Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കര്‍ഷകര്‍ക്ക് അതിജീവനത്തിന്റെ കാലം; വേണ്ടത് സാമ്പത്തിക പിന്തുണ

Kumarakom-flood-1a

നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ കൃഷിഭൂമിയും വളർത്തുമൃഗങ്ങളും വിളകളും ഒരായുഷ്കാലത്തെ സമ്പാദ്യവും നഷ്ടപ്പെട്ട കർഷകര്‍ക്ക്  അതിജീവനത്തിന്റെ കാലം. 2.8 ലക്ഷം കർഷകരുടെ 46,000 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചതായാണ്  കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്. 1050 കോടി രൂപയുടെ കൃഷിനാശമാണ് കൃഷിവകുപ്പ് കണക്കാക്കിയിരിക്കുന്നത്. ഉരുൾപൊട്ടിയ പ്രദേശങ്ങളിലെയും പ്രളയമേഖലകളിലെയും കൃഷിനാശം  ഒഴിവാക്കിയുള്ള നഷ്ടമാണിത്. നെല്ല്, പച്ചക്കറികൾ, വാഴ, തെങ്ങ്, റബർ, കുരുമുളക്, കൊക്കോ, ജാതി, കമുക്, കശുമാവ്, കാപ്പി, തേയില എന്നിങ്ങനെ പ്രളയത്തിലും ഉരുൾപൊട്ടലിലും  നാശം നേരിടാത്ത ഒരു വിളയും കേരളത്തിൽ ഇല്ല. 

രണ്ടായിരം കോടി രൂപയുടെയെങ്കിലും കൃഷിനാശമുണ്ടായിട്ടുണ്ടാകാമെന്നാണ് ഫീൽഡ്തല  കണക്കുകളിൽനിന്നുള്ള പ്രാഥമിക നിഗമനം. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നൂറുകണക്കിന് ഹെക്ടർ കൃഷിഭൂമി ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. മൂന്നുവട്ടമെത്തിയ പ്രളയം കുട്ടനാട്ടിലെ കൃഷി സമ്പൂർണമായി മുക്കിക്കളഞ്ഞു. മിന്നൽപ്രളയം കോട്ടയം, പത്തനംതിട്ട, ആലുവ, പറവൂർ, ചാലക്കുടി, തൃശൂർ ജില്ലയിലെ കോൾമേഖലകൾ എന്നിവിടങ്ങളിലും നാശം വിതച്ചു. ഇതിനെല്ലാം പുറമെയാണ് ഉൽപാദനക്കുറവിലൂടെ സംഭവിക്കുന്ന നഷ്ടം.  പ്രതികൂല കാലാവസ്ഥ മിക്ക വിളകളുടെയും ഉൽപാദനം 30–60 ശതമാനം കണ്ടു കുറയ്ക്കും.

അടിയന്തരമായി ചെയ്യേണ്ടത്

സർവവും നശിച്ച കര്‍ഷകര്‍ക്കു സാമ്പത്തികാശ്വാസമേകുകയും കൃഷിയില്‍ തുടരാനുള്ള ആത്മവിശ്വാസം പകരുകയുമാണ് ആദ്യം ചെയ്യേണ്ടത്. അതിന് സര്‍ക്കാരിന്റെ ഉദാരമായ ധനസഹായം ഉണ്ടായേ തീരൂ. കാർഷിക കടങ്ങളുടെ പലിശയ്ക്ക് ഒരു വർഷത്തെ മോറട്ടോറിയം ഏർപ്പെടുത്താനും കാർഷികകടങ്ങളുടെ തിരിച്ചടവ് അഞ്ചു വർഷത്തേക്ക് പുനഃക്രമീകരിക്കാനും സംസ്ഥാനതല ബാങ്കേഴ്സ് അവലോകനയോഗം തീരുമാനിച്ചിട്ടുണ്ട്. ഇതു സർഫേസി നിയമപ്രകാരമുള്ള താൽക്കാലിക ആശ്വാസ നടപടി മാത്രമാണ്. ജീവിതസമ്പാദ്യം ഒന്നാകെ നശിച്ച കർഷകന് ഇതുകൊണ്ട് കടക്കെണിയിൽനിന്നു രക്ഷ നേടാനാവില്ല. കാർഷിക കടാശ്വാസ കമ്മീഷന്റെ പ്രവർത്തനം സജീവമാക്കി കർഷകരുടെ കാർഷിക കടങ്ങൾ മൊത്തം എഴുതിത്തള്ളാൻസർക്കാർ തയാറാകണം. കുത്തൊഴുക്കിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കൃഷിഭൂമി നഷ്ടപ്പെട്ട കർഷകർക്ക് പകരം കൃഷിഭൂമി നൽകണം. കർഷകന് വീണ്ടും കൃഷി തുടങ്ങാൻ ഉദാരവ്യവസ്ഥകളോടെ പലിശരഹിതവായ്പ നൽകണം. പ്രളയാനന്തര കാലത്ത് കീട–രോഗബാധയാൽ കൃഷി നശിക്കാൻ സാധ്യതയുള്ളതിനാൽ അവശേഷിക്കുന്ന കൃഷി രക്ഷിക്കാൻ കർഷകർക്ക് സർക്കാർ സാങ്കേതികസഹായം നൽകണം.

