Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രോൺ നിരീക്ഷണത്തിൽ ഹൈടെക് സ്േട്രാബെറിപ്പാടം

IMG_2679

ഒട്ടേറെ നവീനസാങ്കേതികവിദ്യകൾ പരീക്ഷിക്കപ്പെടുന്ന ഈ കൃഷിയിടം കേരളത്തിൽ ആദ്യത്തെ സ്മാർട് കൃഷിയിടമാണ്

മൂന്നാറിനുമപ്പുറം ടോപ്സ്റ്റേഷൻ കടന്നുപോകുമ്പോൾ വട്ടവടയായി. കാബേജും കോളിഫ്ലവറും കാരറ്റും ബീറ്റ്റൂട്ടുമൊക്കെ വിളയുന്ന അതിർത്തി ഗ്രാമം. അവിടെ അഞ്ചേക്കർ മലഞ്ചെരുവിൽ ഒരു സംഘം ചെറുപ്പക്കാർ ആവേശകരമായ ഒരു യത്നത്തിലാണ്. പുതുപുത്തൻ സാങ്കേതികവിദ്യകളുപയോഗിച്ച് സംസ്ഥാനത്തെ പ്രഥമ വാണിജ്യ സ്േട്രാബെറി ഫാം ഇവിടെ പൂർത്തിയായി കഴിഞ്ഞു. വിളവെടുപ്പിനു തയാറായ ഈ ഫാമിൽനിന്ന് ഓഗസ്റ്റ് ആദ്യവാരം കയറ്റുമതി നിലവാരത്തിലുള്ള സ്േട്രാബെറി വിപണിയിലെത്തും. സുസ്ഥിരവും പുതുമയുള്ളതുമായ ബദൽ മാതൃകകൾ അവതരിപ്പിക്കുന്ന ‘ആൾട്ടർനെയ്റ്റ്  ലൈഫ്സ്റ്റൈൽസ്’ എന്ന പുതുതലമുറ സ്ഥാപനമാണ് ഈ ഫാമിനു പിന്നിൽ.  വിവിധ മേഖലകളിലെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യാസാധ്യതകളെ ഏകോപിപ്പിച്ച് മികച്ച നേട്ടമുണ്ടാക്കുകയാണ് ‘ആൾട്ടർനെയ്റ്റ്’ െചയ്യുന്നതെന്ന് മാനേജിങ് ഡയറക്ടർ വിനോദ് സുബ്രഹ്മണ്യം പറഞ്ഞു. 

ഡ്രോൺ ഉപയോഗിച്ചുള്ള കൃഷിയിടപരിശോധന,  വിവരശേഖരണം, നാനോ വളങ്ങളുെട ഉപയോഗം, ഇന്റർനെറ്റ് അധിഷ്ഠിത വിദൂരനിയന്ത്രണം, ക്രയോജനിക് ശീതീകരണവിദ്യ എന്നിങ്ങനെ ഹൈടെക് കൃഷിരീതികളുെട ഒരു നിര തന്നെ വട്ടവടയിലെ ഈ ഫാമിലേക്ക് ഇവർ കണ്ടെത്തിയിട്ടുണ്ട്. ചിലതൊക്കെ പരീക്ഷണഘട്ടത്തിലുള്ളവയാണ്.  ഒരുപക്ഷേ സംസ്ഥാനത്ത് ആദ്യമായി കൃഷിയിടത്തിൽ ഡ്രോൺ പ്രയോജനപ്പെടുത്തിയത് ഈ ഫാമിലായിരിക്കും. സ്േട്രാബെറി കൃഷിക്ക് ഏറ്റവും യോജിച്ച സൂക്ഷ്മ കാലാവസ്ഥയാണ് വട്ടവടയിലേത്.  കൃഷിയിടത്തിന്റെ പ്രാഥമിക സ്ഥിതിവിവരങ്ങൾ (പോഷകസാന്നിധ്യം, ജലലഭ്യത, അന്തരീക്ഷ താപനില, ഈർപ്പം, കാറ്റിന്റെ ഗതി, സമുദ്രനിരപ്പിൽനിന്നുള്ള ഉയരം ) ശേഖരിക്കാനാണ് ആദ്യഘട്ടത്തിൽ ഡ്രോൺ പ്രയോജനപ്പെടുത്തിയതെന്ന് വിനോദ് പറഞ്ഞു. ഇപ്രകാരം ശേഖരിക്കുന്ന വിവരങ്ങൾ തുടർനിരീക്ഷണത്തിനും താരതമ്യത്തിനും ഉപയോഗിക്കാം. 

