Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മടങ്ങിയെത്തിയ പ്രവാസികൾക്ക് അവസരങ്ങൾ വച്ചുനീട്ടി കാർഷികമേഖല

Cochin-International-Airport

മടക്കയാത്രയുെട ദിനങ്ങളാണിത്. പ്രവാസികൾ പണി മതിയാക്കി നാട്ടിലേക്കു മടങ്ങുന്നു, വിശേഷിച്ച് ഗൾഫ് മേഖലയിൽനിന്ന് അവിദഗ്ധ തൊഴിലുകൾ ചെയ്തിരുന്നവരും ചെറുകിട വാണിജ്യസംരംഭകരുമായ ഒട്ടേറെയാളുകളാണ് തിരികെ നാട്ടിലേക്കെത്തുന്നത്. ജോലി നഷ്ടപ്പെടുന്നതു മാത്രമല്ല, മടങ്ങിവരവിനു കാരണം. പല ഗൾഫ് രാജ്യങ്ങളിലും ശമ്പളത്തിനൊപ്പം നൽകിയിരുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതും പാർപ്പിടം, വിദ്യാഭ്യാസം എന്നിവയ്ക്കായുള്ള ചെലവ് വർധിച്ചതും  എന്തെങ്കിലും തൊഴിൽ ചെയ്തു  നാട്ടിലങ്ങു കൂടാമെന്ന ചിന്തയിലേക്കു പ്രവാസികളെ എത്തിക്കുന്നുണ്ട്.ഇങ്ങനെ തിരിച്ചുവരുന്നവരുടെ പുനരധിവാസത്തിൽ കാർഷികമേഖലയ്ക്കുള്ള പ്രസക്തിയും പ്രാധാന്യവും ഏറെയാണ്. വൈദഗ്ധ്യം ആവശ്യമായ പ്രത്യേക തൊഴിൽമേഖലകൾക്കു പുറത്തുള്ളവരുെട പുനരധിവാസത്തിലാണ് കാർഷികമേഖലയ്ക്കു കൂടുതൽ പങ്ക് വഹിക്കാനാവുക. വൈദഗ്ധ്യവും പരിശീലനവും ആവശ്യമില്ലാത്ത തൊഴിലാണ് കൃഷിയെന്നല്ല  ഇതിനർഥം.  താൽപര്യമുള്ളവർക്ക് ഏതു പ്രായത്തിലും മിതമായ മുതൽമുടക്കിൽ കൃഷിയിലേക്കു കടന്നുവരാനാകും. നല്ല ഭക്ഷ്യവസ്തുക്കളുെട ലഭ്യതയിൽ കമ്മി നേരിടുന്ന കേരളത്തിൽ സംരംഭകമനോഭാവത്തോെട കൃഷി ചെയ്യുന്നവർക്ക് വലിയ വിപണി ഉറപ്പാണെന്നതും തിരിച്ചെത്തുന്ന പ്രവാസികൾക്ക്  കാർഷികമേഖല ആകർഷകമാക്കുന്നു.

കൃഷിയുമായി തീരെ ബന്ധമില്ലാത്ത മേഖലകളിൽ പ്രവർത്തിച്ചിരുന്നവർക്കു നല്ല കൃഷിക്കാരായി മാറാൻ കഴിയുമോ?പരിചയസമ്പന്നരായ കൃഷിക്കാർക്കൊപ്പം  കൃഷിയിലും വിപണിയിലും കരുത്ത് നേടാൻ അവർക്കു പ്രയാസമായിരിക്കില്ലേ?  അടുത്ത കാലത്ത് കേരളത്തിലെ കൃഷിയിലുണ്ടായ മാറ്റങ്ങൾ തന്നെയാണ് ഇതിനുത്തരം. വിദേശത്തുനിന്നു തിരികെയെത്തി കൃഷി ആരംഭിച്ച ഒട്ടേറെ മലയാളികൾ ഈ രംഗത്ത് മികച്ച പ്രകടനം നടത്തുന്നുണ്ട്, ഒരു പക്ഷേ നാട്ടിൽ തുടർന്ന കൃഷിക്കാരേക്കാൾ മികവോടെ. അതേ സമയം ആവേശത്തോെട കാർഷികസംരംഭങ്ങളിലേക്ക് എടുത്തുചാടി ചക്രശ്വാസം വലിക്കുന്നവരുമുണ്ട്. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ സംരംഭങ്ങൾ ആരംഭിക്കുന്നതാണ് പലരുെടയും പരാജയത്തിനു കാരണം. കൃഷി നിങ്ങൾക്കു ഗൃഹാതുരത്വം നിറഞ്ഞ വികാരമായിരിക്കാം. എന്നാൽ വരുമാനത്തിനായി സംരംഭം നടത്തുമ്പോൾ  മൃദുലവികാരങ്ങളല്ല  പ്രധാനം. വിപണനസാധ്യത, വരുമാനം, ലാഭക്ഷമത തുടങ്ങിയ കാര്യങ്ങൾക്കു പ്രാധാന്യം നൽകിയാലേ വരുമാനത്തിനായുള്ള സംരംഭങ്ങൾ വിജയത്തിലെത്തുകയുള്ളൂ. 