RIJ_9721_rijo

വിളനാശത്താൽ കൃഷി പൂർണമായി നശിച്ചാൽ മാത്രമാണ് സംസ്ഥാന സർക്കാരിന്റെ പുനരാവിഷ്കരിച്ച വിള ഇൻഷുറൻസ് പദ്ധതിയിൽ നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥ. അതും കൃഷിഭവനിൽ റജിസ്റ്റർ ചെയ്ത കർഷകർക്കു മാത്രം. ഭാഗികമായി വിള നശിച്ചാലോ വിളവിൽ കുറവുണ്ടായാലോ നഷ്ടപരിഹാരം ലഭിക്കില്ല. കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ബീമാ യോജനയിലെ വ്യവസ്ഥകളും പ്രകൃതിക്ഷോഭത്തിൽ വിളനാശം സംഭവിക്കുന്ന കർഷകർക്ക് പൂർണമായ നഷ്ടപരിഹാരം ലഭിക്കാൻ  സഹായകമല്ല. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഏതെങ്കിലും വിള ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽ വരുന്നില്ലെങ്കിൽപോലും കൃഷിഭവനുകളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണം.  പ്രളയാനന്തര കാലഘട്ടത്തിൽ കേരളത്തിലെ കൃഷി തിരിച്ചു പിടിക്കണമെങ്കിൽ വർഷങ്ങൾ നീളുന്ന കഠിനാധ്വാനംതന്നെ വേണ്ടി വരും.

എല്ലാ മേഖലകളിലും നാശനഷ്ടം

ഉണ്ടായ വിളനാശത്തിനു പുറമെ ഇനി ഉണ്ടാകാവുന്ന ഉല്‍പാദന നഷ്ടവും കനത്തതാകും. വിലത്തകർച്ചയില്‍ തളര്‍ന്ന റബർകൃഷിയിലാണ് തോട്ടം മേഖലയിൽ ‌ഏറ്റവും വലിയ നഷ്ടം. വിലയിടിവു കാരണം 30 ശതമാനത്തോളം തോട്ടങ്ങളിൽ ടാപ്പിങ്തന്നെ നിർത്തി വച്ചിരുന്നു. തുടർച്ചയായ മഴ കാരണം റെയിൻ ഗാർഡ് ഘടിപ്പിക്കാത്ത തോട്ടങ്ങളിൽ ആഴ്ചകളോളം ടാപ്പിങ് മുടങ്ങി. റെയിൻ ഗാർഡ് ഘടിപ്പിച്ച തോട്ടങ്ങളിൽപോലും പേമാരിമൂലം  ടാപ്പിങ് അസാധ്യമായി. കനത്ത മഴ റബർകൃഷിയിൽ മാത്രം 500 കോടി രൂപയുടെ സാമ്പത്തികനഷ്ടമുണ്ടാക്കിയിട്ടുണ്ടാകാമെന്നാണ് ഏറ്റവും യാഥാസ്ഥിതികമായ കണക്ക്. റെയിൻ ഗാർഡ് ഘടിപ്പിച്ച തോട്ടങ്ങളിൽപോലും ഈ വർഷം ഉൽപാദനത്തിൽ 50 ശതമാനത്തോളം കുറവുണ്ടാകും. കോരിച്ചൊരിയുന്ന തുടർച്ചയായ മഴ കാരണം റബർതോട്ടങ്ങളിൽ അകാല ഇല കൊഴിച്ചിൽ രോഗം സർവവ്യാപിയാണ്. മഴയ്ക്കൊപ്പമെത്തിയ കാറ്റിലും കുത്തൊഴുക്കിലും പലയിടത്തും റബർമരങ്ങൾ ഒടിഞ്ഞു വീണ് നശിച്ചിട്ടുണ്ട്. ഈ വർഷം റബർ ഉൽപാദനത്തിൽ വൻ ഇടിവുണ്ടാകും.

