Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കര്‍ഷകരക്ഷയ്ക്ക് ഉതകുമോ കരാര്‍കൃഷി നിയമം

3

കരാർകൃഷി വ്യാപിപ്പിക്കാൻ കേന്ദ്രത്തിന്റെ പുതിയ നിയമം വരുന്നു. കരടുനിയമത്തിന്റെഗുണദോഷങ്ങളെക്കുറിച്ചു വിലയിരുത്തല്‍

ചെറുകിട കർഷകർ ഇനിയുള്ള കാലം രക്ഷപ്പെടണമെങ്കിൽ കരാർകൃഷിയിലേക്കു തിരിയണമെന്ന ഉപദേശവുമായി കേന്ദ്ര കൃഷി – കർഷകക്ഷമവകുപ്പ് രാജ്യവ്യാപകമായി നടപ്പാക്കാൻപോകുന്ന  ഏകീകൃത കരാർകൃഷി നിയമത്തിന്റെ മാതൃക പ്രസിദ്ധീകരിച്ചു. ഡിസംബർ 23നു പ്രസിദ്ധപ്പെടുത്തിയ  കരടു നിയമത്തിന്മേൽ കർഷകർക്കും കമ്പനികൾക്കും അഭിപ്രായം രേഖപ്പെടുത്താൻ രണ്ടാഴ്ച സമയം മാത്രമാണ് കേന്ദ്രം അനുവദിച്ചത്. ഉദ്യോഗസ്ഥ പ്രമുഖർ ചേർന്നുതയാറാക്കിയ കരടുനിയമം കാർഷികമേഖലയിൽ കാര്യമായ ആവേശം സൃഷ്ടിച്ചിട്ടില്ലെന്നു പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. 2022 ആകുമ്പോഴേക്കും കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കാൻ  സ്വീകരിക്കുന്ന നടപടികളിലൊന്നാണ് കരാർകൃഷി പ്രോത്സാഹനമെന്നാണ് കേന്ദ്ര കൃഷിവകുപ്പിന്റെ അവകാശവാദം. കരാർകൃഷിക്കു വേണ്ടി സമഗ്ര  മാതൃകാനിയമം കൊണ്ടുവരുമെന്ന് 2017 ലെ ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പൂർത്തീകരണമാണ്  കരട് മാതൃകാ കരാർകൃഷി നിയമം.

കാർഷികോൽപന്നങ്ങളുടെയും കന്നുകാലികളുടെയും കരാർകൃഷിയുടെ പ്രോത്സാഹനത്തിനും സുഗമമാക്കലിനും വേണ്ടിയുള്ള 2018 ലെനിയമം എന്നാണ് ഇതിനു  നൽകിയ പേര്.  കരാർകൃഷി ഉൽപാദകൻ അല്ലെങ്കിൽ കർഷകനിൽനിന്നു  കന്നുകാലി ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള കാർഷികോൽപന്നങ്ങൾ കരാർകൃഷി സ്പോൺസർ അല്ലെങ്കിൽ‌ കമ്പനി വാങ്ങിക്കൊള്ളാമെന്നു മുൻകൂട്ടി രേഖാമൂലമുള്ള കരാറിൽ ഏർപ്പെട്ടു നടത്തുന്നതാണു കരാർ കൃഷിയെന്നാണ് നിർവചനം.വിളവെടുപ്പിനുശേഷം ഉൽപന്നത്തിനു കർഷകന് നൽകേണ്ട വില  വിത്തിറക്കുന്നതിനു മുമ്പുതന്നെ നിശ്ചയിക്കും. കരാറിലെ നിബന്ധനകള്‍ പ്രകാരമാകണം ഉൽപാദനം. വിത്ത്, വളം, സാങ്കേതിക സഹായം തുടങ്ങിയവ കരാറിലെ വ്യവസ്ഥപ്രകാരം  കർഷകനു കമ്പനി നൽകും. രാജ്യത്തെ 86 ശതമാനം കർഷകരും ഒരു ഹെക്ടറിൽ താഴെമാത്രം കൃഷിഭൂമിയുള്ള ചെറുകിട–നാമമാത്ര കർഷകരാണ്. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ബാധിക്കാതെ, ഇവർക്കു മികച്ച വിലയും  ഉയർന്നവരുമാനവും ഉറപ്പാക്കാന്‍ കരാര്‍കൃഷി ഉതകുമെന്ന്  മാതൃകാനിയമം പറയുന്നു. ചെറുകിട കൃഷിഭൂമികളുടെ കാര്യക്ഷമതയും ഉൽപാദനക്ഷമതയും ഇതുമൂലം വർ‌ധിക്കും.

