Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷീരോല്‍പന്ന സംരംഭകരാകാം; കാശുണ്ടാക്കാം

KAYI9938

നമ്മുടെ സ്ഥലത്തു ഡിമാന്‍ഡ് ഉള്ളതു  കണ്ടെത്തി മികച്ച പാക്കിങ്ങും വിപണനതന്ത്രങ്ങളും വഴിഉപഭോക്താക്കളെ ആകര്‍ഷിക്കാം

കേരളത്തില്‍ പാലുല്‍പാദനം വർധിക്കുന്ന കാലമാണിത്. പാൽ ഉല്‍പാദനം അധികമാകുമ്പോൾ, മികച്ച വിലയും വിപണിയുമുറപ്പിക്കാന്‍ നല്ലൊരുപോംവഴി, മൂല്യവർധിത ഉല്‍പന്നനിര്‍മാണം തന്നെയാണ്. ചായയും കാപ്പിയും കൂടാതെ, തൈര്, സംഭാരം, പായസം, പേട, ഐസ് ക്രീം, വെണ്ണ, പനീർ, നെയ്യ്, സിപ്-അപ് എന്നിവയാണ് ഇവിടെ പ്രചാരത്തിലുള്ളത്.  ചീസ്, യോഗർട്ട്, ലസ്സി, ശ്രീകണ്ഠ്, ഗുലാബ് ജാമുൻ, രസഗുള, ഫ്ളവേർഡ് മിൽക്ക് എന്നിവ നമ്മുടെ വിപണിയിൽ ഇടം പിടിച്ചു വരുന്നുണ്ട്.  

പ്രവാസികൾ ധാരാളമുള്ള നമ്മുടെ നാട്ടില്‍ ഈയിടെയായി  മറുനാട്ടിൽ പ്രചാരത്തിലുള്ള പാൽ ഉൽപന്നങ്ങൾക്കും ആവശ്യക്കാരേറുന്നുണ്ട്. ഉത്തരേന്ത്യയിൽപ്രചാരത്തിലുള്ള ‘പാൽ മധുരങ്ങൾ’ പലതിനും, കേരളത്തിലും നല്ല പ്രചാരം ലഭിച്ചു വരുന്നു. ആരോഗ്യത്തിലും ഭക്ഷണക്രമത്തിലും ശ്രദ്ധാലുക്കളായവരും, കൊഴുപ്പും മധുരവും  കുറഞ്ഞ ക്ഷീരോല്‍പന്നങ്ങളോടു താല്‍പര്യം കാട്ടുന്നുണ്ട്. 

പാലുല്‍പന്ന നിർമാണത്തിലേക്കു കടക്കും മുൻപ്, പാലിനെ അല്‍പം അടുത്തറിയാം. പാലിൽ ശരാശരി 87% വെള്ളവും ശേഷിക്കുന്നത് പ്രോട്ടീൻ, കൊഴുപ്പ്, ലാക്ടോസ് എന്നിവ ഉൾപ്പെടുന്ന ഖരപദാർഥങ്ങളുമാണ്. സൂക്ഷ്മാണുക്കൾക്കു വളരാനുള്ള മികച്ച സാഹചര്യമാണ് പാലിലുള്ളത്. അതുകൊണ്ടാണ് സാധാരണ അന്തരീക്ഷത്തിൽ പാൽ പെട്ടെന്നു കേടാവുന്നതും. മികച്ച ഗുണമേന്മയുള്ള പാലിൽ നിന്നു മാത്രമേ നല്ല പാലുൽപന്നങ്ങളും  തയാറാക്കാനാവുകയുള്ളൂ.  വൈവിധ്യമാർന്ന പാലുല്‍പന്നങ്ങളിൽനിന്നു നമ്മുടെ സ്ഥലത്തു ഡിമാന്‍ഡ് ഉള്ളതു നാം  കണ്ടെത്തണം.  ആകർഷകമായ പാക്കേജിങ്ങും വിപണനതന്ത്രങ്ങളും വഴി ഉപഭോക്താക്കളെ ആകര്‍ഷിക്കാനാകും. പാലുല്‍പന്നങ്ങളുടെ ഓൺലൈന്‍ വിൽപനയ്ക്കും നല്ല സാധ്യതയുണ്ട്. സംഭാരംപോലുള്ള ചില ഉൽപന്നങ്ങൾക്ക് സീസണനുസരിച്ച് വിപണി കൂടും.  