കാപ്പി, തേയില

തോട്ടം മേഖലയിൽ തേയില, കാപ്പി, ഏലം, കുരുമുളക് എന്നീ വിളകൾക്കും വ്യാപകനഷ്ടമുണ്ട്. വയനാട്, മൂന്നാർ, നെല്ലിയാമ്പതി, നെടുങ്കണ്ടം, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലാണ് വന്‍ നഷ്ടം. കാപ്പിയുടെയും തേയിലയുടെയും ഉൽപാദനത്തിൽ 50 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് കണ ക്കാക്കുന്നു. കാപ്പിക്ക് കായ്കൊഴിച്ചിലും അഴുകലും രോഗബാധയും വ്യാപകമാണ്. 

റോബസ്റ്റ കാപ്പിക്കാണ് വ്യാപകമായ നാശം. കാപ്പിക്കൃഷിയിൽ ഈ വർഷം 100 കോടി രൂപയുടെയെങ്കിലും ഉൽപാദന നഷ്ടം   കണക്കാക്കുന്നു. തേയിലയ്ക്ക് ഹെക്ടറിന് കുറഞ്ഞത് 180 കിലോ ഉൽപാദനക്കുറവുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. കനത്ത മഴയെ തുടർന്ന് ദിവസങ്ങളോളം തോട്ടങ്ങളിൽ കൊളുന്തു നുള്ളിയില്ല. ജൂൺ, ജൂലൈ  മാസങ്ങളിൽ തോട്ടങ്ങളിൽ 35–50 ശതമാനം ഉൽപാദനക്കുറവുണ്ടായി.  മൂന്നാർ, വണ്ടിപ്പെരിയാർ, വയനാട് മേഖല കളിൽ ഏക്കറു കണക്കിന് തോട്ടങ്ങൾ കുത്തൊഴുക്കിലും ഉരുൾപൊട്ടലിലും ഒലിച്ചുപോയി. വയനാട് ജില്ലയിലെ കുറിച്യാമലയിൽ മാത്രം 127 ഏക്കർ തേയിലത്തോട്ടമാണ് തണൽമരങ്ങൾ ഉൾപ്പെടെ പ്രളയജല ത്തിൽ ഒലിച്ചു പോയത്. നേരത്തേ എത്തിയ കനത്ത മഴ തേയില ഉൽപാദനം കുറച്ചിരുന്നു. പിന്നാലെയെത്തിയ പേമാരിയും പ്രളയവും മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റും സൂര്യപ്രകാശമില്ലാത്ത മൂടിക്കെട്ടിയ കാലാവസ്ഥയും  തേയിലയുടെ ഉൽപാദനം വീണ്ടും ഇടിക്കും. ചെറുകിട തോട്ടങ്ങളും ഫാക്ടറികളും അടച്ചുപൂട്ടല്‍ഭീഷണിയിലാണ്. തേയിലക്കൃഷിയിൽ പ്രതികൂല കാലാവസ്ഥ 150 കോടി രൂപയുടെയെങ്കിലും നഷ്ടം ഇതിനകം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് നിഗമനം.

ഏലത്തിനു കനത്ത നാശം

സുഗന്ധവിളകളിൽ ഏറ്റവും  നാശം   ഏലത്തിനാണ്. ഇടുക്കിയിലെ പരമ്പരാഗത ഏലം കൃഷി മേഖലകളിൽ മഴയ്ക്കൊപ്പം രണ്ടു മാസത്തോളം ചുഴറ്റിയടിച്ച കാറ്റ് പല തോട്ടങ്ങളിലെയും ചെടികളെ മൂടോടെ അടിച്ചുതകർത്തു. നല്ല വേനൽ മഴ ലഭിച്ചതിനാൽ തോട്ടങ്ങൾ നേരത്തെ വിളവെടുപ്പിന് പാകമായിരുന്നു. എന്നാൽ ജൂൺ ആദ്യം മുതൽ തകർത്തു പെയ്ത മഴ കർഷകന്റെ പ്രതീക്ഷകള്‍ നുള്ളിക്കളഞ്ഞു. കാലവർഷം കനത്തതോടെ ചെടികളും കായ്കളും ചീഞ്ഞു നശിച്ചു. പുതുതായി നട്ട ചെടികൾ വെള്ളക്കെട്ടിൽ അപ്പാടെ അഴുകിപ്പോയി. നൂറുകണക്കിന് ഹെക്ടർ ഏലത്തോട്ടങ്ങള്‍ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. ഇടുക്കിയിൽ മാത്രം രണ്ടായിരത്തിയഞ്ഞൂറിലേറെ ഹെക്ടർ സ്ഥലത്തെ ഏലംകൃഷി നശിച്ചു.  ഈ സീസണിലെ കനത്ത മഴ ഉൽപാദനത്തിൽ 60 ശതമാനത്തോളം കുറവുണ്ടാക്കുമെന്ന് കർഷകർ പറയുന്നു. ഏലംകൃഷിയിൽ ഇതിനകംതന്നെ 250 കോടി രൂപയുടെ നഷ്ടമുണ്ട്.