കരാർകൃഷിയും അതിൽനിന്നുള്ള ഉൽപന്നങ്ങളുടെ നേരിട്ടുള്ള വിൽപനയും അനുവദിക്കണമെന്നു 2003 ലെ മാതൃകാ അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റി (എപിഎംസി) ആക്ട് ശുപാർ‌ശ ചെയ്തിരുന്നു. എന്നാൽ കർഷകരുമായി കരാർകൃഷിയിൽ ഏർപ്പെടുന്ന കമ്പനികൾ എപിഎംസിയിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്ന്  ഈ നിയമത്തിൽ വ്യവസ്ഥയുണ്ടായിരുന്നു. കരാർകൃഷിയില്‍ ഏർപ്പെടുന്ന കമ്പനികൾക്കു ലൈസൻസ് ലഭിക്കുന്നതിനു കർ‌ശനമായ ഉപാധികളും  നിലവിലുണ്ടായിരുന്നു. എന്നാൽ‌ 2017ലെ പരിഷ്കരിച്ച മാതൃകാ എപിഎംസി നിയമത്തിൽനിന്നു കരാർകൃഷി സംബന്ധിച്ച വ്യവസ്ഥകൾ പൂർണമായും എടുത്തുകളഞ്ഞിട്ടുണ്ട്. 2018–ലെ മാതൃകാ  നിയമം നടപ്പാകുന്നതോടെ കരാർകൃഷി എപിഎംസി നിയമത്തിന്റെ നിയന്ത്രണത്തിൽനിന്നു പൂർണമായും സ്വതന്ത്രമാകും. ഇതോടെ മാർക്കറ്റ് ഫീസ് ഇനത്തിൽ‌ 5–10 ശതമാനം തുക കമ്പനികൾക്കു ലാഭിക്കാം.

സംസ്ഥാനതല അതോറിറ്റികരാർകൃഷി മേൽനോട്ടത്തിനും പ്രോത്സാഹനത്തിനുമായി  സംസ്ഥാനതലത്തിൽ‌ അതോറിറ്റി രൂപീകരിക്കണമെന്നതാണ് മാതൃകാനിയമത്തിലെ ഏറ്റവും പ്രധാന നിർ‌ദേശം. കരാർകൃഷി പ്രോത്സാഹനത്തിനും സുഗമമാക്കലിനും വേണ്ടിയുള്ള സംസ്ഥാന അതോറിറ്റി പുതുതായി രൂപീകരിക്കുകയോ സംസ്ഥാന മാർക്കറ്റിങ് ബോർഡ് ഒഴികെയുള്ള മറ്റേതെങ്കിലും സ്ഥാപനം പുനർനാമകരണം ചെയ്ത് പ്രവർ‌ത്തിക്കുകയോ ചെയ്യാം. 2018ലെ മാതൃകാ കരാർകൃഷി നിയമത്തിൽ ഏറ്റവും കൂടുതൽ‌ വകുപ്പുകൾ എഴുതിച്ചേർത്തിട്ടുള്ളത് ഈ അതോറിറ്റിയുടെ ഘടനയെയും അധികാരത്തെയും അവകാശങ്ങളെയും സംബന്ധിച്ചാണ്.

