Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒാൺലൈനിലെത്തും മാമ്പഴം

mango-11

‘ഒാൺലൈനിൽ മാമ്പഴം വിൽക്കാനോ... നടപ്പുള്ള കാര്യമല്ല’. അഞ്ചു കൊല്ലം മുമ്പ് അങ്ങനെയൊന്ന് ആലോചിച്ചപ്പോൾ തന്നെ പലരുടെയും പ്രതികരണം ഇതായിരുന്നെന്ന് ആരിഫ. അൻഫോൺസോയും ബംഗനപ്പള്ളിയും ചിന്ന റസാലും  സുവർണരേഖയും ഫിമായത്തും ദശരിയുംപോലുള്ള മധുരമാമ്പഴങ്ങളുടെ സുഗന്ധം നിറഞ്ഞ നാൽപതേക്കർ മാന്തോപ്പിനു വേണ്ടി ആരിഫ ചെലവിട്ട വർഷങ്ങളും അധ്വാനവും അറിഞ്ഞിരുന്നെങ്കിൽ ആരുമത് പറയില്ലായിരുന്നു. അതുകൊണ്ടുതന്നെ ആരിഫ റാഫി പിന്മാറാൻ ഒരുക്കവുമല്ലായിരുന്നു. തെലങ്കാനയിലെ യാദാദ്രിഗുട്ടയിലും ചെവല്ലയിലുമുള്ള തോട്ടങ്ങളിൽ വിളയുന്ന ഓർഗാനിക് മാമ്പഴം അങ്ങ് അമേരിക്ക മുതൽ ഇങ്ങു കൊച്ചിവരെ ഒാൺലൈനിൽ വിൽക്കുന്നു ഇന്ന് ആരിഫയുടെ AR4 Mangoes എന്ന സ്ഥാപനം. 

പത്തു വർഷം ഗൾഫിലായിരുന്നു ആരിഫയും ഭർത്താവും മൂന്നു മക്കളുമടങ്ങുന്ന കുടുംബം. ഭർത്താവ് കമ്പനി ഉദ്യോഗസ്ഥൻ. ബിരുദാനന്തരബിരുദം വരെ പഠിച്ച ആരിഫ അവിടെ ടീച്ചറും. 2003ൽ ആരിഫയും മക്കളും നാട്ടിലേക്കു മടങ്ങി; ഒരു വർഷത്തിനു ശേഷം ഭർത്താവും.നാട്ടിലെത്തി അധികം വൈകാതെ എസ്ബിഐയിൽ പ്രൊബേഷനറി ഒാഫിസറായി ജോലി നേടി ആരിഫ. ഐഡിയ സെല്ലുലാറിൽ ഭർത്താവും. എന്നാല്‍ സ്ഥലംമാറ്റം പതിവായതോടെ ആരിഫ ജോലി വിട്ടു. മക്കളുടെ പഠനവും വീട്ടുകാര്യങ്ങളുമൊന്നും മുടങ്ങാതെതന്നെ ചെയ്യാവുന്ന സംരംഭം;  അതായിരുന്നു മനസ്സിൽ. ഗൾഫിലെ സമ്പാദ്യംകൊണ്ട് രംഗറെഡ്ഡി ജില്ലയിലുള്ള ചെവല്ലയിലും യാദാദ്രി ഭുവനഗിരി ജില്ലയിലെ യാദാദ്രിഗുട്ടയിലും ഇരുപതേക്കർ വീതം ഭൂമി വാങ്ങിയിരുന്നു. യാദാദ്രിഗുട്ടയിൽ, സൗദിയിലൊക്കെ കണ്ടു പരിചയിച്ചതുപോലുള്ള സമ്പൂർണ ഒാട്ടമേറ്റഡ് െഡയറി ഫാം; അതായി ആലോചന.

mango-10

കൃഷിയും മൃഗസംരക്ഷണവും തെല്ലും പരിചയമില്ലാതിരുന്നതുകൊണ്ട് ആദ്യം അതു പഠിക്കാൻ തീരുമാനിച്ചു. വായനയും അന്വേഷണങ്ങളും പരിശീലനങ്ങളും പിന്നിട്ടപ്പോൾ മനസ്സിലായി, ഡെയറി ഫാം അത്ര എളുപ്പമല്ല. പിന്നെയാണ് മാവുകൃഷിയുടെ സാധ്യത തേടിയത്. തെലങ്കാനയിലും ആന്ധ്രയിലുമെല്ലാം ഒട്ടേറെ മാന്തോപ്പുകളുണ്ടെങ്കിലും നല്ലൊരു പങ്കും കയ്യേറ്റം ചെറുക്കാൻ വേണ്ടിയുള്ളവയാണ്. നിക്ഷേപം എന്ന നിലയ്ക്കു പലയിടങ്ങളിലായി ഭൂമി വാങ്ങിയിടുന്ന പലരും അതിലാരും കൈവയ്ക്കാതിരിക്കാൻ പരിപാലനമൊന്നും ആവശ്യമില്ലാത്തമാവു നട്ടു വളർത്തും. മാമ്പഴം മൊത്തമായി ഏതെങ്കിലും കച്ചവടക്കാരനു കരാറിൽ വിൽക്കും. ‘അതുപോരാ, മാമ്പഴത്തെ ആദായകരമായി മാർക്കറ്റ് ചെയ്യണം, അതൊരു സംരംഭമായി വളർത്തണം’, അന്നേ മനസ്സിൽ കുറിച്ചിട്ടു ആരിഫ.