കുരുമുളക്

കുരുമുളകു കർഷകരെയും പ്രളയവും ഉരുൾപൊട്ടലും തകർത്തു. ഈ വർഷമുണ്ടായ തുടർച്ചയായ വേനൽമഴ കുരുമുളകു വള്ളികളുടെ കായികവളർച്ച ത്വരിതപ്പെടുത്തി ഉൽപാദനം കുറച്ചിരുന്നു. കുരുമുളകുവള്ളികൾ തിരിയിടുന്ന സമയത്തുണ്ടായ തുടർച്ചയായ കനത്ത മഴ കാരണം തിരികളും മണികളും വ്യാപകമായി കൊഴിഞ്ഞു. മണികൾ തിരികളിൽനിന്ന് അഴുകിപ്പോയി. വിലക്കുറവു കാരണം മിക്ക തോട്ടങ്ങളിലും സസ്യസംരക്ഷണമുറകൾ ശരിയായി നടത്തുന്നില്ല. അന്തരീക്ഷത്തിലെ േവരുചീയലും വാട്ടരോഗങ്ങളും വ്യാപകം. ശക്തമായ കാറ്റിൽ താങ്ങുമരങ്ങൾ മറിഞ്ഞുവീണു. കുത്തൊഴുക്കില്‍  കുരുമുളകു ചെടികൾ‍‍‍‍ക്കു സാരമായ നാശമുണ്ടായി.

ജാതി

കനത്ത മഴയും വെള്ളക്കെട്ടുമുള്ള കാലാവസ്ഥ ജാതിക്ക ഉൽപാദനത്തിലും ഇടിവുണ്ടാക്കും. ലക്ഷക്കണക്കിന് ജാതിമരങ്ങൾ പെരുമഴയിലും വെള്ളക്കെട്ടിലും നശിച്ചു. തൃശൂർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പരമ്പരാഗത ജാതിക്കൃഷിമേഖലകളിൽ ഫൈറ്റോഫ്തോറ കുമിൾ കാരണമായുണ്ടാകുന്ന ഇലകൊഴിച്ചിലും കായ്കൊഴിച്ചിലും വ്യാപകം. ഇഞ്ചി, മഞ്ഞൾ എന്നീ സുഗന്ധവിളകളും തുടർച്ചയായ മഴയിലും   വെള്ളക്കെട്ടിലും പരക്കെ നശിച്ചിട്ടുണ്ട്.

കൊക്കോച്ചെടികള്‍ക്കു രോഗം 

കനത്ത മഴയിൽ കൊക്കോ ഉൽപാദനം 45–60 ശതമാനം കണ്ട് കുറയും. മിക്ക കൊക്കോച്ചെടികളിലും കറുത്ത കായ്‌രോഗം വ്യാപകം. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ ഏതു പ്രായത്തിലുള്ള കായ്കളെയും ബാധിക്കുന്ന ഈ രോഗം  വ്യാപകനഷ്ടമുണ്ടാക്കിയിട്ടുണ്ട്. പല തോട്ടങ്ങളിലും കായ്കൾ നൂറു ശതമാനവും നശിച്ചു. മണ്ണിലെ വായുസഞ്ചാരമില്ലാതാകുന്ന വെള്ളക്കെട്ടും തുടർച്ചയായി മൂടിക്കെട്ടിയ അന്തരീക്ഷവും ഉയർന്ന ആപേക്ഷികസാന്ദ്രതയും കായ്കൾ മൂപ്പെത്താതെ കൊഴിയുന്നതിനും രൂക്ഷമായ കറുത്തകായ് രോഗബാധയ്ക്കും കാരണമാകും. 

നാളികേരം

ഒന്നര വർഷം മുമ്പത്തെ കൊടും വരൾച്ചയുടെ ദുരിതത്തിൽനിന്നും ഉൽപാദനക്കുറവിൽനിന്നും നാളികേര കർഷകർ ഇനിയും കരകയറിയിട്ടില്ല. കടുത്ത വരൾച്ച എന്നതുപോലെ തുടർച്ചയായ മഴയും നാളികേരക്കൃഷിക്ക്  ദോഷകരമാണ്. സാധാരണ അളവിലും വളരെ കൂടുതലായി ലഭിച്ച മൺസൂൺ മഴയും വെള്ളക്കെട്ടും അടുത്ത വർഷങ്ങളിൽ നാളികേരം ഉൽപാദനം കുറയ്ക്കും. ഈ കാലാവസ്ഥയിൽ മച്ചിങ്ങ പൊഴിച്ചിൽ വ്യാപകമാണ്. താഴ്ന്ന പ്രദേശങ്ങളിലെ തെങ്ങിൻതോട്ടങ്ങൾ തുടർച്ചയായി വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഒരു വർഷം ഏകദേശം 2000 മണിക്കൂർ നേരത്തെ സൂര്യപ്രകാശം ഉയർന്ന നാളികേര ഉൽപാദനത്തിന് ആവശ്യമാണ്. തുടർച്ചയായി ആകാശം മൂടിക്കെട്ടി കിടക്കുന്ന കാർമേഘാ