കരാർകൃഷിനിയമം നടപ്പാക്കുന്നതിന്റെയും കരാർകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെയും നിയമപരമായ ഉത്തരവാദിത്തം സംസ്ഥാനതല അതോറിറ്റിക്കായിരിക്കും. ഏതെല്ലാം കാർഷികോൽപന്നങ്ങളാണ് കരാർകൃഷിയുടെ പരിധിയിൽ വരുന്നതെന്ന് അതോറിറ്റിയുടെ ശുപാർശയു

ടെ അടിസ്ഥാനത്തില്‍ സംസ്ഥാന സർ‌ക്കാർ  വിജ്ഞാപനമിറക്കും. തർ‌ക്കപരിഹാരത്തിനായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ തീരുമാനങ്ങളിലുള്ള അപ്പീലുകൾക്ക് തീർപ്പു കൽപിക്കേണ്ടതും അതോറിറ്റിയാണ്. കരാർകൃഷിയെക്കുറിച്ച്പ്രചാരണം, ഗുണനിലവാര മാനദണ്ഡങ്ങൾ വികസിപ്പിച്ചെടുക്കല്‍ എന്നിവയും അതോറിറ്റിയുടെ ദൗത്യങ്ങളാണ്.

കരാർകൃഷിയിലേർ‌പ്പെടുന്ന കമ്പനിയും കർഷകനും ഇതിനുവേണ്ടി രൂപീകരിക്കുന്ന റജിസ്റ്ററിങ് ആൻഡ് റെക്കോഡിങ് കമ്മിറ്റിയിൽ കരാറുകൾ മുൻകൂട്ടി രേഖാമൂലം റജിസ്റ്റർ ചെയ്യണം. ജില്ലാതലത്തിൽ അല്ലെങ്കിൽ ബ്ലോക്ക് / താലൂക്ക് തലത്തിലായിരിക്കണം ഇത്തരം കമ്പനികൾ രൂപീകരിക്കേണ്ടത്. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, സഹകരണം, ഗ്രാമവികസനം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയായിരിക്കണം റജിസ്റ്ററിങ് കമ്മിറ്റിയുടെരൂപീകരണം. കർഷകരുമായി  കരാറിൽ ഏർപ്പെടാൻ താൽപര്യമുള്ള കമ്പനികൾ ആദ്യം റജിസ്റ്ററിങ് കമ്മിറ്റിക്ക് അപേക്ഷ നൽകണം. കമ്പനി ഈ കമ്മിറ്റിയിൽ‌ പേര് റജിസ്റ്റർ ചെയ്തതിനു ശേഷം വേണം കർഷകനുമായി കരാർകൃഷിക്കുള്ള കരാറിൽ ഒപ്പുവയ്ക്കാൻ. 

ഒന്നിലേറെ കരാറുകൾ പരസ്പരം അതിക്രമിക്കാതെ ഒരു കർഷകന് ഒന്നിലധികം കമ്പനികളുമായി കരാർകൃഷിയിൽ ഏർപ്പെടാം. 100  രൂപയുടെ സ്റ്റാമ്പ് പേപ്പറിലായിരിക്കും കർഷകനുമായി കരാറിൽ ഒപ്പുവയ്ക്കുന്നത്. കരാറിന്റെ വിശദാംശങ്ങൾ കമ്മിറ്റിയിൽ രേഖപ്പെടുത്തണം. വിത്ത്, വളം, കാലിത്തീറ്റ, സസ്യസംരക്ഷണ ഉപാധികൾ, പുതിയ സാങ്കേതികവിദ്യ തുടങ്ങി കർഷകന് നൽകുന്ന എല്ലാ സഹായങ്ങളും കരാറിൽ രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ കരുത്തോടെ കരാർ കൃഷിയിൽ ഏർപ്പെടാൻ ചെറുകിട–നാമമാത്ര കർഷകരെ ഉൾപ്പെടുത്തി ഉൽപാദക കമ്പനികൾ രൂപീകരിക്കണമെന്നും നിയമം നിർദേശിക്കുന്നു. കരാറിനു നിശ്ചിത കാലാവധി കരാർകൃഷിയുടെ കാലാവധി കുറഞ്ഞത് ഒരു വിള സീസണോ പരമാവധി അഞ്ചുവർഷമോ ആയിരിക്കും. കരാര്‍ എഴുതേണ്ടത്  പ്രാദേശിക ഭാഷയിലായിരിക്കണം.

