Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തമായുണ്ടാക്കാം വെന്ത വെളിച്ചെണ്ണ

coconut-oil

വെന്ത വെളിച്ചെണ്ണ (വെർജിൻ കോക്കനട്ട് ഒായിൽ) വീട്ടിലും വാണിജ്യാടിസ്ഥാനത്തിലും തയാറാക്കുന്നതിനു കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ മാർഗനിർദേശം

വിപണിയിൽ ഏറെ പ്രചാരം നേടുന്ന കേരോൽപന്നമാണ് വെർജിൻ കോക്കനട്ട് ഒായിൽ. രാസപ്രക്രിയകളൊന്നും കൂടാതെ പച്ചത്തേങ്ങയിൽനിന്നു നേരിട്ടെടുക്കുന്നതുകൊണ്ടാണ് ഇതിനെ വെർജിൻ വെളിച്ചെണ്ണയെന്നു പറയുന്നത്.

വെർജിൻ വെളിച്ച‍െണ്ണ തയാറാക്കുന്നതിനു പ്രധാനമായും മൂന്നു രീതികളാണുള്ളത്.

∙ തേങ്ങാപ്പാൽ ചൂടാക്കി എണ്ണ വേർതിരിച്ചെടുക്കുന്ന രീതി.

∙ തേങ്ങാപ്പാൽ പുളിപ്പിച്ച് എണ്ണ േവർതിരിച്ചെടുക്കുന്ന രീതി.

∙ തേങ്ങാപ്പാൽ സെൻട്രിഫ്യൂജിൽ‌വെച്ച് ഉയർന്ന വേഗത്തിൽ‌ കറക്കി എണ്ണ വേർതിരിക്കുന്ന രീതി.

തേങ്ങ ചിരവി കിട്ടുന്ന പീര ഉണക്കിയതിനുശേഷം പ്രസിൽ വച്ച് അമർത്തി എണ്ണയെടുക്കുന്ന സ‍ാങ്കേതികവിദ്യയുമുണ്ട്. തേങ്ങാപ്പീരയിൽനിന്നു പിഴിഞ്ഞെടുക്കുന്ന പാൽ തിളപ്പിച്ച് അതിൽ നിന്ന് എണ്ണയെടുക്ക‍ുന്നതാണ് പരമ്പരാഗരീതി. ഉരുക്കുവെളിച്ചെണ്ണ, വെന്ത വെളിച്ചെണ്ണ എന്നൊക്കെയാണ് പഴമാക്കാർ ഇതിനെ വിളിച്ചിരുന്നത്. ഈ രീതി നവീകരിച്ചതാണ് തേങ്ങാപ്പാൽ ചൂടാക്കി വെർ‍ജിൻ വെളിച്ചെണ്ണ തയാറാക്ക‍ുന്ന ഹോട്ട് പ്രോസസിങ് (hot processing) സാങ്കേതികവിദ്യ.

തേങ്ങ തിരഞ്ഞെടുക്കൽ : നല്ല മൂപ്പെത്തിയ, 11–12 മാസം പ്രായമായ തേങ്ങയാണു വേണ്ടത്.

ചിരട്ട നീക്കൽ: തൊണ്ടു നീക്കിയശേഷം പൊട്ടിക്കാതെ ചിരട്ട വേർപെടുത്തണം. ഇതിനായി മഴുവിന്റെ ആകൃതിയിലുള്ള ചെറിയ പ്രത്യേകതരം ഉപകരണം ഉപയോഗിക്കാം. ചിരട്ട അനായാസം വേഗത്തിൽ നീക്കം ചെയ്യാൻ വലിയ യന്ത്രങ്ങളും ലഭ്യമാണ്.

