Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുഷ്പക്കൃഷി; മാസം ലക്ഷത്തിനു മുകളിൽ വരുമാനം

saji-01

രണ്ടു വർഷം മുമ്പ് പോളിഹൗസിൽ റോസ്കൃഷി തുടങ്ങുമ്പോൾ കുമളി വെള്ളാരംകുന്ന് പറമ്പകത്ത് സജി തോമസിന്റെ മനസ്സിൽ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ; കൃത്യമായി വരുമാനം ലഭിക്കുന്ന ഒരു സംരംഭം. ഇപ്പോൾ സജിക്കുള്ളത് ആയിരം ചതുരശ്രമീറ്റർ വീതം വിസ്തൃതിയുള്ള രണ്ടു പോളിഹൗസുകൾ. ഓരോന്നിലും പതിനായിരം വീതം റോസാച്ചെടികൾ. രണ്ടിൽനിന്നുമായി ഒന്നിടവിട്ട ദിവസങ്ങളിൽ ലഭിക്കുന്നത് ശരാശരി 2000 പൂക്കൾ. വിൽക്കുന്നത് ഒന്നിന് അഞ്ചു രൂപ നിരക്കിൽ. കട്ടപ്പന കുമളി മേഖലയിലെ പൂക്കടക്കാരാണ് ആവശ്യക്കാർ.

മഞ്ഞുകാലങ്ങളിൽ പൂക്കളുടെ ഉൽപാദനം അൽപം കുറയും. വരുമാനത്തിലും ഇടിവുണ്ടാവും. വേനലിൽ ഉൽപാദനം ഉയരും; വരുമാനവും. മൂന്നേക്കറിലെ ഏലം കൃഷികൊണ്ടു മാത്രം പിടിച്ചു നിന്നിരുന്ന സജിക്ക് ഇന്നു പോളിഹൗസ് പുഷ്പക്കൃഷി നൽകുന്നത് മാസം ലക്ഷത്തിനു മുകളിൽ വരുമാനം.

saji

വെള്ള, ചുവപ്പ്, മഞ്ഞ, പിങ്ക്, ഒാറഞ്ച് നിറങ്ങളിലുള്ള പനിനീർപ്പൂക്കളാണ് സജിയുടെ പോളിഹൗസിൽ വിടരുന്നത്. വിപണിയിൽ ഏറ്റവും ഡിമാൻഡ് വെള്ള, ചുവപ്പ്, റോസ് നിറങ്ങൾക്കായതിനാൽ മൂന്നിൽ രണ്ടു ഭാഗവും അതുതന്നെ. ബെംഗളൂരുവില്‍നിന്നുള്ള ടിഷ്യു കൾച്ചർ തൈകളാണ് കൃഷിക്ക് ഉപയോഗിച്ചത്. കൃഷി തുടങ്ങി മൂന്നു മാസം പിന്നിടുന്നതോടെ പൂക്കൾ വിപണിയിലെത്തിക്കാം. ഏറിയും കുറഞ്ഞും വർഷം മുഴുവൻ പൂക്കൾ ലഭ്യമാണ്. ഏഴു വർഷംവരെ ഒരു റോസാച്ചെടിയെ മികച്ച ഉൽപാദനത്തിൽ നിലനിർത്താം എന്നതും നേട്ടം, വെള്ളവും വെള്ളത്തിൽ ലയിക്കുന്ന വളങ്ങളുമെല്ലാം ചെടിയുടെ ചുവട്ടിലെത്തിക്കാവുന്ന ഫെർട്ടിഗേഷൻ യൂണിറ്റും മഞ്ഞുനനയ്ക്കുള്ള ഫോഗറുമെല്ലാം ഒരുക്കിയാണ് സജി  പോളിഹൗസ്കൃഷി തുടങ്ങിയത്. 

എന്നാൽ കുമളിയിൽ അന്തരീക്ഷ ആർദ്രതയും താപനിലയും കാര്യമായി വർധിക്കില്ല എന്നതിനാൽ രണ്ടു വർഷത്തിനിടെ ഫോഗർ ഉപയോഗിക്കേണ്ടിവന്നിട്ടില്ലെന്ന് സജി. താപനില അൽപം ഉയർന്നു നിൽക്കുന്നത് റോസ്  ചെടിയുടെ വളർച്ചയ്ക്കും പൂവിടലിനും ഗുണകരമാണുതാനും. 