വൃതമായ കാലാവസ്ഥയും വെള്ളക്കെട്ടും നാളികേര ഉൽപാദനം ഗണ്യമായി കുറയ്ക്കും. മണ്ടചീയൽ, വേരുചീയൽ രോഗങ്ങൾ വ്യാപകം. കമുകിൻതോട്ടങ്ങളിൽ നിന്നുള്ള ഉൽപാദനവും ഈ കാലാവസ്ഥയിൽ കുറയും. അന്തരീക്ഷത്തിലെ ഈർപ്പക്കൂടുതലും  മൂടിക്കെട്ടിയ കാലാവസ്ഥയും വെള്ളക്കെട്ടും കശുമാവിന്റെ ഉൽപാദനം കുറയ്ക്കും.

നെല്ല്

ഹ്രസ്വകാല വിളകളിൽ നെല്ല്, പച്ചക്കറികൾ, വാഴ എന്നീ വിളകൾക്കാണ് വ്യാപകമായ നാശം. മൂന്നു വട്ടമെത്തിയ  പ്രളയജലത്തിൽ മുങ്ങിപ്പോയ കുട്ടനാട്ടിൽ മാത്രം 28,000 ഹെക്ടർ സ്ഥലത്തെ നെൽകൃഷി നശിച്ചു. മേയ് മാസം മുതലുള്ള തുടർച്ചയായ മഴ ഓണക്കാലം കണക്കാക്കി കൃഷിയിറക്കിയിരുന്ന നെല്ലിന്റെ ഉൽപാദനം കുറച്ചു. പുഴകൾ വഴിമാറിയും കവിഞ്ഞുമൊഴുകിയ പ്രളയത്തിലും ഉരുൾപൊട്ടലിലും ഡാമുകൾ ഒരേ സമയത്ത് തുറന്നതുകൊണ്ടുണ്ടായ വെള്ളപ്പൊക്കത്തിലുമെല്ലാം കേരളത്തിലെ 14 ജില്ലകളിലെയും നെൽകർഷകർക്ക് നഷ്ടമുണ്ടായിട്ടുണ്ട്. നെൽകർഷകർക്കു മാത്രം ഈ സീസണിൽ 200 കോടി രൂപയുടെ കൃഷിനാശമുണ്ടായിട്ടുണ്ട്.

വാഴ

നനസൗകര്യം കണക്കാക്കി പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വയൽ പരിവർത്തനം ചെയ്ത  ഭൂമിയിലുമൊക്കെയാണ് കേരളത്തിലെ  വാഴക്കൃഷിയുടെ കൂടുതൽ ഭാഗവും. അതിവർഷത്തിലും ശക്തമായ കാറ്റിലും പ്രളയജലത്തിന്റെ കുത്തൊഴുക്കിലും വെള്ളക്കെട്ടിലും തൃശൂർ, ഇടുക്കി, വയനാട്, പത്തനംതിട്ട, കണ്ണൂർ ജില്ലയുടെ മലയോരങ്ങൾ എന്നിവിടങ്ങളിലെ വാഴക്കൃഷിയുടെ 60 ശതമാനത്തോളം നശിച്ചു. ഓണത്തിന് വിപണിയിലെത്തിക്കാൻ കൃഷിയിറക്കിയിരുന്ന വാഴയിൽ പകുതിയോളം ഉൽപാദനം കുറഞ്ഞു. താങ്ങു കൊടുത്ത വാഴകൾപോലും ശക്തമായ കാറ്റിൽ ഒടിഞ്ഞു വീണു. താഴ്ന്ന സ്ഥലങ്ങളിലെ തോട്ടങ്ങളിൽ ആഴ്ചകളോളം വെള്ളം കെട്ടി നിന്നതിനാൽ ഓണത്തിനു മുൻപുതന്നെ വിളവെടുത്ത് കുറഞ്ഞ വിലയ്ക്കു വിൽക്കേണ്ടി വന്നു. വെള്ളക്കെട്ടിൽ മാണം അഴുകിയും ഇലകൾ മഞ്ഞളിച്ചും വാഴകൾ നശിച്ചു. കായ്കളുടെ തൊലി കറുത്തു. മൂപ്പെത്തും മുൻപ് തൊലികളുടെ നിറം മഞ്ഞയായി മാറി കായ്കൾ പാഴായിപ്പോയി. വെള്ളക്കെട്ടിൽ പൈനാപ്പിൾ, മരച്ചീനി എന്നീ വിളകൾക്കും വ്യാപകമായ നാശമുണ്ടായി.