ടെസ്റ്റ് നീക്കൽ: നാളികേരക്കാമ്പിന്റെ പുറത്ത് തവിട്ടുനിറത്തിൽ കട്ടിയുള്ള ആവരണമാണ് ടെസ്റ്റ. വെർജിൻ വെളിച്ചെണ്ണയ്ക്കു തനതു നിറം കിട്ട‍ാൻ ഇതു ന‍ീക്കണം. ഉരുളക്കിഴങ്ങിന്റെയും മറ്റും തൊലിചെത്തി മാറ്റുന്നതിന് ഉപയോഗിക്കുന്ന തരം കത്ത‍ി ഇതിനുപയോഗിക്കാം. ഇത് ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ കാമ്പ് നഷ്ടപ്പെടാനിടയുണ്ട്. കാമ്പ് ഒട്ടും നഷ്ടപ്പെടാതെ വളരെ വേഗത്തിൽ ടെസ്റ്റ് നീക്കുന്നതിനുള്ള യന്ത്രേ‍ാപകരണം സി പി സി ആർ െഎ (കേന്ദ്ര തോട്ടവിള ഗവേഷണം സ്ഥാപനം ) വികസിപ്പിച്ചെടുത്തിട്ടുണ്ട്. വൈദ്യുതികൊണ്ടു പ്രവർത്തിക്കുന്ന ഈ യന്ത്രമുപയോഗിച്ച് ടെസ്റ്റ കാമ്പ് ഒട്ടും നഷ്ടപ്പെടാതെ പൊടിയായി നീക്കം ചെയ്യാം.

കാമ്പ് പൊട്ടിക്കൽ: ടെസ്റ്റ് നീക്കിയ കാമ്പ് വൈദ്യുതികൊണ്ടു പ്രവർത്തിക്കുന്ന യാന്ത്രമുപയോഗിച്ച് പൊടിച്ചെടുക്കാം.

മനുഷ്യപ്രയത്‍നമോ വൈദ്യുതിയോ കൊണ്ടു പ്രവർത്തിക്കുന്ന ചിരവ ഉപയോഗിച്ച് തേങ്ങ ചിരവിയെടുത്ത പീര കാമ്പ് പൊടിക്കുന്ന യന്ത്രത്തിലിട്ട് ഒന്നു കൂടി അരച്ചെടുത്തും തേങ്ങാപ്പാൽ വേർതിരിച്ചെടുക്കാം. ചിരവുമ്പോൾ ടെസ്റ്റ് ചിരട്ടയിൽത്തന്നെ നിലനിർത്താൽ ശ്രദ്ധിക്കണം.

തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കൽ: പൊടിച്ചെടുത്ത തേങ്ങയിൽ ഒരു കിലോ പീരയ്ക്കു 250 മി.ലീ എന്ന അളവിൽ ചെറുചൂടുവെള്ളം ഒഴിച്ച് നന്നായി ഇളക്കണം അതിനുശേഷം തേങ്ങാപ്പ‍ീര പ്രസിൽ ഇട്ട് അമർത്തി തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കാം. ഇതു മൂന്നു തവണ ആവർത്തിച്ചു പാൽ കഴിയുന്നത്ര പിഴിഞ്ഞെടുക്കണം.

തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കുന്നതിനു വിവിധ തരം യന്ത്രങ്ങൾ (പ്രസ്) സിപിസി ആർെഎ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സംസ്കരിക്കാനുള്ള തേങ്ങയുടെ എണ്ണം, മനുഷ്യപ്രയത്നത്തിന്റെ ലഭ്യത, മൂലധനം എന്നിവ അനുസരിച്ച് യോജ്യമായ യന്ത്രം തിരഞ്ഞെടുക്കാം. പല തവണയായി പിഴിഞ്ഞെടുത്ത പാൽ ഒന്നിച്ചു ചേർത്തു നന്നായി ഇളക്കണം.

തേങ്ങാപ്പാൽ ചൂടാക്കിയുള്ള രീതി

(ഹോട്ട് പ്രോസസിങ്)

