Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവസരങ്ങളുടെ കൃഷിയിടം

കാടും വീടും കഴിഞ്ഞാൽ വയനാട്ടിൽ പിന്നെയുള്ളതെല്ലാം കൃഷിഭൂമിയാണ്. ഭക്ഷ്യവിളകളും നാണ്യവിളകളും സുഗന്ധ വ്യജ്ഞനങ്ങളും നിറഞ്ഞുവിളയുന്ന നാട്. വയൽനാട്ടിൽ നിന്നാണ് വയനാടെന്ന വാക്കിന്റെ ഉൽപത്തിയെന്നും ഒരു പക്ഷമുണ്ടല്ലോ.വയലേലകളും കാടും നിറഞ്ഞ ഇവിടേക്ക് ബ്രിട്ടീഷുകാരുടെ വരവോടെ കാപ്പിയും കുരുമുളകും തേയിലയും നാമ്പെടുത്തു. മദ്രാസിലെ പ്യാരി ആൻഡ് കമ്പനിയുടെ പാർട്ണർമാരിലൊരാൾ 1820 ലാണ് വയനാട്ടിലെ ആദ്യത്തെ കാപ്പിത്തോട്ടം ആരംഭിച്ചത്. 

1892 ൽ ഇതേ കമ്പനി തന്നെ തേയിലത്തോട്ടവും തുടങ്ങി.1875 പവ്വൽ എന്ന ഇംഗ്ളീഷുകാരനാണ് വയനാട്ടിൽ ആദ്യത്തെ കുരുമുളക് തോട്ടം സ്ഥാപിച്ചത്. പിന്നീട് കുടിയേറ്റം ശക്മായതോടെ കറുത്ത പൊന്നിന്റെ നാടായി മാറി വയനാട്. പക്ഷേ, ഇന്ന് വയലുകൾ കുറഞ്ഞു.കുരുമുളക് ദ്രുതവാട്ടം വന്ന് നശിച്ചു. 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇഞ്ചിവിളഞ്ഞിരുന്ന നാട്ടിൽ നിന്ന് ഇഞ്ചിക്കൃഷിക്ക് സ്ഥലം തേടി വയനാട്ടുകാർ മറുനാട്ടിലേക്ക് കുടിയേറി.കൃഷിമേഖല പാടെ തകർന്നു തുടങ്ങിയ വയനാടിനെ കരകയറ്റാനുള്ള ശ്രമങ്ങൾ കൃഷിവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടെന്നുള്ളത് ആശ്വാസകരമാണ്. 

കുരുമുളകും കാപ്പിയും എന്നു പറഞ്ഞിരുന്നിടത്തു നിന്ന് പഴങ്ങളും പൂക്കളും കൃഷി ചെയ്യാനും നമ്മുടെ നാട് തുടങ്ങിയിരിക്കുന്നു. ഒപ്പം കുരുമുളക് കൃഷിയെ സംരക്ഷിക്കാനും പച്ചക്കറി വ്യാപകമാക്കാനും പദ്ധതികൾ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു.  

കുരുമുളകിന് വയനാട് പാക്കേജ്

വയനാട് പാക്കേജിലൂടെ നിരവധി പദ്ധതികളും ആനുകൂല്യങ്ങളുമാണ് കുരുമുളക് കൃഷി സംരക്ഷണത്തിനായി വിഭാവനം ചെയ്തിട്ടുള്ളത്. കുരുമുളക് കൃഷിക്ക് ലഭിക്കുന്ന സബ്സിഡികൾ

1. താങ്ങുകാൽ- കുരുമുളകിന് പമ്പരാഗതമായി ഉപയോഗിച്ചിരുന്ന താങ്ങുകാലായ മുരിക്ക് ജില്ലയിലാകമാനം നശിച്ചുപോയതിനാൽ പകരം കാൽ സ്ഥാപിക്കുന്നതിന് ഒന്നിന് 10 രൂപ നിരക്കിൽ നൽകും. 

