Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാധാരണക്കാരുടെ സാമ്പത്തിക ശാക്തീകരണത്തിന് കാർഷിക പദ്ധതികൾ

paddy

കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ അമ്പരപ്പിച്ചുകൊണ്ടാണ് 2015 ലെ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി 20 എന്ന ജനകീയ കൂട്ടായ്മ അധികാരത്തിലെത്തുന്നത്. 2020 എത്തുന്നതോടെ രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്താക്കി കിഴക്കമ്പലത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന ട്വന്റി 20യുടെ നേതൃസ്ഥാനത്തുള്ളത് പ്രമുഖ വസ്ത്രനിർമാണ ഗ്രൂപ്പായ കിറ്റെക്സ് ഗാർമെന്റ്സിന്റെ മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ്. 

കാർഷികമേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികളാണ് സംഘടന നടപ്പാക്കുന്നതെന്ന് സാബു ജേക്കബ്. 2020 എത്തുമ്പോഴേക്കും ഭക്ഷ്യോൽപാദനത്തിൽ സ്വയംപര്യാപ്തത നേടുക എന്നതാണ് സുപ്രധാന ലക്ഷ്യം. അതോടെ നൂറുകണക്കിനു കുടുംബങ്ങൾക്കു കൃഷിയിലൂടെ സുസ്ഥിര വരുമാനവും വന്നുചേരും. കിഴക്കമ്പലത്തു കൃഷി ഏതാണ്ട് നാശോന്മുഖമായിരുന്നു. കൃഷിയിടങ്ങൾ തരിശായി, കാർഷികോൽപാദനം നാമമാത്രമായി. തിരിച്ചുവരവിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ആടുഗ്രാമം, കോഴിഗ്രാമം, മൽസ്യഗ്രാമം എന്നിവയും സ്വാശ്രയ സംഘങ്ങൾ രൂപീകരിച്ചുള്ള നെല്ല്, പച്ചക്കറിക്കൃഷിയുമാണ്  പദ്ധതികളിൽ മുഖ്യം’’, സാബു ജേക്കബ്  പറയുന്നു.

goat

തുടക്കവും തുടർച്ചയും

ആയിരം കുടുംബങ്ങൾക്ക് ആടുവളർത്തലിലൂടെ പ്രതിമാസം 15,000 രൂപ വീതം വരുമാനം, അതാണ് ആടുഗ്രാമം പദ്ധതിയുടെ ലക്ഷ്യം. നിലവിൽ 300 കുടുംബങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. രണ്ടായിരം വീടുകളിൽ ഒാരോ ആടിനെ വീതം നൽകി  2015ൽ തുടങ്ങിയ പദ്ധതിയുടെ തുടർച്ചയാണ് ഇപ്പോഴത്തെ ആടുഗ്രാമം പദ്ധതി. ഒരു കുടുംബത്തിന് ഒരാടിനെ  ലഭിക്കുന്നതുകൊണ്ട് കാര്യമായ മെച്ചമൊന്നുമില്ല എന്നു മനസ്സിലായതോടെ പദ്ധതിയാകെ പുതുക്കിപ്പണിതു. അഞ്ചു പെണ്ണാടുകളും പത്ത് ആടുകളെ ഉൾക്കൊള്ളാവുന്ന 60,000 രൂപ വില വരുന്ന, കൂടും, കൂടു സ്ഥാപിക്കാന്‍ കോൺക്രീറ്റു തറയും ഉൾക്കൊള്ളുന്ന സമ്പൂർണ സൗജന്യ പദ്ധതി തുടങ്ങുന്നത് അങ്ങനെ. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കലായിരുന്നു ആദ്യഘട്ടം. ആടുവളർത്തലില്‍ പരിചയവും താൽപര്യവും കുടുംബത്തിന്റെ സാമ്പത്തികശേഷിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയാന്‍ ചോദ്യാവലി തയാറാക്കി. അതിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതു മൂലം ഒരു യൂണിറ്റുപോലും നാളിതുവരെ പാഴായില്ലെന്ന് ട്വന്റി 20 പറയുന്നു. 

