Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാളികേരത്തിന്റെ നന്മ

OIL

ഉദ്യോഗസ്ഥയായ അമ്മ രാവിലെ അടുക്കളജോലി എളുപ്പമാക്കാൻവേണ്ടി തലേന്നുതന്നെ തേങ്ങ ചിരകി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതു കണ്ടിട്ടുണ്ട് ധനേഷ്. അമ്മയ്ക്കതിനു സമയം കിട്ടാത്ത ദിവസങ്ങളില്‍ പിറ്റേന്ന് തേങ്ങയരച്ച ചട്നിയോ കറിയോ പ്രതീക്ഷിക്കേണ്ട. ‘നഗരത്തിലെ ഉദ്യോഗസ്ഥകളായ വീട്ടമ്മമാരുടെയെല്ലാം സ്ഥിതി ഇതു തന്നെയാവില്ലേ. പാലിനും പത്രത്തിനുമൊപ്പം ഒരു പായ്ക്കറ്റ് ചിരകിയ തേങ്ങ കൂടി ലഭിച്ചാൽ എത്ര എളുപ്പമെന്ന് അവരും ചിന്തിക്കുന്നുണ്ടാവില്ലേ’ ധനേഷിന്റെ മനോഗതം ഇങ്ങനെ പോയി.

സംഗതി കൊള്ളാമെങ്കിലും സംരംഭം തുടങ്ങും മുമ്പൊരു സാധ്യതാസർവേ നടത്തണം. എഫ് എം റേഡിയോയിൽ ആർ ജെ ആയ സുഹൃത്തിനെ കണ്ടപ്പോൾ ഐഡിയ തെളിഞ്ഞു. ശ്രോതാക്കളുമായി ചർച്ച ചെയ്യാൻ വിഷയങ്ങൾ ചികഞ്ഞിരിക്കുകയാണ് കക്ഷി. കൊടുത്തു ഒരെണ്ണം സൗജന്യമായി. പിറ്റേന്നു കാലത്തു റേഡിയോയിൽ കൊണ്ടുപിടിച്ച ചർച്ച; ജോലിക്കാരായ സ്ത്രീകൾ രാവിലെ അടുക്കളയിൽ നേരിടുന്ന ഏറ്റവും കഷ്ടപ്പാടുള്ള പണിയേത്. എൺപത്തഞ്ചു ശതമാനവും പങ്കുവച്ചത് തേങ്ങ ഉടച്ച് ചിരകിയെടുക്കുന്നതിന്റെ പങ്കപ്പാട്. വിളിച്ചതിൽ നല്ല പങ്കും പുരുഷന്മാരായിരുന്നു എന്നതും ശ്രദ്ധേയം. കാരണം  പല വീട്ടിലും അത് അവരുടെ ഡ്യൂട്ടിയാണെന്നതുതന്നെ.  അനായാസം സാധിച്ച സർവേ അനുകൂലമായതോടെ ധനേഷ് ഉല്‍പന്നമൊരുക്കി പരീക്ഷണ വിൽപനയ്ക്കിറങ്ങി.

ചിരവിയ തേങ്ങ, പായ്ക്കറ്റ് ഒന്നിൽ 250 ഗ്രാം നിറച്ച് 25 രൂപ വിലയിട്ട് രാവിലെ തന്നെ നഗരത്തിലെ ജോലിക്കാർ താമസിക്കുന്ന പാർപ്പിട സമുച്ചയത്തിലേക്കു തിരിച്ചു. കൊണ്ടുപോയ പത്തു പായ്ക്കറ്റും രണ്ടു മണിക്കൂറിനുള്ളിൽ വിറ്റഴിച്ച് മടക്കം. ഇൻഫോസിസിലെഒന്നാന്തരം ജോലി ഉപേക്ഷിച്ച് നാട്ടിൽ തേങ്ങ ചിരകാനിറങ്ങിയ ധനേഷിന്റെ തുടക്കം ഇങ്ങനെ. ഭാര്യയ്ക്കും ബെംഗളൂരുവിൽ ഐടി മേഖലയിലായിരുന്നു ജോലി.

