Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷിവകുപ്പിന്റെയും നാളികേര വികസന ബോർഡിന്റെയും പദ്ധതികള്‍, ധനസഹായം

agripreneur1

ക്ലസ്റ്റർ അടിസ്ഥാനത്തിൽ, തെങ്ങിൻതോട്ടങ്ങളുടെ സമഗ്രപരിപാലനം ലക്ഷ്യമിട്ട് ‘കേരഗ്രാമം’ പദ്ധതിയുമായി കൃഷിവകുപ്പ്. 250 ഹെക്ടർ വരുന്ന 79 പുതിയ കേരഗ്രാമം ഈ വർഷം സജ്ജമാക്കും. പദ്ധതിയുടെ ഭാഗമായി തെങ്ങൊന്നിന് ഇടപ്പണിക്ക് 35 രൂപ, തെങ്ങിൻതടത്തിൽ തൊണ്ട് മൂടുന്നതിന് 50 രൂപ, മണ്ണ് സസ്യസംരക്ഷണോപാധികൾ, വളം എന്നിവയ്ക്ക് 67.75 രൂപ, ജൈവവളം, ജീവാണുവളം, ജൈവ കീടനാശിനികൾക്ക് 75 രൂപ എന്നിങ്ങനെ നൽകും.ഉൽപാദനക്ഷമത കുറഞ്ഞ തെങ്ങ് വെട്ടിമാറ്റുന്നതിന് ഒരു തെങ്ങിന് 1000 രൂപ നിരക്കിൽ ഏക്കറിന് പരമാവധി 4000 രൂപയും അത്യുൽപാദനശേഷിയുള്ള തെങ്ങിൻതൈകൾ നടുന്നതിന് ഒരു തെങ്ങിന്‍തൈയ്ക്ക് 60 രൂപ നിരക്കിൽ ഏക്കറിന് പരമാവധി 420 രൂപ

യും സഹായം നൽകും. തെങ്ങിൻതോപ്പിൽ ഇടവിളക്കൃഷിക്ക് ഏക്കറിന് 2400 രൂപ, സൂക്ഷ്മനന സൗകര്യമൊരുക്കാൻ ഏക്കറിന് 10,000 രൂപ എന്നിങ്ങനെയും നൽകും. കുളം, കിണർ, പമ്പുസെറ്റോടെ നന സൗകര്യമൊരുക്കാൻ പരമാവധി 10,000 രൂപയും ക്ലസ്റ്ററുകൾക്ക് തെങ്ങുകയറ്റയന്ത്രം വാങ്ങാൻ 2000 രൂപയും ജൈവവള ഉൽപാദന യൂണിറ്റിന് 10,000 രൂപയും സഹായം. നാളികേര സംസ്കരണ യൂണിറ്റ് തുടങ്ങാനും സഹായമുണ്ട്. കേരഗ്രാമം പദ്ധതി നടപ്പാക്കുന്ന കൃഷിഭവനുമായി ബന്ധപ്പെടുക.

തെങ്ങുകൃഷി പുനരുദ്ധാരണംരോഗം മൂർച്ഛിച്ചതും പ്രായാധിക്യമേറിയതുമായ തെങ്ങുകൾ വെട്ടിമാറ്റുന്നതിന്, തെങ്ങൊന്നിന് 1000 രൂപ നിരക്കിൽ 32,000 രൂപ ഒരു ഹെക്ടറിന് സഹായം നൽകും. തെങ്ങുകൃഷി പുനരുദ്ധാരണത്തിന് 17,500 രൂപ ഒരു ഹെക്ടറിന് രണ്ടു വർഷത്തേക്കും, പുനർനടീലിന് ഹെക്ടറിന് 4000 രൂപയും സബ്സിഡി നൽകും.

