Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാറ്റ്ബോക്സിൽ ഒരു ഹരിതവിപ്ലവം

സമൂഹമാധ്യമങ്ങൾ ചപ്പടാച്ചി അടിച്ചിരിക്കാൻ മാത്രമല്ല, ഹരിതവിപ്ലവത്തിനും നല്ലൊരു ഇടമാണെന്നു തെളിയിക്കുകയാണ് മുഴപ്പിലങ്ങാട് കുളം ബീച്ച് റോഡിൽ സൈനബ മൻസിലിലെ ഷുഹൈബ. വിവാഹശേഷം ഒരു രസത്തിനു തുടങ്ങിയ കൃഷി ഫെയ്സ്ബുക്കിലെ സമാനഹൃദയരുടെ കൂട്ടായ്മയിലൂടെ ഇന്നു പൂത്തുവിളഞ്ഞു നിൽക്കുന്നു.

സമൂഹമാധ്യമ കൂട്ടായ്മയിലൂടെ സ്വന്തമാക്കിയ അറിവിലൂടെ  ഉള്ളിയും ഉരുളക്കിഴങ്ങും ഒഴിച്ചു വീട്ടാവശ്യത്തിനുള്ള സർവതും വീട്ടിൽ വിളയിക്കുന്ന ഷുഹൈബ ജൈവകൃഷിരംഗത്ത് നിശ്ശബ്ദ വിപ്ലവം സൃഷ്ടിക്കുകയാണ്.

ഏഴര  സെന്റ് സ്ഥലത്ത് 2500 ച. അടിയിൽ നിർമിച്ച വീടിന്റെ ടെറസും സൺ ഷെയ്ഡും ബാൽക്കണിയും കിണറിന്റെ പ്ലാറ്റ്ഫോമും ബാക്കി സ്ഥലവും നിറയെ പഴങ്ങളും പച്ചക്കറികളുമാണ്. ഇരുനൂറിലേറെ പഴവർഗങ്ങൾ ഏകദേശം അത്രയും വരുന്ന പച്ചക്കറി ഇനങ്ങൾ ഇവയാൽ അലങ്കരിക്കപ്പെട്ടിരിക്കുകയാണ് ഈ ഹരിത ഭവനം.

മൾബറി മുതൽ ലബനീസ് അത്തി വരെ 

ഇരുനൂറിലേറെ പഴവർഗങ്ങളാണ് ഷുഹൈബയുടെ തോട്ടത്തിലുള്ളത്. മൺചട്ടിയിലും ഗ്രോ ബാഗിലും പ്ലാസ്റ്റിക് ബക്കറ്റുകളിലുമായാണ് കൃഷി. എല്ലാം ഒട്ടുതൈകളാണെന്നതിനാൽ രണ്ടും മൂന്നും വർഷത്തിനിടയിൽ കായ്ക്കും. മൾബറിയും ചൈനീസ് ഓറഞ്ചും നാഗ്പൂർ ഓറഞ്ചും മാംഗോസ്റ്റിനും സീതപ്പഴവും മധുര അമ്പഴങ്ങയും മാങ്ങയും അത്തിയുമൊക്കെ ഇവിടെ മണ്ണിലും ടെറസിലുമായി ഇപ്പോൾ കായ്ച്ചുനിൽക്കുന്നു. ലോകത്തെ ഏതു കാലാവസ്ഥയിലും കായ്ക്കുന്ന പഴവർഗങ്ങളും പച്ചക്കറിയും നമ്മുടെ കാലാവസ്ഥയിൽ വിളയിക്കാനാകുമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഷുഹൈബ. 

മധുരനാരങ്ങയുടെ വിവിധ ഇനങ്ങൾ. ചെറുനാരങ്ങ കുരുവില്ലാത്തത്, തായ്‌ലൻഡ് ലമൺ, വെരിഗേറ്റഡ് തുടങ്ങിയവ. തായ്​ലൻഡ്, ഡങ് സൂര്യ, കുള്ളൻപ്ലാവ് തുടങ്ങി 11 ഇനം പ്ലാവുകളും ടെറസിൽ വളരുന്നു. 20തരം മാവുകളുണ്ട്. പിയൂർ, കോട്ടുകോണം, ഹിമപസന്ത്, തായ്​ലൻറ് മാവ്, കറുപ്പുമാവ്, സിന്ദൂരം, അൽഫോൺസ, സോണിയ, മൽഗോവ, മലേഷ്യൻ കുള്ളൻ അങ്ങനെ പോകുന്നു. 

