Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷിക്കാരുടെ സ്വന്തം ഫാക്ടറിയിൽ കപ്പയ്ക്കും ചക്കയ്ക്കും പുതുരൂപം

kanjiramattom

റബറിനു വില താഴ്ന്നപ്പോഴാണ് പറമ്പിലെ മറ്റു സാധ്യതകളെക്കുറിച്ചു കാഞ്ഞിരമറ്റത്തെ കൃഷിക്കാർ ചിന്തിച്ചത്. പലരുെടയും പറമ്പുകളിൽ റബറല്ലാതെയുണ്ടായിരുന്നത് കപ്പയും ചക്കയും കൈതച്ചക്കയുമൊക്കെയായിരുന്നു.  അവയെല്ലാം ഒരിടത്തെത്തിച്ച് ഉൽപന്നങ്ങളാക്കിയാൽ വരുമാനമാക്കാമെന്ന ചിന്തയിലേക്ക് അങ്ങനെയാണ് എത്തിയത്. ആ ചിന്തയുെട അങ്ങേയറ്റം വരെ പോകാനും അങ്ങനെ കിട്ടിയ ആശയങ്ങൾ നടപ്പാക്കാനും കഴിഞ്ഞപ്പോൾ അവർ കണ്ടെത്തിയത് വരുമാനത്തിന്റെ  പുതുവഴികളായിരുന്നു. ആവശ്യത്തിലേറെ കപ്പയും ചക്കയും വാഴപ്പഴവുമൊക്കെ ഉണ്ടാകുമ്പോൾ സംസ്കരിച്ചു സൂക്ഷിച്ചാൽ വരുമാനമാക്കാമെന്ന തിരിച്ചറിവിൽനിന്നും  സംസ്കരണശാലയിലേക്ക് എത്തിച്ചേരാൻ അവർക്കു വേണ്ടിവന്നത് രണ്ടു വർഷം മാത്രം. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുെട നേതൃത്വത്തിലുണ്ടാക്കിയ കർഷകദളങ്ങളിലൂടെയായിരുന്നു കൂട്ടായ ചിന്തയുടെയും പ്രവൃത്തിയുടെയും തുടക്കം.

ഏറ്റവും വേഗത്തിൽ 26 കർഷകദളങ്ങൾക്കും  അവയുടെ ഫെഡറേഷനും രൂപം നൽകിയ കാഞ്ഞിരമറ്റത്തെ കൃഷിക്കാർ നബാർഡിന്റെ കീഴിലുള്ള ഫാർമേഴ്സ് ക്ലബ് കൂടിയാണിപ്പോൾ.   കാഞ്ഞിരമറ്റം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയായി  വളരാനുള്ള അണിയറപ്രവർത്തനങ്ങളും നടന്നുവരുന്നു. അംഗങ്ങളായ കൃഷിക്കാരും പാലാ സോഷ്യൽ സർവീസ് സൊസൈറ്റിയും ചേർന്ന് 25 ലക്ഷം രൂപയുെട ഓഹരി സമാഹരിച്ചാണ് കർഷകകമ്പനിക്കു തുടക്കം കുറിക്കുക. ഈ തുക ഉപയോഗിച്ച് 14 സെന്റ് സ്ഥലവും ആധുനിക സാങ്കേതിക സൗകര്യങ്ങളോടുകൂടിയ സംസ്കരണശാലയും കമ്പനി സ്വന്തമാക്കിക്കഴിഞ്ഞെന്ന് ഫാർമേഴ്സ് ക്ലബ് പ്രസിഡന്റും കൃഷിക്കാരനുമായ  ടോം ജേക്കബ് ആലയ്ക്കൽ പറഞ്ഞു. ഒരു രൂപപോലും വായ്പയെടുക്കാതെയാണ് ഈ നേട്ടം. 