പരസ്പരസമ്മതത്തോടെ തയാറാക്കിയ ഗുണമേന്മാ മാനദണ്ഡങ്ങളുടെയോ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകൃത ഏജൻസികൾ നിശ്ചയിച്ച മാനദണ്ഡങ്ങളുടെയോ അടിസ്ഥാനത്തിലായിരിക്കണം കരാർകൃഷിയിലെ ഉൽപാദനം. മുന്തിയ ഗുണമേന്മയുള്ളത്, തൃപ്തികരമായ ശരാശരി നിലവാരമുള്ളത്, ശരാശരിയിലും താഴ്ന്ന ഗുണനിലവാരമുള്ളത് എന്നിങ്ങനെ മൂന്ന് ഗുണമേന്മാ വിഭാഗങ്ങളായി ഉൽപന്നങ്ങളെ തരംതിരിക്കും. ഉൽപന്നത്തിന്റെ വിപണിവിലയിലെ ചാഞ്ചാട്ട സ്വഭാവത്തിനും സംസ്ഥാനതല  അതോറിറ്റി തയാറാക്കുന്ന നിയമങ്ങൾക്കും കരാറിൽ എഴുതിച്ചേർക്കുന്ന വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ഉൽപന്നങ്ങളുടെ വില നിർണയിക്കുക. 

കരാർകൃഷിയിലെ മൊത്തം ഉൽപന്നത്തിന്റെ മൂല്യത്തിന്റെ 0.3 ശതമാനം കമ്പനി അതോറിറ്റിക്ക് ഫീസായി നൽകണം. കരാറിൽ സൂചിപ്പിച്ചിരിക്കുന്നതിൽ കൂടുതൽ കർഷകൻ ഉൽപാദിപ്പിച്ചാൽ   നിശ്ചിത ശതമാനം വില നൽകി അതും കമ്പനിക്ക് ഉഭയകക്ഷി സമ്മതപ്രകാരം വാങ്ങാം. 

കര്‍ഷകനു ബോണസ് വിപണിയിൽ‍ അപ്രതീക്ഷിത വിലക്കയറ്റമുണ്ടായാൽ കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം ബോണസായി കമ്പനി കർഷകന് നൽകണം. ഉൽപന്നം വാങ്ങി 30 ദിവസത്തിനകം വില കർഷകനു നൽകിയില്ലെങ്കിൽ കമ്പനി പിഴപ്പലിശ നൽകേണ്ടിവരും.

കരാർകൃഷിക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും നിർദേശിക്കുന്നു. മതിയായ കാരണമുണ്ടെങ്കിൽ കർഷകനും കമ്പനിക്കും ഉഭയകക്ഷി സമ്മതത്തോ‍ടെകരാർ‌ അവസാനിപ്പിക്കാം. പ്രകൃതിദുരന്തങ്ങളോ സര്‍ക്കാര്‍ നയങ്ങളിൽ മൗലിക മാറ്റങ്ങളോ ഉണ്ടായാലും പരസ്പരസമ്മതത്തോടെ കരാർ അവസാനിപ്പിക്കാം.  കരാർ‌ അവസാനിപ്പിക്കുന്നതിന് സംസ്ഥാനതല അതോറിറ്റിയുടെ സമ്മതം വാങ്ങിയിരിക്കണം. കരാറിലെ വ്യവസ്ഥകൾ ലംഘിക്കുന്ന കർഷകനും കമ്പനികളും ഒരുപോലെ നിയമനടപടികൾ നേരിടേണ്ടിവരും. നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകുന്നതിനു പുറമേ, പിഴയുൾപ്പെടെയുള്ള ശിക്ഷാനടപടികളും ഏറ്റുവാങ്ങേണ്ടിവരും. കരാർകൃഷിയുടെ ഭാഗമായി കമ്പനി കർഷകന് വായ്പയോ മറ്റു സാമ്പത്തിക സഹായങ്ങളോ നൽകിയിട്ടുണ്ടെങ്കിൽ അത് ഉൽപന്നത്തിന്റെ വിലയിൽനിന്നു തട്ടിക്കിഴിക്കും. എന്നാൽ ഇതിന്റെ പേരിൽ സ്ഥലം പണയപ്പെടുത്താനോ പാട്ടത്തിനെടുക്കാനോ പാടില്ലെന്നു വ്യവസ്ഥ ചെയ്യുന്നു.