അത്തിച്ചെടി ഏഴുതരം. അറേബ്യൻ അത്തി, ലബനീസ് അത്തി, ബ്രൂക്ക് റെഡ് തുടങ്ങിയവ. തായ്‌ലൻഡ് പിങ്ക്, ലക്നൗ, വയലറ്റ്, ഫിലിപ്പൈൻസ്, സഫേദ്, കംബോഡിയൻ തുടങ്ങി 20 ഇനം പേരമരങ്ങളും വളരുന്നു. സീതപ്പഴം, ആത്തച്ചക്ക, നെല്ലി, മുസമ്പി ചെടികൾക്ക് പുറമെ വൈറ്റ് സപ്പോട്ട ഇന്തോനേഷ്യൻ, മെഗാ സപ്പോട്ട, ഇലയിൽ ഡിസൈനോടു കൂടിയ പട്ടാളചിക്കു എന്നിവയുമുണ്ട്...

എണ്ണിയാൽ തീരാത്ത പഴരുചികൾ

ഷുഹൈബയുടെ കൃഷിയിടത്തിൽ തൊണ്ണൂറാൻ കുരുമുളക് 45 ദിവസം കൊണ്ട് വിളവെടുത്തിട്ടുണ്ട്. സിന്ദൂരം മാവ് ഒന്നര വർഷവും നാഗ്പൂർ ഓറഞ്ച് മൂന്ന് വർഷവും മുസമ്പി മൂന്നര വർഷവും കൊണ്ടു ഫലം തന്നതായി ഷുഹൈബ സാക്ഷ്യപ്പെടുത്തുന്നു. ബ്ലാക്ക്ബെറി, ബ്ലാക്ക്ബെറി ജാം ഫ്രൂട്ട്, ബ്ലൂബെറി, പീനട്ട് ബട്ടർഫ്രൂട്ട്, പാക് മൾബറി (ചുവപ്പ്, മഞ്ഞ, വെള്ള) സുറിനാം ചെറി, റൊളീനിയ, മനില ടെന്നീസ് ബാൾ ചെറി, മപ്പരാഗ്, മൗണ്ടയിൻ മുളഞ്ചക്ക, അഭിയൂ പഴം ബർമിസ് മുന്തിരി, വെള്ള ഞാവൽ, പൂച്ചപ്പഴം, ഒറീസൻ നെല്ലി, ജബോട്ടി കാബ, കൊരണ്ടി പഴം, സ്വീറ്റ് ലൂവി, അറേബ്യൻ ഒലിവ്, ജാമ്പക്ക പലതരം പഴങ്ങളുടെ നിര നീളുന്നു. 

കാബേജ്, ആഫ്രിക്കൻ മല്ലി, പൊതിയിന, വള്ളിച്ചീര, തക്കാളി, വെണ്ട, പയർ, വിവിധ തരം വഴുതിന, കയ്പ, പ്രീതി പാവൽ, അമര പയർ, വെള്ളരി, പൊട്ടിക്ക, പടവലം, വിവിധ തരം മുളകുകൾ മുരിങ്ങ തുടങ്ങി എണ്ണിയാൽ തീരാത്ത പച്ചക്കറികളും ചോളവും ഷുഹൈബയുടെ പരിലാളനയിൽ മക്കളെപ്പോലെ തഴച്ചുവളരുന്നു. കുളംബസാറിൽ ബിലാൽ ബീഫ് സ്റ്റാൾ ഉടമയായ ഭർത്താവ് ഫിർദൗസ് എല്ലാ പ്രോത്സാഹനവും നൽകി കൂടെയുണ്ട്.. 

രാസവളത്തിന് നോ എൻട്രി 

ഷുഹൈബയുടെ കൃഷിയിടത്തിലേക്ക് രാസവളത്തിനു പ്രവേശനമില്ല. എല്ലാത്തിനും പൊതുവായി നൽകുന്ന വളം ചാണകപ്പൊടിയും എല്ലുപൊടിയുമാണ്. ശർക്കര, പൂവൻപഴം, വേപ്പിൻപിണ്ണാക്ക് , ചാണകം ഇവ ഒരു മഗ്ഗിന് ഒൻപതു മഗ്ഗ് വെള്ളം എന്ന ക്രമത്തിൽ ഡ്രമ്മിൽ അഞ്ചു ദിവസം സൂക്ഷിച്ച് എടുക്കുന്ന മിശ്രിതവുമാണ് ചെടികൾക്കെല്ലാം വളം.  പരിയാരം അനന്തക്കാട് നഴ്സറി മുഖേനയാണ് തൈകൾ വരുത്തുന്നത്.   മാട്ടൂലിലെ പരേതനായ ടി.പി.അബ്ദു ൽ സലാമിന്റെയും ഉസ്നു ബാനുവിന്റെയും ആറു മക്കളിൽ രണ്ടാമത്തെയാളാണ് ഷുഹൈബ. മക്കൾ: ഫർദീൻ, ഷബിൻ, ബിലാൽ .