Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായിഡുവിന്റെ നല്ല മണ്ണ്

Pix_3

ഹൈദരാബാദിലെ ദിൽസുഖ്നഗറിലുള്ള വീട്ടിൽനിന്നു കിലോമീറ്ററുകൾ അകലെ താരാമതിപ്പേട്ടിലാണ് ഗുഡിവാഡ നാഗരത്നം നായിഡുവിന്റെ ജൈവകൃഷിയിടം. നഗരം വിട്ട് രംഗറെഡ്ഡി ജില്ലയുടെ ഉൾപ്രദേശങ്ങളിലേക്കു യാത്ര ചെയ്യുമ്പോൾ 43 ഡിഗ്രി താപനിലയിൽ വെയിൽ തിളയ്ക്കുന്ന വിജന പ്രദേശങ്ങൾ. മൺസൂൺ മഴയ്ക്കായി കാത്തിരിക്കുകയാണ് മണ്ണും മനുഷ്യരും.

തന്റെ കൃഷിയിടത്തിലേക്ക് എത്തും മുമ്പ്, പാറയും ചരൽക്കല്ലും നിറഞ്ഞുകിടക്കുന്ന, ചെറു പച്ചപ്പു പോലുമില്ലാത്ത തരിശുസ്ഥലത്ത് ഒരു നിമിഷം വണ്ടി നിർത്താൻ നായിഡുവിന്റെ നിർദേശം. കാറിനു പുറത്തിറങ്ങിയ നായിഡു അൽപനേരം ഏതോ ഒാർമയിൽ നിശ്ശബ്ദനായി. പിന്നെ പറഞ്ഞു, ‘‘28 വർഷം മുമ്പ് 12 ഏക്കർ സ്ഥലം വാങ്ങുമ്പോൾ ഇതിലും കഷ്ടമായിരുന്നു  അതിന്റെ സ്ഥിതി. 300 ലോറി പാറയാണ് അവിടെനിന്നു പൊട്ടിച്ചു കയറ്റിവിട്ടത്. അ തിനുശേഷം അമ്മയും ഞാനും ഭാര്യയും അതികഠിനമായി അധ്വാനിച്ചാണ് ഇന്നു കാണുന്ന കൃഷിയിടം രൂപപ്പെടുത്തിയത്. 

DSCN6174

ഈ പ്രദേശമൊന്നു കണ്ടിട്ടു പോയാലേ എന്റെ കൃഷിയിടത്തിന്റെ പിന്നിലെ അധ്വാനം എത്രയെന്നു നിങ്ങൾക്കു മനസ്സിലാവുകയുള്ളൂ.’’ 

അടുത്ത വളവു തിരിഞ്ഞപ്പോൾ അതാ, നായിഡുവിന്റെ പന്ത്രണ്ടേക്കർ പച്ചത്തുരുത്ത്. മാവും ഞാവലും പുളിയും അത്തിയും ബദാമും പപ്പായയും ചേർന്ന ഫലവൃക്ഷങ്ങൾ, ഹെലിക്കോണിയയും ടോർച്ച് ജിഞ്ചറും മേയ്ഫ്ളവറുമടക്കം ഉദ്യാനസസ്യങ്ങൾ, രക്തചന്ദനംപോലുള്ള വൻമരങ്ങൾ, ജോവാറും  ഇലക്കറികളും വെള്ളരിയും നിറഞ്ഞ പാടം, കൃഷിയിടത്തിന്റെ നടുവിൽ ചെറിയൊരു ഫാം ഹൗസ്. അതിനു ചുറ്റുമുള്ള തണൽമരങ്ങൾക്കു കീഴെ വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ. പൊഴിഞ്ഞുവീണ കരിയിലകൾ പുതയിട്ട മണ്ണ്. അവയ്ക്കു മുകളിൽ വീണുകിടക്കുന്ന പഴകിയ തേനടകളും തേനീച്ചകളുടെ മൂളലും പക്ഷികളുടെ ചിലപ്പും മണ്ണിന്റെ തണുപ്പുമെല്ലാം ജൈവ കൃഷിയിടത്തിന്റെ സമൃദ്ധി വിളിച്ചു പറയുന്നു. ഞാവൽമരത്തിന്റെ തണലിൽ വിശ്രമിക്കുന്ന ഗിർപശുക്കൾ നായിഡുവിനെക്കണ്ട് തലകുലുക്കി.