കരാർകൃഷിയുമായി ബന്ധപ്പെട്ടു കമ്പനി നടത്തുന്ന സാമ്പത്തിക ഇടപാടുകളുടെ അക്കൗണ്ടുകളും ഉൽപന്നങ്ങളുടെസ്റ്റോക്കുമെല്ലാം പരിശോധിക്കാൻ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന് അവകാശമുണ്ടായിരിക്കും. വിലയിടിവില്‍ സംരക്ഷണംവിലയിടിവിൽനിന്ന് കർഷകരെ സംരക്ഷിക്കാൻ നിർദിഷ്ട മാതൃകാനിയമം സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ  അവകാശവാദം. കാർഷികമേഖലയിലെ നിക്ഷേപം വർധിക്കും. മികച്ച വിത്തും സാങ്കേതികവിദ്യയും കർഷകരിലേക്ക് എത്തും. ഇടത്തട്ടുകാരുടെ ശല്യം ഒഴിവാകും. പഴം–പച്ചക്കറി ഉൽപന്നങ്ങളെ സംസ്കരണ വ്യവസായവുമായി മികച്ച രീതിയിൽ ബന്ധിപ്പിക്കാനാവും. പെട്ടെന്നു നശിച്ചുപോകുന്നകാർഷികോൽപന്നങ്ങൾ പാഴാകുന്നത് ഒഴിവാക്കാം. കരാർകൃഷി നിയമത്തെ എപിഎംസി ആക്ടിന്റെ പരിധിയിൽനിന്നു നീക്കിയതിനാൽ ഉൽപന്നങ്ങൾ കർഷകനു കമ്പനിക്കു നേരിട്ടു വിൽക്കാം. കരാർകൃഷി  നടപ്പാക്കുന്ന കമ്പനികൾ നിർബന്ധമായും എപിഎംസിയിൽ റജിസ്റ്റർ ചെയ്തിരിക്കണമെന്ന നിബന്ധന മാതൃകാ കരാർകൃഷി നിയമം നടപ്പായാൽ ഇല്ലാതാകും. 

കൃഷിയെയും കൃഷിയധിഷ്ഠിത വ്യവസായങ്ങളെയും കൂട്ടിയിണക്കുന്നതിന് കരാർകൃഷി അനിവാര്യമാണെന്ന് കേന്ദ്രസർക്കാർ പറയുന്നു. വിദേശരാജ്യങ്ങളിൽ ഭക്ഷ്യവിഭവങ്ങൾ നൽകുന്നതിനുള്ള ആഗോള ഹബ് ആയി ഇന്ത്യയെ മാറ്റാമെന്നാണ് പ്രധാനമന്ത്രിയുടെ അഭിപ്രായം. ഈ വർഷം ആദ്യം ഒറ്റ ബ്രാൻ‍ഡ് ചില്ലറ വിൽപനയിൽ 100 ശതമാനം നേരിട്ടുള്ളവിദേശനിക്ഷേപം അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയംമാറ്റവും കമ്പനികളുടെ കരാർകൃഷിക്ക് അനുകൂലമാണ്.  