പിഴിഞ്ഞെടുത്ത തേങ്ങാപ്പാൽ ഒരു പാത്രത്തിൽ മൂന്നു മണ‍ിക്കർ സമയം അനക്കാതെ വച്ചാൽ തേങ്ങാപ്പാലിലെ വെള്ളം അടിഭാഗത്തും എണ്ണയടങ്ങിയ ക്രീം മുകൾ ഭാഗത്തുമായും വേർതിരിയുന്നു. മുകൾഭാഗത്തുള്ള ക്രീം ശേഖര‍ിച്ചു ചൂടാക്കിയാണ് വെർജിൻ വെളിച്ചെണ്ണ ഉണ്ടാക്കുന്നത്. മനുഷ്യപ്രയത്‍‍നമില്ലാതെയും കൃത്യമായി ചൂട് ക്രമീകരിച്ചു നിർത്തിയും വെന്ത വെളിച്ചെണ്ണയുണ്ടാക്ക‍ാൻ സിപിസിആർെഎ രൂപകൽപന ചെയ്ത യന്ത്രോപകരണമാണ് വെർജിൻ ഒായിൽ കൂക്കർ. ഇത് സ്റ്റെയിൻലസ് സ്റ്റീൽകൊണ്ടുണ്ടാക്കിയ, അകം പൊള്ളയായ രണ്ടു ഭിത്തികളോടുകൂടിയ, തുറന്ന പാത്രമാണ് ഇതിന്റെ ഭ‍ിത്തികൾക്കിടയിലുള്ള ഭാഗത്ത് ഉയർന്ന താപവാഹകശേഷിയുള്ള തെർമിക് ഫ്ളൂയിഡ് എന്ന പെട്രോളിയം ഉൽപന്നം നിറച്ചിരിക്കുന്നു. കുക്കറിൽ നിറയ്ക്കുന്ന തേങ്ങാപ്പ‍ാൽ ഇളക്കുന്നതിനായി വൈദ്യുതമോട്ട‍ോറിന്റെ സഹായത്തോടെ കറങ്ങുന്ന നാലു ചട്ടുകങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. കുക്കറിന്റെ അടിഭാഗത്ത് രണ്ടു ബർണറുകൾ ക്രമീകരിച്ചിരിക്കുന്നു. ഇവ എൽപിജി ഗ്യാസ്കൊണ്ടോ ബയോഗ്യാസ്കൊണ്ടോ കത്തിക്കാം എണ്ണ പുറത്തെടുക്കുന്നതിനായി കുക്കറിന്റെ അടിഭാഗത്ത് അടപ്പോടുകൂടിയ ദ്വാരവും ഉണ്ട്.

കൂക്കറിന്റെ ഏതാണ്ട് മുക്കാൽ ഭാഗത്തോളം തേങ്ങാപ്പാൽ നിറയ്ക്കാം. മുഴുവൻ നിറച്ചാൽ ചട്ടുകങ്ങൾ കറങ്ങുമ്പോൾ പാൽ പുറത്തേക്ക് തെറിച്ചേക്കാം തുടക്കത്തിൽ കൂടുതൽ തോതിൽ ത‍ീ കൊടുക്കാം എണ്ണ വേർപിരിയാൻ തുടങ്ങുന്നതോടെ തീ കുറയ്ക്കണം. പ്രക്രി. പൂർത്തിയാകുന്ന‌തിനു മുൻപുതന്നെ തീ അണയ്ക്കണം . കുക്കറിൽ ആവശ്യമായ താപം തെർമിക് ഫ്ളൂയിഡ് നിലനിർത്തിക്കൊള്ള‌ും. കൃത്യസമയത്ത് വേർ‌തിരിക്കൽ പൂർ‌ത്തിയാക്കി എണ്ണയെടുത്താൽ നല്ല നിറം കിട്ടും ചൂട് കൂട‍ുകയോ, കൂടുതൽ സമയം ചൂടാക്കുകയോ ചെയ്താൽ എണ്ണയുടെ നിറം ഇളം മഞ്ഞയാകും. പ്രക്രിയ പൂർത്തിയാകുമ്പോൾ‍ വെർജിൻ വെളിച്ചെണ്ണയും ഖരരൂപത്തിലുള്ള ഉപോൽപന്നമായ കാൽക്കവും കുക്കറിന്റെ അടിഭാഗത്തുള്ള ദ്വാരത്തിലൂടെ ശേഖരിക്കാം. ഇതിനെ തേങ്ങാപ്പാലെടുക്കുന്നതിനുള്ള പ്രസിൽ അമർത്തി വെർജിൻ വെളിച്ചെണ്ണ വേർതിരിച്ചെടുക്കുന്നു. ഉപോൽപന്നമായ കൽക്കം പലഹാരങ്ങളുണ്ടാക്കാൻ ഉപയോഗിക്കാം.