ഏതു സംരംഭമായാലും വിപണി ഉറപ്പാക്കിയ ശേഷമേ ആരംഭിക്കാവൂ. സ്വന്തം ഉൽപന്നം ഏതാണെന്നും അത് എവിടെ വിൽക്കാമെന്നും സംരംഭകനു മുൻകൂട്ടി നിശ്ചയമുണ്ടായിരിക്കണം. എല്ലാവരും ഉപയോഗിക്കുന്ന ഉൽപന്നങ്ങൾക്ക് ആവശ്യക്കാരേറെയുണ്ടാവും എന്ന മുൻവിധി പലരെയും അപകടത്തിൽ ചാടിച്ചിട്ടുണ്ട്. സ്വന്തം ഉൽപന്നത്തെ അഥവാ സംരംഭത്തെ ആഴത്തിൽ പഠിച്ചിട്ടുള്ളവർക്കു മാത്രമേ അതിനിണങ്ങുന്ന വിപണി കണ്ടെത്താനാവൂ. പ്രായോഗിക പരിജ്ഞാനത്തിന് ഏറെ പ്രാധാന്യമുള്ള മേഖലയാണ് കൃഷി. പുസ്തകം വായിച്ചും വിഡിയോ കണ്ടും കിട്ടുന്ന അറിവുമായി കൃഷിയും മൃഗസംരക്ഷണവും നടത്താൻ തുനിയുന്നവർ പിന്തിരിഞ്ഞ് ഓടേണ്ടിവന്നാൽ അദ്ഭുതമില്ല. 

സമൂഹമാധ്യമങ്ങളിലെ ഗവേഷണങ്ങളുടെയും വാട്സ് അപ് ഗ്രൂപ്പുകളിലെ ഉപദേശത്തിന്റെയും അടിസ്ഥാനത്തിലാവരുത്  സംരംഭമേതെന്ന തീരുമാനം. നല്ല കാർഷികസംരംഭങ്ങൾ നേരിട്ടുകണ്ടും സംരംഭകരുമായി സംവദിച്ചും സാങ്കേതിക വിദഗ്ധരുെട ഉപദേശങ്ങൾ വാങ്ങിയും പരിശീലനപരിപാടികളിൽ പങ്കെടുത്തും  പുതിയ മേഖലയിലെ ഗൃഹപാഠം പൂർത്തിയാക്കാം. സാങ്കേതികവിദ്യയ്ക്കൊപ്പം പ്രധാനമാണ് നാട്ടിലെ നിയമങ്ങളും ചട്ടങ്ങളും. അവ കൃത്യമായി മനസ്സിലാക്കുകയും പാലിക്കുകയും ചെയ്യാൻ തുടക്കത്തിലേ ശ്രമിച്ചില്ലെങ്കിൽ പിന്നീട് പരിതപിക്കേണ്ടിവരും.കാർഷികസംരംഭകരാകുന്നതിൽ നാട്ടിലുള്ളവരെ അപേക്ഷിച്ച് പ്രവാസികൾക്ക് ചില മികവുകളുമുണ്ട്. വിപുലമായ അനുഭവസമ്പത്തു തന്നെ പ്രധാനം. ലോകം കണ്ടവനാണ് പ്രവാസി. മറ്റ് ദേശങ്ങളിൽ കർഷകർ സ്വന്തം ഉൽപന്നങ്ങൾക്ക് മൂല്യവർധനയിലൂെട അധികവില നേടുന്നതും കൃഷിയിൽ യന്ത്രങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതുമൊക്കെ അവർ കണ്ടുമനസ്സിലാക്കിയിട്ടുണ്ട്. ഉൽപന്നങ്ങളുെട വിപണനത്തിൽ പാക്കിങിനും ബ്രാൻഡിങ്ങിനുമുളള പ്രാധാന്യം ക്ലാസിൽ പങ്കെടുക്കാതെ തന്നെ അവർക്കു മനസ്സിലാകും. സാങ്കേതികവിദ്യാരംഗത്തെ മുന്നേറ്റങ്ങൾ കണ്ടെത്തുന്നതിലും ആധുനിക വിനിമയ ഉപാധികൾ സംരംഭവളർച്ചയ്ക്ക് പ്രയോജനപ്പെടുത്തുന്നതിലുമൊക്കെ വിദേശ മലയാളി ഒരു പടി മുന്നിലായിരിക്കും.

