Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല മാറ്റങ്ങൾക്കായി കൃഷിക്കാരനു തുണയേകാം

Flood-pix

പുത്തൻ സഹസ്രാബ്ദത്തിന്റെ തുടക്കത്തിലാണ് നാം പുലി വരുന്നേയെന്ന നിലവിളി ആദ്യം കേട്ടത്.  ഏതാനും വർഷങ്ങളായി പുലി പലയിടത്തും പ്രത്യക്ഷപ്പെടുന്നുമുണ്ടായിരുന്നു. എന്നാൽ ഇത്തവണ ഇതാ ആദ്യമായി പുലിയിറങ്ങി ആളെപ്പിടിച്ചിരിക്കുന്നു, ആടിനെയും മാടിനെയും പിടിച്ചിരിക്കുന്നു!! കാലാവസ്ഥാമാറ്റമെന്ന പുലിയെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. സെമിനാറുകളിലും ലേഖനങ്ങളിലും കണ്ടു പരിചയപ്പെട്ട കാലാവസ്ഥാമാറ്റം ഇനി നമ്മുെട അനുദിനജീവിതത്തിന്റെ ഭാഗമാവുകയാണ്. ഈ മാറ്റത്തിന് അനുസൃതമായി കൃഷിയും ജീവിതവും ക്രമീകരിച്ചാൽ മാത്രമേ ഇനി മലയാളമണ്ണിൽ കൃഷിയും കൃഷിക്കാരനും പച്ചപിടിക്കൂ.  കാലാവസ്ഥാമാറ്റ അഭയാർഥികളെക്കുറിച്ചു വായിച്ചവരും പ്രബന്ധമെഴുതിയവരുമുൾപ്പെടെ ആയിരക്കണക്കിനു മലയാളികളാണ് ഇത്തവണ സ്കൂളുകളിലും ഓഡ‍ിറ്റോറിയങ്ങളിലും മട്ടുപ്പാവുകളിലുമൊക്കെ അഭയാർഥികളായി ദിവസങ്ങളോളം കഴിഞ്ഞത്. വേണ്ടത്ര മുൻകരുതലെടുത്തില്ലെങ്കിൽ ഇറങ്ങിയിടത്തേക്കു മടങ്ങിപ്പോകാനാവാത്ത അഭയാർഥികളായി നാം മാറേണ്ടിവരുമെന്ന ചിന്ത അത്ര അതിരു കടന്നതല്ല.

കഠിനം ഇനി കാലാവസ്ഥ

ജൂണായാൽ മഴയും ഫെബ്രുവരി കഴിഞ്ഞാൽ വേനലുമെന്ന് ഉറപ്പിച്ചു കൃഷി ചെയ്യുന്ന രീതി ഇനി ഉപേക്ഷിക്കാം. അതൊരു പ്രധാന സാധ്യത മാത്രം. ഫെബ്രുവരിയിലെ പ്രളയത്തിനും ജൂണിലെ വരൾച്ചയ്ക്കും നാം സാക്ഷികളായിക്കഴിഞ്ഞു. വിപരീത സാഹചര്യങ്ങളെ ഒരേപോലെ നേരിടാൻ സജ്ജരായിരിക്കുക മാത്രമേ ഇനി മാർഗമുള്ളൂ. മഴയുണ്ടാകേണ്ട സമയത്ത് വരൾച്ച വന്നാൽ, കുംഭമാസത്തിൽ വെള്ളപ്പൊക്ക

മുണ്ടായാൽ തളരാതെ കൃഷി തുടരാൻ‌ എന്തു ചെയ്യുമെന്ന് കൃഷിക്കാരും ഗവേഷകരും  കൂട്ടായി ചിന്തിക്കേണ്ട സമയമാണിത്. അപ്രതീക്ഷിതമായ കാലാവസ്ഥാമാറ്റങ്ങൾക്കുള്ള സാധ്യത നമുക്ക് മുൻകൂട്ടി കാണാൻ കഴിയണം. പുതിയ ആകാശവും പുതിയ ഭൂമിയുമാണ് കൃഷിക്കാരന്റെ മുന്നിൽ. പുതിയ ആകാശത്തെ കാലാവസ്ഥയെന്തെന്നും പുതിയ മണ്ണിന്റെ വളക്കൂറ് എത്രമാത്രമെന്നും അവർക്കറിയില്ല. 

