Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്താണ് കറുപ്പ്, കൊഴുപ്പാണ് കുഴപ്പം

pig-01

നാടൻ പന്നികളുെട പ്രജനനത്തിലൂെട വംശസംരക്ഷണവും വരുമാനവും

കുട്ട എന്ന വാക്കിനു മലയാളത്തിൽ രണ്ടർഥമുണ്ടായിരുന്നു– 1. സാധനങ്ങൾ കൊണ്ടുപോകാനും സൂക്ഷിക്കാനുമുള്ള വിവിധ തരം കുട്ടകൾ. 2. കറുത്ത് കൃശഗാത്രനായ നാടൻ പന്നി. നാൽപതു വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു മാത്രമേ രണ്ടാമത്തെ അർഥം ഓർമയുണ്ടാവുകയുള്ളൂ. ഭാഷയിൽനിന്നുപോലും പടിയിറങ്ങത്തക്ക വിധത്തിൽ നാടൻ പന്നികൾ അപ്രത്യക്ഷമായിരിക്കുന്നു.  നാട്ടിൻപുറങ്ങളിലെ ഇടവഴികളിലും പുരയിടങ്ങളിെല പന്നിക്കുഴികളിലുമൊക്കെ കണ്ടുവന്നിരുന്ന കറുത്ത കുട്ടയാവും സംസ്ഥാനത്ത് കടുത്ത വംശനാശഭീഷണി നേരിടുന്ന  വളർത്തുമൃഗം. വെച്ചൂർപശുവും മലബാറി ആടും നാടൻ കോഴികളുമൊക്കെ തിരിച്ചുവരവിന്റെ പാതയിൽ  ഏെറ മുന്നേറിയപ്പോഴും അധഃകൃതനായ കൂർമത്തിനു വേണ്ടി ആരും ശബ്ദമുയർത്തിയില്ല. 

ശീമപ്പന്നികൾ വിപണി പിടിച്ചതോെട ഏറക്കുറെ അപ്രത്യക്ഷമായ ഇനമാണ് നാടൻ പന്നികൾ. അങ്കമാലി പന്നികൾ എന്നറിയപ്പെടുന്ന ഇവയെ സംരക്ഷിക്കാനായി പല ശ്രമങ്ങളുമുണ്ടായെങ്കിലും ഒന്നും ഫലവത്തായില്ല. ഹോട്ടൽ, ചിക്കൻസ്റ്റാൾ അവശിഷ്ടങ്ങൾ വൻതോതിൽ അകത്താക്കി അതിവേഗം ഒന്നര ക്വിന്റൽ തൂക്കമെത്തുന്ന വെള്ളക്കാരൻ പന്നിയെ കണ്ടപ്പോൾ കറുത്തവനെ പുച്ഛിച്ചു പുറത്താക്കുകയായിരുന്നു നാം. പന്നിവളർത്തുകാരെല്ലാം ശീമപ്പന്നികളിലേക്ക് മാറുകയും പൊതു ഇടങ്ങളിൽനിന്നു കുട്ടകൾ തുരത്തപ്പെടുകയും ചെയ്തു. എന്നാൽ കറുത്തവന്റെ ഉൾക്കരുത്ത് തിരിച്ചറിഞ്ഞ ചിലരെങ്കിലും കുട്ടയുെട കൂട്ടുകാരായി തുടരുന്നുണ്ട്. മിതമായ തോതിൽ തീറ്റ നൽകി  നിലവാരമുള്ള മാംസം ഉൽപാദിപ്പിക്കാൻ നാടൻ പന്നികൾ തന്നെയാണ് യോജ്യമെന്ന ബോധ്യമാണ് ഇതിനു പിന്നിൽ. 

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം കേളക്കൊമ്പിൽ  ബിജു ജോൺ  നാടൻ പന്നികളുടെ കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് വളർത്തുകാർക്ക് നൽകുന്ന സംരംഭകനാണ്. മൂന്നു വർഷമായ 150ലധികം അങ്കമാലി പന്നിക്കുഞ്ഞുങ്ങളെ വളർത്തി വിതരണം ചെയ്തിട്ടുള്ള ഇദ്ദേഹം നാടൻ പന്നികളെ വംശനാശത്തിൽനിന്നു രക്ഷിക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്.