സ്േട്രാബെറി നട്ടിരിക്കുന്ന ഓരോ തടത്തിനും മുകളിലൂെട സർവേ നടത്തി തയാറാക്കിയ മാപ്പ് ഉപയോഗിച്ച് അതിലെ ചെടികളുടെ വളർച്ചയും പുഷ്പിക്കലും കായ്പിടിത്തവുമൊക്കെ തിരിച്ചറിയാനാകും. കളകളെ മാത്രമല്ല, കരുത്തു കുറഞ്ഞ വിളകളെയും ഇപ്രകാരം കണ്ടെത്താം, പരിഹാരനടപടി സ്വീകരിക്കാം. 

30728772_157977954880247_7290289965110394880_n

കാർഷികസാങ്കേതികവിദ്യയിലെ മുൻനിരക്കാരായ ജയിൻ ഇറിഗേഷനാണ് ഈ ഫാമിലെ ഒരു സാങ്കേതിക പങ്കാളി. അ‍ഞ്ച് ഏക്കർ ചെരിവുഭൂമി തട്ടുകളായി തിരിച്ച് അവയിൽ വാരങ്ങളെടുത്താണ് സ്േട്രാബെറി  നട്ടിരിക്കുന്നത്. കാമെറോസ ഇനത്തിൽ പെട്ട ടിഷ്യുകൾച്ചർ സ്േട്രാബെറി തൈകൾ നൽകിയതും ജയിൻ ഇറിഗേഷൻ തന്നെ. പോഷകനിലവാരം കൂടിയ കാമെറോസ ഇനത്തിനു സവിശേഷമായ സ്േട്രാബെറി സുഗന്ധം കൂടുതലുണ്ട്. വാരങ്ങളിൽ തുള്ളിനന സംവിധാനവും പ്ലാസ്റ്റിക് പുതയുമൊക്കെ അവർ ഒരുക്കി. തുള്ളിനന സംവിധാനത്തിലൂെട വെള്ളവും വളവും നൽകുന്നു (ഫെർട്ടിഗേഷൻ). ഇതിനുപയോഗിക്കുന്ന വളവും സവിശേഷമാണ്. നാനോ ടെക്നോളജി പ്രകാരം നിർമിച്ച ‘നാനോ ബയോ’ എന്ന ജൈവവളം സ്േട്രാബെറി ഉൽപാദനത്തിന്റെ നിലവാരം വർധിപ്പിക്കാൻ സഹായകമാണ്. ഇതിനു പുറമെ ചില പായലുകളുെടയും സസ്യങ്ങളുെടയും സത്തും വളമായി ഉപയോഗിക്കുന്നുണ്ട്. പൂർണമായും ജൈവരീതിയിലാണ് വിളപരിപാലനം. 

കൃഷിയിടനിരീക്ഷണത്തിനു ഡ്രോൺ സേവനം ബെംഗളൂരുവിലെ ‘ലൈറ്റ് ബൾബ് ഇന്നവേഷൻസാ’ണ് നൽകുന്നത്. സെൻസറുകളുെട സഹായത്തോടെ ഓരോ തടത്തിലെയും വളർച്ചവ്യത്യാസങ്ങൾ തിരിച്ചറിയാനും പോഷകങ്ങൾ തളിച്ചുകൊടുക്കാനുമൊക്കെ ഡ്രോൺ കൂടുതലായി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു. എന്നാൽ ഡ്രോൺ വിനിയോഗം സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ  നയം പുറത്തുവന്നാൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമാകുകയുള്ളൂ – വിനോദ് വ്യക്തമാക്കി.  മുയൽ, മാൻ തുടങ്ങിയവയുടെ ശല്യം കൂടുതലുള്ള സ്ഥലമാണിത്. സോളർവേലിയുണ്ടെങ്കിലും എപ്പോഴും ഫലപ്രദമാവണമെന്നില്ല. വേലി തകർത്ത്  മൃഗങ്ങൾ ഉള്ളിൽ കയറിയാൽ ഡ്രോണിൽനിന്നുള്ള ശബ്ദവും വെളിച്ചവും ഉപയോഗിച്ച് അവയെ തുരത്താനാവും.