2. കുരുമുളക് വിസ്തൃതി വ്യാപനം -പുതിയ കുരുമുളകു വള്ളി വച്ചുപിടിപ്പിക്കുന്നതിന് ഹെക്ടർ ഒന്നിന് 20,000 രൂപ ലഭിക്കും.

3.കുരുമുളകിന്റെ സമഗ്ര വികസനം- നിലവിലുള്ള വള്ളി സംരക്ഷിക്കുന്നതിന് ഹെക്ടർ ഒന്നിന് 20,000 രൂപ ലഭിക്കും.

4.ദ്രുതവാട്ട പ്രതിരോധം -ബോർഡോ  മിശ്രിതവും കോപ്പർ ഓക്സി ക്ളോറൈഡും സ്പ്രേ ചെയ്യുന്നതിനും കുമ്മായം വിതറുന്നതിനും ഹെക്റിന് 10,000 രൂപ ലഭിക്കും

5.നടീൽ വസ്തുക്കളുടെ ഉൽപാദനം കോളം മാതൃകയിൽ- ജിഐ പൈപ്പ് ഉപയോഗിച്ച് കാലുകളുണ്ടാക്കി (കുറഞ്ഞത് 250 താങ്ങുകാൽ വേണം) കുരുമുളക് തൈ ഉത്പാദിപ്പിക്കുന്ന യൂണിറ്റിന് 2.5 ലക്ഷം രൂപ സബ്സിഡി ലഭിക്കും. ഇത് വർഷത്തിൽ ഒരു കൃഷിഭവനു കീഴിൽ ഒരു യൂണിറ്റാണ് അനുവദിക്കുക

6.കുരുമുളക് നഴ്സറി-കുറഞ്ഞത് 50,000 കൂടത്തൈകൾ ഉൽപാദിപ്പിക്കുന്ന നഴ്സറിക്ക് 30,000 രൂപയുടെ ധനസഹായം ലഭിക്കും. 

7.മാതൃസസ്യ സംരക്ഷണം-വള്ളികൾ നടീലിനായി മുറിച്ചെടുക്കാവുന്നതും പൂർണ ആരോഗ്യത്തോടെ സംരക്ഷിക്കപ്പെടുന്നതുമായ കുരുമുളക് കൊടി ഒന്നിന് 250 രൂപ തോതിൽ ലഭിക്കും. ഇത് ഹെക്ടർ ഒന്നിന് 1.25 ലക്ഷം രൂപ വരെ ഒരു കർഷകന് ലഭിക്കും. 

8.ഫാം സ്കൂൾ- കുരുമുളക് വള്ളികൾ നന്നായി പരിപാലിക്കുന്ന ഒരു കർഷകന്റെ കൃഷിയിടത്തിൽ വച്ച് സമീപ പ്രദേശങ്ങളിലെ കുറഞ്ഞത് 25 കർഷകർക്ക് 14 ദിവസം കൃഷി പരിശീലനം നൽകുന്ന പദ്ധതി. ക്ലാസ് നടക്കുന്ന കൃഷി സ്ഥലത്തിന്റെ ഉടമയ്ക്ക്10,000 രൂപ ലഭിക്കും.പുറമെ 75,000 രൂപ മുടക്കിയാണ് കൃഷി വകുപ്പ് 14 ദിവസം പരിശീലന പരിപാടി നടത്തുന്നത്.

9.പുതിയ ആശയങ്ങൾ-കേടില്ലാതെ നല്ല വിളവോടെ കരുമുളക് കൃഷി നടത്താൻ പുതിയ ആശയങ്ങളുടെ പിൻബലത്തിൽ പദ്ധതി തയാറാക്കി നൽകുന്ന കർഷകന് അത് നടപ്പാക്കാൻ ഒരു ലക്ഷം രൂപ വരെ നൽകും. 