pig

നാടൻപന്നികളുെട പ്രജനനം സാമ്പത്തിക സുസ്ഥിരതയുള്ള സംരംഭമാണെന്നു ബിജു പറയുന്നു. ഓരോ പ്രസവത്തിലും 10–11 കുട്ടികളുണ്ടാകും. മാതൃഗുണമുള്ള തള്ളപ്പന്നികളാണെങ്കിൽ മുഴുവൻ കുഞ്ഞുങ്ങളെയും വളർത്തി വിൽക്കാനാകും. രോഗപ്രതിരോധശേഷി കൂടുതലായതിനാൽ നാടൻ പന്നിക്കുഞ്ഞുങ്ങളുെട അതിജീവന നിരക്കും കൂടുതലാണ്. ഒരു മാസം പ്രായമാവുമ്പോൾ അവയെ തള്ളപ്പന്നിയിൽനിന്നു വേർപെടുത്തി തീറ്റ മാത്രം നൽകി വളർത്തും. രണ്ടു മാസമായ കുഞ്ഞുങ്ങളെയാണ് വളർത്തുകാർക്ക് നൽകുക. ഒരു കുഞ്ഞിനു 3250 രൂപയാണ് വില. പത്തു കുഞ്ഞുങ്ങളുള്ള ഒരു ബാച്ച് ഉണ്ടാവുമ്പോൾ കുറഞ്ഞത് മുപ്പതിനായിരം രൂപ പ്രതീക്ഷിക്കാം. ശീമപ്പന്നികളെക്കാൾ മാതൃഗുണം കൂടുതലുള്ളതിനാൽ കുഞ്ഞുങ്ങളുടെ മരണനിരക്ക് തീെര കുറവാണെന്ന് അദ്ദേഹം പറഞ്ഞു. ആറു മാസത്തിനുള്ളിൽ അടുത്ത പ്രസവം ഉറപ്പാണ്. വർഷത്തിൽ രണ്ടു പ്രസവത്തിലെ ഇരുപതോളം കുഞ്ഞുങ്ങളിൽനിന്നായി ഒരു പെൺപന്നിയിൽനിന്ന് പ്രതിവർഷം അറുപതിനായിരം രൂപ വരുമാനം!

മാംസത്തിനായി ബിജു പന്നികളെ വിൽക്കാറില്ല. എന്നാൽ ഈ വർഷം പ്രജനന യൂണിറ്റ് വിപുലമാക്കിയ ശേഷം മാംസത്തിനായി നാടൻപന്നികളെ  വളർത്താനുള്ള ആലോചനയുമുണ്ട്. തന്റെ പക്കൽ നിന്നു പതിവായി നാടൻ പന്നിക്കുഞ്ഞുങ്ങളെ വാങ്ങുന്ന സംരംഭകരുണ്ടെന്ന് ബിജു പറഞ്ഞു. 

വളരെ കുറച്ചു തീറ്റ നൽകി വളർത്താമെന്നതാണ് ഇവയുെട മെച്ചം. ഒരു പന്നിക്ക് ഒരു ദിവസം ശരാശരി രണ്ടു കിലോ തീറ്റ മതി. കോഴിഅവശിഷ്ടങ്ങൾ, അടുക്കള അവശിഷ്ടങ്ങൾ, തവിട്, പിണ്ണാക്ക്, പുല്ല്, വാഴയുെട മാണം എന്നിങ്ങനെ ലഭ്യതയനുസരിച്ച് വ്യത്യസ്ത തീറ്റകൾ നൽകാം. ഏഴു മാസംകൊണ്ട് വളർച്ചയെത്തുന്ന നാടൻ പന്നിയെ പത്താം മാസം കശാപ്പിനു നൽകും. തീറ്റയ്ക്ക് അനുസൃതമായി 60 കിലോ വരെ തൂക്കം പ്രതീക്ഷിക്കാം. താരതമ്യേന കൊഴുപ്പു കുറഞ്ഞതും രുചി കൂടുതലുള്ളതുമായ നാടൻ പന്നിയിറച്ചിക്ക് വില കൂടുതലുണ്ട്.

കശാപ്പുചെയ്യുന്നുണ്ടെന്നറിഞ്ഞാൽ സമീപപ്രദേശങ്ങളിൽ നിന്നൊക്കെ ആവശ്യക്കാർ പാഞ്ഞെത്തും. പോത്തിറച്ചിയുടെ അതേ വിലയാണ് നാട്ടിൻപുറങ്ങളിൽ നാടൻ പന്നിയുടെ മാംസത്തിനും– ബിജു പറഞ്ഞു.

ഫോൺ–9947110497