ഏക്കറിൽ 32,000 സ്േട്രാബെറി തൈകൾ നടുന്ന അൾട്രാ ഹൈഡെൻസിറ്റി കൃഷിരീതിയാണ് ഇവർ അവലംബിക്കുന്നത്. ഒരു ചെടിയിൽനിന്ന് ആറു മാസത്തിനുള്ളിൽ 500 ഗ്രാം ഉൽപാദനം പ്രതീക്ഷിക്കുന്നു. വട്ടവടയിൽതന്നെ പത്ത് ഏക്കർ സ്ഥലം കൂടി കൃഷിക്കായി ‘ആൾട്ടർനെയ്റ്റ്’ഏറ്റെടുത്തിട്ടുണ്ട്, പൂർണ ഉൽപാദനമെത്തുമ്പോൾ ദിവസേന 500–800  കിലോ സ്േട്രാബെറി ഇവിടെ ഉൽപാദിപ്പിക്കാമെന്നാണ്  സംരംഭകരുെട പ്രതീക്ഷ.  സ്േട്രാബെറി പഴങ്ങളുെട വിപണനത്തിന് ബെംഗളൂരുവിലെ ഒരു സ്ഥാപനവുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. കിലോയ്ക്ക് 240  രൂപ നിരക്കിലാവും അവർ പഴങ്ങൾ വാങ്ങുക. ഫാമിൽ തന്നെ പഴങ്ങളുടെ പ്രാഥമിക സംസ്കരണം നടത്തി സൂക്ഷിക്കുന്നതിനായി സൗരോർജമുപയോഗിച്ചു പ്രവർത്തിക്കുന്ന ഒരു ഫ്രീസറും ഇവർ കണ്ടെത്തിയിട്ടുണ്ട്. ക്രയോജനിക് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഈ ഫ്രീസറിനു കുറഞ്ഞ മുതൽമുടക്ക് മതിയാവും. ഷഫാഫ്, റിജു കുരിക്കൾ, ജിതേഷ്, പ്രതാപ് മേനോൻ, വിജയ് റാത്തോഡ്, ഹസീബ് ഖാൻ, ശ്രീകാർ, അനീസ്, റഷീദ് എന്നിവരാണ് ഇവിടെ മുതൽമുടക്കിയ യുവസംരംഭകർ. ജയിൻ ഇറിഗേഷനിലെ ഡോ.സോമൻ, തമിഴ് സെൽവൻ, ബെംഗളൂരു ലൈറ്റ് ബൾബ് ഇന്നവേഷൻസിലെ ഐടി വിദഗ്ധൻ ജിതേഷ്, നാനോടെക്നോളജി വിദഗ്ധൻ ജയമോഹൻ, ചെന്നൈയിലെ ഹോർട്ടി

RIJ_4463

കൾച്ചർ സ്പെഷലിസ്റ്റ് ശങ്കരൻ, മെക്കാനിക്കൽ ഡിസൈനർ ലാൽകുമാർ എന്നിങ്ങനെ ഒരു കൂട്ടം പ്രതിഭാശാലികളായ ടെക്നോക്രാറ്റുകൾ സാങ്കേതികപങ്കാളികളായി ഇവർക്കൊപ്പമുണ്ട്.

വട്ടവടയിലെ പരിസ്ഥിതിക്കു വിനാശകരമല്ലാത്ത സാങ്കേതികവിദ്യകൾ മാത്രമുപയോഗിക്കുന്ന ‘ആൾട്ടർനെയ്റ്റ് ’ഇവിടുത്തെ മനുഷ്യരുടെ സുസ്ഥിരക്ഷേമത്തിനും പ്രാധാന്യം നൽകുന്നുണ്ടെന്ന് ഫാം മാനേജർ ധനേഷ് രാജ് പറഞ്ഞു. കൃഷിയിടത്തിലെ ജോലികൾ സമീപവാസികളായ തൊഴിലാളികൾക്കു നീക്കിവച്ച ഇവർ ഈ  പ്രദേശത്ത് ഏറ്റവുമധികം തൊഴിൽ നൽകുന്ന മൂന്നാമത്തെ സ്ഥാപനമായി മാറിക്കഴിഞ്ഞു. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി സ്േട്രാബെറി കൃഷി  ചെയ്യുന്ന ചെറുകിടകൃഷിക്കാർ വട്ടവടയിലുണ്ട്. ഫാം ടൂറിസത്തിലൂെട അവർക്കു കിട്ടുന്ന വരുമാനം തടസ്സപ്പെടാതിരിക്കാനായി ഇവിടെ ഫാംവിസിറ്റ് വേണ്ടെന്നുവച്ചിരിക്കുകയാണ്– ധനേഷ് പറഞ്ഞു. സർക്കാർ ഏജൻസികളുെട ഒരു സഹായവും 80 ലക്ഷം രൂപ മുതൽമുടക്കുള്ള ഈ ഫാമിനായി വാങ്ങിയിട്ടില്ല. എന്നാൽ ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ ഇവിടം സന്ദർശിച്ച് പ്രോത്സാഹനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ധനേഷ് അറിയിച്ചു. ഫോൺ: 0471–2431118

