Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസി രാമകൃഷ്ണന്‍ ഇന്ന് നാട്ടിലെ മാതൃകാ കർഷകൻ

20180126_164556-copy

‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്...’ മൂന്നു ദശാബ്ദത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തുമ്പോൾ രാമകൃഷ്ണന്റെ മനസ്സിൽ ആ പഴയ സിനിമാഗാനം അലയടിക്കുന്നുണ്ടായിരുന്നു. സ്റ്റെനോഗ്രഫി പഠിച്ച് വളരെ ചെറുപ്പത്തിൽ മുംബൈയ്ക്കു വണ്ടി കയറിയതാണ്. പത്തു വർഷം മുംബൈയിലും പിന്നെ മൂന്നു ദശാബ്ദം ഗൾഫിലുമായി ജീവിതം. എന്നാല്‍ ഒരിക്കലും  മനസ്സിൽ നാടിന്റെ പച്ചപ്പ്  വാടിയില്ല. 

സ്വന്തം മണ്ണിൽ തിരിച്ചെത്തി സ്റ്റെനോയുടെ കുപ്പായം അഴിച്ചുവച്ചു കർഷകനായി മാറിയിട്ട് ഇപ്പോള്‍  വർഷം പതിനേഴു കഴിഞ്ഞു. ഇന്ന് ആലപ്പുഴ ജില്ലയിലെ അറിയപ്പെടുന്ന കർഷകനാണു താമരക്കുളം വേടരപ്ലാവിൽ കന്നീലേത്തു രാമകൃഷ്ണൻ. ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡ് അടക്കം ഒട്ടേറെ കൃഷിപുരസ്കാരങ്ങള്‍ ഇതിനകം അദ്ദേഹത്തിനു ലഭിച്ചു. കൃഷിയിൽ മുൻപരിചയം ഉണ്ടായിരുന്നില്ല. കാർഷിക മാസികകളും കാർഷിക ലേഖനങ്ങളും പുസ്തകങ്ങളും വായിച്ച് ആർജിച്ച അറിവുകളായിരുന്നു കൈമുതൽ.  കൃഷിവകുപ്പിന്റെ  പഠനക്ലാസുകളില്‍ പതിവായി പങ്കെടുക്കുന്ന  ഇദ്ദേഹം ശാസ്ത്രീയ കൃഷിരീതികളാണ് പിന്തുടരുന്നത്.

സഹോദരന്മാരുടെ ഭൂമിയടക്കം 18 ഏക്കറിലായി റബർ, തെങ്ങ്, കമുക്, കുരുമുളക്, ജാതി, പപ്പായ, വാഴ, പച്ചക്കറികൾ, ഇഞ്ചി, മഞ്ഞൾ, മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ, കിഴങ്ങ് തുടങ്ങിയ വിളകൾ.   കോഴിവളർത്തൽ, പശുവളർത്തൽ എന്നിവയുമുണ്ട്.തെങ്ങും റബറും മറ്റുമായിരുന്നു പ്രധാന വിളകൾ. പ്രവാസജീവിതം അവസാനിപ്പിച്ചു തിരികെയെത്തി ആദ്യം ചെയ്തത് അന്നത്തെ താമരക്കുളം കൃഷി ഓഫിസറായിരുന്ന കെ.ഐ. അനിയുടെ നിർദേശപ്രകാരം  റബറിനിടയിൽ പൈനാപ്പിൾ വയ്ക്കുകയായിരുന്നു. റബറിനിടയിൽ പൈനാപ്പിൾകൃഷി ചെയ്താൽ റബറിന്റെ വിളവു കുറയും, പാമ്പുശല്യം ഉണ്ടാകും എന്നീ  തടസ്സവാദങ്ങളൊന്നും കാര്യമാക്കിയില്ല. അഞ്ച് ഏക്കർ റബറിനിടയിൽ മൗറീഷ്യസ് എന്നയിനം പൈനാപ്പിൾ കൃഷി ചെയ്തു. ടൺ കണക്കിനു കൈതച്ചക്ക കഴിഞ്ഞ 15 വർഷമായി വിളവെടുത്തുകൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ വർഷവും മൂന്നു ലക്ഷത്തിനടുത്തു വരുമാനം പൈനാപ്പിളിൽനിന്നു മാത്രം ലഭിച്ചു. റബറിന്റെ ഉൽപാദനമൊന്നും കുറഞ്ഞുമില്ല. റബർവില ഇടിഞ്ഞപ്പോഴും ഇടവിളയുണ്ടായിരുന്നതിനാൽ രാമകൃഷ്ണനു നഷ്ടമൊന്നും വന്നില്ല.  