നാടിനോടുള്ള പ്രേമവും നാട്ടിലൊരു കാർഷിക സംരംഭം തുടങ്ങാനുള്ള ആഗ്രഹവും കലശലായതോടെയാണ് ഇരുവരും ജോലി വിട്ട് കോഴിക്കോട്ടേക്കു മടങ്ങുന്നത്. ഇന്ന് ധനേഷിന്റെ യൂണിറ്റിൽനിന്നുള്ള ഫ്രഷ് തേങ്ങാപ്പാലും തേങ്ങാ ചിരവിയതും കാത്തിരിക്കു ന്ന വീട്ടമ്മമാരും കേറ്ററിങ് യൂണിറ്റുകളും ഹോട്ടലുകളും ഏറെയുണ്ട് കോഴിക്കോടു നഗരത്തിൽ. പാരമ്പര്യച്ചിട്ട കടുകിട തെറ്റാതെ തയാറാക്കുന്ന വെന്ത വെളിച്ചെണ്ണയ്ക്കാകട്ടെ ദേശാന്തരങ്ങൾക്കപ്പുറത്തുനിന്നും ആവശ്യക്കാരുണ്ട്.പാരമ്പര്യം പതിരില്ലാതെ പ്രശസ്തമായ തളിക്ഷേത്രത്തിനരികിൽ തന്നെയാണ് ധനേഷിന്റെ യൂണിറ്റ്. അച്ഛൻ താമരക്കുളം വാസുദേവൻ നമ്പൂതിരിയുടെ വഴി പിന്തുടർന്ന് പൂജകളും ചിട്ടകളുമെല്ലാം ഹൃദിസ്ഥമാക്കിയിട്ടുണ്ട് ഈ ചെറുപ്പക്കാരനും. വെന്ത വെളിച്ചെണ്ണയുടെ സിദ്ധികളെത്രയെന്ന് മനസ്സിലായതും പാര മ്പര്യ വഴികളെക്കുറിച്ച് പഠിച്ചപ്പോൾതന്നെ.

പവിത്രമായ പല സന്ദർഭങ്ങളിലും ഏറ്റവും ശുദ്ധിയോടെ തയാറാക്കുന്ന വിഭവങ്ങൾക്കു വെന്ത വെളിച്ചെണ്ണതന്നെ നിഷ്കർഷിക്കുന്ന പതിവു പണ്ടേയുണ്ട്. അതിനർഥം അതേറ്റവും മികച്ചത് എന്നുതന്നെയെന്ന് ധനേഷ്. കുഞ്ഞുങ്ങളെ തേച്ചുകുളിപ്പിക്കാൻ വെന്ത വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നതിനു കാരണവും അതുതന്നെ. തനി പാരമ്പര്യവഴിയിൽ, വെള്ളോടിന്റെ വാർപ്പിലാണ് വെളിച്ചെണ്ണ നിർമാണം. അൽപം ഇളയ നാളികേരത്തിന്റെ പാലാണ് വെന്ത വെളിച്ചെണ്ണയ്ക്കു വേണ്ടത്. 30–35 തേങ്ങ വേണ്ടിവരും ഒരു ലീറ്റർ വെന്ത വെളിച്ചെണ്ണ ലഭിക്കാൻ. ചിരട്ടനീക്കലാണ് ആദ്യ ഘട്ടം. അതിന് ഡീഷെല്ലിങ് മെഷീനുണ്ട്. തുടർന്ന് കാമ്പ് കഴുകി, യന്ത്രസഹായത്തോടെ നുറുക്കി, പൊടിച്ച്, തേങ്ങാപ്പാലെടുക്കുന്നു. അത് വാർപ്പിൽ നാലുമണിക്കൂർ ഇളക്കി വറ്റിച്ചാണ് വെന്ത വെളിച്ചെണ്ണ നിർമിക്കുന്നത്. അതിന്റെ പാകവും പരുവവും കണക്കുകൂട്ടുന്നതിലാണ് വെന്ത വെളിച്ചെണ്ണയുടെ മേന്മയിരിക്കുന്നതെന്നും ധനേഷ്.

വിർജിൻ കോക്കനട്ട് ഒായിൽ തയാറാക്കാൻ മാർഗങ്ങൾ പലതുണ്ട്. അതിൽ ഒൗഷധമൂല്യം ഏറ്റവും കൂടുന്നത് ഇപ്പറഞ്ഞ ഹീറ്റ് എക്സ്ട്രാക്റ്റഡ് രീതിയിലുള്ള വിർജിൻ കോക്കനട്ട് ഒായിലിനു തന്നെയെന്ന് ധനേഷ്. പ്രകൃതി എന്ന ബ്രാൻഡിൽ ധനേഷ് വിപണിയിലെത്തിക്കുന്ന വെന്ത വെളിച്ചെണ്ണ 250 ഗ്രാം ബോട്ടിലിന് വില 380 രൂപ. അതായത് ലീറ്ററിന് 1520 രൂപ. ഒന്നിടവിട്ട ദിവസങ്ങളിലാണ് വെന്ത വെളിച്ചെണ്ണ നിർമാണം. മാസം ചുരുങ്ങിയത് 400 ലീറ്ററിനെങ്കിലും ഒാർഡർ ഉണ്ടെന്ന് ധനേഷ്. ഉൽപന്നം നിർമിച്ച ശേഷം ഉപഭോക്താവിനെ തേടിനടക്കുന്ന രീതിയല്ല ഇപ്പോൾ ഈ സംരംഭകന്റേത്. തേങ്ങാപ്പാലും തേങ്ങാചിരകിയതും വെന്ത വെളിച്ചെണ്ണയുമെല്ലാം തയാറാക്കുന്നത് ആവശ്യക്കാരിൽനിന്നുള്ള ഒാർഡർ അനുസരിച്ചു മാത്രം. അതാകട്ടെ ആവശ്യത്തിലേറെയുണ്ടുതാനും.

ഗോ ഒാർഗാനിക് തളി, കോഴിക്കോട്

ഫോൺ: 9037999929