Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചതവില്ലാത്ത വാഴപ്പഴം ഒരു യൂറോപ്യൻ സ്വപ്നം

banana.

നല്ല വാഴപ്പഴം ഇന്ത്യയിൽ നിന്നെത്തിക്കാൻ ചില വിദേശ ഏജൻസികൾ പ്രകടിപ്പിക്കുന്ന ഉൽസാഹം  ശ്രദ്ധിക്കൂ! നിലവാരമുള്ള ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻപോലും അവർ തയാറാവുന്നു.  മതിയായ പശ്ചാത്തല സൗകര്യമില്ലാതെ കാർഷികോൽപന്നങ്ങളുെട കയറ്റുമതിക്ക് ഇത്തരം ഏജ‍ൻസികൾ തയാറാവില്ലതാനും. സംഭരണ– സംസ്കരണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വലിയ തുക മുതൽമുടക്കി കൃഷിക്കാരെ സഹായിക്കാൻപോലും അവർ മടിക്കില്ലെന്ന് വാഴപ്പഴം കയറ്റുമതിയുമായി ബന്ധപ്പെട്ട തമിഴ്നാട്ടിലെ ചില മുന്നേറ്റങ്ങൾ വ്യക്തമാക്കുന്നു. ഗവേഷണവികസനരംഗത്തെ പൊതു– സ്വകാര്യ പങ്കാളിത്തത്തിലൂെട കാർഷികമേഖലയ്ക്ക് നേട്ടമുണ്ടാക്കാമെന്നതിനുള്ള ഉദാഹരണംകൂടിയാണ്  ഈ പദ്ധതികൾ. കേരളത്തിനും ഈ പ്രവർത്തനങ്ങളിൽ ഭാഗികപങ്കാളിത്തമുണ്ട്. 

ഓസ്ട്രിയയിലേക്ക് വാഴപ്പഴം ഇറക്കുമതി ചെയ്യാനാഗ്രഹിക്കുന്ന ഒരു സംരംഭകനും തിരുപ്പൂരിലെ ഗ്രീനേഴ്സ് അഗ്രോ പ്രോഡക്ട്സ് എന്ന കയറ്റുമതി സ്ഥാപനവും േചർന്നാണ് ഇവയിൽ ഒരു പദ്ധതി നടപ്പാക്കുന്നത്. വിളവെടുത്ത വാഴക്കുലകൾ സംഭരണകേന്ദ്രത്തിലെത്തിക്കുന്നതിനുള്ള കൺവയർ സംവിധാനമാണ് ഗ്രീനേഴ്സ് അഗ്രോപ്രോഡക്ട്സും തിരുച്ചിറപ്പിള്ളിയിലെ ദേശീയ വാഴ ഗവേഷണകേന്ദ്രവും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം. ചെന്നൈ ഐഐടിയിൽനിന്നുള്ള ഒരു സാങ്കേതികവിദഗ്ധനും ഇതിൽ പങ്കാളിയാണ്. 

ഇവർ രൂപകൽപന ചെയ്ത മാതൃക വിദേശപങ്കാളികൾ അംഗീകരിച്ചുകഴിഞ്ഞു. പദ്ധതിക്കു വേണ്ട സാമ്പത്തികപിന്തുണയ്ക്ക് വിയന്നയിലെ ഇറക്കുമതി സ്ഥാപനം ഗ്രീനേഴ്സ് ഇന്ത്യയെ സഹായിക്കും. ഇന്ത്യൻ വാഴപ്പഴ ഇനങ്ങൾ യൂറോപ്യൻ നിലവാരത്തിൽ ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാനസൗകര്യം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണിത്. കയറ്റുമതി ചെയ്യാനുള്ള വാഴപ്പഴം സംഭരിച്ചു പായ്ക്ക് ചെയ്യുന്നതിനായി ഗ്രീനേഴ്സ് ഉടമ കെ.വി. ഏഴിലൻ പായ്ക്ക്ഹൗസ് നിർമിച്ചുകഴിഞ്ഞു. പൊള്ളാച്ചിയിലാണ് 10 കോടി രൂപ മുതൽമുടക്കുള്ള ഈ പായ്ക്ക് ഹൗസ്. ഗ്രാൻഡ് നെയിൻ ഇനത്തിൽപെട്ട ഒരു ക്വിന്റൽ വാഴപ്പഴമാണ് ആദ്യം ഇവിടെനിന്നു കയറ്റി അയയ്ക്കുക. നാലു മാസത്തിനകം 20 ടൺ വാഴപ്പഴങ്ങളുമായി മറ്റൊരു കണ്ടെയ്നറും യൂറോപ്പിലെത്തും. ഒരു വർഷത്തിനകം ഇത്തരം 150 കണ്ടെയ്നറുകളാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ തമിഴ്നാട്ടിെല ഗ്രാൻഡ്നെയിൻ കർഷകർക്ക് 25 ശതമാനം അധികവില നൽകാനാകുമെന്ന് ഏഴിലൻ പറഞ്ഞു.