10. കുരുമുളക് സമിതി- 10,000 രൂപ വരെ സമിതികൾക്ക് പ്രവർത്തന ഫണ്ട് ലഭിക്കും. 

11. കുമ്മായം-ഏക്കറിന് 240 കിലോ എന്ന തോതിൽ 75% സബ്സിഡി നിരക്കിൽ കൃഷിഭവനുകളിൽ നിന്ന് കുമ്മായം ലഭിക്കും.

പുതിയ കൃഷിയായി പഴങ്ങളും പൂക്കളും‌

പഴങ്ങളും പൂക്കളും കൃഷി ചെയ്യുതിന്് വയനാട് ജില്ലയ്ക്ക് മാത്രമായി പ്രത്യേക പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്.ജില്ലയിലെ പത്തു പ്രദേശങ്ങളെ ഫ്രൂട്ട് വില്ലേജുകളായി പ്രഖ്യാപിച്ചു കൊണ്ടാണ്് പദ്ധതിക്ക് തുടക്കമിട്ടത്.  ഫാഷൻ ഫ്രൂട്ട് മാംഗോസ്റ്റിൻ, ലിച്ചി,അവുക്കാഡോ,പപ്പായ, റംബൂട്ടാൻ എന്നിവയാണ്  കൃഷിക്ക് തിരഞ്ഞെടുത്തിട്ടുള്ള പഴങ്ങൾ. ഗ്രാമസഭകളിൽ നിന്ന് കർഷകരുടെ അന്തിമ പട്ടിക ലഭ്യമായാൽ തൈവിതരണം തുടങ്ങും.

ബത്തേരി കൃഷിഭവന്റെ കീഴിൽ പൂകൃഷി തുടങ്ങിക്കഴിഞ്ഞതായി കൃഷി ഓഫിസർ ടി.എസ്. സുമിന പറഞ്ഞു. .ഓർക്കിഡ് ആന്തൂറിയം, ജറബെറ,കുറ്റിമുല്ല, ഗ്ളാഡിയോലസ്,വാടാർമുല്ല, ചെണ്ടുമല്ലി, റോസ് എന്നിവയാണ് കൃഷി ചെയ്യുന്നത്. കുറഞ്ഞത് 10 സെന്റ് സ്ഥലത്തോ അല്ലെങ്കിൽ 1000 ചെടികളോ കൃഷി ചെയ്യണം. കർഷകരുടെ  നേതൃത്വത്തിൽ കലക്‌ഷൻ സെന്ററും സ്ഥാപിക്കും ബത്തേരിയിലെ കലക്‌ഷൻ സെന്ററിന് ഒരു ലക്ഷം രൂപ സബ്സിഡി നൽകിക്കഴിഞ്ഞു.പഴങ്ങൾക്കും പൂക്കൾക്കുമായി 20 ലക്ഷം രൂപയുടെ പ്രോജക്ട് സമർപ്പിച്ചിട്ടുണ്ട്. അത് അനുവദിച്ചുവരുന്ന മുറയ്ക്ക് രണ്ടു കൃഷികളും വ്യാപിപ്പിക്കുകയും സഹായങ്ങൾ എത്തിക്കുകയും ചെയ്യും.

നെൽക്കൃഷി വികസന പദ്ധതി

1.സുസ്ഥിര നെൽക്കൃഷി വികസന പദ്ധതി പ്രകാരം എല്ലാ നെൽകർഷകർക്കും ഹെക്ടർ ഒന്നിന് 5500 രൂപ സബ്സിഡി ലഭിക്കും

2.ഗന്ധകശാല,ജീരകശാല തുടങ്ങിയ സുഗന്ധ നെൽക്കൃഷിക്ക്  ഹെക്ടറിന് 10,000 രൂപ ലഭിക്കും

3.തരിശുഭൂമിയിൽ നെൽക്കൃഷി ചെയ്താൽ ആദ്യ വർഷം 30,000 രൂപയും രണ്ടാം വർഷം 7500 രൂപയും മൂന്നാം വർഷം 5000രൂപയും ഹെക്ടറിന് സബ്സിഡി ലഭിക്കും.