KAYI9927

പലതരം പാൽ ഉൽപന്നങ്ങൾ

● പാൽ വറ്റിച്ചെടുക്കുന്ന ഉല്‍പന്നങ്ങൾ 

(ഖോവ, പേട, ഗുലാബ് ജാമുൻ)

● പാൽ പിരിച്ചു തയാറാക്കുന്നവ 

(പനീർ, ചീസ്, രസഗുള, രസ്മലായ്‌)

● പാൽ പുളിപ്പിച്ചുണ്ടാക്കുന്നത്( തൈര്, 

യോഗർട്ട്, ലസ്സി, സംഭാരം, ശ്രീകണ്ഠ്)

● കൊഴുപ്പേറിയ  ഉൽപന്നങ്ങൾ (നെയ്യ്, 

വെണ്ണ)

● ശീതീകരിച്ചവ (ഐസ്ക്രീം, സിപ് 

അപ്പ്, കുൽഫി, മിൽക് ലോലി, 

മിൽക്ക് ഷെയ്ക്)

● ബവ്റിജുകൾ (ചായ, കാപ്പി, പാൽ ഉപയോഗിച്ചുള്ള മറ്റു പാനീയങ്ങൾ)

െതെരു നിര്‍മാണം

പാൽ പുളിപ്പിച്ചെടുക്കുന്ന ഉല്‍പന്നങ്ങളില്‍ നമ്മുടെ നാട്ടിൽ സാധാരണവും ഡിമാന്‍ഡ് ഉള്ളതുമാണ് തൈര്(Dhahi). പാലിലെ പഞ്ചസാരയാണ് ലാക്ടോസ്. പാലിലേക്ക് അൽപം തൈരു ചേർത്ത് പുളിക്കാനായി വയ്ക്കുമ്പോൾ, തൈരിലെ ലാക്ടിക് ആസിഡ് ബാക്ടീരിയ, പാലിലെ ലാക്ടോസിനെ ലാക്ടിക് ആസിഡ് ആയി വിഘടിപ്പിക്കുന്നു. ഈ ലാക്ടിക് ആസിഡ് ആണ്, തൈരിന് പുളി രുചി നൽകുന്നത്. അങ്ങനെ പാല് തൈരായി മാറുന്നു.

നല്ല കട്ടിയുള്ള (കൂടുതൽ ഖരപദാർഥങ്ങൾ)പാലാണ് കട്ട‌ത്തൈരു കിട്ടാന്‍ നല്ലത്.  അതുകൊണ്ടുതന്നെ എരുമപ്പാലിൽതൈരുണ്ടാക്കുമ്പോൾ, കൂടുതൽ കട്ടിയിൽ ലഭിക്കുന്നു. വീടുകളിൽ സാധാരണ ചെയ്യുന്നതുപോലെ, നല്ല വൃത്തിയായി സൂക്ഷിച്ച അല്‍പം  തൈരുതന്നെ ‘സ്റ്റാർട്ടർ കൾച്ചർ’ ആയി ഉപയോഗിക്കാം. പാൽ തിളപ്പിച്ചു തണുപ്പിച്ച ശേഷം, ചെറുചൂടിൽ(370സെല്‍ഷ്യസ്–420സെല്‍ഷ്യസ്) തൈര് ചേർത്ത്, കാലാവസ്‌ഥ അനുസരിച്ച്  ആറു മുതൽ പന്ത്രണ്ടു മണിക്കൂർവരെ, പാൽ പുളിച്ചു തൈരായി മാറുന്നതിനായി സൂക്ഷിക്കാം. സാധാരണയായി ഒരു ശതമാനം സ്റ്റാർട്ടർ കൾച്ചർ ആണ് ഉപയോഗിക്കേണ്ടത്; അതായത്, ഒരു ലീറ്റർ പാലിൽ 10 മി.ലീ. തൈര് എന്ന അളവിൽ.

പഴകിയ പാലും പുളിപ്പുള്ള  പാലും, എടുത്തു തൈര് ഉണ്ടാക്കിയാല്‍, മികച്ച രുചിയും ഗുണങ്ങളും ലഭിക്കില്ല. തൈരു സാദം, പുളിശ്ശേരി, തൈരു വട തുടങ്ങി ഒട്ടേറെ ഭക്ഷണവസ്തുക്കളുടെ ചേരുവയാണ് തൈര്. നാടൻ തൈരിനും നല്ല ഡിമാന്‍ഡ് ഉണ്ട്. ഒരു ചെറിയ സീലിങ് മെഷീൻ ഉണ്ടെങ്കിൽ ചെറിയ സംരംഭമായും, ഒാട്ടമാറ്റിക് പാക്കിങ് യൂണിറ്റ് ഉണ്ടെങ്കില്‍ വിപുലമായ സംരംഭമായും നടത്താം. 