മൂന്നു വർഷമായി 1008 ചതുരശ്രമീറ്റർ വീതം വിസ്തീർണമുള്ള രണ്ടു പോളിഹൗസിൽ ഹൈടെക് കൃഷി  ചെയ്തുവരുന്നു. വർഷത്തിൽ   രണ്ടു തവണ കൃഷി ചെയ്യും. പ്രധാനമായും സാലഡ് കുക്കുംബർ. പയറും തക്കാളിയും ചെയ്തുനോക്കിയെങ്കിലും പോളിഹൗസിൽ അതത്ര ആദായകരമായിരുന്നില്ല. കുക്കുംബർ ശരാശരി 20 ടൺ വിളവു കിട്ടുന്നു. കിലോയ്ക്കു 30 രൂപ  ലഭിക്കാറുണ്ട്. അങ്ങനെ ആദ്യത്തെ രണ്ടു വർഷംകൊണ്ട് പോളിഹൗസിന്റെ മുടക്കുമുതൽ തിരികെ കിട്ടി. പോളിഹൗസ് നിർമാണത്തിനു താമരക്കുളം കൃഷിഭവനിൽനിന്നു സഹായധനം  ലഭിച്ചതു കൂടാതെ ഓരോ വർഷത്തെ കൃഷിക്കും സഹായധനം ലഭിച്ചുവരുന്നുണ്ട്. പോളിഹൗസിനുള്ളിൽ ഇപ്പോഴും കുക്കുംബർകൃഷി  തുടരുന്നു. 

20180126_170938-copy

കഴിഞ്ഞ വർഷം മഴമറക്കൃഷിയും തുടങ്ങി. രണ്ടു മഴമറകളാണുള്ളത്.  എല്ലാത്തരം പച്ചക്കറികളുമുണ്ട്.  തുറന്ന  കൃത്യതാരീതിയില്‍  പച്ചക്കറികളും വാഴയും കൃഷി ചെയ്യുന്നു.  റെഡ് ലേഡി ഇനം പപ്പായ  400 എണ്ണം വിളവെടുക്കുന്നു.ഈയിടെ 500 എണ്ണംകൂടി നട്ടു. ഒരു മരത്തിൽനിന്ന് 20 കിലോവരെ വിളവു പ്രതീക്ഷിക്കാം. കിലോയ്ക്ക് 35 രൂപയിലധികം വിലയുണ്ട്. 

വാഴയിനങ്ങള്‍ നാടൻ പൂവൻ, ഞാലിപ്പൂവൻ, പാളയംകോടൻ, കപ്പവാഴ, കദളി, കണ്ണൻ, ചെങ്കദളി, മൊന്തൻ, നേന്ത്രൻ എന്നിങ്ങനെ പോകുന്നു.  നേന്ത്രന്റെ 1800 ടിഷ്യു െതെകൾ വച്ചിട്ടുണ്ട്. വർഷത്തിൽ പല തവണകളായി വാഴ നടുന്നതിനാൽ എല്ലാ ദിവസവും വാഴക്കുല വെട്ടാനുണ്ടാകും. ഇടവിളയായി ചെറുചേമ്പ്, വെട്ടുചേമ്പ്, കാച്ചിൽ (കാവത്ത്), ചേന, മരച്ചീനി, ഇഞ്ചി, മഞ്ഞൾ എന്നിവയുമുണ്ട്.  ചേന ഗജേന്ദ്ര എന്നയിനമാണ്. ഇഞ്ചി വരദയും  മഞ്ഞൾ പ്രതിഭയുമാണ്.  ഏറിയ പങ്കും നടീൽവിത്തായി വിൽക്കുന്നതുകൊണ്ട് നല്ല വരുമാനമുണ്ട്. 

