Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാര്‍ഷിക വിപണിയില്‍‘നാടൻ’ പ്രേമം

Chandran-2

വിലയും വിപണിയും നേടുന്ന നാടൻ ഉൽപന്നങ്ങളെക്കുറിച്ചറിയാം 

പച്ചക്കറിക്കടകളിൽ ഈയിടെയായി ഉയർന്നു കേൾക്കുന്നൊരു ചോദ്യമുണ്ട്, ‘നാടനാണോ......?’ ‘സംശയമുണ്ടോ.... നല്ലൊന്നാന്തരം നാടൻ’, കടക്കാരന്റെ മറുപടി. പച്ചക്കറി, പഴം, മുട്ട എന്നിവയിലാണ് ഈ നാടൻപ്രേമം ആദ്യം മൊട്ടിട്ടത്. പിന്നീടത് ഇറച്ചിയുടെയും മീനിന്റെയും പാലിന്റെയുമെല്ലാം കാര്യത്തിലേക്കു വളർന്നു. നാടൻ എന്ന വിശേഷണം കാർഷിക, ഭക്ഷ്യവിഭവങ്ങളുടെ കാര്യത്തിൽ ഇന്ന് അഭിമാനപദമായി മാറിയിരിക്കുന്നു.

Shaji-2

എറണാകുളത്തിനടുത്ത് പുത്തൻകുരിശിൽ പഴയൊരു പാറമട കൃഷിയിടമാക്കി മാറ്റി ലാഭം കൊയ്യുന്ന ഷാജിയുടെ വാക്കുകൾ കേൾക്കാം ‘‘ഞാൻ എട്ടു രൂപയ്ക്ക് കടക്കാർക്കു നൽകുന്ന നാടൻ താറാമുട്ട കടക്കാരൻ വിൽക്കുന്നത് പത്തു രൂപയ്ക്ക്. നാടൻമുട്ട എന്നെടുത്തു പറഞ്ഞുതന്നെയാണു വില്‍പന. രണ്ടു കാരണങ്ങളുണ്ടതിന്. ഒന്ന്, ഈയിടെയായി നാട്ടുകാർക്കു താൽപര്യം നാടൻ മുട്ടയോടാണ്. വില അൽപം കൂട്ടിയിട്ടാലും വാങ്ങാനാളുണ്ട്. രണ്ട്, ചീമുട്ട വിറ്റു എന്ന ചീത്തപ്പേര്  കേൾക്കേണ്ടി വരുന്നില്ല. വരവുമുട്ടകളിൽ ചെറിയൊരു ശതമാനം പഴക്കം ചെന്നതും കേടായതുമൊക്കെ കാണും. എന്നാൽ ഫാംഫ്രഷ് ആയി കിട്ടുന്ന മുട്ടയിലൊന്നുപോലും പരാതിക്ക് ഇടനൽകില്ല. ചുരുക്കത്തിൽ നാട്ടിലെ കർഷകരിൽനിന്നു നാടൻ മുട്ടയും നാടൻ പച്ചക്കറിയും നാടൻപഴവുമെല്ലാം സംഭരിക്കേണ്ടത് കച്ചവടക്കാരന്റെ ആവശ്യമാണിപ്പോള്‍.’’ 

Shaji-1

വയനാട് തിരുനെല്ലി കീഴേപ്പാട്ടില്ലത്ത് സുകുമാരനുണ്ണിയുടെ നാടൻപച്ചക്കറികൾ ഏതെടുത്താലും ഒറ്റ വില; കിലോയ്ക്ക് 60 രൂപ. പയറിനും പാവലിനും പച്ചമുളകിനുമെല്ലാം അറുപത്.  തക്കാളിക്ക് ഈയിടെ കിലോയ്ക്ക് എഴുപതു രൂപവരെ വില ഉയർന്നപ്പോഴും പിന്നീടത് ഇരുപതിലേക്ക് ഇടിഞ്ഞപ്പോഴും സുകുമാരനുണ്ണി വിറ്റത് അറുപതിനുതന്നെ. കിലോയ്ക്ക് എഴുനൂറു രുപയ്ക്കു മേല്‍ ഉയർന്ന കുരുമുളകു വില കുത്തനെ ഇടിഞ്ഞ് പകുതിയായപ്പോഴും സുകുമാരനുണ്ണി വിൽക്കുന്നത് 100ഗ്രാം പായ്ക്ക് 100 രൂപയ്ക്ക്. അതായത് കിലോയ്ക്ക്  1000 രൂപ. കാപ്പിപ്പൊടിയുടെ കഥയും വ്യത്യസ്തമല്ല. 100ഗ്രാം എഴുപത്തിയഞ്ചു രൂപ. നവര, രക്തശാലി, ഗന്ധകശാല, ജീരകശാല, പാതൽത്തൊണ്ടി, ചേറ്റുവിളിയൻ തുടങ്ങിയ നാടൻ നെല്ലിനങ്ങളുടെയും നാടൻ ഇഞ്ചി, വയനാടൻ മഞ്ഞൾ എന്നിവയുടെയും വില ഏതാണ്ട് ഇതേമട്ടിൽ തന്നെ. 