കൃഷിപ്പണിയിൽ വലംകൈയാവാൻ ഡ്രോൺ

വിത, വിളനിരീക്ഷണം, വിളപരിപാലനം, വിവരശേഖരണം – കൃഷിയുെട ആദ്യവസാനം കൂടെ കൂട്ടാൻ കൃഷിക്കാരന്  ഒരു സഹായി എത്തുകയായി– ഡ്രോൺ.  നിലത്തുനിന്നു നിശ്ചിത ഉയരത്തിൽ ഉയർന്നു നീങ്ങുകയും  വിദൂരനിയന്ത്രണത്തിലൂെട പ്രവർത്തിക്കുകയും ചെയ്യുന്ന ഈ യന്ത്രപ്പറവ ഇനി ഫൊട്ടോഗ്രഫർമാരുെട മാത്രം സഹചാരിയല്ല. മറ്റു പല മേഖലകൾ‌ക്കുമൊപ്പം കൃഷിയിലും വ്യാപകമായ സാധ്യതകളാണ് ഡ്രോൺ വാഗ്ദാനം ചെയ്യുന്നത്. ചേറുനിറഞ്ഞ പാടത്തിനു മീതെയും ദുഷ്കരമായ മലഞ്ചെരുവുകളിലുമൊക്കെ പറന്നെത്തി ദൗത്യം നിർവഹിക്കാൻ ഇവനു കഴിയും. 

വ്യത്യസ്ത ഉപകരണങ്ങൾ ഘടിപ്പിച്ചാണ് വ്യത്യസ്ത ആവശ്യങ്ങൾക്കായി ഡ്രോൺ പ്രയോജനപ്പെടുത്തുക.  കാമറസെൻസറുകളുെട സഹായത്തോടെയുള്ള  സർവേയാണ് ആദ്യത്തേത്. മണ്ണിന്റെ പോഷക നിലവാരം, ജലലഭ്യത, കളകളുെട സാന്നിധ്യം  കീടരോഗസാന്നിധ്യം എന്നിവ തിരിച്ചറിയുന്നതിനു ഡ്രോൺ സർവേയിലൂെട സാധിക്കുമെന്ന് ആലപ്പുഴ മങ്കൊമ്പ് കീടനിരീക്ഷണകേന്ദ്രത്തിലെ കൃഷി ഓഫിസർ മാത്യു ‌ഏബ്രഹാം പറഞ്ഞു. ‘നിയർ ഇൻഫ്രാ റെഡ്’ കിരണങ്ങളുപയോഗിക്കുന്ന കാമറകളാണ് ഇതിനു  വേണ്ടത്.    ഡ്രോണിന്റെ തോളിലേറിയാവും  ഇത്തരം നിരീക്ഷണഉപകരണങ്ങൾ പ്രവർത്തിക്കുക.  മനുഷ്യനേത്രങ്ങൾക്കു കണ്ടെത്താനാവുന്നതിനും  മുമ്പ്, കീടരോഗബാധകളുെട ആരംഭദശയിൽതന്നെ അവ കണ്ടെത്താമെന്നതാണ ് ഇതുമൂലമുള്ള നേട്ടം. വിളനാശവും പാടംനികത്തലുമൊക്കെ കൃത്യമായി മനസ്സിലാക്കാമെന്നതിനാൽ ഭരണപരമായ ആവശ്യങ്ങൾക്കും ഡ്രോൺ ഉപയോഗപ്പെടുമെന്ന് കീടനിരീക്ഷണകേന്ദ്രത്തിലെ മറ്റൊരു കൃഷി ഓഫിസറായ ബി. സ്മിത പറഞ്ഞു. വിളകളിൽ നിന്നുള്ള ഇൻഫ്രാറെഡ് കിരണങ്ങളുെട പ്രതിഫലനം വിശകലനം ചെയ്താണ് പ്രശ്നബാധിത ഭാഗങ്ങൾ കണ്ടെത്തുക. എന്നാൽ കണ്ടെത്തിയ പ്രശ്നം വ്യക്തമായി ഉറപ്പിക്കുന്നതിനു മനുഷ്യന്റെ വിവേചനബുദ്ധി കൂടി വേണ്ടിവരും. 