കുള്ളൻതെങ്ങുകള്‍

കുള്ളൻതെങ്ങുകളുടെ പ്രദർശനത്തോട്ടമൊരുക്കാൻ സഹായം. 50 സെന്റു വരുന്ന കുള്ളൻതെങ്ങുകളുടെ പ്രദർശനത്തോട്ടമൊരുക്കാൻ 47,080 രൂപ സഹായം നൽകും. നിലമൊരുക്കൽ, തൈ വില, സൂക്ഷ്മനന സംവിധാനം, സസ്യസംരക്ഷണം, വളപ്രയോഗം എന്നിവയ്ക്കാണു സഹായം. 50 സെന്റ് അധിക യൂണിറ്റ് ചെയ്യുന്നതിന് 38,830 രൂപയും നൽകും. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.പ്രദർശന തോട്ട ജൈവവള യൂണിറ്റ്  തിരഞ്ഞെടുത്ത കർഷകർക്ക് പ്രദർശനത്തോട്ടങ്ങളൊരുക്കാൻ ഹെക്ടറിന് 35,000 രൂപയും  ജൈവവള കമ്പോസ്റ്റ് യൂണിറ്റുകൾക്ക് 60,000 രൂപ വരെയും സബ്സിഡി നൽകുന്നു.

നാളികേര നഴ്സറികൾ

സ്വകാര്യ മേഖലയിൽ ചുരുങ്ങിയത് രണ്ടു ഹെക്ടർ മുതൽ നാലു ഹെക്ടർവരെ സ്ഥലത്ത് നഴ്സറിയൊരുക്കാൻ പരമാവധി ആറു ലക്ഷം രൂപ സഹായം. ചെറുകിട കേര നഴ്സറികൾക്ക്, 6250 തൈകൾ ഉൽപാദിപ്പിക്കുന്ന യൂണിറ്റിന് 50,000 രൂപയും ഒരു ഏക്കറിൽ 25,000 തൈ ഉൽപാദിപ്പിക്കുന്ന യൂണിറ്റിന് രണ്ടു ലക്ഷം രൂപയും സബ്സിഡി നൽകുന്നു. കൂടാതെ ഗുണമേന്മയുള്ള നെടിയ ഇനം, സങ്കര ഇനം, കുറിയ ഇനം തെങ്ങിൻ തൈകൾ ഉൽപാദിപ്പിച്ചു നൽകുന്ന ചെറുകിട കര്‍ഷകർക്ക് 6500 രൂപ മുതൽ 12,500 രൂപവരെ ഓരോ പ്രദേശത്തിനനുസരിച്ചും നാളികേര വികസനബോർഡ്  സബ്സിഡി നൽകുന്നു.  ഫോണ്‍: 0484–2377266, 67

നാളികേര വിള ഇൻഷുറൻസ് പദ്ധതി 

നാളികേര വികസന ബോർഡ്, കേന്ദ്ര, സംസ്ഥാന സർക്കാരുകളും അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നു നടപ്പാക്കുന്ന ഈ പദ്ധതിപ്രകാരം നാല്– 15 വർഷം പ്രായമായ തെങ്ങുകൾക്ക് 2.25 രൂപയും 16 – 60 വർഷം പ്രായമായ തെങ്ങുകൾക്ക് 3.5 രൂപയുമാണ് കർഷകർ പ്രീമിയം അടയ്ക്കേണ്ടത്. ഇൻഷുറൻസ് പരിരക്ഷ യഥാക്രമം 900 രൂപയും 1750 രൂപയുമാണ്.  വിവരങ്ങൾക്ക് ഫോണ്‍ 0471–2334989.കേരസുരക്ഷ ഇൻഷുറൻസ്   തെങ്ങുകയറ്റം തൊഴിലായി സ്വീകരിച്ചവർക്ക് നാളികേര വികസനബോർ‍ഡ് നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി. പ്രീമിയം 23 രൂപയാണ് അടയ്ക്കേണ്ടത്. ഇൻഷുറൻസ് പരിരക്ഷയായി രണ്ടു ലക്ഷം രൂപ നൽകും.

പോത്തുവളര്‍ത്തല്‍

തൃശൂര്‍ രാമവര്‍മപുരം മില്‍മ പരിശീലനകേന്ദ്രത്തില്‍ പോത്തുവളര്‍ത്തല്‍ പരിശീലനം ഈ മാസം 11 മുതല്‍ 14വരെ. നിശ്ചിത ഫീസുണ്ട്. താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി പേരു നല്‍കണം. 

ഫോണ്‍: 0487 2695869