പച്ചക്കറി

തുടർച്ചയായ പെരുമഴയും വെള്ളപ്പൊക്കവും പച്ചക്കറിക്കൃഷിക്കാരെയും തകർത്തു. മിക്ക പച്ചക്കറിവിളകളിലും മഴകൊണ്ടുണ്ടായ നാശം 100 ശതമാനമാണ്. കൃഷിവകുപ്പിന്റെ ‘ഓണത്തിനൊരു മുറം പച്ചക്കറി’ പോലുള്ള പദ്ധതികള്‍ക്കു കനത്ത മഴ തിരിച്ചടിയായി. കഴിഞ്ഞ  മൂന്നു മാസങ്ങളില്‍ പച്ചക്കറിക്കൃഷിക്ക് ഒട്ടും അനുകൂലമായ കാലാവസ്ഥയല്ലായിരുന്നു. പെരുമഴയും വെള്ളക്കെട്ടും പ്രളയവും  സൂര്യപ്രകാശമില്ലാത്ത മൂടിക്കെട്ടിയ അന്തരീക്ഷവും പച്ചക്കറിവിളകളെ ഏതാണ്ട് പൂർണമായി  നശിപ്പിച്ചു. ഇടുക്കിയിലെ കാന്തല്ലൂർ, വട്ടവട, വയനാട്, പാലക്കാട് ജില്ലയിലെ ചിറ്റൂർ, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര, എറണാകുളം, കോട്ടയം ജില്ലകളിലെ പരമ്പരാഗത മേഖലകൾ എന്നിവിടങ്ങളിലെല്ലാം കനത്ത മഴയിലും വെള്ളക്കെട്ടിലും പച്ചക്കറിത്തോട്ടങ്ങൾ പാടേ തകർന്നു.

വിലാസം: പ്രഫ. & ഹെഡ്, വിജ്ഞാന വ്യാപന വിഭാഗം, കാർഷിക കോളജ്, വെള്ളാനിക്കര. ഫോൺ: 9387100119

മൃഗസംരക്ഷണമേഖലയില്‍ നൂറു േകാടിയോളം നഷ്ടം

കേരളത്തിന്റെ പാല്‍ക്കുടമെന്നു വിശേഷിപ്പിക്കാവുന്ന വയനാട് ജില്ലയിലുള്‍പ്പെടെ  മൃഗസംരക്ഷണമേഖലയ്ക്കു കനത്ത ആഘാതമാണ് മഹാപ്രളയം വരുത്തിവച്ചത്.   വിളകളുടെ വിലത്തകര്‍ച്ച യെത്തുടര്‍ന്ന് ചെറുകിട കര്‍ഷകരെ താങ്ങിനിര്‍ത്തിയിരുന്നത് പശുവളർത്തലായിരുന്നു. പ്രളയം  രൂക്ഷമായ പ്രദേശങ്ങളില്‍ കാലിസമ്പത്തു നശിച്ചതിനു പുറമെ,  തീറ്റപ്പുൽകൃഷിയും ഏതാണ്ട് പൂർണമായും നശിച്ചു. അയ്യായിരത്തോളം കറവപ്പശുക്കളും അത്രയുംതന്നെ കിടാക്കളും നശിച്ചെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.

RIJ_0716

കന്നുകാലിത്തൊഴുത്തുകള്‍ 

പതിനായിരത്തോളം പൂര്‍ണമായും ഏഴായിരത്തില്‍പരം  ഭാഗികമായും നശിച്ചു. കന്നുകാലികളുടെയും പക്ഷിമൃഗാദികളുടെയും നാശം െകാണ്ടു മാത്രം 52. 48 കോടി രൂപയുടെയും ഷെഡ്, തീറ്റ, തീറ്റപ്പുല്ല് എന്നിവ നശിച്ചതിലൂടെ 44. 76 േകാടി രൂപയുടെയും നഷ്ടം കണക്കാക്കുന്നു.