RIJ_4405-(30cm-w)

സ്പ്രെയർ ഘടിപ്പിച്ചാൽ വളങ്ങളും കീടനാശിനികളുമൊക്കെ തളിക്കാനും ഡ്രോൺ മതിയാകും. മുൻകൂട്ടി നിശ്ചയിച്ച വരികളിലൂെട കൃത്യമായി നീങ്ങി കീടനാശിനി തളിക്കുന്ന ഡ്രോൺ മനുഷ്യനെക്കാൾ ഭംഗിയായി ആ ജോലി നിർവഹിക്കും. മരുന്നുതളിക്കാൻ ജോലിക്കാരെ കിട്ടാനില്ലാതെയും  ഉയർന്ന കൂലി നൽകിയും വലയുന്ന കൃഷിക്കാർക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയായിരിക്കും ഇത്. മരുന്നുതളി

ക്കുന്നയാൾക്ക് ഉണ്ടാവാനിടയുള്ള ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാം. അൾട്രാ ലോ വോളിയം സ്പ്രെയറുകളാണ് ഡ്രോണുകളിൽ ഉപയോഗിക്കുക. ഇതുവഴി കീടനാശിനികളുെട ഉപയോഗം പത്തിലൊന്നായി കുറയ്ക്കാനാവുമെന്ന മെച്ചവുമുണ്ട്. 

പാടങ്ങളിൽ കീടനിരീക്ഷണവും മരുന്നുതളിയും നടത്തുന്നതിനു ഡ്രോൺ ഉപയോഗിച്ചുള്ള ചില പരീക്ഷണങ്ങൾ കീടനിരീക്ഷണകേന്ദ്രം ഇതിനകം നടത്തിക്കഴിഞ്ഞു. ആലപ്പുഴ കൈനകരിയിലെ ആറുപങ്ക് പാടശേഖരത്തിലും ആർ ബ്ലോക്കിലുമൊക്കെ വിവിധ ആവശ്യങ്ങൾക്കായി ഡ്രോൺ പ്രയോജനപ്പെടുത്തിയെന്ന് മാത്യു വ്യക്തമാക്കി.  പുറംബണ്ടുകളുെട ഉയരം കണക്കാക്കി പമ്പുസെറ്റുകളുടെ കാര്യക്ഷമത വർധിപ്പിക്കാനാണ് ആർബ്ലോക്കിൽ ഡ്രോൺ ഉപയോഗിച്ചത്.   അതേസമയം സമുദ്രനിരപ്പിനു താഴെ കിടക്കുന്ന കുട്ടനാട്ടിൽ ഡ്രോൺ ഉപയോഗത്തിനു ചില പ്രശ്നങ്ങൾ അവശേഷിക്കുന്നുണ്ടെന്ന് സ്മിത കൂട്ടിച്ചേർത്തു. വൈകാതെ ഇതു പരിഹരിക്കാനായേക്കും. കാട്ടാനയും കാട്ടുപോത്തുമൊക്കെ കൃഷി നശിപ്പിക്കുമ്പോൾ ഡ്രോണിൽനിന്നുള്ള ശബ്ദവും വെളിച്ചവുമുപയോഗിച്ച് അവയെ തുരത്താമെന്നത് ഡ്രോണിനെ മലയോര കർഷകരുടെ സുഹൃത്തായി മാറ്റിയേക്കാം. കേരളത്തിലെ ചില യുവഎൻജിനീയർമാർ കാർഷികാവശ്യത്തിനായി ഡ്രോൺ ഉപയോഗപ്പെടുത്താനുള്ള പ്രയത്നത്തി ലാണ്.