തേങ്ങാപ്പാൽ പുളിപ്പിച്ചുള്ള രീതി

(ഫെർമെൻറേഷൻ)

തേങ്ങാപ്പാൽ ഒരു തുറന്ന പാത്രത്തിൽ 20 –24 മണിക്കൂർ തുറന്നുവെച്ചാൽ അത് അന്തരീക്ഷ വായുവിലെ ചിലയിനം ബാക്ടീരിയയുടെ പ്രവർ‌ത്തനഫലമായി പുളിച്ച് പാലിൽനിന്ന് എണ്ണ വേർതിരിയും. പൊടിപടലങ്ങളൊന്നുമില്ലാത്ത, വൃത്തിയായ അന്തരീക്ഷത്തിന്റെ താപനില 35–40 ഡിഗ്രി സെൽഷ്യസും ഈർപ്പം 70 ശതമാനവും ആണ് നല്ല രീതിയിൽ തേങ്ങാപ്പാൽ പുളിപ്പിക്കുന്നതിന് യോജ്യം. എണ്ണ വേർതിരിച്ചെടുത്തശേഷം ലഭിച്ച വെള്ളം അൽപമെടുത്തു തേങ്ങാപ്പാലിൽ ഒഴിച്ചാൽ‌ പുളിക്കുന്നതിന്റെ സമയം 16–18 മണിക്കൂറായി കുറയ്ക്കാം . ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിനു പറ്റിയ തരം ഗുണമേന്മയേറിയ പ്ലാസ്റ്റിക് കൊണ്ടോ സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടോ ഉണ്ടാക്കിയതും വായ്ഭാഗം വലിയതും തുറന്നതുമായ പാത്രങ്ങളിലാണ് തേങ്ങാപ്പാൽ പുളിപ്പിക്കാൻ വയ്ക്കേണ്ടത്. പാൽ പുളിപ്പിച്ചു കിട്ടുന്ന എണ്ണ എളുപ്പത്തിൽ ശേഖരിക്ക‍ാൻ പാത്രത്തിന്റെ അടിഭാഗം നേർത്തു വന്ന് ഒരു പൈപ്പിലേക്കു വാൽവ് മുഖേന ഘടിപ്പിച്ചിരിക്കണം.

പുളിപ്പിക്കൽ പ്രക്രിയ പൂർത്തിയാകുമ്പോൾ പാത്രത്തിന്റെ ഏറ്റവും മുകളിൽ എണ്ണയായി മാറാത്ത കുറച്ചു ക്രീമും, അതിനു താഴെ വെർജിൻ വെള‍ിച്ചെണ്ണയും, അതിനു താഴെ വെള്ളവും ഏറ്റവും താഴെയായി വളരെ കുറച്ച് ഖരരൂപത്തിലുള്ള തേങ്ങാപ്പീരയുടെ അവശിഷ്ടവും ഒാരോ പാളിയായി കാണാം പാത്രത്തിന്റെ വാൽവ് തുറന്ന് ഏറ്റവും അടിയ‍ിലെ രണ്ടു പാളികൾ നീക്കം ചെയ്തശേഷം വെർജിൻ വെളിച്ചെണ്ണ ശേഖരിക്കാം. ശേഷിച്ച ക്രീം ചൂടാക്കി അതിലുള്ള എണ്ണകൂടി എടുക്കാം പക്ഷേ അതിനു ഗുണമേന്മ കുറവായിരിക്കും. ശേഖരിച്ച വെർജിൻ വെളിച്ചെണ്ണയിൽ ശേഷിക്കുന്ന വെള്ളത്തിന്റെ അംശം നീക്കുന്നതിന് അരിച്ചെടുത്ത എണ്ണ ചെറിയ ചൂടിൽ വീണ്ടും ചൂടാക്കണം.