അര ലക്ഷത്തോളം ഹെക്ടറില്‍ കൃഷിനാശം

പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് ഏറ്റവുമധികം കൃഷി നഷ്ടമായതു   പ്രളയവും ഉരുൾപൊട്ടലും രൂക്ഷമായിരുന്ന ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍.  പത്തനംതിട്ട ജില്ലയിൽ മാത്രം 12,084.5 ഹെക്ടറിലെ കൃഷിയാണ് നഷ്ടമായത്. സംസ്ഥാനത്ത് 45,988.5 ഹെക്ടറിലെ കൃഷി നശിച്ചുവെന്നാണ് പ്രാഥമിക വിവരം. വെള്ളമിറങ്ങി അന്തിമ ചിത്രം വ്യക്തമാകുന്നതോടെ നഷ്ടത്തിന്റെ വ്യാപ്തി ഇനിയും വർധിച്ചേക്കും. ആലപ്പുഴയിൽ 8391.55 ഹെക്ടറിലാണു കൃഷിനാശം. തുക കണക്കാക്കു മ്പോൾ ആലപ്പുഴയിലാണ് ഏറ്റവും വലിയ നഷ്ടം: 301 കോടി രൂപ. മറ്റു ജില്ലകളിലെ നഷ്ടം ബ്രാക്കറ്റിൽ. മലപ്പുറം(141 കോടി രൂപ), പത്തനംതിട്ട(138), ഇടുക്കി(130).  

കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം

കാർഷിക കടങ്ങളുടെ പലിശയ്ക്ക് ഒരു വർഷത്തെ മൊറട്ടോറിയം അനുവദിച്ചതായും തിരിച്ചടവ് അഞ്ചു വർഷത്തേക്കു പുനഃക്രമീകരണം ചെയ്തതായും കൃഷിമന്ത്രി അറിയിച്ചു. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടേതാണ് തീരുമാനം. കാർഷിക കടങ്ങൾക്ക് സർഫേസി നിയമപ്രകാരം ജപ്തി നടപടിയെടുക്കുകയില്ലെന്നും അധികൃതർ ഉറപ്പു നൽകി. 28 ലക്ഷം കർഷകരുടെ 46,000 ഹെക്ടർ കൃഷിഭൂമിയിൽ 1050 കോടിയുടെ നാശനഷ്ടമുണ്ടെന്നാണ് പ്രാഥമിക കണക്ക്.

പൊളിച്ചെഴുത്ത് അനിവാര്യം

കാർഷികമേഖലയിൽ ഉൾപ്പെടെ ദീർഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണവും പൊളിച്ചെഴുത്തും അനിവാര്യമാണ്. മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളുടെ പേരിൽ യുദ്ധമുഖം തുറന്ന മലയോര മേഖലയിലാണ് പേമാരിയും പ്രളയവും ഉരുൾപൊട്ടലും ഏറ്റവും വലിയ പരിസ്ഥിതി വിനാശമുണ്ടാക്കിയത്. ഈ റിപ്പോർട്ടുകൾ നടപ്പാക്കിയാലും തടഞ്ഞു നിർത്താവുന്നതായിരുന്നില്ല അതിവർഷത്തിന്റെ ആഘാതം. എന്നാൽ ഈ റിപ്പോർട്ടുകളുടെ അന്തസ്സത്ത ഉൾക്കൊണ്ട് പ്രതിരോധ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ ദുരന്തത്തിന്റെ പ്രത്യാഘാതം വലിയൊരളവുവരെ കുറയ്ക്കാമായിരുന്നു. ഉറക്കെയൊന്നു കൂവിയാൽ മണ്ണിടിഞ്ഞു വീഴുന്ന അത്രയും ദുർബലമായി മാറിയിട്ടുണ്ട് ഇടുക്കിയും വയനാടും ഉൾപ്പെടെയുള്ള മലയോരമേഖലകൾ. ഒരു സംരക്ഷണവുമില്ലാതെ കുത്തനെയുള്ള ചെരുവുകളിൽ മണ്ണിളക്കി നടത്തുന്ന കൃഷിയും കരിങ്കൽ ക്വാറികളും മലയിടിച്ചു നിർമിക്കുന്ന റിസോർട്ടുകളും പരിസ്ഥിതി ആഘാത പഠനമില്ലാത്ത ഡാം നിർമാണവുമെല്ലാം മലയോരമേഖലകളെ കൃഷിക്കും ജനവാസത്തിനും യോഗ്യമല്ലാതായി മാറ്റിയിട്ടുണ്ട്.

