Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാഷനാകും ഈ ഫ്രൂട്ട്

ചക്കയുടെ കഥ കേട്ടില്ലേ. ഒരു കാലത്ത് ആർക്കും വേണ്ടാതെ പാഴായിക്കിടന്ന ചക്ക ഇപ്പോൾ സംസ്ഥാനഫലമായി. ഇനിയും തിരിച്ചറിയാത്തതും എന്നാൽ ഏറെ ഗുണകരമായതുമായ മറ്റൊരു ഫലമാണ് പാഷൻ ഫ്രൂട്ട്. വള്ളികൾ പടർന്നു പന്തലിച്ച് തണലും ഫലങ്ങളും മാത്രമല്ല വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്താൽ കൈനിറയെ വരുമാനവും തരും പാഷൻ ഫ്രൂട്ട്. വേനലിലെ തണുപ്പിക്കാൻ പലപ്പോഴും ജ്യൂസായും അല്ലാതെയും നമ്മൾ കഴിക്കുന്ന പാഷൻഫ്രൂട്ട് പല വീടുകളിലും വളർന്നു പന്തലായി നിൽക്കുമ്പോഴും അതിന്റെ വാണിജ്യ സാധ്യതകളെപ്പറ്റി വലിയ അറിവില്ലെന്നതാണു വാസ്തവം. ഇന്നു കേരളത്തിൽ പലയിടങ്ങളിലും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ആരംഭിച്ച പാഷൻ ഫ്രൂട്ട് വയനാടിന്റെ കാലാവസ്ഥയിലും യോജ്യമായ കൃഷിയാണെന്നാണ് വിലയിരുത്തൽ. പാഷൻഫ്രൂട്ടിന് മണവും നിറവും നൽകാൻ രാസവസ്തുക്കൾ ഒന്നും ആവശ്യമില്ലെന്നും ഇതിനെ ജനപ്രിയമാക്കുന്നതിനു കാരണമാണ്.  

ടെറസിലും വളർത്താം 

പാഴാക്കാനുള്ള വിളയല്ല പാഷൻ ഫ്രൂട്ട് എന്ന തിരിച്ചറിവിലേക്ക് എത്താൻ തുടങ്ങിയതോടെ ഇതിന്റെ കൃഷിയിലും വിപണനത്തിലും കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. വലിയ വിപണന സാധ്യതകളും ഒൗഷധ ഗുണവുമുള്ള ഇവ ആദായത്തിനും ആരോഗ്യത്തിനും ഒരുപോലെ അഭികാമ്യമാണ്. മേയ്, ജൂൺ മാസങ്ങളിലും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലുമാണ് പാഷൻഫ്രൂട്ട് കായ്ക്കുന്നത്.

മണ്ണിൽ നട്ട് ടെറസിലേക്ക് കയറ്റി പന്തലിട്ടാൽ വീടിനകത്ത് നല്ല കുളിർമ ലഭിക്കും, നല്ല ഉൽപാദനവും ലഭിക്കും. വീടിന്റെ മുറ്റങ്ങളിൽ പോലും ഇവ വളർത്താമെന്നതും വള്ളിയായതിനാൽ എങ്ങനെ വേണമെങ്കിലും അലങ്കരിക്കാമെന്നതും ഏവരെയും ആകർഷിക്കുന്നുണ്ട്. വീട്ടിലുണ്ടാക്കാവുന്ന വിഷമില്ലാത്തെ‍ാരു പോഷക-ഒൗഷധ കലവറയാണ് പാഷൻഫ്രൂട്ട്. ‘സീറോ’ ചെലവിൽ കൃഷി ചെയ്യാവുന്ന ചെടിയുടെ വ്യാപനം ജില്ലയിലെ കർഷകർക്ക് കൂടുതൽ ആദായം നൽകും.  