നിലവിലെ നിയമം മതി

അതേസമയം കരാർകൃഷി ഫലപ്രദമായി നടപ്പാക്കാൻ നിലവിലുള്ള ഇന്ത്യൻ കരാർ നിയമംതന്നെ ധാരാളമാണെന്ന് കമ്പനികൾ പറയുന്നു. കരാറിലുള്ള ഉൽപന്നത്തിന് വിപണിയിൽ പെട്ടെന്ന് വലിയ വിലക്കയറ്റമുണ്ടായാൽ കർഷകനു ബോണസ് നൽകാൻ മാത്രമേ നിയമത്തിൽ വ്യവസ്ഥയുള്ളൂ. അതേസമയം വൻതോതില്‍ വിലയിടിവുണ്ടായാൽ എന്തു ചെയ്യണമെന്നു വ്യവസ്ഥയില്ല. കേന്ദ്രസര്‍ക്കാരിന്റെ നിർദിഷ്ട മാതൃകാ കരാർകൃഷി നിയമം കേരളത്തിൽ നടപ്പാക്കണമെങ്കിൽ സംസ്ഥാന നിയമസഭ നിയമനിർമാണം നടത്തേണ്ടിവരും. കേന്ദ്രസർക്കാരിന്റെ മാതൃകാ കരാർകൃഷി നിയമം നടപ്പായാൽ ചെറുകിട കർഷകരുടെ വരുമാനമാണോ കോർപറേറ്റുകളുടെ വരുമാനമാണോ വർധിക്കുന്നതെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 

വിലാസം: വിജ്ഞാന വ്യാപന വിഭാഗം മേധാവി, ഹോർട്ടികൾച്ചർ കോളജ്, വെള്ളാനിക്കര.

കര്‍ഷകര്‍ക്ക് ആശങ്ക

കരാര്‍കൃഷി ചെറുകിട കർഷകരുടെ സ്ഥിതിയിൽ ഒരു മാറ്റവും ഉണ്ടാവുകയില്ലെന്നും കൃഷി കോർപറേറ്റുകളുടെ നിയന്ത്രണത്തിലാകുന്നതിനേ നിർദിഷ്ട മാതൃകാ കരാർകൃഷി നിയമം സഹായിക്കൂ എന്നും  കർഷകര്‍ ആശങ്കപ്പെടുന്നു. അമ്പതുസെന്റോ ഒരേക്കറോ കൃഷിഭൂമിയുള്ള ചെറുകിട കർഷകനു വൻകിട കമ്പനിയുമായി കരാറിൽ ഏർപ്പെടാനാവില്ല. കമ്പനിക്ക് ആവശ്യമുള്ള അളവിൽ ഉൽപാദനം നടത്താൻ ചെറുകിട കർഷകർക്ക് ആവില്ല. കരാർകൃഷി നിലവിലുള്ള സംസ്ഥാനങ്ങളിലെല്ലാം ഇടത്തരം, വൻകിട കർഷകരുമായി കരാറിൽ ഏർപ്പെടുന്നതിലാണ് കമ്പനികള്‍ താൽപര്യം കാട്ടുന്നത്. ചെറുകിട കർഷകർ ചേര്‍ന്ന് സ്വന്തം കമ്പനികൾ രൂപീകരിക്കണമെന്നാണ് മാതൃകാ നിയമത്തിൽ ഇതിനു പരിഹാരം നിർദേശിച്ചിരിക്കുന്നത്. നിലവിലുള്ള കർഷക ഉൽപാദക കമ്പനികൾതന്നെ പ്രതിസന്ധിയിലാണ്. സർക്കാരിന്റെ മതിയായ പിൻബലം ഇവയ്ക്കു ലഭിക്കുന്നില്ല.

രാജ്യാന്തര കമ്പനികൾ നിശ്ചയിക്കുന്ന ഗുണമേന്മാമാനദണ്ഡങ്ങൾ പിന്തുടരാന്‍ ചെറുകിട കർഷകർക്ക് എളുപ്പമല്ല. താഴ്ന്ന ഗുണനിലവാരമുള്ള ഉൽപന്നങ്ങൾക്ക് താഴ്ന്ന വില നൽകിയാൽ മതിയാവുമെന്നതിനാൽ ഗുണനിലവാരം താഴ്ന്നതാണെന്നു കാണിച്ച് സംഘടിതമായി വില ഇടിക്കാനുള്ള ശ്രമം കമ്പനികളുടെ ഭാഗത്തുനിന്ന് എപ്പോഴും ഉണ്ടായേക്കാം.