kanjiramattom1

ഫാക്ടറി പ്രവർത്തനം തുടങ്ങിയ 2016 ഡിസംബർ മുതൽ 2017 മേയ് വരെയുള്ള ആദ്യസീസണിൽ മാത്രം 20 ടൺ ചക്ക ഇവിടെ ഉണങ്ങി. അംഗങ്ങളായ കൃഷിക്കാർതന്നെ  നിശ്ചിതസമയം വീതം ജോലി ചെയ്താണ് ഫാക്ടറി പ്രവർത്തിപ്പിക്കുന്നത്. പരമാവധി വരുമാനം കൃഷിക്കാർക്ക് ഉറപ്പാക്കാൻ ഇതുവഴി സാധിക്കുന്നു. ചക്ക വിളവെടുക്കുന്നതു മുതൽ ഉണങ്ങിയ ചക്ക പായ്ക്ക് ചെയ്യുന്നതുവരെയുള്ള ജോലികൾക്ക് കാഠിന്യമനുസരിച്ച് മണിക്കൂർ അടിസ്ഥാനത്തിൽ വേതനം നിശ്ചയിച്ചിട്ടുണ്ട്.  രാജ്യാന്തര വിപണിക്കു ചേരുന്ന നിലവാരം തുടക്കം മുതലേ സൂക്ഷിക്കാനും സാധിച്ചത് കാഞ്ഞിരമറ്റത്തെ  സംസ്കരണശാലയ്ക്ക് വലിയ അവസരങ്ങൾ തുറന്നു നൽകി. ഒരു കിലോ ഉണക്കച്ചക്കയ്ക്ക് 500 രൂപയാണ് ഇവിടെ വില. ജാക്ക്–10 എന്ന ബ്രാൻഡിലാണ് വിപണനം

കഴിഞ്ഞ സീസണിൽ ഉൽപാദിപ്പിച്ച 1000 കിലോ ഉണക്കച്ചക്കയും വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന നാട്ടുകാർ തന്നെ വാങ്ങുകയായിരുന്നു. കമ്മീഷൻ നൽകാതെ കച്ചവടം നടന്നത് കമ്പനിക്ക് നേട്ടമായി.ചക്കസംസ്കരണത്തിൽ നിന്നു ലഭിച്ച ആവേശത്തിൽ അവർ കപ്പ സംസ്കരണവും ആരംഭിച്ചു. പച്ചക്കപ്പയുെട വില ആറു രൂപ വരെ താഴ്ന്ന സന്ദർഭത്തിൽ കാഞ്ഞിരമറ്റത്തെ കൃഷിക്കാർ  ഉണക്കക്കപ്പയുണ്ടാക്കി വിറ്റു. കിലോയ്ക്ക് 70 രൂപയാണ് ഉണക്കക്കപ്പയുെട വില. ഒരു കിലോ ഉണക്കക്കപ്പ കിട്ടുന്നതിനു മൂന്ന്–നാല് കിലോ പച്ചക്കപ്പ വേണ്ടിവരും. ഒറ്റത്തവണ 350 കിലോ പച്ചക്കപ്പ ഉണങ്ങാൻ ശേഷിയുള്ള ഡ്രയറാണ് ഇവിടുത്തേത്.  എല്ലാവർക്കും ഉണക്കക്കപ്പയുണ്ടാക്കാൻ വേണ്ടി 24 മണിക്കൂറും ഡ്രയർ പ്രവർത്തിപ്പിച്ച കാലമായിരുന്നു അതെന്ന് ടോം ഓർത്തു. പച്ചക്കപ്പ കഴുകി തൊലി പൊളിച്ച്  പ്രത്യേക യന്ത്രമുപയോഗിച്ച് അരിഞ്ഞശേഷം വാട്ടി  ഡ്രയറിൽ ഉണങ്ങുന്നതിനു കിലോയ്ക്ക് 15 രൂപയായിരുന്നു സർവീസ് ചാർജ്. ഇപ്രകാരം 40 ടൺ ഉണക്കക്കപ്പ സംസ്കരിച്ച വകയിൽ മാത്രം കമ്പനി നേടിയത് ആറുലക്ഷം രൂപയായിരുന്നു. രണ്ടുവർഷത്തെ പ്രവർത്തനത്തിലൂെട വളർച്ചയുടെ അതിവേഗ പാതയിലേക്ക് കടന്നിരിക്കുകയാണിവർ. കപ്പ, ചക്ക എന്നിവയ്ക്കു പുറമെ ഏത്തക്ക, വിവിധ പഴങ്ങൾ, ചിപ്സ് എന്നിവയുടെ സംസ്കരണവും ഇവർ ലക്ഷ്യമിടുന്നു. 

ഫോൺ: 93882227449