DSCN6131

നായിഡുവിന്റെ തൊണ്ണൂറ്റിമൂന്നു വയസ്സുള്ള മാതാവ് മുനിരത്നം അമ്മ ജോലിക്കാർക്കൊപ്പം ഇലക്കറികൾ വിളവെടുക്കുന്ന തിരക്കിലാണ്. ദിൽസുഖ്നഗറിൽനിന്നു രാവിലെ ആറുമണിക്കുള്ള ആദ്യ ബസിൽ അവർ ഇവിടെയെത്തും. വർഷങ്ങളായുള്ള ശീലം. വൈകിട്ട് ആറുമണിയോടെ വിളവെടുത്ത കാർഷികോൽപന്നങ്ങൾ ചാക്കുസഞ്ചിയിൽ ഭദ്രമാക്കി ബസിൽത്തന്നെ മടക്കം. ഉദ്യോഗസ്ഥരായിരുന്നു ജി.എൻ. നായിഡുവും ഭാര്യ സത്യവതിയും. ജോലി ഉപേക്ഷിച്ച് കൃഷിയിലൂടെ ജീവിതം കെട്ടിപ്പടുക്കാൻ തുനിഞ്ഞിറങ്ങിയത് വെറുതെയായില്ല. ദിൽസുഖ്നഗറിലെ ഇരുനില വീട് ഉൾപ്പെടെയുള്ള നേട്ടങ്ങളെല്ലാം കൃഷിയിലൂടെ.

വരൾച്ചയിൽ വാടാതെ

ഒറ്റഞാർകൃഷിയാണ് നായിഡുവിനെ ശ്രദ്ധാകേന്ദ്രമാക്കിയ മുഖ്യ ഘടകം. വരൾച്ചയും ജലക്ഷാമവും രൂക്ഷമായ ആന്ധ്രയിൽ വെള്ളം വളരെ കുറച്ചുമാത്രം ആവശ്യമുള്ളഒറ്റഞാർ (System Rice Intensification-SRI) രീതി ആദ്യമായി പരീക്ഷിക്കുന്നത് ഏറെ വർഷങ്ങൾക്കു മുമ്പ്. പാരമ്പര്യരീതിയിൽനിന്നു വ്യത്യസ്തമായി ഒമ്പതു ദിവസം പ്രായമുള്ള ഞാറാണ് നടുക. അതും 24X24 സെ.മീറ്റർ അകലത്തിൽ ഒറ്റ ഞാർ മാത്രം. ഏക്കറിന് 40 കിലോ വിത്ത് വേണ്ടിയിരുന്നിടത്ത് രണ്ടു കിലോ മാത്രം മതി. പാടത്തു വെള്ളം കെട്ടിനിർത്തുന്നതിനു പകരം ചെറിയ നനവു മാത്രം മതിയാകും. വളർന്നു വന്നപ്പോൾ ഒാരോ ചുവടിലും എൺപതിലേറെ ചിനപ്പുകൾ. ഏക്കറിന് 35–40 ബാഗ് (ഒരു ബാഗ്–75 കിലോ) വിളവു കിട്ടിയിരുന്ന സ്ഥാനത്ത് ഒറ്റഞാർകൃഷിയില്‍ ലഭിച്ചത് 92 ബാഗ്.

‘നെല്ല് ഒരു ജലസസ്യമല്ല. അതിന്റെ വേരുകൾക്ക് ആഴത്തിലേക്കു സഞ്ചരിക്കാനുള്ള കഴിവുമില്ല. അതു മനസ്സിലാക്കിയുള്ള പരിപാലനം മതി.’ നായിഡുവിന്റെ വാക്കുകൾ. 2006ൽ ആന്ധ്രപ്രദേശ് സന്ദർശിച്ച അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ള്യു. ബുഷിന്റെ മുന്നിൽ ഒറ്റഞാർ നേട്ടം അവതരിപ്പിക്കാനുള്ള ക്ഷണവും കിട്ടി നായിഡുവിന്. വീടിന്റെ സ്വീകരണമുറിയിൽത്തന്നെയുണ്ട് നായിഡു ജൂനിയർ ബുഷിന് കൈകൊടുത്തു നിൽക്കുന്ന വലിയ ചിത്രം. ചിത്രത്തിനു താഴെ ബുഷിനുള്ള അർച്ചന എന്നു തോന്നുംവിധം ബംഗനപ്പള്ളി മാമ്പഴത്തിന്റെ കൂമ്പാരവും. 