മാന്തോപ്പിലേക്ക് മനസ്സില്‍ കൃഷി ഇല്ലാതിരുന്നതിനാൽ യാദാദ്രിഗുട്ടയിൽ വാങ്ങിയ ഭൂമി കൃഷിയോഗ്യമേ അല്ലായിരുന്നു. അതിനെ ഫലഭൂയിഷ്ഠമാക്കാനുള്ള ആലോചന എത്തിയത് ജൈവകൃഷിയിലും സുഭാഷ് പലേക്കറുടെ ചെലവില്ലാക്കൃഷിയിലും. അധ്വാനത്തിന്റെ നാളുകളായിരുന്നു തുടർന്ന്. സംസ്ഥാന ഹോർട്ടി കൾച്ചർ മിഷന്റെ സബ്സിഡിയോടെ 2008ൽ പത്തേക്കറിൽ ആദ്യ ബാച്ച് കൃഷി തുടങ്ങി; ആന്ധ്രയുടെ സ്വന്തം ഇനം  ബംഗനപ്പള്ളി. ഹിമായത്തും ദശേരിയും അൽഫോൺസോയും മല്ലികയും ചിന്ന റസാലും പെഡ്ഡാ റസാലും കേസറും സുവർണരേഖയും പിന്നാലെ. അതിജീവനശേഷി കൂടുമെന്നതിനാൽ ഒന്നര വർഷം പ്രായമെത്തിയ തൈകളാണ് നട്ടത്. ഒാരോ ഇനത്തിനും വേണ്ട അകലം വ്യത്യസ്തം.

ഇരുപതേക്കറിൽ ഇന്ന് കായ്ച്ചു നിൽക്കുന്നത് 1700 മാവുകൾ. പിന്നാലെ ചെവല്ലയിലെ ഇരുപതേക്കറും മാന്തോപ്പാക്കി മാറ്റി. അവിടെ 2000 തൈകൾ. ഇന്ന് നാൽപതേക്കറിലായി 22 ഇനം മാവുകളുണ്ട് ആരിഫയുടെ തോപ്പിൽ. ഗിറും ഒാങ്കോളുംപോലുള്ള നാടൻ പശുക്കൾ സ്വതന്ത്രമായി മേയുന്ന തോട്ടം. ജൂണിൽ സീസൺ തീരുന്നതോടെ പ്രൂണിങ്ങും ജൈവവളപ്രയോഗവും. ചാണകപ്പൊടിയും മുട്ടത്തോടു പൊടിച്ചതും റോക്ക് ഫോസ്ഫേറ്റും യോജിപ്പിച്ച് മൂന്നു മാസം മൂടിയിട്ട ശേഷം നൽകുന്ന പതിവുമുണ്ട്. കീടങ്ങളെ അകറ്റാൻ കഴിവുള്ള വേപ്പും ആത്തയും ഒട്ടേറെയുണ്ട് ആരിഫയുടെ തോട്ടത്തിൽ.മൂപ്പെത്തിയ മാങ്ങ ശ്രദ്ധാപൂർവം വിളവെടുത്തു കഴിഞ്ഞാൽ ചുന നീക്കലാണ് (desapping) ആദ്യം. ഞെടുപ്പ് ഒടിച്ചുമാറ്റിയ ശേഷം ചുന വാർന്നു പോകാനായി തലകീഴായി നിശ്ചിത സമയം ഉയർത്തി വയ്ക്കുന്നു. തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ ഏതാനും മിനിറ്റുകൾ മുക്കിയെടുക്കൽ (hot water treatment). പഴയീച്ച(fruit fly) മുട്ടകളുടെ സാന്നിധ്യം നീക്കാനാണിത്. ഒപ്പം മാങ്ങയുടെ ആകർഷണീയതയും കൂടും. ശേഷം തുടച്ചെടുത്ത് പായ്ക്ക് ഹൗസിലേക്ക്. 

