Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷകർക്ക് ഈ ആനുകൂല്യങ്ങൾ മുതലാക്കാം

two-people-plant-coconut

സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്ന കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും വേണ്ട മുഴുവൻ പിന്തുണയും അതതു ജില്ലകളിലെ കൃഷി ഓഫിസുകൾ വഴി ലഭിക്കും. കൃഷിക്കും ജലസേചനത്തിനും കാർഷികോൽപന്നങ്ങളുടെ വിൽപനയ്ക്കുമായി ഒരുപിടി ആനുകൂല്യങ്ങൾക്കു കൃഷിവകുപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുന്ന സമയമാണിപ്പോൾ.  

ഓരോ ജില്ലയ്ക്കും അനുവദിച്ചിട്ടുള്ള പദ്ധതികളുടെ എണ്ണം വ്യത്യസ്തമായതിനാൽ എല്ലാ ആനുകൂല്യങ്ങളും എല്ലാ ജില്ലയിലും ലഭിക്കണമെന്നില്ല. ചില സഹായങ്ങൾ വ്യക്തിഗത ഇനങ്ങളാണെങ്കിൽ മറ്റു ചിലത് കർഷക ഗ്രൂപ്പുകൾക്കു വേണ്ടി മാത്രമുള്ളതാണ്. ഓരോ പഞ്ചായത്തിലെയും  കൃഷിഭവനിൽ പദ്ധതികളുടെ വിശദാംശം ലഭിക്കും. 

നിലവിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ള ധനസഹായ പദ്ധതികളെക്കുറിച്ച്:

ഇക്കോഷോപ്

കാർഷികോൽപന്നങ്ങൾ വിൽക്കാൻ ഇക്കോഷോപ് സ്ഥാപിക്കാൻ കർഷകർക്ക് രണ്ടു ലക്ഷം രൂപ വരെ സഹായം. കട ഒരുക്കാനും നടത്തിപ്പിനും പ്രത്യേക സഹായം.

പോളി ഹൗസ്

പച്ചക്കറി കൃഷിക്കായി പോളി ഹൗസ് നിർമിക്കാനുള്ള  ചെലവിന്റെ 75 ശതമാനം വരെ സബ്സിഡി

ഷെയ്ഡ്നെറ്റ് 

ഒരു ചതുരശ്ര മീറ്ററിന് 355 രൂപ മുതൽ നെറ്റ് കെട്ടാൻ വിസ്തീർണത്തിനനുസരിച്ചു സഹായം. 

പായ്ക്കിങ് കേന്ദ്രം

ഉൽപാദിപ്പിക്കുന്ന കാർഷിക വിളകൾ പായ്ക്കറ്റിലാക്കി ബ്രാൻഡ് ചെയ്തു വിൽക്കാനുള്ള സഹായം. ഒൻപതു മീറ്റർ നീളവും ആറ് മീറ്റർ വീതിയുമുള്ള പാക്കിങ് കേന്ദ്രങ്ങൾ നിർമിക്കാൻ രണ്ടുലക്ഷം രൂപ വരെ സഹായം. പായ്ക്കിങ്ങിനും ഉൽപന്നങ്ങൾ കേടു കൂടാതെ സൂക്ഷിക്കാനുമുള്ള പരിശീലനം കൃഷി വകുപ്പ് നേരിട്ടു നൽകും. 

പഴം പഴുപ്പിക്കൽ കേന്ദ്രം

ചക്ക, മാങ്ങ അടക്കമുള്ള ഫലങ്ങൾ ജൈവരീതിയിൽ പഴുപ്പിക്കാനുള്ള കേന്ദ്രങ്ങൾ തുടങ്ങാൻ അൻപതു ശതമാനം സബ്സിഡി. രണ്ടുലക്ഷം രൂപ വരെ

ശീതീകരണി

ജൈവ രീതിയിൽ ഉൽപന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ തയാറാക്കുന്ന പ്രകൃതിദത്ത ശീതീകരണിക്ക് 50 ശതമാനം വരെ ധനസഹായം.

പച്ചക്കറി 

സഹകരണ അടിസ്ഥാനത്തിൽ കൃഷി നടത്തുന്നവർക്ക് ഹെക്ടറിന് 20,000 രൂപ വരെ സഹായം. വിത്ത് കർഷകർ സ്വന്തനിലയ്ക്കു വാങ്ങണം.

പൂക്കൃഷി 

ഓർക്കിഡ്, ആന്തൂറിയം പോലുള്ള പൂക്കളുടെ 1000 ചെടി കൃഷി ചെയ്യാൻ 40,000 രൂപ വരെ സഹായം. ഏറ്റവും ചുരുങ്ങിയത് 500 ചെടിയെങ്കിലും കൃഷി ചെയ്യണം. മുല്ല, ജമന്തി പോലുള്ള പൂക്കളുടെ കൃഷിക്ക് ഹെക്ടറിന് 16000 രൂപ വരെ ധനസഹായം.

കൂൺകൃഷി

80–100 വരെയുള്ള ബെഡ്ഡുകൾ ഉൽപാദിപ്പിക്കുന്ന കർഷകർക്ക് ആകെ ഉൽപാദനച്ചെലവിന്റെ 50 ശതമാനം സഹായം. ഇക്കോഷോപ്പുകൾ, ആഴ്ച ചന്തകൾ എന്നിവിടങ്ങളിലൂടെ വിൽപന നടത്താം.

ജലസേചനം

∙പമ്പ് സെറ്റ് സ്ഥാപിക്കൽ

പമ്പ് സെറ്റ് സ്ഥാപിക്കാൻ 15,000 രൂപ വരെ ധനസഹായം 

∙ കുഴൽ കിണർ കുഴിക്കാൻ 15,000 രൂപ വരെ ധനസഹായം

തുള്ളിനന

പരിധിയില്ലാതെ ജലസേചനം നടത്തിയാൽ മെച്ചപ്പെട്ട ഫലം ലഭിക്കില്ല. അതിനാൽ കൃഷിക്ക് ആവശ്യമായ അളവിൽ മാത്രം ജലം ലഭ്യമാക്കാനാണ് തുള്ളിനന ഏർപ്പെടുത്തുന്നത്. തുള്ളിനന സൗകര്യങ്ങൾ ഏർപ്പെടുത്താൻ ആകെ ചെലവിന്റെ 55 ശതമാനം വരെ ധനസഹായം ലഭിക്കും. 

ജലസംഭരണി: ഇരുപത് മീറ്റർ നീളവും വീതിയും മൂന്ന് മീറ്റർ ആഴവുമുള്ള ജലസംഭരണി നിർമിക്കാൻ 75000 രൂപ വരെ ധനസഹായം. ഒരു ഹെക്ടർ കൃഷിഭൂമിക്ക് ഈ സംഭരണി കൊണ്ട് പ്രയോജനമുണ്ടാകണം. 

കുളങ്ങളുടെ പുനരുദ്ധാരണം 

കൃഷിയിടങ്ങളോടു ചേർന്നുള്ള പഴയ കുളങ്ങൾ നവീകരിക്കാൻ 15,000 രൂപ വരെ ധനസഹായം

ഉപകരണങ്ങൾ 

പവർടില്ലർ, ട്രാക്ടർ, കാട് വെട്ടുന്ന യത്രം എന്നിവ വാങ്ങാൻ ആകെ ചെലവിന്റെ  50 ശതമാനം വരെ ധനസഹായം.