ഏതാനും വർഷങ്ങളായി ചൂടിന്റെ കാഠിന്യംകൂടി വരുന്നു.  മഴക്കാലം ചുരുങ്ങുകയും ചെയ്യുന്നു. പരമ്പരാഗതവിളകൾക്കൊപ്പം ചെറുധാന്യങ്ങൾപോലെ ജലവിനിയോഗം കുറവുള്ള വിളകൾകൂടി ഇനി കൃഷിയിടത്തിലുണ്ടാകുന്നത് വരുമാനസുരക്ഷയ്ക്ക് നല്ലതാണ്. പ്രതികൂല കാലാവസ്ഥ രൂക്ഷമാകുന്നതിനു മുമ്പ് വിളവെടുക്കാവുന്ന ഹ്രസ്വകാല ഇനങ്ങൾക്കും മുൻഗണന നൽകാം.    നമ്മുെട കായലുകളോടു ചേർന്നുള്ള കൃഷിയിടങ്ങളിൽ ഓരുജലഭീഷണി കൂടുതലായുണ്ട്. സമുദ്രജലനിരപ്പ് ഉയരുന്നതനുസരിച്ച് ഇത് വർധിച്ചുവരും. ഓരുജലത്തിലും നിലനിൽക്കുന്ന വിളകളും കൃഷിരീതിയും  കണ്ടെത്തുക മാത്രമേ പരിഹാരമുള്ളൂ. ഓരുജലത്തിൽ മത്സ്യം, മറ്റ് ജലജീവികൾ എന്നിവയെ വളർത്തി വരുമാനം നേടാനുള്ള പദ്ധതികളും ആവശ്യമാണ് ഓരുജലബാധിത മേഖലകളിൽ വാഴ, മരച്ചീനി, പച്ചക്കറികൾ എന്നിവ ആദായകരമായി കൃഷി ചെയ്യുന്നതിനുള്ള മാർഗങ്ങളും വികസിപ്പിക്കേണ്ടതുണ്ട്.

സുസ്ഥിരകൃഷിരീതികൾ 

ജൈവവളവും ജൈവകീടനാശിനിയും ഉപയോഗിക്കുന്നതു മാത്രമല്ല സുസ്ഥിര കൃഷിരീതി. ശരിയായ മണ്ണ്– ജലസംരക്ഷണം, ജലവിനിയോഗം, ഭൂപ്രകൃതിക്കു യോജിച്ച കൃഷിരീതികൾ എന്നിവയൊക്കെ ഉറപ്പാക്കാൻ ഓരോ കൃഷിക്കാരനും സ്വയം തീരുമാനമെടുക്കണം. പ്രകൃതിയുമായി ഏറ്റവും യോജിച്ചുപോകുന്ന തൊഴിലായി കൃഷി തുടരേണ്ടത് ഏതെങ്കിലും നിയമത്തിന്റെ പേരിലല്ല, സ്വന്തം നിലനിൽപിനുംവരും തലമുറയുടെ  നന്മയ്ക്കും വേണ്ടിയാവണം അത്.

