Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാറമടയല്ല ലാഭമട; കുട്ടനാടൻ താറാവും നാടൻ കോഴിയും ആടുകളും പാറമടയിലെ താമസക്കാർ

kuttanadan-duck

ഇത്ര കാലവും വിപണി കർഷകനെ കഷ്ടപ്പെടുത്തുകയായിരുന്നെങ്കിൽ ഇപ്പോൾ കാര്യങ്ങൾ മാറിവരുകയാണെന്നു പറയുന്നു എറണാകുളത്തിനടുത്ത് പുത്തൻകുരിശിലുള്ള കാവനാക്കുടിയിൽ ഷാജി. ‘‘ഞാൻ എട്ടു രൂപയ്ക്ക് കടക്കാർക്കു നൽകുന്ന നാടൻ താറാമുട്ട കടക്കാരൻ വിൽക്കുന്നത് പത്തു രൂപയ്ക്ക്. നാടൻമുട്ട എന്നെടുത്തു പറഞ്ഞുതന്നെയാണു വിൽപന. രണ്ടു കാരണങ്ങളുണ്ടതിന്. ഒന്ന്, ഈയിടെയായി നാട്ടുകാർക്കു താൽപര്യം നാടൻ മുട്ടയോടാണ്. വില അൽപം കൂട്ടിയിട്ടാലും വാങ്ങാനാളുണ്ട്. രണ്ട്, ചീമുട്ട വിറ്റു എന്ന ചീത്തപ്പേര്  കേൾക്കേണ്ടി വരുന്നില്ല. വരവുമുട്ടകളിൽ ചെറിയൊരു ശതമാനം പഴക്കം ചെന്നതും കേടായതുമൊക്കെ കാണും. എന്നാൽ ഫാംഫ്രഷ് ആയി കിട്ടുന്ന നാടൻ മുട്ടയിലൊന്നുപോലും പരാതിക്ക് ഇടനൽകില്ല. ചുരുക്കത്തിൽ നാട്ടിലെ കർഷകരിൽനിന്നു നാടൻ മുട്ടയും നാടൻ പച്ചക്കറിയും നാടൻപഴവുമെല്ലാം സംഭരിക്കേണ്ടത് കച്ചവടക്കാരന്റെ ആവശ്യമാണിപ്പോള്‍.’’ ഷാജിയുടെ വാക്കുകൾ.

പാഴല്ല പാറമട

പുത്തൻകുരിശിലെ പഴയൊരു പാറമടയാണ് ഷാജിയുടെ കൃഷിയിടം. രണ്ടു ചെറുകിട വസ്ത്രനിർമാണ യൂണിറ്റുകൾ നടത്തിയിരുന്ന ഷാജി രണ്ടും പൂട്ടി രണ്ടു വർഷം മുമ്പ് പാറമടയിലേക്കു പലായനം ചെയ്തത് കൃഷിയിലൂടെ കൈവരുന്ന സ്വസ്ഥത മാത്രം മോഹിച്ചാണ്. പാറപൊട്ടിക്കൽ തീര്‍ന്ന് പന്ത്രണ്ടു വർഷം വെറുതെ കിടന്ന രണ്ടരയേക്കർ പാറമട രണ്ടു വർഷം മുമ്പു പാട്ടത്തിനെടുത്തു. കുട്ടനാടൻ താറാവിനങ്ങളായ ചാരയും ചെമ്പല്ലിയും, അഴിച്ചു വിട്ടു വളർത്തുന്നതിനാല്‍ സാമാന്യമായി നാടൻ എന്നുതന്നെ വിളിക്കാവുന്ന ഗ്രാമശ്രീ, ഗ്രാമപ്രിയ, ഗ്രാമലക്ഷ്മി എന്നീ സങ്കരയിനം കോഴികളും നാടൻ മലബറി ആടുകളുമാണ് ഇപ്പോൾ ഈ പാറമടയിലെ താമസക്കാർ.

goat

ഹൈടെക് കൂടുകൾ പോയിട്ട് സാധാരണ കൂടുകൾപോലുമില്ല ഒന്നിനും. മഴക്കാലമെത്തുമ്പോൾ പടുതകൊണ്ട് ഷെഡ്ഡ് നിർമിച്ച് താൽക്കാലിക കിടപ്പാടം നൽകും. മഴക്കാലം കഴിയുന്നതോടെ പൊളിച്ചു നീക്കും, അത്രതന്നെ. പാറക്കെട്ടുകൾ ചാടിക്കയറി നടക്കുന്ന ആടുകളെ കണ്ടാൽ കാട്ടാടുകളെന്നേ പറയൂ. പാറമടയിലെ ആറരയേക്കറിലധികം വരുന്ന ജലാശയമാണ് താറാവുകളുടെ സാമ്രാജ്യം. നാടൻ കോഴികൾക്കും യഥേഷ്ടം കൊത്തിപ്പെറുക്കി നടക്കാം. എല്ലാറ്റിനും കാവലായുള്ളതു  പക്ഷേ നാടനല്ല ഫോറിനാണ്. ഗ്രെയ്റ്റ് ഡെയ്ൻ, ലാബ്രഡോർ ശ്വാനവീരന്മാർ.