ഫെർട്ടിഗേഷനുമില്ല ഇപ്പോൾ; തുള്ളിനന മാത്രം. അതിനും കാരണമുണ്ട്. തവനൂർ കാർഷികകോളജിൽനിന്ന് പരിശീലനവും റോസ്കൃഷി വിദഗ്ധരുടെ നിർദേശങ്ങളും നേടിയിട്ടാണ് സജി പോളിഹൗസില്‍ കൃഷി തുടങ്ങിയത്. പോളിഹൗസ് നിർമിച്ചതും പ്രസ്തുത നിർദേശങ്ങളുടെ അടിസ്ഥാനത്തിൽത്തന്നെ. എന്നിട്ടും ആദ്യ കൃഷി പാളി. വളവും വെള്ളവുമെല്ലാം സ്വീകരിച്ച് ചെടി തെഴുത്തെങ്കിലും പൂക്കൾ കാര്യമായി വിരിഞ്ഞില്ല. മാത്രമല്ല, ആദ്യത്തെ വളർച്ചയ്ക്കു ശേഷം ചെടിയിൽ രോഗ, കീടബാധകൾ പിടിമുറുക്കി. ഇലകൊഴിച്ചിൽ, കമ്പുണങ്ങൽ, കുമിൾബാധ അങ്ങനെ പലതും.  

saji-02

പത്തു സെന്റ് പോളിഹൗസിനു വേണ്ടി ഇരുപത്തിയഞ്ചു സെന്റ് ഏലത്തോട്ടം വെട്ടിനീക്കിയതും വായ്പയെടുത്തതുമെല്ലാം മണ്ടത്തരമായി എന്നു സജി ഉറപ്പിച്ചു. ഏതായാലും രണ്ടും കൽപ്പിച്ച് ചെടികൾ മുഴുവൻ ചുവടു ചേർത്ത് മുറിച്ചു. ഫെർട്ടിഗേഷനിലൂടെയുള്ള രാസവളപ്രയോഗം നിര്‍ത്തി. പകരം വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക് തുടങ്ങിയവ ചാണകത്തിൽ പുളിപ്പിച്ച് നിശ്ചിത ഇടവേളകളിൽ തടത്തിൽ ഒഴിച്ചു, ഫലം വിസ്മയകരമായിരുന്നുവെന്ന് സജി. ചെടി നന്നായി വളർന്നു, പൂവിട്ടു. താമസിയാതെ വരുമാനവും വന്നു തുടങ്ങി.  വേണ്ടത്ര പഠനമില്ലാതെയുള്ള രാസവളപ്രയോഗം മണ്ണിനെ നശിപ്പിച്ചതാവാം ആദ്യകാലത്തെ പ്രതിസന്ധിക്കു കാരണമെന്ന് സജി കരുതുന്നു. അതേസമയം ഇലപ്പേൻപോലുള്ള കീടങ്ങൾക്ക് രാസകീടനാശിനികൾ പ്രയോഗിച്ചു. ചെടി വളർച്ച അൽപം കുറയുന്നു എന്നു തോന്നുമ്പോള്‍  ഇലയിലൂടെ സൂക്ഷ്മപോഷകങ്ങളും നല്‍കി. 

ആറു മാസം മുമ്പ് രണ്ടാമത്തെ പോളി

ഹൗസ് തീർത്തപ്പോൾ ഫെർട്ടിഗേഷൻ, ഫോഗർ സംവിധാനങ്ങളൊക്കെ ഒഴിവാക്കി. കൃത്യം മൂന്നു മാസം കഴിഞ്ഞപ്പോൾതന്നെ വരുമാനവും എത്തി. രണ്ടാമത്തെ പോളിഹൗസിൽ മറ്റൊരു കൗതുകംകൂടിയുണ്ട്. നിലം നിരപ്പാക്കുക എന്ന നാട്ടുനടപ്പും ഉപേക്ഷിച്ചു. കുത്തനെയുള്ള കുന്നിൻ ചരിവിനെ അതേപോലെ നിലനിർത്തിയാണു പോളിഹൗസ് നിർമാണം. പോളിഹൗസിന്റെ മേൽക്കൂരയിൽ വീഴുന്ന വെള്ളം മുഴുവൻ സംഭരിച്ച് കൃഷിക്ക് പ്രയോജനപ്പെടുത്താനായി മഴവെള്ളസംഭരണിയും തീർത്തു. സൂര്യപ്രകാശലഭ്യത ഉറപ്പു വരുത്താനായി നിശ്ചിത ഇടവേളകളിൽ പോളിഹൗസ് കഴുകി പായൽ നീക്കുന്നതുൾപ്പെടെ എല്ലാ കാര്യങ്ങളിലും സജിയുടെ സജീവ ശ്രദ്ധയുണ്ട്. കുമളി, കട്ടപ്പന മേഖലയിൽ പോളിഹൗസ് പുഷ്പക്കൃഷിക്ക് മികച്ച സാധ്യതകളുണ്ടെങ്കിലും ആ വഴിക്ക് ആരും അത്ര ശ്രമിക്കുന്നില്ലെന്നും സജി ചൂണ്ടിക്കാട്ടുന്നു.

ഫോൺ: 9656755839