Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുധീഷിന്റെ ചെറുതേനീച്ചകൾ

sudheesh

പാലാ പ്ലാത്തോട്ടം വീട്ടിൽ സുധീഷ് ഇക്കണോമിക്സ് അധ്യാപകനാണോ അതോ തേനീച്ചക്കർഷകനാണോ എന്നു ചോദിച്ചാൽ രണ്ടിനും ഉത്തരം അതെ എന്നാണ്. സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ തുടങ്ങിയ തേനീ ച്ചക്കമ്പത്തിന് ഇന്ന് പ്ലാശനാൽ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരിക്കുമ്പോഴും ഒട്ടും കുറവു വന്നിട്ടില്ല. 

സുധീഷിന് കൂടുതൽ പ്രിയം ചെറുതേനീച്ചയോടാണ്. ഇത് സാക്ഷ്യപ്പെടുത്തും വിധം 60 ചെറുതേൻ കൂടുകളാണ് ഇദ്ദേഹത്തിന്റെ വീട്ടുവളപ്പിലുള്ളത്. തന്റെ സ്കൂളിലെ വിദ്യാർഥികളിലേക്കും തേനീച്ചവളർത്തലിന്റെ നല്ല പാഠങ്ങൾ പകർന്നു നൽകാൻ ഈ അധ്യാപകനു കഴിഞ്ഞിട്ടുണ്ട്. അതിനുള്ള സാക്ഷ്യപത്രങ്ങളാണ് സുധീഷ് പഠിപ്പിക്കുന്ന സ്കൂളിന്  2012 ല്‍ ലഭിച്ച,  സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിന്റെ മികച്ച ബാല കർഷക ശാസ്ത്രജ്ഞനും വിദ്യാലയത്തിനുമുള്ള പുരസ്കാരങ്ങള്‍.  

ചെറുതേനീച്ചവളർത്തലിനെക്കുറിച്ച് സുധീഷിനെപ്പോലെ വിപുലമായ പഠനം നടത്തിയിട്ടുള്ളവര്‍  നമ്മുടെ നാട്ടില്‍ അപൂർവം. ഇദ്ദേഹംതന്നെ  രൂപകല്‍പന ചെയ്ത കൂടിനും വളർത്തുരീതിക്കും മറ്റും  പതിനാറായിരത്തോളം അംഗങ്ങളുള്ള, ചെറുതേനീച്ചക്കർഷകരുടെ വാട്സ് ആപ് ഗ്രൂപ്പിൽ ഏറെ പ്രശംസ കിട്ടി. 

ചെറുതേനീച്ചയുടെ കോളനി ആദ്യമായി ചിരട്ടയോ മുളം കുറ്റിയോപോലെ ചെറിയ അറയുള്ള കൂട്ടിലാണ് സ്ഥാപിക്കേണ്ടതെന്നു സുധീഷ്. പിന്നീട് കോളനി നന്നായി വളർന്നു വലുതായാൽ വശത്തേക്കോ മുകളിലേക്കോ പുതിയ അറ നൽകി കൂടിന്റെ വലുപ്പം കൂട്ടാം. നല്ല പരിശീലനം നേടിയിട്ടു മാത്രമേ ഈ സംരംഭത്തിലിറങ്ങാവൂ എന്നാണ് ചെറുതേനീച്ചവളർത്തലില്‍  പരിശീലനം നല്‍കുന്ന സുധീഷിന്റെ അഭിപ്രായം. പല സര്‍ക്കാര്‍ ഏജൻസികളും കർഷകർക്ക്, അവരുടെ കൃഷിയിടത്തിൽ തേനീച്ചക്കൂട് പരിപാലിക്കാനുള്ള സൗക ര്യമുണ്ടോ,  വേണ്ടത്ര അറിവുണ്ടോ എന്നൊന്നും അന്വേഷിക്കാതെ സൗജന്യമായി തേനീച്ചക്കോളനികൾ നൽകാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പദ്ധതികൾ പലതും പരാജയപ്പെടുന്നു. പകരം  നന്നായി പരിശീലനം നൽകി, കൃഷിയിടത്തിലെ സൗകര്യങ്ങൾ നേരിട്ടു മനസ്സിലാക്കിയതിനുശേഷം മാത്രം കോളനികൾ നൽകണം. 

വേനൽക്കാലത്താണ് ചെറുതേൻ അധികമായി കോളനികളിൽ രൂപപ്പെടുന്നതും ശേഖരിക്കപ്പെടുന്നതും.  മൺകലങ്ങളിൽനിന്നു ലഭിക്കുന്ന തേനിന് ഔഷധഗുണം കുറവായിരിക്കുമെന്നും സുധീഷ് സാര്‍ പറയുന്നു. തേനിലെ ഔഷധപദാർഥങ്ങൾ പലതും മണ്ണ് ആഗിരണം ചെയ്യുന്നതാണ് കാരണം. 

plathottampala@gmail.com