Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിലയും വിപണിയും ഉറപ്പുള്ള സംരംഭമെന്ന് കർഷകർ

goat

കാര്യമായ മുന്നറിവുകളൊന്നും ഇല്ലാതെതന്നെ പരിപാലിക്കാൻ കഴിയുന്ന വളർത്തുമൃഗമാണ് ആട്. അത്രമേൽ സാഹചര്യങ്ങളോട് ഇണങ്ങുകയും പരിമിതികൾക്കുള്ളിലും സന്തുഷ്ടിയോടെ പാർക്കുകയും ചെയ്യുന്ന സാധുമൃഗം. വീട്ടാവശ്യത്തിനുള്ള പാൽ, വർഷത്തിൽ ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ വിറ്റ് ചെറിയൊരു നേട്ടം; അത്രയൊക്കെയേ മുമ്പ് ആടുവളർത്തലിൽനിന്ന് കർഷകർ പ്രതീക്ഷിച്ചിരുന്നുള്ളൂ. എന്നാൽ ഇന്ന് ചിത്രം വ്യത്യസ്തമാണ്. സുസ്ഥിര ലാഭം ലക്ഷ്യമിടുന്ന ചെറുകിട സംരംഭം എന്ന നിലയിലേക്ക് ആടുവളർത്തൽ വളർന്നിരിക്കുന്നു. മികച്ച ആസൂത്രണവും വിപണനതന്ത്രങ്ങളുംകൊണ്ട് ചെറുകിട സംരംഭകർപോലും വർഷം മൂന്നും നാലും ലക്ഷം രൂപ വരുമാനം നേടുന്നു. 

എന്തുകൊണ്ട് ആടുവളർത്തൽ തിരഞ്ഞെടുത്തു എന്ന് ഈ രംഗത്തെ ഏതെങ്കിലും സംരംഭകനോടു ചോദിക്കുക: ഒരാട്ടിൻകുട്ടിയുടെ ഉൽസാഹത്തോടെ അയാൾ ഉത്തരം പറയും, ‘കുറഞ്ഞ  മുതൽമുടക്ക്, പരിപാലനം അനായാസം, വിപണി സുനിശ്ചിതം.’ഇറച്ചിക്കായുള്ള വളർത്തൽ, കുഞ്ഞുങ്ങളെ വിൽപന, ഇണചേർക്കാനുള്ള മുട്ടന്മാരുടെ പരിപാലനം എന്നിവയിലൂടെയാണ് ആടുവളർത്തലിൽ മുഖ്യമായും വരുമാനം വന്നുചേരുന്നത്. അനുബന്ധ വരുമാനങ്ങളുമുണ്ട്. കുറഞ്ഞ അളവിേല ലഭ്യമാകൂ എങ്കിലും ആട്ടിൻപാലിന് ഇന്ന് ലീറ്ററിന് ശരാശരി 80 രൂപ വിലയുണ്ട്. മികച്ച ജൈവവളമായ ആട്ടിൻകാഷ്ഠത്തിനും ആവശ്യക്കാർ ഏറെ. 

പട്ടിയെയും പൂച്ചയെയുംപോലെ ആടിനെ അരുമ മൃഗമായി ഒാമനിച്ചു വളർത്തുന്ന പതിവ് കേരളത്തിലെ വീടുകളിൽ പ്രചാരത്തിലായിട്ടില്ലെങ്കിലും ആ വഴിക്കും ചില മാറ്റങ്ങൾ കാണുന്നുണ്ട്. കനേഡിയൻ ഡ്വാർഫ് ഉൾപ്പെടെ   പിഗ്മി (കുള്ളൻ)  ആടിനങ്ങൾ പലതും ഇന്നു നമ്മുടെ ഫാമുകളിലും റിസോർട്ടുകളിലുമൊക്കെ കൗതുകക്കാഴ്ചയാകുന്നുമുണ്ട്. അത്തരം സാധ്യതകളും പ്രയോജനപ്പെടുത്തുന്നു നമ്മുടെ  സംരംഭകരിൽ ചിലരെങ്കിലും. മലബാറിയാണ് കേരളത്തിൽ ഏറെ ജനപ്രീതി നേടിയ ജനുസ്സ്. കേരളത്തിന്റെ തനത് ഇനം എന്നു പറയുമെങ്കിലും നൂറ്റാണ്ടുകൾക്കുമുമ്പ് അറേബ്യൻ കച്ചവടക്കാർ കേരളത്തിലെത്തിച്ച ആടുകളുടെ സങ്കരമാണിത്.  ഉത്തർപ്രദേശിലെ യമുനാതീരത്തു പിറവികൊണ്ടു എന്നു കരുതുന്ന ജംനാപ്യാരിയും ആടുകളിലെ കുതിര എന്നു കേൾവികേട്ട പഞ്ചാബി ഇനം ബീറ്റലും രാജസ്ഥാനിൽനിന്നുള്ള കരുത്തൻ സിരോഹിയും തുടങ്ങി പർബത്സാരി, ഒസ്മാനാബാദി, ബാർബാറി എന്നിങ്ങനെ കേരളത്തിൽ വൻപ്രചാരം നേടിയ വടക്കേ ഇന്ത്യൻ ജനുസ്സുകളും ഏറെ. ആഫ്രിക്കൻ ആദിവാസികളുടെ ഇറച്ചി ആട് എന്നു വിശേഷിപ്പിക്കുന്ന ഒാസ്ട്രേലിയൻ ബോയറും ശരാശരി മൂന്നര ലീറ്റർ കറവയുള്ള,  സ്വിറ്റ്സർലൻഡിലെ പാലിനം സാനനും കേരളത്തിൽ പരിപാലിക്കപ്പെടുന്നുണ്ട്.  

ആടുവളര്‍ത്തലിലെ  സാധ്യതകളും വെല്ലുവിളികളും വിശദമാക്കുന്നു ഈ രംഗത്തെ വിജയികളിൽ ചിലർ.

നേട്ടം ഏതിലൊക്കെ 

കുറഞ്ഞ മുതൽമുടക്ക്, ലളിതമായ പാർപ്പിടം, കുറഞ്ഞ തീറ്റച്ചെലവ്, അനായാസമായ പരിപാലനം, ഉയർന്ന രോഗപ്രതിരോധശേഷി, ഒറ്റ പ്രസവത്തിൽ ഒന്നിലേറെ കുട്ടികൾ, ചുരുങ്ങിയ കൂലിച്ചെലവ്, സുസ്ഥിര വിപണി, മികച്ച വില.

ജാഗ്രത എവിടെയൊക്കെ

ചെലവു കുറഞ്ഞ കൂട്, ശാസ്ത്രീയ കൂടുനിർമാണം, ഗുണമേന്മയുള്ള മാതൃശേഖരം, ഒാരോ ആടിനെയും സംബന്ധിച്ച വിവരശേഖരം, യഥാസമയം പ്രതിരോധ കുത്തിവയ്പ്, തീറ്റച്ചെലവു നിയന്ത്രിക്കൽ, അന്തഃപ്രജനനം(inbreeding)   ഒഴിവാക്കൽ, വരവുചെലവു കണക്കുസൂക്ഷിക്കൽ, വിപണിയെ മനസ്സിലാക്കൽ.