മഹാരാഷ്ട്ര, രാജസ്ഥാൻ, ആന്ധ്ര–തെലങ്കാന മേഖലകളിൽ ഏറെ പ്രചാരമുള്ള ചെറുധാന്യ (millet)വിളയായ ജോവാർ അഥവാ സോർഗം എന്നു വിളിക്കുന്ന അരിച്ചോളമാണ് പാടത്ത് ഇക്കുറി നായിഡുവിന്റെ മുഖ്യ കൃഷി. വെള്ളം പരിമിതമായി മാത്രം വേണ്ട വിളയാണ് സോർഗം. ജലക്ഷാമമുള്ള പ്രദേശങ്ങൾക്കു യോജിച്ച ഇനം. കേരളത്തിലും കൃഷി ചെയ്യാം. ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മില്ലറ്റ്സ്  റിസർച്ച്(IIMR) ഒാരോ കാലാവസ്ഥയ്ക്കും യോജിച്ച സോർഗം ഇനങ്ങളും അവകൊണ്ടു തയാറാക്കാവുന്ന ഒട്ടേറെ വിഭവങ്ങളും വികസിപ്പിെച്ചടുത്തിട്ടുണ്ട്. മന്ദഗതിയിൽ മാത്രം ദഹിക്കുന്നതായതിനാൽ സോർഗംകൊണ്ടുള്ള ഭക്ഷ്യവിഭവങ്ങൾ അമിതവണ്ണമുള്ളവർക്കും പ്രമേഹരോഗികൾക്കുമെല്ലാം ഉത്തമം. 

ചന്ദ്രശേഖർ റാവുവിന്റെ ക്ഷേമപദ്ധതികൾ കർഷകരിൽ ഉണർവുണ്ടാക്കിയിട്ടുണ്ടെന്ന് നായിഡു. തെലുങ്കുദേശം പാർട്ടി നേതാവും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ നാടായ ചിറ്റൂരിൽ ജനിച്ച നാഗരത്നം നായിഡുവിന് പക്ഷേ ചില വിമർശനങ്ങളുമുണ്ട്. ‘‘രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിച്ച് മണ്ണും വെള്ളവും മലിനമാക്കുന്ന കർഷകർക്കാണ് സർക്കാർ ആനുകൂല്യങ്ങളത്രയും. ജൈവകൃഷിക്കാരെ കാര്യമായി പരിഗണിക്കുന്നില്ല. ഇടനിലക്കാരുടെ ചൂഷണങ്ങളിൽനിന്ന് വിപണികളെ സ്വതന്ത്രമാക്കാനുള്ള ശ്രമങ്ങളും ശക്തമാകണം.’’ തണൽമരങ്ങൾക്കു താഴെയുള്ള ഇരിപ്പിടങ്ങളിൽ വന്നിരുന്ന് നായിഡുവിന്റെ ജൈവകൃഷി ക്ലാസുകൾ കേട്ടുപോയവർ നൂറുകണക്കിനുണ്ട്; മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ. സിമന്റു ബെഞ്ചുകൾ മോടിപിടിപ്പിച്ചും ഫാം ഹൗസിൽ കൂടുതൽ സൗകര്യങ്ങളൊരുക്കിയും ഫാം ടൂറിസത്തിലേക്കു കൂടി ശ്രദ്ധിക്കാനൊരുങ്ങുകയാണ് നായിഡു. അഞ്ചു കിലോമീറ്റർ അകലെയുള്ള രാമോജിറാവു ഫിലിംസിറ്റി കാണാനെത്തുന്നവരിൽ ചിലരെങ്കിലും തന്റെ ജൈവകൃഷിയിടവും സന്ദർശിക്കുമെന്ന് ഇദ്ദേഹം  കണക്കുകൂട്ടുന്നു. 

നഗരത്തിരക്കിലൂടെ വൈകിട്ടത്തെ മടക്കയാത്രയ്ക്കിടയിൽ നായിഡുവിനോടു ചോദിച്ചു, ‘കൃഷിയിൽനിന്ന് എത്രയുണ്ട് വരുമാനം?’ നീട്ടി ഹോൺ മുഴക്കിയും ട്രാഫിക് ബ്ലോക്കിനെ ശപിച്ചും വീട്ടിലെത്താൻ ധൃതിപിടിക്കുന്ന ഉദ്യോഗസ്ഥരുടെ ബഹളത്തിനിടയിൽ നായിഡുവിന്റെ ശാന്തമായ ശബ്ദം, ‘‘നല്ല പ്രാക്ടീസുള്ള ഡോക്ടർക്കു കിട്ടുന്നതിനെക്കാൾ കൂടുതൽ.’’ 

ഫോൺ: 9440424463

 

വിപണി വീട്ടിൽത്തന്നെ

ജൈവ കർഷകൻ, പരീക്ഷണ കർഷകൻ, മാതൃകാകർഷകൻ എന്നെല്ലാമുള്ള കീർത്തി പണ്ടേയുണ്ട് ജി.എൻ. നായിഡുവിന്. ലഭിച്ച പുരസ്കാരങ്ങൾ മുന്നൂറിലേറെ വരും. സുസ്ഥിര ജൈവകൃഷിയാണ് നായിഡുവിന്റെ മുദ്രാവാക്യം. വർഷം മുഴുവൻ വരു

മാനം നല്‍കുന്ന സമ്മിശ്ര കൃഷി. 