4.കരനെൽക്കൃഷിക്ക് ഹെക്ടർ ഒന്നിന് 13,600 ലഭിക്കും.

5.പാടശേഖര സമിതികൾക്ക് പ്രവർത്തന ഫണ്ടായി ഹെക്ടറിൽ ഒന്നിന് 360രൂപ തോതിൽ ലഭിക്കും. ‌

6.നഗരസഭകളും പഞ്ചായത്തുകളും നെൽക്കൃഷി പ്രോത്സാഹനമായി ജനകീയാസൂത്രണ പദ്ധതിയിലൂടെ ഹെക്ടറിന് 17,000 രൂപ നൽകും. കൃഷിഭവൻ മുഖേന നൽകുന്ന ആനുകൂല്യത്തിന് പുറമെയാണിത്. 

7.സ്ഥാപനങ്ങൾക്ക് പദ്ധതി അടിസ്ഥാനത്തിൽ കുറഞ്ഞത് 2.5 ഏക്കറിൽ നെൽക്കൃഷി ചെയ്യുന്നതിന് ഒരു ലക്ഷം രൂപ ലഭിക്കും.

മറ്റു ചില വിളകൾക്കുള്ള ആനുകൂല്യങ്ങൾ

1.ഇഞ്ചിയുടെ വിസ്തൃതി വ്യാപനത്തിന് ഹെക്ടറിന് 10,000 രൂപ സബ്സിഡി

2.കരവാഴയ്ക്ക്10,000 രൂപ സബ്സിഡി

3.കിഴങ്ങുവർഗ വ്യാപനത്തിന് ഹെക്ടറിന് 20,000 രൂപ സബ്സിഡി

4.കൂൺ കൃഷിക്ക് ഒരു യൂണിറ്റിന് 9000 രൂപ സബ്സിഡി

5.കുള്ളൻ തെങ്ങുകൾ 50 സെന്റിൽ കൃഷി ചെയ്യുന്ന മാതൃകാ യൂണിറ്റിന് 40,000 രൂപ ലഭിക്കും

6.തെങ്ങു മുറിച്ചുമാറ്റുന്നതിന് 500 രൂപ സബ്സിഡി

7.തെങ്ങിൻ തൈകൾക്ക് 50% സബ്സിഡി

8.തെങ്ങിന് തടമെടുക്കുന്നതിന് ഒന്നിന് 30 രൂപ സബ്സിഡി

പച്ചക്കറി നിറയ്ക്കാൻ പദ്ധതികളും സഹായങ്ങളും

എല്ലാ വീടുകളും പച്ചക്കറി ഉൽപാദത്തിൽ സ്വയം പര്യാപ്തരാവുക എന്നതിനൊപ്പം നല്ല വിപണി കണ്ടെത്തി കർഷകന് വരുമാനമുണ്ടാക്കാനും പച്ചക്കറിക്കൃഷിയിൽ കൃഷിവകുപ്പിന് പദ്ധതികളുണ്ട്. 

1.പച്ചക്കറിതൈകൾ നടുന്നതിന് നിറച്ച ഗ്രോബാഗുകൾ 25 എണ്ണം 500 രൂപ ഗുണഭോക്തൃ വിഹിതം നൽകിയാൽ ലഭിക്കും. ഗ്രോബാഗ് വാങ്ങിയവർക്ക് തുടർന്നുള്ള വർഷങ്ങളിൽ തൈകൾ വിതരണം ചെയ്യും.  