നാടനെന്ന ലേബലും തുച്ഛമായ ഉൽപാദനച്ചെലവും ചേരുന്നിടത്താണ് ഷാജിയുടെ പാറമട ലാഭമടയായി മാറുന്നത്. കോഴിക്കും താറാവിനും കുഞ്ഞുങ്ങളായിരിക്കെ ഏതാനും ദിവസം നൽകുന്ന സ്റ്റാർട്ടർ തീറ്റയ്ക്കു മാത്രമാണു കാശുമുടക്കുള്ളത്. മുട്ട വിൽക്കുന്ന പച്ചക്കറിക്കടകളിൽനിന്നു കൊണ്ടുവരുന്ന പഴം– പച്ചക്കറി വെയ്സ്റ്റാണ് ആട്–കോഴി–താറാവുകളുടെ മുഖ്യ ഭക്ഷണം. സമീപ ഹോട്ടലുകളിലെ അവശിഷ്ട ഭക്ഷണങ്ങളും എത്തിച്ചുകൊടുക്കും. ഇതിനൊന്നും നയാപ്പൈസ മുടക്കില്ല.

താറാവാണ് താരം

ഷാജിയുടെ മുഖ്യ വരുമാനമാർഗം നാടൻ താറാമുട്ട തന്നെ. ദിവസം ശരാശരി 100 മുട്ട  വിൽക്കാനുണ്ട്. ഒന്നിന് എട്ടു രൂപ നിരക്കിൽ 800 രൂപ. മാസം 24,000 രൂപ വരുമാനം. മുട്ടയുൽപാദനം 200–250 വരെ ഉയർന്ന നാളുകളുണ്ടെന്നു ഷാജി. പുത്തൻകുരിശിലെതന്നെ ചെറുകടകളിലാണു വില്‍പന. ഉൽപാദനം കൂടുമ്പോള്‍ മുട്ടവ്യാപാരികൾക്കു നൽകും. വില ഒരു രൂപ കുറയുമെന്നു മാത്രം. 

ഇരുനൂറിനടുത്ത് പിടത്താറാവുകൾ എപ്പോഴും ഷാജിയുടെ ഫാമിലുണ്ട്. എണ്ണം ചിലപ്പോൾ ആയിരം വരെ ഉയർത്തും. കുഞ്ഞുങ്ങളുടെ ലഭ്യത ആശ്രയിച്ചിരിക്കുമത്. ആലപ്പുഴ ജില്ലയിൽ നിരണത്തുള്ള സർക്കാർഫാമിൽനിന്നു ചാര, ചെമ്പല്ലി ഇനങ്ങളുടെ ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ ഒന്നിന് 15 രൂപ നൽകി വാങ്ങും. അവിടെ ലഭിക്കാത്തപക്ഷം സ്വകാര്യ ഹാച്ചറിയിൽനിന്ന്. ഒരാഴ്ച ചൂടും സ്റ്റാർട്ടർ തീറ്റയും നൽകി വീട്ടിൽ തന്നെ ബ്രൂഡറില്‍ പരിപാലനം. തുടർന്ന് ഫാമിലേക്കു മാറ്റും. 

നെറ്റ് വളച്ചുകെട്ടി അതിൽ  ഒരു മാസം കൂടി പരിപാലിക്കും. ശേഷം ആജീവനാന്ത സ്വാതന്ത്ര്യം. മുട്ടയുൽപാദനത്തിൽ മുന്നിലാണ് കുട്ടനാടൻ താറാവുകൾ. ആറു മാസമെത്തുന്നതോടെ മുട്ടയിട്ടു തുടങ്ങും. വെളുപ്പാൻകാലത്താണ് മുട്ടയിടൽ. രാത്രിയിൽ കൂട്ടംകൂടി ചേക്കേറുന്ന പാറയരികിൽനിന്നു രാവിലെതന്നെ മുട്ട പെറുക്കണം. ഇല്ലെങ്കിൽ കാക്കകൾ കൈക്കലാക്കും. 