എന്തൊക്കെ സാധ്യതകൾ

ഏതൊക്കെ മേഖലകളാണ് കേരളത്തിൽ കാർഷിക സംരംഭകനു മുതൽ മുടക്കാനായുള്ളത്? എന്തു ചെയ്യുന്നുവെന്നതല്ല, എങ്ങനെ ചെയ്യുന്നുവെന്നതാണ് പ്രധാനമെന്ന കാര്യം ആവർത്തിക്കട്ടെ.  ഉയർന്ന വില മോഹിച്ച് ആടുവളർത്തൽ ആരംഭിച്ചവർ പരാജയപ്പെടുന്ന കേരളത്തിൽ പച്ചപ്പുല്ല് കൃഷി ചെയ്ത് ലക്ഷങ്ങള‍ുണ്ടാക്കുന്നവരുമുണ്ട്.  കാർഷിക ഉൽപാദനം, മൃഗസംരക്ഷണം, മത്സ്യക്കൃഷി എന്നീ പരമ്പരാഗത മേഖലകൾക്കപ്പുറം മൂല്യവർധനയും ഉൽപന്നനിർമാണവും കൃഷിയിലെ പ്രധാന പ്രവർത്തനമായി മാറുകയാണിപ്പോൾ. കേരളത്തിന്റെ തനത് കാർഷിക ഇനങ്ങൾക്കു മൂല്യവർധനയിലൂെട പുതിയ രൂപഭാവങ്ങൾ‍ നൽകാനായാൽ രാജ്യാന്തരവിപണിയിൽപോലും അവസരങ്ങളുണ്ട്. യന്ത്രങ്ങളുെട സഹായത്തോടെയുള്ള കാർഷിക സേവനങ്ങളാണ് വരുമാനസാധ്യതയുള്ള മറ്റൊരു മേഖല. അടുത്ത കാലത്ത് കാർഷിക കർമസേനകൾ എന്ന പേരിൽ സർക്കാർ ആരംഭിച്ച ഈ സംരംഭം കൂടുതൽ പരിഷ്കാരങ്ങളോെട സ്വകാര്യമേഖലയിൽ തുടങ്ങാനാവും. നവീന ഉപകരണങ്ങളുെടയും മൊബൈൽ ആപ്പുകളുെടയും തുണയോടെ ഇത്തരം സേവനങ്ങൾ പുറംജോലിയായി ഏറ്റെടുക്കുന്ന സംരംഭങ്ങൾ ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ സജീവമാണ്. തൊഴുത്തുകൾ, കോഴിക്കൂടുകൾ, പോളിഹൗസുകൾ എന്നിവയുടെ നിർമാണം, നടീൽവസ്തുക്കളുെട ഉൽപാദനം തുടങ്ങിയ സംരംഭങ്ങളും സ്വകാര്യനിക്ഷേപകർക്ക് അവസരം നൽകുന്നുണ്ട്.

ആര് സഹായിക്കും

കാർഷികസംരംഭകർക്ക് സഹായഹസ്തം നീട്ടുന്ന ഒട്ടേറെ സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. പ്രവാസി– പ്രദേശവാസി ഭേദമില്ലാതെ അവരുെട സേവനങ്ങൾ ലഭിക്കും. വ്യത്യസ്ത മേഖലകളിൽ ഇത്തരം ഏജൻസികൾക്കുള്ള മികവും പരിചയസമ്പത്തും പരിഗണിച്ച് യോജ്യമായത് തിരഞ്ഞെടുക്കണമെന്നു മാത്രം. കൃഷിയുടെ വ്യത്യസ്തമേഖലകളിൽ വൈദഗ്ധ്യം നേടിയവർ പ്രവർത്തിക്കുന്ന കൃഷിവിജ്ഞാനകേന്ദ്ര (കെവികെ) ങ്ങളാണ് ഇത്തരം ഏജൻസികളിൽ പ്രധാനം. സംരംഭകനു ആവശ്യമായ സാങ്കേതികവിദ്യകളും മാനേജ്മെന്റ് വൈഭവവും ധനസഹായസാധ്യതകളെപ്പറ്റിയുള്ള അറിവും കെവികെകളിൽ നിന്നു ലഭിക്കും. ഭക്ഷ്യസംസ്കരണ യൂണിറ്റാണ് നിങ്ങളുെട മനസ്സിലുള്ളതെങ്കിൽ കെഎസ്ഐഡിസി, കിൻഫ്ര തുടങ്ങിയ ഏജൻസികളുെട പിന്തുണയും സാമ്പത്തിക സഹായവും പ്രതീക്ഷിക്കാം. ഭക്ഷ്യസംസ്കരണപാർക്കുകളിലും മറ്റും ഇടം കണ്ടെത്തി ആയാസരഹിതമായി സംരംഭം തുടങ്ങാൻ ഇവർ സഹായിക്കും.