വെറ്ററിനറി വിദഗ്ധരുടെ നിർദേശപ്രകാരം മലബാറി ആടിനെയാണ് വിതരണം ചെയ്തത്. ആടുകളെ വിതരണം ചെയ്ത് ഒരു വർഷം പിന്നിടുന്നതോടെ പ്രസവത്തിലൂടെ അവയുടെ എണ്ണം കുറഞ്ഞത് പത്തിലെത്തും. തുടർന്നുള്ള പ്രസവങ്ങളിലൂടെ എല്ലാ മാസവും ഒാരോ കുഞ്ഞിനെ വീതം വിൽക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതിയുടെ ക്രമീകരണം. അതായത് ഒരു യൂണിറ്റില്‍നിന്ന്  മാസം ശരാശരി 5000 രൂപ വരുമാനം. ആടുകളുടെ എണ്ണം പത്തിൽ കൂടുതൽ എത്തുന്നതോടെ രണ്ടാമത്തെ കൂടു സൗജന്യമായി ലഭിക്കും. ഇരുപതിലധികമാകുന്നതോടെ മൂന്നാമത്തെ കൂടും. ആടുവളർത്തൽ തുടങ്ങി രണ്ടു വർഷം പിന്നിടുന്നതോടെ ശരാശരി 20 ആടുകളെ എല്ലായ്പോഴും നിലനിർത്താനും മാസം മൂന്നു കുഞ്ഞുങ്ങളെ വീതം വിൽക്കാനും കഴിയുന്ന സ്ഥിതിയിലേക്ക് ഗുണഭോക്താവ് എത്തുന്നു. അതായത് മാസം 15,000 രൂപ വരുമാനം. രണ്ടു കൂടിലേക്ക് വളർന്ന ഒട്ടേറെപ്പേരെയും മൂന്നു കൂടിലേക്കുവരെ എത്തിയവരെയും കുറഞ്ഞ കാലംകൊണ്ടുതന്നെ കിഴക്കമ്പലത്തു സൃഷ്ടിക്കാനായി എന്നതു പദ്ധതിയുടെ നേട്ടമെന്ന് സാബു ജേക്കബ്. 2018 ൽ ഗുണഭോക്താക്കളുടെ എണ്ണം അഞ്ഞൂറു കടക്കും. 2020ൽ ആയിരം വീടുകളാകും. ആടുചന്ത, ആട്ടിറച്ചി സംസ്കരണ സംവിധാനം എന്നിവയും ഭാവി ലക്ഷ്യങ്ങളാണ്. ഇരുപത്തിനാലു മണിക്കൂറും വെറ്ററിനറി ഡോക്ടറുടെ സേവനം, പദ്ധതിയില്‍ ഉള്‍പ്പെട്ട  ഒാരോ വീട്ടിലും നിശ്ചിത ഇടവേളകളിൽ സന്ദർശനം തുടങ്ങി ആടുഗ്രാമം പദ്ധതിയുടെ ഒാരോ ഘട്ടവും കൃത്യമായി ക്രമീകരിച്ചാണ്  കുതിപ്പ്. 

img-6096

ഇറച്ചി, മീൻ, പച്ചക്കറി

ബ്രോയിലർ ഇറച്ചിക്കോഴികളെ പൂർണമായും ഒഴിവാക്കി നല്ല നാടൻ കോഴിയിറച്ചി നാട്ടിൽ ലഭ്യമാക്കുക, കോഴിവളർത്തലിലൂടെ കൃഷിക്കാർക്കു സ്ഥിര വരുമാനം ഉറപ്പാക്കുക എന്നിവയാണ് കോഴിഗ്രാമം പദ്ധതിയുടെ ലക്ഷ്യങ്ങൾ. ആടുഗ്രാമത്തിനു സമാനമായ രീതിയിൽ 300 ചതുരശ്രയടി കൂടും 250 പൂവൻകോഴിക്കുഞ്ഞുങ്ങളും, 120 ദിവസം പരിപാലിക്കാനുള്ള തീറ്റയും ഈ പദ്ധതിയിലെ  ഗുണഭോക്താവിനു സൗജന്യമായി ലഭിക്കും. 

