Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ‌ത്തുലക്ഷം രൂപയുടെ ചക്കക്കച്ചവടം

jackfruit

ചക്ക ഉൽപന്നങ്ങൾ വിറ്റ്  പത്തുലക്ഷം രൂപയുടെ കച്ചവടം നേടിയ കഥയാണ് മുണ്ടക്കയത്തിനു സമീപം പറത്താനത്തെ മൗണ്ട് ഗ്രീൻ ജാക്ക് പ്രോഡക്ട്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു പറയാനുള്ളത്. പിഎസ്ഡബ്ല്യുഎസിന്റെ കർഷകദളമായി തുടങ്ങിയ 15 കൃഷിക്കാരുെട സംരംഭത്തിന് എവർഗ്രീൻ പ്രോഡക്ട്സ് എന്നായിരുന്നു ആദ്യപേര്.  ഉൽപാദനകമ്പനിയായി വളർന്നപ്പോൾ പേരുമാറ്റിയ  ഇവർ കഴിഞ്ഞ സാമ്പത്തികവർഷം മൂന്നരലക്ഷം രൂപയോളമാണ് അറ്റാദായം നേടിയത്. ചക്ക ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നവർ അന്വേഷിച്ചെത്തുന്ന സ്ഥാപനങ്ങളിലൊന്നായി  കർഷക കൂട്ടായ്മയുടെ സംരംഭം മാറിക്കഴിഞ്ഞു. രണ്ടു കയറ്റുമതി ഏജൻസികളാണ് കമ്പനിയുടെ ഉൽപന്നങ്ങളിൽ 75 ശതമാനവും വാങ്ങുന്നത്.

കപ്പ സംസ്കരിച്ച് ഉൽപന്നങ്ങളുണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ തേടി  തിരുവനന്തപുരത്തെ കിഴങ്ങുവിള ഗവേഷണകേന്ദ്രം സന്ദർശിച്ച ഇവർ ചക്കയുെട സാധ്യതകൾ തിരിച്ചറിഞ്ഞതോെട ചുവടു മാറുകയായിരുന്നു. പത്തനംതിട്ടയിലെ കാർഡ് കൃഷിവിജ്ഞാനകേന്ദ്രമാണ് ചക്ക സംസ്കരണത്തിനുള്ള സാങ്കേതികവിദ്യ നൽകിയത്. ഡയറക്ടർബോർഡിലെ രണ്ട് അംഗങ്ങൾ അവിടെ പോയി പരിശീലനം നേടുകയായിരുന്നു. ഉണങ്ങിയ പച്ചച്ചക്ക, ചക്കപ്പൊടി, ചക്കക്കുരുപ്പൊടി, പൾപ്, ചക്കവരട്ടി, ഉണക്കക്കപ്പ എന്നിവയാണ് ഒന്നരവർഷത്തിനുള്ളിൽ ജെക്ക ബ്രാൻഡിൽ ഇവർ വിപണിയിലെത്തിച്ച ഉൽപന്നങ്ങൾ. കഴിഞ്ഞ വർഷം അമ്പതു ടൺ പച്ചച്ചക്ക സംസ്കരിച്ച കമ്പനിക്ക് ഈ വർഷം അത്രയും സാധിച്ചില്ലെന്ന ദുഃഖം മാത്രം. സീസൺ തെറ്റിച്ചെത്തിയ മഴ മൂലം നിലവാരമുള്ള ചക്ക കിട്ടാനില്ലാതെ വന്നതുകൊണ്ടാണ് സംസ്കരണം കുറയ്ക്കേണ്ടിവന്നത്. 

jackfruit1

ഉണങ്ങിയ ചക്കയും ചക്കപ്പൊടിയും കിലോയ്ക്ക് 400 രൂപ നിരക്കിലും ചക്കക്കുരു പൊടി 200 രൂപയ്ക്കും ചക്കപൾപ്പ് 150 രൂപയ്ക്കും ചക്കവരട്ടി 400 രൂപയ്ക്കുമാണ് വിൽക്കുന്നത്. 

കിലോയ്ക്ക് അഞ്ചു രൂപ നിരക്കിലാണ് കമ്പനി സംസ്കരണത്തിനുള്ള ചക്ക വാങ്ങുന്നത്. സമീപപ്രദേശങ്ങളിൽ നിന്ന് പരമാവധി സംഭരിക്കും. തികയാതെ വന്നാൽ ഏ‍ജന്റുമാരിൽനിന്നു വാങ്ങും.  ആയിരം കിലോ ചക്ക സംസ്കരിച്ചാൽ 40 കിലോ ഉണക്കച്ചക്കയേ കിട്ടാറുള്ളൂ– കമ്പനി ഡയറക്ടർമാരിലൊരാളായ എൻ.സി. ജയിംസ് നടൂപ്പറമ്പിൽ ചൂണ്ടിക്കാട്ടി.സ്വന്തമായുള്ള 20 സെന്റ് സ്ഥലത്ത്  1800 ചതുരശ്ര അടിയിൽ ആധുനിക സൗകര്യങ്ങളോടു കൂടി നിർമിച്ച സംസ്കരണശാലയാണ് ഇവരുടെ കരുത്ത്. ഡ്രയർ, പൾപ്പർ, കട്ടർ, പൾവറൈസർ, പായ്ക്കിങ് മെഷീൻ തുടങ്ങി ഭക്ഷ്യസംസ്കരണ രംഗത്ത് ആവശ്യമായ ഒട്ടേറെ യന്ത്രങ്ങൾ ഇവിടെയുണ്ട്. 

ആകെ 25 ലക്ഷം രൂപ മുതൽ മുടക്കുള്ള കമ്പനിയിലെ ജോലികൾ 25 കുടുംബശ്രീ തൊഴിലാളികളെ  കരാർ അടിസ്ഥാനത്തിൽ ഏൽപിച്ചിരിക്കുകയാണ്. സംസ്കരിക്കുന്ന ചക്കയുെട തൂക്കമനുസരിച്ച് വേതനം നൽകുന്ന രീതിയാണ് ഇവിടുള്ളത്.വൈകാതെതന്നെ ചക്ക, ഏത്തക്കാ, കപ്പ എന്നിവയിൽനിന്നുള്ള ചിപ്സ് നിർമാണവും ഇവർ ആരംഭിക്കും. ശബരിമല തീർഥാടകപാതയിൽ സ്ഥിതി ചെയ്യുന്നതിന്റെ സാധ്യതകൾ ഇതുവഴി പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിലാണിത്. 

ഫോൺ: 9497326564