DSCN6056

ആന്ധ്രാപ്രദേശിൽ പലയിടത്തും ജൈവകൃഷിക്കു വർഷങ്ങൾ മുമ്പേ പ്രചാരമുണ്ട്. വാറംഗലിനടുത്തുള്ള എനബാവി ഗ്രാമത്തിലെ കർഷകർ ഒന്നാകെ ജൈവകൃഷിയിലേക്കു തിരിഞ്ഞത്  വലിയ വാർത്തയായതുമാണ്. എന്നാൽ അതിനൊക്കെ മുമ്പ്, തന്റെ തരിശുഭൂമിയെ ഫലഭൂയിഷ്ഠമാക്കാൻ നായിഡു ആശ്രയിച്ചത് നാടൻപശുക്കളെയും ജൈവവളങ്ങളെയും. അന്നു പക്ഷേ വിപണിയിൽ ജൈവോൽപന്നങ്ങൾക്ക് മുൻതൂക്കമൊന്നും ലഭിച്ചില്ല. ഇന്ന് അതല്ല സ്ഥിതി. ഉൽപന്നങ്ങളുമായി വിപണി അന്വേഷിച്ചു നടക്കുന്ന പതിവ് നായിഡുവിനില്ല. ആവശ്യക്കാർ വീട്ടിലെത്തും. സ്ഥിരം ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അറിയാനും ലഭ്യമായ ഉൽപന്നങ്ങൾ ഏതൊക്കെ എന്ന് അവരെ അറിയിക്കാനും ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട് നായിഡു. 

ആഴ്ചയിൽ രണ്ടു ദിവസം– ഞായറും ബുധനും– വീട്ടിൽ വിപണി. തലേന്ന് വിളവെടുത്ത് സ്വീകരണമുറിയിൽ അടുക്കിവയ്ക്കുന്ന ജൈവപച്ചക്കറികൾ വാങ്ങാൻ രാവിലെ മുതൽ ആളുകളെത്തും. തൂക്കി വിൽക്കാനും ബില്ലെഴുതി നൽകാനും ഭാര്യയുമുണ്ടാകും. ശനിയും വ്യാഴവും ജൈവകടകൾക്കായി മാറ്റിവച്ചിരിക്കുകയാണ്. അവരും വീട്ടിൽ വന്നു വാങ്ങും. നാടൻപാലിനും നല്ല മാർക്കറ്റുണ്ടെന്ന് നായിഡു. വിപണിയിലെ വിലയല്ല നായിഡുവിന്റെ വില. ജൈവോൽപന്നത്തിന്റെ വില കർഷകൻ നിശ്ചയിക്കുന്നതാണെന്നു നായിഡു. 

മാമ്പഴവും ഞാവലും ഇലക്കറികളുമാണ്  ഈ സീസണിൽ നായിഡുവിന്റെ വരുമാനമാർഗം. നെരടു എന്ന് തെലുങ്കിൽ പറയുന്ന ഞാവലിനു കിലോയ്ക്ക് 180–200 രൂപ വില കിട്ടും. ഏഴിനം മാവുകളുണ്ട് നായിഡുവിന്റെ തോട്ടത്തിൽ. കേസരിയും ബംഗനപ്പള്ളിയും സുവർണരേഖയും മല്ലികയുമെല്ലാം മികച്ച വില ലഭിക്കുന്ന മാമ്പഴങ്ങൾ. മുഖ്യ വരുമാനവും ഇതിൽനിന്നുതന്നെ. ഒടിച്ചു വച്ചിരിക്കുന്ന വാഴക്കൂമ്പിനെക്കുറിച്ചു ചോദിച്ചപ്പോൾ, ഹൈദരാബാദിലെ മലയാളികളാണ് അതിന്റെ ആവശ്യക്കാരെന്ന് നായിഡു. 

ഉദ്യാനസസ്യങ്ങളാണ് മറ്റൊരു വരുമാനമാർഗം. നമ്മുടെ നാട്ടിൽ ഇപ്പോഴാരും കാര്യമായി പരിഗണിക്കാത്ത മേയ് ഫ്ലവർ കൃഷിയായിത്തന്നെ ചെയ്യുന്നു. പൂവൊന്നിന് 50 രൂപ ലഭിക്കും. ഹെലിക്കോണിയയുമുണ്ട് സമൃദ്ധമായി. വേനലിൽ വെള്ളരിയിൽനിന്നും ഇലക്കറികളിൽനിന്നും മികച്ച ആദായം. മുനിരത്നം അമ്മയാണ് ഇലക്കറിക്കൃഷിക്ക് മുന്നിട്ടിറങ്ങുക. പത്തിലേറെ ഇനങ്ങൾ. ചെറിയൊരു കെട്ടിന് 25 രൂപ വിലയിട്ടാണ് വിൽപന.