സംരംഭമായി തൈര് നിർമിക്കുമ്പോൾ, ‘ക്രീം സെപ്പറേറ്റർ’ എന്ന ചെറു യന്ത്രം  നിർബന്ധമായും വേണം. പാലിലെ കൊഴുപ്പ് നിറഞ്ഞ ഭാഗം (Cream) വേർതിരിക്കാനുള്ള യന്ത്രമാണിത്. ചെറുചൂടുള്ള പാലിൽ നിന്നു ‘ക്രീം സെപ്പറേറ്റർ’ ഉപയോഗിച്ച് കൊഴുപ്പുള്ള ഭാഗം വേർതിരിക്കുന്നു. ക്രീം മാറ്റിയ പാൽ ഉറയൊഴിച്ച് തൈര് ആക്കി മാറ്റുന്നു. കൊഴുപ്പ് കുറഞ്ഞ തൈര് (Low Fat Curd) ലാഭകരമായി വിൽക്കാം. ആരോഗ്യ ഭക്ഷണം ശീലമാക്കുന്നവര്‍ക്കിടയില്‍  ഇതിനു നല്ല ഡിമാൻഡ് ഉണ്ട്. ഇതുകൊണ്ടു സംഭാരവും, ലസ്സിയും ഒക്കെ നിർമിക്കാം.

ക്രീം, ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നന്നായി ചൂടാക്കി എടുക്കുമ്പോൾ, തെളിഞ്ഞുവരുന്നതാണ് നാടൻ നെയ്യ്. രുചിയും മണവും ഏറിയ   നാടൻ പശുവിൻനെയ്ക്കു കിലോയ്ക്ക് ആയിരം രൂപവരെ  വിലയുണ്ട്.

വേനലില്‍ സംഭാരം

ചൂടിന് ആശ്വാസമായി, നമ്മൾ ശീലിച്ചിരുന്ന പാനീയമായിരുന്നു സംഭാരം. തൈരില്‍ വെള്ളം ചേർത്ത് ഉടച്ചെടുത്ത് (ഒരു ലീറ്റർ തൈരിന് ഒരു ലീറ്റർ വെള്ളം) ഇതിലേക്കു  പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ അരച്ചെടുത്ത നീര്  ചേർത്താണ് വ്യാവസായികമായി സംഭാരം തയാറാക്കുന്നത്. വേനലിൽ ലാഭകരമായി  നടത്താവുന്ന സംരംഭമാണിത്.  ശീതീകരിച്ചു സൂക്ഷിക്കാനുള്ള സംവിധാനവും  ചെറിയ പാക്കിങ് യൂണിറ്റും കൂടി ഉണ്ടെങ്കില്‍ സംരംഭം ഉഷാര്‍.  തൈര്, സംഭാരം എന്നിവ മൺപാത്രങ്ങളിൽ തയാറാക്കി ചെറിയ മൺകുടങ്ങളിൽ വിളമ്പിയാല്‍ ആകര്‍ഷകമാകും.   അധിക വില നേടാനും കഴിയും.

തൈരിൽ ആവശ്യമായ ഫ്ലേവർ ചേർത്തു ലസ്സി ഉണ്ടാക്കാം.  മാംഗോ ലസ്സി, പുതിന ലസ്സി, മസാല ലസ്സി, ഫ്ളവേർഡ് ലസ്സി തുടങ്ങി പലതരം  രുചിക്കൂട്ടുകൾ ഒരുക്കാം. അധികം പുളിയില്ലാത്ത തൈരിൽ, മധുരം ചേർത്ത് ഉപയോഗിക്കുന്ന ഉൽപന്നമാണ് സ്വീറ്റ് ലസ്സി. ഇന്ന് നാട് ഒട്ടുക്കും ലസ്സി ഷോപ്പുകൾ  വ്യാപകമാകുന്നു. കുളിർമയ്ക്കും രുചിക്കും  ഒപ്പം ആരോഗ്യകരമായ ഭക്ഷണമായി, ലസ്സി മാറിക്കഴിഞ്ഞതിനാൽ, നല്ല സംരംഭസാധ്യതയാണുള്ളത്.  

തൈരിലെ വെള്ളം പരമാവധി കളഞ്ഞ് ആവശ്യമായ നിറവും ഫ്ലേവറും ചേർത്തു ശ്രീകണ്ഠ് തയാറാക്കാം.  മാങ്ങ, ഏലയ്ക്ക, കുങ്കുമപ്പൂവ്, ബദാം, സ്ട്രോബെറി, ചോക്ലേറ്റ്, പിത്്സ തുടങ്ങി  പല രുചികളില്‍ ശ്രീകണ്ഠ് വിപണിയിലുണ്ട്.(യോഗർട്ട്, ചീസ് തുടങ്ങിയ ഉൽപന്നങ്ങൾ അടുത്ത ലക്കത്തിൽ)വിലാസം: ക്ഷീര വികസന ഓഫിസർ, കൽപ്പറ്റ, വയനാട്.

ഫോണ്‍: 9447001071