കമുക് 400 എണ്ണം.  അവയില്‍ കുരുമുളക് പടർത്തിയിട്ടുണ്ട്. ഡിXടി, മലയൻ കുള്ളൻ, സണ്ണങ്കി, ഗംഗബോണ്ടം ഇനങ്ങളിലായി പുതുതായി 400 തെങ്ങിന്‍െതെകള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. പച്ചക്കറിയില്‍ സസ്യസംരക്ഷണത്തിനു സ്യൂഡോമോണാസ്, ബ്യുവേറിയ  കൾച്ചറുകൾ 20 ഗ്രാംവീതം ഒരു ലീറ്റർ വെള്ളത്തിന് എന്ന കണക്കിൽ ഇടവിട്ട് ആഴ്ചതോറും  തളിച്ചുകൊടുക്കും. ചിരട്ടക്കെണി, പലതരം ജൈവ കീടനാശിനികൾ, മഞ്ഞക്കെണി എന്നിവയും ഉപയോഗിക്കുന്നു. പാവൽ, പടവലം എന്നിവയ്ക്കു കായ്കളിൽ കവറിട്ട് കായീച്ചകളിൽനിന്നു സംരക്ഷിക്കുന്നു. പുതുതലമുറ വളങ്ങൾ,   വെള്ളത്തിൽ കലക്കിക്കൊടുക്കും. ധാരാളം ചാണകവും നൽകുന്നു.

ചാണകം സ്ലറിയായിട്ടാണു നൽകുന്നത്. ഇവിടെ ചാണകസ്ലറിക്കു പ്രത്യേക തയാറിപ്പുണ്ട്. അതിങ്ങനെ: 20 കിലോ ചാണകം, 20 ലീറ്റർ ഗോമൂത്രം, രണ്ടു കിലോ വേപ്പിൻകുരു പൊടിച്ചത്, രണ്ടു കിലോ കടലപ്പിണ്ണാക്ക്, രണ്ടു കിലോ ശർക്കര, രണ്ടു കിലോ പാളയംകോടൻ പഴം എന്നിവ നന്നായി കൂട്ടിക്കലർത്തി 80 ലീറ്റർ ശുദ്ധജലത്തിൽ രണ്ടാഴ്ച പുളിപ്പിക്കാൻ വയ്ക്കും. അതിനുശേഷം പത്തിരട്ടി വെള്ളം ചേർത്തു പച്ചക്കറികൾക്കും വാഴയ്ക്കും പപ്പായയ്ക്കും മറ്റും ഒഴിച്ചുകൊടുക്കും.വലിയൊരു മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റുമുണ്ട്. കുല വെട്ടിയ വാഴത്തടയും, പച്ചക്കറികളുടെ ഇലയും തണ്ടും, അഴുകിയ പച്ചക്കറികളും പച്ചച്ചാണകവും 8:1 എന്ന അനുപാതത്തിൽ കമ്പോസ്റ്റ് ടാങ്കിൽ നിറച്ചു പ്രത്യേകയിനം മണ്ണിരകളെ നിക്ഷേപിച്ചു 45 മുതൽ 60 ദിവസംകൊണ്ട് ഒന്നാന്തരംകംപോസ്റ്റ് ഉണ്ടാക്കി പച്ചക്കറികൾക്കും മറ്റും അടിവളമായി നൽകിവരുന്നു. രാസവളപ്രയോഗവുമുണ്ട്. മണ്ണു പരിശോധനാഫലം നോക്കിയാണ്  വളപ്രയോഗം. 

ആയിരത്തോളം ബിവി–380 ഇനം മുട്ടക്കോഴികളെ വളർത്തിത്തുടങ്ങി. അവയുടെ കാഷ്ഠവും  വളമാക്കുന്നു. ഗോശാലയില്‍ 30 പശുക്കള്‍. പാലിനെക്കാൾ പ്രധാനം ചാണകവും ഗോമൂത്രവുമാണ്. പാൽ ഗോശാലയിൽനിന്നുതന്നെ ആവശ്യക്കാർ വാങ്ങുന്നുണ്ട്. മിച്ചമുള്ളതു ക്ഷീരസംഘത്തില്‍ നല്‍കും. 

ഉൽപന്നങ്ങള്‍ തോട്ടത്തിൽനിന്നുതന്നെ ആളുകൾ വാങ്ങിക്കൊണ്ടുപോകുന്നു. കുക്കുംബർ മാത്രം കടകളിൽ  കൊടുക്കും. ആവശ്യപ്പെട്ടാൽ മറ്റു വിളകളും കൊടുക്കാറുണ്ട്.മൊത്തം 20 സ്ഥിരം തൊഴിലാളികൾ. പത്തു പേർ വനിതകൾ. ഗൾഫിലായിരുന്നപ്പോൾ അവിടെ 40 തൊഴിലാളികൾക്കു ഉപജീവന മാർഗം നൽകിയിരുന്നു. ഇന്ന് 20 കുടുംബങ്ങൾക്ക് ആശ്രയമാവുന്നു.

ഫോൺ: 93493 67813