2.ജൈവമാലിന്യ സംസ്കരണ കംപോസ്റ്റ് കുഴിയ്ക്ക് 50% സബ്സിഡി

3.തുള്ളിനന സൗകര്യമൊരുക്കുന്നതിന് 50% സബ്സിഡി

4.പമ്പ് സെറ്റിന് 50% സബ്സിഡി 10,000 രൂപ വരെ

5.തരിശുഭൂമിയിൽ പച്ചക്കറിക്കൃഷി നടത്തുന്നിന് രണ്ടേക്കറിന് 30,000 രൂപ

6.പരമ്പരാഗത പച്ചക്കറി വിത്തിനങ്ങൾ കൃഷി ചെയ്യുന്നതിന് ഏക്കറിന് 10,000 രൂപ ലഭിക്കും

7.ദീർഘകാല പച്ചക്കറി ഇനങ്ങളുടെ നടീൽ വസ്തുക്കളുടെ കിറ്റ് വിതരണത്തിന് 50% സബ്സിഡി.

8.റസിഡൻസ് അസോസിയേഷനുകളെ ഉൾപ്പെടുത്തി ഹരിത ഗ്രൂപ്പ് രൂപീകരിച്ച് പച്ചക്കറിക്കൃഷി ചെയ്യുന്നതിന് 50,000രൂപ

9.മഴക്കാലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിന് മഴമറയുണ്ടാക്കുന്നതിന് 50,000 രൂപ

10.പച്ചക്കറിക്കൃഷിയിലെ പുതിയ ആശയങ്ങളിൽ പദ്ധതി തയാറാക്കി നൽകിയാൽ ആവശ്യമായ ധനസഹായം ലഭിക്കും.

11.കാൽ സെന്റ് സ്ഥലത്ത് പോളിഹൗസിൽ പച്ചക്കറിക്കൃഷി നടത്തുന്നതിന് 45,000 രൂപയും അര സെന്റിലെ പോളിഹൗസിൽ  പച്ചക്കറിക്കൃഷി നടത്തുന്നതിന് 60,000 രൂപയും സബ്സിഡി ലഭിക്കും.

12.വിദ്യാലയങ്ങളിലെ പച്ചക്കറിക്കൃഷിയ്ക്ക് 4000 രൂപയുടെ ആനുകൂല്യം

13. മുഴുവൻ സ്കൂൾ വിദ്യാർഥികൾക്കും വിവിധയിനം പച്ചക്കറികളുടെ വിത്തടങ്ങിയ കിറ്റുകൾ കൃഷിഭവൻ മുഖേന എത്തിച്ചുനൽകി. 

14.ഗ്രാമസഭകൾ വഴി എല്ലാ വീടുകളിലേക്കും പച്ചക്കറി കിറ്റുകൾ എത്തിച്ചു.

15.ക്ലസ്റ്റർ അടിസ്ഥാനത്തിൽ 25 മുതൽ 30 വരെ കർഷകർ ചേർന്ന് പച്ചക്കറിക്കൃഷി ചെയ്യുന്നതിന് ആദ്യ വർഷം 75,000 രൂപ സബ്സിഡി ലഭിക്കും. രണ്ടാം വർഷം എ ഗ്രേഡ് സർട്ടിഫിക്കറ്റ് നേടിയാൽ ആ ഗ്രൂപ്പിന് കൃഷിയുടെ വിവിധ പ്രവർത്തനങ്ങൾക്കായി 6.3 ലക്ഷം രൂപ സബ്സിഡി നൽകും. ബി ഗ്രേഡാണെങ്കിൽ ഒരുലക്ഷം രൂപ നൽകും.

16. മൂല്യവർധിത പച്ചക്കറിക്കൃഷിക്ക് പദ്ധതി അടിസ്ഥാനത്തിൽ 1.5 ലക്ഷം രൂപ ലഭിക്കും

17.സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾക്ക് പദ്ധതി അടിസ്ഥാനത്തിൽ കുറഞ്ഞത് 50 സെന്റിൽ പച്ചക്കറിക്കൃഷി നടത്താൻ രണ്ടു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും

18.കുറഞ്ഞത് 50 സെന്റിൽ പച്ചക്കറിക്കൃഷി നടത്തുന്ന കർഷകന് 75% സബ്സിഡി (30,000)ലഭിക്കും. 