പൂവനും പിടയും പകുതി വീതം എന്നു കണക്കാക്കിയാണ് താറാവുകുഞ്ഞുങ്ങളെ വാങ്ങുക. പൂവൻതാറാവുകൾ മൂന്നു മാസമെത്തുന്നതോടെ വിൽപനയ്ക്കു തയാര്‍. ഒന്നിന് 180 രൂപ ഇറച്ചിക്കടക്കാർ നൽകും. 250 രൂപയ്ക്കാണ് അവരത് വിൽക്കുക. ഒന്നും രണ്ടുമായി ചോദിക്കുന്ന നാട്ടുകാർക്കു ഷാജി വിൽക്കുന്നതും അതേ വിലയ്ക്കുതന്നെ. ബ്രോയിലർ ഇനമായ വിഗോവ താറാവുകളെയും വളര്‍ത്താറുണ്ടെങ്കിലും ചിലപ്പോള്‍ അവയ്ക്കു ഡിമാൻഡ് കുറയും. നാടനു പക്ഷേ എന്നും നല്ലകാലമെന്നു ഷാജി. തൊലി പൊളിക്കാതെ തയാറാക്കുന്ന കുട്ടനാടൻ ഡക്ക് റോസ്റ്റിന് കൊച്ചിയിലും പരിസരങ്ങളിലും ആരാധകർ ഏറെ. അതുകൊണ്ടുതന്നെ പൂവൻ തികയാതെ വന്നാൽ പിടയെപ്പിടിച്ചു വിൽക്കും.  

egg

മറ്റു താമസക്കാർ

കുറുപ്പംപടി സർക്കാർ ഫാമിൽനിന്ന് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിനെ എട്ടു രൂപ നിരക്കിലാണ് വാങ്ങുന്നത്. പൂവൻകുഞ്ഞുങ്ങളെ മാത്രം. ഒരു മാസം വീട്ടിൽ ബ്രൂഡർ പരിപാലനം. തുടർന്ന് പാറമടയിലേക്ക്. അഞ്ചു മാസംകൊണ്ട് രണ്ടു കിലോ തൂക്കമെത്തും. കിലോയ്ക്ക് 140 രൂപ നിരക്കിൽ വിൽപന. കഴിഞ്ഞ ഈസ്റ്ററിന് നാടൻകോഴി അപ്പാടെ വിറ്റു തീർന്നെന്ന് ഷാജി. എല്ലാണ്, ഇറച്ചിയില്ല എന്നൊക്കെ കുറ്റം പറയുമെങ്കിലും വായ്ക്കു രുചിയായി കഴിക്കണമെങ്കിൽ നാടൻകോഴി തന്നെ വേണം എന്ന  സത്യം നാട്ടുകാരിപ്പോൾ തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് ഷാജി. അതുകൊണ്ടുതന്നെ അഴിച്ചുവിട്ടു വളർത്തുന്ന കോഴിക്ക് ആവശ്യക്കാരേറി. കേറ്ററിങ് യൂണിറ്റുകാരും പിന്നാലെയുണ്ട്. 

ഇരുപതോളം നാടൻ മലബാറി ആടുകളാണ് ഇപ്പോഴുള്ളത്. ആടിന് ആവശ്യക്കാരെത്തുന്നത് അപ്രതീക്ഷിതമായാണ്. പ്രസവരക്ഷാ മരുന്നുകൾ നിർമിക്കുന്നതിന് നാടൻ ആട്ടിൻകുട്ടികളെ (കറുത്തതെങ്കിൽ പെരുത്തു സന്തോഷം, മോഹവില!) തേടിയെത്തുന്നവരും വീട്ടാവശ്യത്തിനു വളർത്താൻ വാങ്ങുന്നവരുമൊക്കെ ഇടയ്ക്കെത്തും.

പാറക്കുളത്തിൽ സ്വന്തം ആവശ്യത്തിനു മൽസ്യവും വളർത്തുന്നുണ്ട് ഷാജി. കട്‌ലയ്ക്കും രോഹുവിനുമൊപ്പം നാടൻ മുഷിയും. മൽസ്യക്കൃഷി  ആലോചനയിലുണ്ട്. പെരുമ്പാവൂർ മാർക്കറ്റിൽനിന്നു പോത്തുകളെ വാങ്ങി പാറമടയിൽ അഴിച്ചുവിട്ടു വളർത്തി ഒന്നര വയസ്സു പിന്നിടുമ്പോൾ 40,000 രൂപ വരെ വില നേടി വിൽക്കുന്ന പതിവുമുണ്ട്. പുതിയ ബാച്ച് പോത്തുകളെ വാങ്ങാനും മഴക്കാലമാകുമ്പോഴേക്കു ഷെഡ്ഡുകൾ തീർക്കാനുമുള്ള തിരക്കിലാണ് ഷാജി. എല്ലാറ്റിനും പിൻബലമായി അമ്മ രാധ അയ്യപ്പൻകുട്ടിയും ഭാര്യ മഞ്ജുവുമുണ്ട്. പുത്തൻകുരിശ് മൃഗാശുപത്രിയും പിന്തുണ നൽകുന്നു.ൺ: 9947754594