Sukumaranunni-1

ഇനി, മലപ്പുറം ജില്ലയിലെ എടപ്പാളിലുള്ള ചന്ദ്രൻ മാസ്റ്ററോട് ഒരു സംശയം ചോദിക്കാം. ‘ഒരു കിലോ അരിക്ക് ഇന്നു മാർക്കറ്റിൽ ശരാശരി 40 രൂപയാണു വില. മാഷ് വിൽക്കുന്ന ജൈവ നാടനരിക്ക് കിലോയ്ക്ക് 75 രൂപ. ഈ വിലയ്ക്ക് അരി വാങ്ങിയാല്‍ എങ്ങനെ മുതലാവും. സ്ലെയ്റ്റും പെൻസിലുമില്ലാതെ ഒറ്റശ്വാസത്തിൽ മാഷ്  ലാഭത്തിന്റെ വഴിക്കണക്കു പഠിപ്പിച്ചുതരും. ‘‘ഒരു മലയാളി ദിവസം ശരാശരി 400 ഗ്രാം അരിയുടെ ഭക്ഷണം കഴിക്കുന്നുണ്ട്. അതായത്, 40 രൂപ നിരക്കില്‍  നോക്കിയാൽ 16 രൂപയുടെ അരി. ആ സ്ഥാനത്ത് ഈ നാടൻ നെല്ലിനങ്ങളുടെ അരി 200ഗ്രാം മതി. കാരണം 50–60 ശതമാനം തവിടു നിലനിർത്തിയ അരിയുടെ ചോറ് ആരും  അത്രയേ കഴിക്കൂ. അതിനു വില 15 രൂപ. ഏതാണു ലാഭം?. തീർന്നില്ല, തവിടു കളയാത്ത, പോളിഷ് ചെയ്യാത്ത അരി ആരോഗ്യത്തിന് ഉത്തമം. കുറച്ചേ കഴിക്കൂ എന്നതുകൊണ്ട് അമിതാഹാരം  മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും ഒഴിവാകും. ഫലത്തിൽ, വിൽക്കുന്നവനും വാങ്ങുന്നവനും ലാഭം’’. 

Sukumaranunni-2

അതെ, സർക്കാരിന്റെയോ സർവകലാശാലയുടെയോ പിൻബലമില്ലാതെ നമ്മുടെ കർഷക സമൂഹം വാമൊഴിയായി വളർത്തിയെടുത്ത ഒരു ബ്രാൻഡ് ഇന്നു കേരളത്തിലുണ്ട്; ‘നാടൻ’ എന്ന പേരിൽ. നിലനിൽപിനും അതിജീവനത്തിനും വേണ്ടി കർഷകർ സൃഷ്ടിക്കുകയും ഉപഭോക്താക്കൾ രണ്ടും കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്ത ഈ ബ്രാൻഡ് ആരുടെയും കുത്തകയല്ല, നാടൻ കാർഷികോൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന ഏതു കർഷകനും അതിന്റെ അവകാശി തന്നെ. കേരളത്തിലെ കർഷകർക്കു മുന്നിൽ ലാഭസാധ്യതകളുടെ പുതിയ വാതിൽ തുറന്നിടുന്ന ‘നാടൻ പ്രേമ’ത്തക്കുറിച്ച് കുടുതൽ വിവരങ്ളും വിജയകഥകളും കർഷകശ്രീ മേയ് ലക്കത്തില്‍ വായിക്കാം.