സെൻട്രിഫ്യൂജ് രീതി

തേങ്ങാപ്പാലിൽ നിന്നു സെൻട്രിഫ്യൂജ് യന്ത്രമുപയോഗിച്ച് വെർജിൻ വെളിച്ചെണ്ണ വേർതിരിച്ചെടുക്കുന്നതിനായി തേങ്ങാപ്പാൽ റഫ്രിജറേറ്ററിൽ വച്ച് രണ്ടു മണിക്കൂർ നേരം തണുപ്പിക്കണം. കൂടുതൽ എണ്ണ കിട്ടുന്നതിനും വേഗത്തിൽ എണ്ണ വേർതിരിയുന്നതിനും ഇതു സഹായകമാണ്. സെൻട്രിഫ്യൂജിൽ കടത്തിവിടുന്നതിനു മുൻപ് തേങ്ങാപ്പാൽ 200 മെഷ് അളവുള്ള അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കണം. അരിച്ചെട‍ുത്ത തേങ്ങാപ്പാൽ സെൻട്രിഫ്യൂജിലേക്ക് പമ്പ് ചെയ്തു കയറ്റുന്നു. ഒരു മിനിറ്റിൽ 1500 കറക്കമെന്ന വേഗത്തിൽ സെൻട്രിഫ്യീജ് പ്രവർത്തിപ്പിക്കുമ്പോൾ എണ്ണ വേർതിരിയിന്നു. സെൻട്രിഫ്യ‍ൂജിന്റെ ഒരു പൈപ്പിൽക‍ൂടി എണ്ണയും മറ്റൊര‍ു പൈപ്പിൽക‍ൂടി വെള്ളവും ശേഖരിക്കാം. ഇപ്രകാരം പ‍ുറത്ത‍ു ലഭിക്കുന്ന വെള്ളത്തിലുള്ള എണ്ണയുടെ അംശം നീക്കം ചെയ്ത് ശേഖരിക്കുന്നതിന് ഈ വെള്ളം വീണ്ടും രണ്ടു തവണ കൂടി സെൻട്രിഫ്യൂജ് ചെയ്യുണം സെൻട്രിഫ്യൂജ് വഴി കിട്ടുന്ന എണ്ണയിലുള്ള ജലാശം ന‍ീക്കുന്നതിന് ചെറുതായി ചൂടാക്കണം.

ഗുണമേന്മ ഉറപ്പാക്കാൻ

തേങ്ങ പൊട്ടിക്കുന്നതു മുതൽ ശുചിത്വം പാലിക്കണം. ഉൽപാദനത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ സ്റ്റെയ‍ിൻലെസ് സ്റ്റീൽ നിർമിതമായിരിക്കണം. പ‍ാത്രങ്ങളെല്ലാം നന്നായി കഴുകി വൃത്തിയാക്കി ചൂടുവെള്ളം കൊണ്ട് വീണ്ട‍ും കഴുകിയതിനു ശേഷമേ ഉപയോഗിക്കാവൂ. മൂപ്പെത്താത്തതോ കേടായതോ ആയ തേങ്ങകൾ വെർജിൻ വെളിച്ചെണ്ണ ഉണ്ടാക്കാൻ ഉപയോഗിക്കരുത്.

സാങ്കേതികവിദ്യയും പരിശ‍ീലനവും

സിപിസിആർെഎയുടെ സാങ്കേതിക വിദ്യകൾ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജി മാനേജ്മെന്റ് യൂണിറ്റ് (ITMU) വഴി സംരംഭകർ‌ക്കും ലഭ്യമാണ്. 25,000 രൂപ ഫീസടച്ചാൽ സംരംഭകർക്കു വെർജിൻ വെള‍ിച്ചെണ്ണ തയാറാക്കുന്നതിനുള്ള സാങ്കേതികവിദ്യ, പരിശീലനം, വിവിധ യന്ത്രോപകരണങ്ങളുടെ രേഖാചിത്രങ്ങൾ (ഡിസൈൻ ഡ്രോയിങ്), അവയൊരുക്കി നൽകുന്ന. സ്ഥാപനങ്ങളുടെ മേൽവിലാസം എന്നിവ നൽകും. പ്രതിദിനം 200 തേങ്ങയിൽ നിന്നു‌ ഫെർമെന്റേഷൻ വഴി വെർജിൻ വെളിച്ചെണ്ണ തയാറാക്കുന്ന യൂണിറ്റിലേക്കുള്ള ടെസ്റ്റ് റിമൂവർ, പൾവറൈസർ, കോക്കനട്ട് മിൽക്ക് എക്സ്ട്രാക്ടർ, വെർജിൻ ഒായിൽ കുക്കർ തുടങ്ങിയ യന്തോപകരണങ്ങൾക്ക് 10 ലക്ഷത്തോളം രൂപ വില വരും.

കൂടുതൽ വിവരങ്ങൾക്ക്

ഡയറക്ടർ, സിപിസിആർെഎ

കാസർകോട് –671124

ഫോൺ : 04994–232895