mango-09

ഒാൺലൈൻ വിൽപന ആലോചിച്ചപ്പോൾ പ്രമുഖ കുറിയർ ഏജൻസികൾക്കെല്ലാം മടിയായിരുന്നെന്ന് ആരിഫ. മാമ്പഴമല്ലേ, സുരക്ഷിതമായി മേൽവിലാസക്കാരന്റെ വീട്ടുപടിക്കലെത്തിക്കാമെന്ന് ആർക്കും ഉറപ്പില്ല. ആവശ്യക്കാർക്ക് ഒാൺലൈനിൽ മാമ്പഴം ഒാർഡർ ചെയ്യാനുള്ള വെബ്സൈറ്റ് തയാറാക്കാനും ഡോർ ഡെലിവറിക്കു സന്നദ്ധതയുള്ള ഏജൻസിയെ കണ്ടെത്താനുമെല്ലാം ആരിഫ തന്നെ തുനിഞ്ഞിറങ്ങി. ആദ്യ സീസണിൽതന്നെ പ്രതീക്ഷയ്ക്കപ്പുറം ഒാർഡറുകൾ. ഇന്ന് പ്രമുഖ കുറിയർ ഏജൻസിയായ ഫെഡെക്സ് വരെയുണ്ട് ആരിഫയുടെ മാമ്പഴം ആവശ്യക്കാരിലെത്തിക്കാൻ.ഒാൺലൈൻ കാർഷികസംരംഭങ്ങൾ ഇന്നു തെലങ്കാനയിൽ വളരെ സജീവമെന്ന് ആരിഫ. നഗരവാസികളാണ് ഉപഭോക്താക്കളിലേറെയും എന്നു മാത്രം. നഗരവൽക്കരണം അങ്ങനെ കൃഷിക്കു തുണയാവുന്നുമുണ്ട്. സർക്കാരിന്റെ കർഷകസൗഹൃദ നയം പുതുതലമുറ സംരംഭകരെ ആകർഷിക്കുന്നുണ്ടെന്നും ആരിഫ. ഉപഭോക്താക്കൾക്കായി ഇപ്പോള്‍ കൃഷിയിട സന്ദർശനവും ഒരുക്കുന്നു ആരിഫ. കുടുംബസമേതം ഒരു പകൽ മുഴുവൻ മാന്തോപ്പിൽ ചെലവിടാൻ അവസരം. സന്ദർശകർക്കു ഭക്ഷണവും മറ്റു സൗകര്യങ്ങളും. വരുമാനത്തെക്കാൾ, ഉപഭോക്താക്കളുമായുള്ള ഹൃദയബന്ധമാണ് അതിലൂടെയുള്ള നേട്ടം. 

‘മാമ്പഴക്കൂട്ടത്തിൽ ഏറ്റവും ഇഷ്ടം?’ മടങ്ങും മുമ്പ് ആരിഫയോടൊരു ചോദ്യം. ‘ചിന്ന റസാൽ’, ഉടൻ മറുപടി. ‘മനസ്സിളക്കുന്ന മധുരമുണ്ടതിന്, ഒപ്പം നേരിയ ഉപ്പുരസവും.’ ഒരു സംരംഭം കെട്ടിപ്പടുക്കുന്നതിന്റെ പിന്നിലുമുണ്ടല്ലോ കണ്ണീരുപ്പും കൈക്കുടന്ന മധുരവും.

ഫോൺ: 9912340404

വെബ്സൈറ്റ്: www.ar4mangoes.com

മധുരസമ്മാനം

mango

ആരിഫയുടെ ‘സീസൺ പായ്ക്ക് മാമ്പഴങ്ങൾ’ പ്രിയപ്പെട്ടവർക്കു സമ്മാനിക്കുന്നവരേറെയും മെട്രോ നഗരങ്ങളിലുള്ളവർ. മനസ്സിലുള്ള മാമ്പഴക്കാലത്തിന്റെ മധുരം മടക്കി നൽകും തന്റെ സീസൺ പായ്ക്ക് മാമ്പഴങ്ങളെന്ന് ആരിഫ. ഏപ്രിൽ തുടങ്ങി ജൂൺ വരെ നീളുന്നതാണ് മാമ്പഴക്കാലം. ഇതിനിടയിൽ ആഴ്ചയിൽ ഒരു ബോക്സ് എന്ന കണക്കിൽ ആറാഴ്ച തുടർച്ചയായി ആറ് വ്യത്യസ്ത ഇനം മാമ്പഴങ്ങൾ ആവശ്യക്കാരുടെ വീട്ടിലെത്തുന്ന ഒാഫറാണ് ആരിഫയുടെ ‘സീസൺ പായ്ക്ക്.’ നാലാഴ്ച നീളുന്നതുമുണ്ട്. 

നാലു കിലോ ഉൾക്കൊള്ളുന്നതാണ് ഒരു ബോക്സ്. ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്ന മാമ്പഴത്തിന്റെ വില അനുസരിച്ച് സീസൺ പായ്ക്കിന്റെ വില ആറായിരവും ഏഴായിരവുമൊക്കെ വരും. സീസൺ പായ്ക്ക് പ്രിയപ്പെട്ടവർക്കു സമ്മാനിക്കുന്ന ഒട്ടേറെ ഉപഭോക്താക്കൾ തനിക്കുണ്ടെന്ന് ആരിഫ പറയുന്നു. അമേരിക്കയിലും ഗൾഫിലുമൊക്കെയുള്ള മക്കൾ ഹൈദരാബാദിലും ഗോവയിലും മുംെബെയിലും കൊച്ചിയിലുമുള്ള മാതാപിതാക്കൾക്കും, തിരിച്ചും, മാമ്പഴക്കാലം സമ്മാനിക്കുന്നതിന്റെ മാധുര്യം, സംരംഭക എന്ന നിലയിൽ തന്റെകൂടി സന്തോഷമെന്ന് ആരിഫ.