Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാഴായി കിടക്കുന്ന കൃഷിയിടങ്ങളിൽ പണമുണ്ടാക്കുന്ന കുട്ടിമുഹമ്മദ്

DSC_2349

കാൽനൂറ്റാണ്ടോളം സൗദി അറേബ്യയിലെ തെരുവുകളിൽ കാറോടിച്ച േശഷമാണ് പുലാശേരി കുട്ടിമുഹമ്മദ് കൊണ്ടോട്ടിയിൽ തിരിച്ചെത്തിയത്. സുദീർഘമായ പ്രവാസജീവിതത്തിനുശേഷവും  വിമാനമിറങ്ങുമ്പോൾ സ്വന്തമായൊരു കാർ വാങ്ങി ടാക്സിയോടിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. സമ്പാദ്യമായുണ്ടായിരുന്നതുകൊണ്ട് മൂന്ന് മക്കളുെട വിവാഹം ഭംഗിയായി നടന്നു. തുടർന്നുള്ള ജീവിതത്തിനു വേറെ വരുമാനം കണ്ടുപിടിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.  ഉപജീവനത്തിനായുള്ള അന്വേഷണത്തിനിടെ അദ്ദേഹത്തിന് ഓർമ വന്നത് മണ്ണ് ചതിക്കില്ലെന്ന പ്രമാണമാണ്. ഗൾഫിലേക്കു പോകുന്നതിനു മുമ്പ് കൃഷിക്കാരനായും കർഷകത്തൊഴിലാളിയായും ജീവിച്ച കാലം ആത്മവിശ്വാസം നൽകി. അങ്ങനെ ഒരിക്കൽകൂടി കൃഷിക്കാരനായി മണ്ണിലിറങ്ങി.

ഒരു വർഷംകൊണ്ട് മികച്ച വരുമാനം േനടുന്ന കൃഷിക്കാരനായി കുട്ടിമുഹമ്മദ് മാറിക്കഴിഞ്ഞു. വാഴയും മരച്ചീനിയും  നെല്ലുമാണ് പ്രധാന വിളകൾ.  രണ്ടേക്കറിലായി രണ്ടായിരത്തോളം വാഴയും  അത്രയും തന്നെ മരച്ചീനിയും ആറ് ഏക്കറിൽ നെല്ലും . സ്വന്തമായി 13 സെന്റ് സ്ഥലം മാത്രമുള്ള അദ്ദേഹത്തിന്റെ എല്ലാ കൃഷികളും പാട്ടത്തിനെടുത്ത ഭൂമിയിലാണ് ചെയ്യുന്നത്.  വാഴക്കൃഷിയിലൂെട തെറ്റില്ലാത്ത ആദായം നേടാൻ കഴിയുന്നുണ്ടെന്ന് കുട്ടിമുഹമ്മദ് പറഞ്ഞു. കിലോയ്ക്കു 30 രൂപ വരെ വില കിട്ടുന്നുണ്ട്. ഒരു വാഴക്കുല ഉൽപാദിപ്പിക്കാൻ 150 രൂപയേ തനിക്ക്  ചെലവ് വരുന്നുള്ളൂ. സ്വന്തമായി അധ്വാനിക്കുന്നതുകൊണ്ടും താങ്ങുകാലിനായി പണം മുടക്കാത്തതുകൊണ്ടുമാണ് ചെലവ് കുറഞ്ഞത്. ശരാശരി എട്ടു കിലോ വീതമുള്ള നേന്ത്രക്കുലകളാണ് കിട്ടിയത്.  കിലോയ്ക്ക് 20 രൂപയെങ്കിലും വില കിട്ടാതെ വന്നാൽ കൃഷി നഷ്ടത്തിലാകും. 

മരച്ചീനി ഇനിയും വിളവെടുത്തിട്ടില്ല. കിലോയ്ക്ക് 11 രൂപ നിരക്കിൽ വാങ്ങാൻ ആളുകളുണ്ട്. കുറഞ്ഞത് അഞ്ച് കിലോ വീതം ഓരോ ചുവട്ടിൽനിന്നും കിട്ടുമെന്നാണ് പ്രതീക്ഷ. മോശമല്ലാത്ത വരുമാനം ഉറപ്പാണെന്ന് കുട്ടിമുഹമ്മദ് പറയുന്നു. ഇത്തവണ ആറ് ടൺ നെല്ലാണ് കൺസ്യൂമർ ഫെഡ് വഴി സർക്കാരിനു നൽകിയത്. മൂന്ന് വിളകളിൽനിന്നുള്ള വരുമാനംകൊണ്ട് ജീവിതം പ്രയാസമില്ലാതെ മുന്നോട്ടു പോകുന്നു. അധ്വാനിക്കാൻ ആരോഗ്യവും കൃഷി ചെയ്യാൻ യോഗ്യമായ ഭൂമിയുമുണ്ടെങ്കിൽ തിരികെയെത്തുന്ന പ്രവാസികൾക്ക് ജീവിതത്തെക്കുറിച്ച് ആശങ്ക േവണ്ടെന്ന് കുട്ടിമുഹമ്മദ് പറയുന്നു. ചെറുകിടക്കാർക്കും വൻകിടക്കാർക്കും ഈ രംഗത്ത് ഒരേപോലെ അവസരങ്ങളുണ്ട്.

വൈദഗ്ധ്യമില്ലാത്തവർക്കും തുടർച്ചയായ പരിശ്രമത്തിലൂെട മികച്ച കൃഷിക്കാരനാകാം എന്ന് മുഹമ്മദ് പറയുന്നു.  ഭൂമി പാട്ടത്തിനു കിട്ടാനുള്ള തടസ്സങ്ങൾ സർക്കാർ മുൻകൈയെടുത്താൽ നീക്കാവുന്നതേയുള്ളൂ.   പരിചയക്കാർക്കും വിശ്വാസമുള്ളവർക്കും മാത്രമേ ഭൂവുടമകൾ ഭൂമി കൃഷി ചെയ്യാനായി നൽകുകയുള്ളൂ. തരിശായി കിടക്കുന്ന വയലുകളിലും പറമ്പുകളിലും വാടക നൽകി കൃഷി ചെയ്യാൻ അനുകൂലമായ സാഹചര്യം സൃഷ്ടിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം.

ഫോൺ: 7510986501