പല സാധ്യതകൾ

ജ്യൂസ്, സിറപ്പ്, വൈൻ, സ്ക്വാഷ്, ജെല്ലി, അച്ചാർ (പുറംതെ‍ാണ്ട്) തുടങ്ങിയവ ഉണ്ടാക്കാനും പാചകവിധികളിൽ ചേരുവയായും ഉപയോഗിക്കാം.  രക്തത്തിൽ പ്ലേറ്റ്‍ലെറ്റിന്റെ കൗണ്ട് വർധിപ്പിക്കാൻ സഹായിക്കുന്ന പ്രധാന പഴവർഗങ്ങളിലൊന്നാണ് പാഷൻഫ്രൂട്ട്. മാനസിക സമ്മർദം അകറ്റാനുള്ള ഒറ്റമൂലിയെന്ന നിലയിലും ഹൃദ്രോഗത്തെയും കാൻസറിനെയും പ്രതിരോധിക്കാൻ കഴിയുമെന്ന രീതിയിലും ഇതിനെ പ്രിയങ്കരമാക്കുന്നു.  

 ഫലവർഗ ഗ്രാമം 

പ്രത്യേക കാർഷിക മേഖലയായി ജില്ലയെ പ്രഖ്യാപിച്ചതിനു പിന്നാലെ അഞ്ചു ഗ്രാമങ്ങളെ ഫലവർഗ ഗ്രാമമായി തിരഞ്ഞെടുത്തതിൽ ഒന്ന് പാഷൻഫ്രൂട്ടാണ്. വരും കാലത്തെ സാധ്യത കണക്കിലെടുത്താണ് പാഷൻഫ്രൂട്ടിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. പടിഞ്ഞാറത്തറ, എടവക പഞ്ചായത്തുകളിലാണ് പാഷൻഫ്രൂട്ട് കൃഷി ചെയ്യുക. ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന പദ്ധതിക്ക് ഫലവർഗ ചെടികൾ 75% സബ്സിഡിയോടെ കർഷകർക്ക് ലഭിക്കും.  

അംഗീകൃത വിളയാക്കണം

 വാണിജ്യാടിസ്ഥാനത്തിൽ കർഷകർ കൃഷി ചെയ്യാൻ തുടങ്ങിയെങ്കിലും വിളകളുടെ ലിസ്റ്റിൽ ഉൾപ്പെടാത്തതിനാൽ സഹായങ്ങളോ നഷ്ടപരിഹാരങ്ങളോ ഒന്നും ലഭിക്കുന്നില്ല. നിലവിൽ കാർഷിക- ഫലവർഗ വിളകളുടെ പട്ടികയിലൊന്നും പാഷൻഫ്രൂട്ട് ഉൾപ്പെട്ടിട്ടില്ല. വിപണി സാധ്യത, കയറ്റുമതി, മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം തുടങ്ങിയ മേഖലകളെക്കുറിച്ചെല്ലാം കാര്യമായ അറിവില്ലാത്തതിനാൽ പല കർഷകരും മടിച്ചു നിൽക്കുന്നുണ്ട്.

സർക്കാർ സംവിധാനങ്ങളടക്കം ഉപയോഗപ്പെടുത്തി കർഷകർക്ക് കൂടുതൽ ബോധവൽക്കരണം നടത്തുന്നതും കൃഷിയിലേക്ക് ആകർഷിക്കുന്നതും പാഷൻഫ്രൂട്ട് കൃഷി വ്യാപകമാക്കാൻ സഹായിക്കും. പ്രത്യേക കാർഷിക മേഖലയായും ഫലവർഗ ഗ്രാമങ്ങളുമെല്ലാം പ്രഖ്യാപിച്ച സാഹചര്യത്തിൽ പാഷൻ ഫ്രൂട്ടിനെ അംഗീകൃത വിളയാക്കി മാറ്റുമെന്ന പ്രതീക്ഷയിലാണ് കർഷകർ.  

വയനാടിന് യോജ്യം

ബ്രസീൽ ജന്മനാടായ പാഷൻഫ്രൂട്ട് വയനാട്ടിലെ കാലാവസ്ഥക്ക് ഏറെ യോജ്യമാണെന്നാണ് വിദഗ്ധാഭിപ്രായം. ജില്ലയിൽ നന്നായി വളരുകയും വിളയുകയും ചെയ്യുന്ന പാഷൻഫ്രൂട്ട് വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ കൃഷി വകുപ്പിന്റെ ഭാഗത്തു നിന്നുണ്ട്.  