19.കുറഞ്ഞത് 25 സെന്റിൽ കൃഷി ചെയ്യുന്ന കർഷകന് 15,000 രൂപ സബ്സിഡി ലഭിക്കും.

20.കറിവേപ്പ്,മുരിങ്ങ  തുടങ്ങിയ ദീർഘകാല പച്ചക്കറിക്കൃഷിക്കു 50% സബ്സിഡി ലഭിക്കും.

21.വാണിജ്യാടിസ്ഥാനത്തിൽ ദീർഘകാല പച്ചക്കറിക്കൃഷി നടത്തുന്നതിന്  50 സെന്റിന് 20,000 രൂപ ലഭിക്കും 

▅ ആനുകൂല്യങ്ങൾ ഏറെ

കൃഷിഭവനുകൾ മുഖേന നിരവധി ആനുകൂല്യങ്ങളാണ് കർഷകർക്ക് ഇന്ന് നൽകുന്നത്. വയനാടിന് പ്രത്യേക പാക്കേജുമുണ്ട് അതിനു പുറമെ ഫ്രൂട്ട് വില്ലേ‍‍ജ് പ്രഖ്യാപനവുമുണ്ട്. ത്രിതല പഞ്ചായത്തുകൾ വഴിയും ഗ്രാമസഭകളും കൃഷി സമിതികളും  വഴിയും കർഷകരിലേക്ക് ആനുകൂല്യങ്ങളുടെ വിവരങ്ങൾ എത്തിക്കുന്നുണ്ടെങ്കിലും ഇതൊന്നുമറിയാത്തവർ ഇന്നും ഏറെയുണ്ട്. കൃഷിവകുപ്പ് നൽകുന്ന ചില ആനുകൂല്യങ്ങളെക്കുറിച്ച് പറയുകയാണിവിടെ. അഞ്ചേക്കർ വരെ കൃഷിഭൂമിയുള്ളവർക്കാണ്  സബ്സിഡികളും ആനുകൂല്യങ്ങളും ലഭിക്കുന്നത്. ആനുകൂല്യങ്ങൾ ലഭിക്കാൻ അതത് കൃഷിഭവനുകളിലാണ് അപേക്ഷകൾ നൽകേണ്ടത്.

▅ കൃഷിയന്ത്രങ്ങൾക്ക് സബ്സിഡി 

ഏല്ലാത്തരം കൃഷിയന്ത്രങ്ങൾക്കും 50% സബ്സിഡി ലഭിക്കും. ഏതു യന്ത്രമാണോ വാങ്ങുന്നത് അതു സംബന്ധിച്ചുള്ള അപേക്ഷയും ക്വട്ടേഷനും കൃഷിഭവനിൽ നൽകണം.വ്യക്തിക്ക് 50 ശതമാണ് ലഭിക്കുന്നതെങ്കിൽ ഗ്രൂപ്പുകൾക്ക് 80% ലഭിക്കും.ട്രാക്ടർ വാങ്ങുന്നതിന് ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുമെന്നത് ചെറിയ കാര്യമല്ല. വ്യക്തിക്ക് ടാക്ടറിന് 2.2 ലക്ഷം രൂപ സബ്സിഡി ലഭിക്കും

▅ കുളത്തിന് 25 ലക്ഷം വരെ

പൊതു കുളത്തിന് 25 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. വ്യക്തിഗത കുളങ്ങൾക്ക് 90,000രൂപ വരെ സബ്സിഡി ലഭിക്കും.മണ്ണിര കംപോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 50% സബ്സിഡി ലഭിക്കും. പരമാവധി 50,000 രൂപയാണ് ലഭിക്കുക.