മറ്റൊരു മുന്നേറ്റം തമിഴ്നാട് ബനാന ഗ്രോവേഴ്സ് ഫെഡറേഷന്റെയും  തമിഴ്നാട് കാർഷിക സർവകലാശാലയുെടയും സംയുക്ത സംരംഭമാണ്. ഇറ്റലിയിലെ ട്രീസ്റ്റെ തുറമുഖ അതോറിട്ടിയാണ് ഇവരുെട പദ്ധതിക്കാവശ്യമായ ഫണ്ട് നൽകുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഒരു വാഴത്തോപ്പിൽ കൺവയർ റോപ് സ്ഥാപിക്കുന്നതിന് 1.25 കോടി രൂപ മുടക്കാമെന്നാണ് അതോറിട്ടി ഏറ്റിരിക്കുന്നത്. നെടുമ്പാശേരി വഴി യൂറോപ്പിലേക്ക് ഈ മാസം വാഴപ്പഴ കയറ്റുമതി ആരംഭിക്കുമെന്ന്  ഫെഡറേഷൻ ജനറൽ സെക്രട്ടറി ജി.അജീതൻ പറഞ്ഞു.  കേരളത്തിൽ നിന്നുള്ള ഫെയർ  എക്സ്പോർട്സ് ദേശീയവാഴ ഗവേഷണകേന്ദ്രവുമായി ചേർന്ന് കപ്പൽമാർഗമുള്ള വാഴപ്പഴകറ്റുമതിക്ക് പ്രോട്ടോകോൾ വികസിപ്പിച്ച കാര്യം കർഷകശ്രീ റിപ്പോർട്ട് ചെയ്തിരുന്നു. 

കാർഷികോൽപന്ന കയറ്റുമതി വികസന അതോറിട്ടിയും ഇതിൽ പങ്കാളികളായി. കൂടുതൽ സാവകാശം വേണ്ടിവരുമെങ്കിലും തുച്ഛമായ കടത്തുകൂലി മതിയാകുമെന്നതിനാൽ നമ്മുടെ പഴവർഗങ്ങൾക്ക് വിദേശവിപണിയിൽ മത്സരക്ഷമത ഉറപ്പാക്കാൻ ഈ സാങ്കേതികവിദ്യ ഉപകരിക്കും. പുതിയ പ്രോട്ടോകോൾ പ്രയോജനപ്പെടുത്തി കൊച്ചി തുറമുഖത്തുനിന്നും ആഴ്ചതോറും 20 ടൺ നേന്ത്രക്കായയാണത്രെ കയറ്റുമതി ചെയ്യുന്നത്.  ഗൾഫിലെ ചില്ലറവിപണിയിൽ ഒരു കിലോ ഏത്തപ്പഴത്തിന് 25 രൂപ വില കുറഞ്ഞുകിട്ടിയപ്പോൾ കേരളത്തിലെ കൃഷിക്കാർക്ക് പത്തു രൂപ വരെ അധികം കിട്ടാനും ഇടയാക്കിയെന്നതാണ് ഈ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ നേട്ടം. മാമ്പഴം, പൈനാപ്പിൾ എന്നിവയും കപ്പൽമാർഗം ഗൾഫിലെത്തിക്കാൻ കഴിഞ്ഞാൽ വലിയനേട്ടമായിരിക്കും. കൃഷിക്കാർ‍ക്കുപ്രയോജനപ്രദമായ സാങ്കേതികവിദ്യകൾ ലക്ഷ്യമാക്കിയുള്ള ഗവേഷണവികസനപ്രവർത്തനങ്ങളിൽ പൊതു സ്വകാര്യ പങ്കാളിത്തത്തിന്റെ പ്രസക്തി ഈ മുന്നേറ്റങ്ങൾ വ്യക്തമാക്കുന്നു.