പാഷൻഫ്രൂട്ട് ഇനങ്ങൾ (പ്രത്യേകതകൾ)

പർപ്പിൾ 

ഉരുണ്ട ഇനം, 35 ഗ്രാം തൂക്കം.

പാകമാകും മുൻപ് പച്ച, പിന്നീട് പർപ്പിൾ.

കാവേരി 

ഹൈബ്രിഡ് ഇനം, പർപ്പിളിന്റെയും മഞ്ഞയുടെയും സങ്കരം. 

പർപ്പിളിനേക്കാൾ വലുപ്പം. 

മഞ്ഞ 

പാകമാകും മുൻപ് പച്ചയിൽ വെള്ളകുത്തുകൾ. 

ജയന്റ്  

വലിയ ഇലകൾ, നല്ല ഭംഗിയുള്ള പൂക്കൾ 

600 ഗ്രാം വരെ തൂക്കം, മാംസളമായ ഉൾവശം.

വിളവെടുപ്പ് 

ഒരു വർഷം മുതൽ പൂക്കും 

പൂത്ത് 70-80 ദിവസത്തിനുള്ളിൽ 

വിളവെടുക്കാം

150-180 പഴങ്ങൾ ചെടിയിലുണ്ടാകും

മൂന്ന് ആഴ്ചവരെ കേടാകാതെ സൂക്ഷിക്കാം. 

എങ്ങനെ നടാം

വിത്ത് മുളപ്പിച്ച തൈകൾ രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയിൽ ഒരു കിലോഗ്രാം കുമ്മായമിട്ട് മണ്ണുമായി ഇളക്കിച്ചേർക്കണം. പത്ത് ദിവസം കഴിഞ്ഞ് 15 കിലോഗ്രാം ചാണകപ്പെ‍ാടിയും മേൽമണ്ണുമിട്ട് കുഴി നിറയ്ക്കണം. ഇൗർപ്പവും ജൈവാംശവുമുള്ള മണ്ണിൽ വേഗത്തിൽ വളരും. കൂടാതെ തണ്ടു മുറിച്ച് നടാം. മഞ്ഞയിൽ പർപ്പിൾ ഗ്രാഫ്റ്റ് ചെയ്യാം.  

പാഷൻ ഫ്രൂട്ട് സ്‌ക്വാഷ് ഉണ്ടാക്കാം

പാഷൻ ഫ്രൂട്ടിന്റെ ചാറ് - ഒരു ലീറ്റർ 

വെള്ളം - അര ലീറ്റർ 

പഞ്ചസാര- രണ്ടര കിലോ 

സിട്രിക്ക് ആസിഡ്- ഒരു ടീസ്‌പൂൺ 

ഇഞ്ചിനീര്- രണ്ട് ടേബിൾ സ്‌പൂൺ 

പൊട്ടാസ്യം മെറ്റ ബൈസൾഫൈറ്റ്- കാൽ ടീസ്‌പൂൺ 

തയാറാക്കുന്ന വിധം

പഞ്ചസാരയും വെള്ളവും ചേർത്ത് അടുപ്പിൽവച്ച് സിട്രിക്ക് ആസിഡ് ചേർത്ത് ഒരു നൂൽ പാകത്തിൽ പാനിയാക്കുക. ഇതിൽ പാഷൻഫ്രൂട്ടിന്റെ ചാറും ഇഞ്ചിനീരും ചേർത്ത് ഇളക്കി ഒന്നു തിളച്ചാലുടൻ വാങ്ങണം. നന്നായി തണുക്കുമ്പോൾ അതിൽനിന്ന് അൽപം സിറപ്പെടുത്ത് പൊട്ടാസ്യം മെറ്റ ബൈ സൾഫൈറ്റ് കലക്കുക. ഇതു ബാക്കി സിറപ്പിൽ ഒഴിച്ചിളക്കി തണുക്കുമ്പോൾ കുപ്പിയിൽ നിറയ്‌ക്കുക.