർട്ട്ഫോണിൽ തേങ്ങകളുടെ സമീപദൃശ്യം ലഭിക്കും. സ്മാർട്ട് ഫോണിൽ തെളിയുന്ന തേങ്ങയിൽ ‘ടച്ച്’ ചെയ്താൽ റോബട്ടിന്റെ മറ്റൊരു യന്ത്രക്കൈ നീണ്ടുചെന്ന് അതിൽ ഘടിപ്പിച്ചിരിക്കുന്ന സൂചികൊണ്ടു തേങ്ങ തുളച്ച് മൂപ്പെത്രയെന്നു താഴെ സ്മാർട്ട്ഫോണിൽ അറിയിക്കും. ഇടണമെങ്കിൽ സ്മാർട്ട് ഫോൺ വഴിതന്നെ നിർദ്ദേശം കൊടുക്കുക, യന്ത്രക്കൈ തേങ്ങ പറിച്ചു താഴെയിടും.

വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ചാൽ ഒരു ലക്ഷം രൂപയിൽ താഴെ വില വരുന്ന ഈ റോബട്ടിനെ വിപണിയിലെത്തിക്കാൻ ഇന്ത്യയിലെ മുൻനിര സംരംഭകരെ തേടുകയാണ് ഫ്ല്യു അപ്. അതേയമയം അലിറിസയുടെ ഈ തേങ്ങാക്കാരൻ റോബട്ട് അൽപം രൂപമാറ്റങ്ങളോടെ ഈ വർഷം തന്നെ ഗൾഫിലെ ഈന്തപ്പനത്തോട്ടങ്ങളിൽ കാരയ്ക്ക പറിച്ചു തുടങ്ങും. ദുബായ് ഭരണകൂടത്തിന്റെ പിന്തുണയുള്ള കോടികളുടെ പദ്ധതിയാണിതെന്ന് അലിറിസ. ഈന്തപ്പഴക്കുലകൾ ചെത്തി, ഡ്രോൺ റോബട്ടിൽ ഘടിപ്പിച്ചിരിക്കുന്ന സഞ്ചിയിലേക്ക് സുരക്ഷിതമായി വീഴ്ത്തി സംഭരണസ്ഥലത്തെത്തിക്കുന്ന സംവിധാനമാണത്.

ഹോട്ടലുകളിൽ വെയ്റ്റർക്കു പകരം ഭക്ഷണം വിളമ്പുന്ന ഡ്രോൺ റോബട്ടുകളാണ് അലിറിസ നിർമിച്ചിരിക്കുന്ന മറ്റൊരു കൗതുകം. ബ്രിട്ടൻ ഉൾപ്പെടെ മൂന്നു രാജ്യങ്ങളിൽ ഇപ്പോൾ പണിയെടുക്കുന്ന ഈ വെയ്റ്റർമാരെ താമസിയാതെ കോഴിക്കോടുള്ള ചില ഹോട്ടലുകളിലും കാണാമെന്ന് അലിറിസ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.