കൃഷി, മൃഗസംരക്ഷണം, ക്ഷീരോൽപാദനം, മത്സ്യക്കൃഷി മേഖലകളിലെ ഉൽപാദകർക്ക് അതതു വകുപ്പുകളുമായുള്ള ബന്ധം ഏറെ പ്രയോജനം ചെയ്യും. സാമ്പത്തികസഹായം മാത്രമല്ല സാങ്കേതിക ഉപദേശങ്ങളും വിപണനപിന്തുണയുമൊക്കെ സർക്കാർ വകുപ്പുകളും നൽകിത്തുടങ്ങിയിട്ടുണ്ട്. ഹോർട്ടികൾച്ചർ മിഷൻ, ആത്മ, അഡാക് തുടങ്ങിയ കാർഷിക ഏജൻസികളും സംരംഭകരുടെ തുണയ്ക്കായി പ്രവർത്തിക്കുന്നു. ക്ഷീരോൽപാദകരുെട സഹായത്തിനു ക്ഷീരവികസനവകുപ്പ് മാത്രമല്ല, മിൽമയും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

ഇതുവരെ പറഞ്ഞത് കാർഷികമേഖലയിലെ പൊതുവായ ചില ഏജൻസികളെക്കുറിച്ചാണ്. തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സെന്റർ ഫോർ  മാനേജ്മെന്റ് ഡവലപ്മെന്റാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ നൽകുന്നത്. കാർഷിക രംഗത്തേക്ക് കടന്നുവരുന്ന പ്രവാസികൾക്ക് ഈ സാധ്യത പ്രയോജനപ്പെടുത്താം. (ബോക്സ് കാണുക). എല്ലാ സർക്കാർ ഓഫിസിലും ചുവപ്പുനാടയാണെന്നും എല്ലാ ഉദ്യോഗസ്ഥരും  അഴിമതിക്കാരാണെന്നുമുള്ള മുൻവിധി മാറ്റിവയ്ക്കാം. കാർഷികരംഗത്തെ  പ്രവാസികളുെട പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന പ്രസ്ഥാനമാണ് കോഴിക്കോട് ജില്ലയിലെ  വേങ്ങേരിയിലുള്ള പ്രവാസി കൃഷി വികസനകേന്ദ്രം. 

കാർഷികമേഖലയുമായി ബന്ധപ്പെട്ട പരിശീലനപരിപാടികൾ സംഘടിപ്പിക്കുന്നതിനൊപ്പം മിതമായ തോതിൽ‍ സാമ്പത്തികസഹായം  നൽകുന്നതിനും കൃഷി വികസനകേന്ദ്രം സന്നദ്ധമാണെന്ന് പ്രസിഡന്റ് ആറ്റക്കോയ പള്ളിക്കണ്ടി അറിയിച്ചു (ഫോൺ– 9895529766).ഒന്നുറപ്പ്. പുതുമയും പ്രയോജനവുമുള്ള ആശയങ്ങളുണ്ടെങ്കിൽ തൂമ്പാപ്പണി മുതൽ റോബട്ടിക്സ് വരെയുള്ള പ്രവർത്തനങ്ങൾക്കു കേരളത്തിലെ കൃഷിയിൽ സംരംഭസാധ്യതയുണ്ട്. തിരിച്ചെത്തുന്ന പ്രവാസികൾക്ക്  അവ കണ്ടെത്താനുള്ള അന്വേഷണത്വരയും നാട്ടിൽ അവ നടപ്പാക്കാനുള്ള സാഹചര്യവും ഉണ്ടാകണമെന്നു മാത്രം.