▅ ആത്മ ലീഡ്സ് പദ്ധതികൾ

കൃഷി ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും കൃഷിയിടങ്ങൾ സന്ദർശിച്ച് പരിശീലനങ്ങളും ആനുകൂല്യങ്ങളും ആത്മ,ലീഡ്സ് എന്നീ ഏജൻസികൾ വഴി നൽകുന്നു.

▅ വിള ഇൻഷുറൻസും പ്രകൃതിക്ഷോഭ ദുരിതാശ്വാസവും

എല്ലാ കാർഷിക വിളകളും കൃഷിഭവനുകൾ മുഖേന ഇൻഷുർ ചെയ്യാം. പ്രകൃതിക്ഷോഭം നിമിത്തവും വന്യജീവികൾ മുഖേനയും കൃഷിനാശം നേരിട്ടാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കേടുവന്ന് നശിച്ചാൽ ഇൻഷുർ  കിട്ടില്ല. വാഴ ഒന്നിന്  ഇൻഷുർ ചെയ്യാൻ മൂന്നു രൂപയാണ് അടയ്ക്കേണ്ടത്. 

പ്രകൃതിക്ഷോഭത്തിൽ വാഴ നശിച്ചാൽ പ്രകൃതിക്ഷോഭ ദുരിതാശ്വാസം വാഴയൊന്നിന് 100 രൂപയും ഇൻഷുർ തുക 300 രൂപയുമായി ആകെ 400 രൂപ കർഷകന് ലഭിക്കും. നെല്ല് ഇൻഷുർ ചെയ്താൽ ഹെക്ടറിന് 35,000 രൂപയും പ്രകൃതിക്ഷോഭ  ദുരിതാശ്വാസമായി ഹെക്ടറിന് 12,000 രൂപയും ലഭിക്കും. ഒരേക്കർ നെല്ല് ഇൻഷുർ ചെയ്യാൻ 100 രൂപയാണ് അടയ്ക്കേണ്ടത്.

▅ വിള ആരോഗ്യ പരിപാലന കേന്ദ്രം

ഒരോ ബ്ലോക്കിലും രണ്ട് വിള ആരോഗ്യ പരിപാലന കേന്ദ്രങ്ങളുണ്ട്. കർഷകർക്ക് അവർ കൃഷി ചെയ്യുന്ന കാർഷിക വിളകൾ സംബന്ധിച്ച് നേരിട്ട് ഉപദേശവും പരിശീലനവും ലഭിക്കും. ഇവിടങ്ങളിൽ പരിശോധനാ മുറികളും സജ്ജീകരിച്ചിട്ടുണ്ട്. രോഗ കീടബാധ നിർണയം, മണ്ണു പരിശോധന എന്നിവയും നടത്തും. 

▅ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കേണ്ട വിധം

കൃഷി ഓഫിസുകളുമായി ബന്ധപ്പട്ടാൽ അപേക്ഷയുടെ പകർപ്പ് ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് ദേശസാൽകൃത ബാങ്കിലുള്ള അക്കൗണ്ട് വിവരങ്ങളും പാസ് ബുക്കിന്റെ പകർപ്പും ആധാർ കാർഡിന്റെയും നികുതിച്ചീട്ടിന്റെയും പകർപ്പും നൽകിയാൽ മതി.

▅ കാർഷികപെൻഷൻ

കുറഞ്ഞത് 10 സെന്റ് മുതൽ പരമാവധി അഞ്ചേക്കർ വരെ ഭൂമിയുള്ളതും 1.5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനവുമുള്ള കുടുംബത്തിൽ 60 വയസ്സ് പൂർത്തിയായ ഒരാൾക്കാണ് കാർഷിക പെൻഷൻ ലഭിക്കുക. മാസം1100 രൂപയാണ് പെൻഷൻ തുക.