സർക്കാർ ഫാമിൽനിന്ന് ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്ന ട്വന്റി 20 അവയെ ഒരു മാസം പരിപാലിക്കാനായി ഏതാനും കർഷകരെ  ചുമതലപ്പെടുത്തുന്നു. അതിജീവനശേഷി കൈവരിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ പദ്ധതി ഗുണഭോക്താക്കൾക്കു കൈമാറും. 120 ദിവസംകൊണ്ട് ഇവ ശരാശരി രണ്ടു കിലോ തൂക്കമെത്തും. കിലോയ്ക്ക് 22 രൂപ കർഷകനു വളർത്തുകൂലി നൽകി തിരിച്ചെടുത്ത് ട്വന്റി 20യുടെ വിപണനകേന്ദ്രത്തിലൂടെ നാടൻ കോഴിയിറച്ചി നാട്ടുകാരിലെത്തും.  

img-6092

കറൂപ്പ്, കാരി തുടങ്ങിയ നാട്ടുമൽസ്യങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള മൽസ്യഗ്രാമം പദ്ധതിയിലും മേൽപ്പറഞ്ഞ രീതിതന്നെയാണ് പിന്തുടരുന്നത്. കോഴിഗ്രാമം, മൽസ്യഗ്രാമം പദ്ധതികൾ പരീക്ഷണഘട്ടം കഴിഞ്ഞ് ഗുണഭോക്താക്കളിലേക്ക് എത്താൻ ഒരുങ്ങുകയാണിപ്പോൾ.നെല്ല്, പച്ചക്കറി എന്നിവയുടെ കാര്യത്തിൽ കനത്ത ഉൽപാദന ഇടിവു നേരിട്ടിരുന്ന കിഴക്കമ്പലം സ്വയംസഹായ സംഘങ്ങൾ രൂപീകരിച്ചുള്ള കൃഷിയിലൂടെ അക്കാര്യത്തിലും പച്ചപിടിച്ചു തുടങ്ങിയിരിക്കുന്നു. കിഴക്കമ്പലത്തിനാവശ്യമായ പച്ചക്കറികളുടെ ഏതാണ്ട് ഇരുപതു ശതമാനം ഉൽപാദിപ്പിക്കുന്ന സ്ഥിതിയിലേക്ക് ഇപ്പോൾതങ്ങളെത്തിയിരിക്കുന്നു എന്ന് സാബു ജേക്കബ് പറയുന്നു. കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് വിത്തും വളവും വിപണിയും ലഭ്യമാക്കി 2020 എത്തുന്നതോടെ ഉൽപാദനം നൂറുശതമാനത്തിലെത്തിക്കാനാണ് ശ്രമം. ‘സർക്കാർ തലത്തിൽ സമാനമായ പദ്ധതികൾ പലതും നടപ്പാക്കുന്നുണ്ടെങ്കിലും ആളുകൾക്ക് പ്രയോജനപ്പെടാതെ പോകുന്നത് രണ്ടു കാരണങ്ങളാലാണ്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലെ പാളിച്ച, പിന്നീട് തിരിഞ്ഞു നോക്കാത്ത സ്ഥിതി. ഫലത്തിൽ സർക്കാർ ഫണ്ടിന്റെ ദുർവിനിയോഗമല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. ഇതിനൊരു തിരുത്തുകൂടിയാണു ട്വന്റി 20യുടെ കാർഷിക പദ്ധതികളോരോന്നുമെന്ന് സാബു ജേക്കബ്. 

ഫോൺ: 8281152020 

(പദ്ധതി കോർഡിനേറ്റർ)