മരങ്ങളെയും മലനിരകളെയും ചതുപ്പുകളെയും വയലുകളെയും നീർച്ചാലുകളെയും ഇല്ലാതാക്കിയാൽ തങ്ങൾതന്നെ ഇല്ലാതാകുമെന്ന് മലയോരങ്ങളിൽ താമസിക്കുന്ന ജനത ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ഇടുക്കിയിലും വയനാട്ടിലും പരിസ്ഥിതി വിനാശം എല്ലാ അതിരുകളും ലംഘിച്ചു കഴിഞ്ഞു. ഈ ജില്ലകളിൽ ഈ പെരുമഴക്കാലത്ത് കിലോമീറ്ററുകൾ നീളത്തിൽ മണ്ണിൽ അഗാധ ഗർത്തങ്ങൾ രൂപംകൊണ്ടു. മലകൾ തന്നെ ഇടിഞ്ഞു മാറി. മഴ ശമിച്ചിട്ടും ഈ പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടരുന്നു. സംസ്ഥാന ദുരന്ത നിവാരണ ഏജൻസിയുടെ രേഖകൾ പ്രകാരം ദേവികുളം, വൈത്തിരി, നിലമ്പൂർ, മണ്ണാർക്കാട്, റാന്നി എന്നീ താലൂക്കുകളിലാണ് കേരളത്തിൽ ഏറ്റവും  കൂടുതൽ ഉരുൾപൊട്ടൽ സാധ്യത. എന്നാൽ കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 40 ശതമാനത്തോളം വരുന്ന മലനിരകളിൽ എവിടെ വേണമെങ്കിലും ഉരുൾപൊട്ടാമെന്ന സാഹചര്യത്തിലേക്ക് കേരളം മാറിയിട്ടുണ്ട്.

w44

കാലാവസ്ഥാ പ്രവചനം മുന്നറിയിപ്പു മാത്രം പോരാ

കാലാവസ്ഥാപ്രവചനങ്ങളെ ഗൗരവത്തോടെയെടുത്ത്  അടിയന്തര മുന്‍കരുതലുകളൊരുക്കണം കേരളത്തിൽ ഇപ്പോഴുണ്ടായ പാരിസ്ഥിതിക ദുരന്തം പ്രകൃതിയുടെ മാത്രം സൃഷ്ടിയല്ല. മതിയായ മുൻകരുതലുണ്ടായിരുന്നുവെങ്കിൽ നാശം   വലിയൊരളവിൽ തടയാമായിരുന്നു. ജാഗ്രതാനിർദേശങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ദുരന്തനിവാരണം. കാലാവസ്ഥാപ്രവചനങ്ങളെ കൂടുതൽ ഗൗരവത്തിലെടുത്ത് ആഘാതം കുറയ്ക്കുന്നതിനുള്ള അടിയന്തര പദ്ധതികള്‍ തയാറാക്കണം. വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും മുന്നറിയിപ്പു നൽകുന്നതിനും കേരളത്തിൽ വ്യക്തമായ പദ്ധതികളില്ല. വെള്ളപ്പൊക്ക മുന്നറിയിപ്പു നൽകുന്നതിന് കേന്ദ്ര ജല കമ്മീഷന്റെ ഒരു  കേന്ദ്രംപോലും കേരളത്തിൽ പ്രവർത്തിക്കുന്നില്ല. ഭാവിയിൽ സംഭവിച്ചേക്കാവുന്ന പ്രളയദുരിതങ്ങളിൽനിന്നു ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കാൻ ഹൈക്കോടതി നിർദേശിച്ചതുപോലെ പ്രളയദുരിതത്തിന്റെ വ്യാപ്തിയുടെ അടിസ്ഥാനത്തിൽ മേഖല തിരിച്ച് മാപ്പിങ് നടത്തണം. പ്രളയജലം ഒഴുകി എത്താനിടയുള്ള എല്ലാ ജലപാതകളുടെയും വ്യാപ്തി കൂട്ടി ജലനിർഗമനം സുഗമമാക്കണം. വെള്ളപ്പൊക്കം നിയന്ത്രിക്കാനും വേമ്പനാട് കായലിന്റെയും എസി കനാലിന്റെയും മറ്റു ജലനിർഗമന പാതകളുടെയും ആഴവും വീതിയും 

കൂട്ടാനുമുള്ള കുട്ടനാട് പാക്കേജ് അലസിപ്പോയി. വെള്ളപ്പൊക്ക നിയന്ത്രണത്തിനുള്ള പദ്ധതികൾ ജലസേചന വകുപ്പാണ് ഏറ്റെടുത്ത് നടപ്പാക്കേണ്ടിയിരുന്നത്. കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിച്ച് രണ്ടാം ഘട്ടം അടിയന്തരമായി നടപ്പാക്കണം. ഇടുക്കിയുടെ കാർഷിക വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഡോ. എം. എസ്. സ്വാമിനാഥൻ തയാറാക്കിയ ഇടുക്കിപാക്കേജ് തുടങ്ങാൻ പോലുമായില്ല. കുട്ടനാട് പാക്കേജിനൊപ്പം ഇടുക്കിക്കും വയനാടിനും പ്രത്യേക  പാക്കേജുകൾ തയാറാക്കണം. മലയോര മേഖലയിൽ തകർന്നുപോയ റോഡുകളും പാലങ്ങളും ഉൾപ്പെടെ പുനർനിർമിക്കുന്നതിനും അടിസ്ഥാന സൗകര്യവികസനത്തിനും പ്രത്യേക പദ്ധതികൾ നടപ്പാക്കണം.