പ്രകൃതിയെ സ്നേഹിക്കാതെ, പരിസ്ഥിതിയെ സംരക്ഷിക്കാതെ  വ്യക്തികളെന്ന നിലയിലും സമൂഹമെന്ന നിലയിലും ഭരണകൂടമെന്ന നിലയിലും  ഏതാനും നാളുകളായി നാം എടുത്ത തീരുമാനങ്ങളുെട പരിണതഫലമാണ് ഇപ്പോഴത്തെ ദുരന്തമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിട്ടി അംഗമായിരുന്ന ടി. നന്ദകുമാർ ചൂണ്ടിക്കാട്ടുന്നു. വരുംവർഷങ്ങളിൽ നാം എന്തു ചെയ്താലും അതു സുസ്ഥിരവും പ്രകൃതിയുടെ ലോലഭാവങ്ങൾ മനസ്സിലാക്കിയുള്ളതുമാവണമെന്ന് അദ്ദേഹം പറയുന്നു. ‘‘ഭൂമിയിലെമ്പാടും  കാഠിന്യമേറിയ കാലാവസ്ഥാസാഹചര്യങ്ങൾ വർധിച്ചുവരികയാണ്. അവയുെട ആഘാതം കുറയ്ക്കാൻ ആധുനിക ശാസ്ത്രസാങ്കേതികവിദ്യകളെ പ്രയോഗിക്കുകയാണ് നാം ചെയ്യേണ്ടത്. കൃഷി, ജല, മൃഗസംരക്ഷണ, മത്സ്യക്കൃഷി മേഖലകളിലെ ഒരു സംഘം ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ, മാറുന്ന കാലാവസ്ഥാസാഹചര്യങ്ങൾക്കു ചേർന്ന ബദൽകൃഷിരീതികൾ നിർദേശിക്കേണ്ട സമയമാണിത്. വർഷംതോറും കർഷകന്റെ വരുമാനം സുസ്ഥിരമായി വർധിപ്പിക്കുന്നതിനാവണംഈ യ‍ജ്‍ഞത്തിലെ ഊന്നൽ’’ – സ്പൈസസ്ബോർഡിലും ദേശീയ ക്ഷീരവികസനബോർഡിലും ചെയർമാനായി രുന്ന നന്ദകുമാർ ചൂണ്ടിക്കാട്ടുന്നു.

ലഭ്യമായ മഴയെ മണ്ണിലോ സംഭരണികളിലോ സൂക്ഷിക്കുകയാണ് വരൾച്ചയ്ക്കെതിരെ സ്വീകരിക്കാവുന്ന പ്രധാന മുൻകരുതൽ‍. അതോടൊപ്പം ജൈവ വസ്തുക്കൾ കൊണ്ടു കൃഷിയിടം പുതയിടുന്നതും ഉത്തമം തന്നെ. ലഭ്യമായ ജലം പരമാവധി കാര്യക്ഷമമായി ഉപയോഗിക്കാവുന്ന സൂക്ഷ്മനനരീതികൾ ഇനി കൂടുതൽ വിളകളിലേക്കും കൃഷിയിടങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടിവരും.  തുള്ളിനന സമ്പ്രദായത്തിലൂെട നെൽകൃഷിപോലും ചെയ്യാമെന്നായിട്ടുണ്ട്. കേരളത്തിലും ചില ശ്രമങ്ങൾ നടന്നുകഴിഞ്ഞു. 

പുഴയോടു ചേർന്നുള്ള കൃഷിയിടങ്ങളിൽ വെള്ളപ്പൊക്കം പ്രതീക്ഷിച്ചു മാത്രമെ ഇനി കൃഷിയിറക്കാവൂ. രണ്ടു ദിവസത്തെ വെള്ളക്കെട്ടുപോലും സഹിക്കാനാവാത്ത വിളകൾ പുഴയോരത്തുനിന്നു പരമാവധി ഒഴിവാക്കുക. ഇത്തവണത്തെ പ്രളയത്തിലും വെള്ളമെത്താത്ത ഇടങ്ങൾ അവയ്ക്കായി നീക്കിവയ്ക്കാം. കൃഷിയിടത്തിനു നടുവിലൂെട ചാലു കീറുന്നതുപോലുള്ള പരമ്പരാഗത കൃഷിരീതികൾ വെള്ളക്കെട്ടുകൾ ഒഴിവാക്കും.

മൃഗസംരക്ഷണം, മത്സ്യക്കൃഷി

വീണ്ടും തുടങ്ങാൻ താരതമ്യേന തടസ്സങ്ങൾ കുറവാണെന്നതും അതിവേഗം വരുമാനത്തിലെത്താനാകുമെന്നതും മൃഗസംരക്ഷണരംഗത്തെ തിരിച്ചുവരവിനു സാധ്യതകൾ വർധിപ്പിക്കുന്നുണ്ട്. എന്നാൽ മുതൽമുടക്ക്  വെല്ലുവിളി തന്നെ. പ്രളയവും കഠിനമായ വേനലുമൊക്കെ അതിജീവിക്കാൻ പര്യാപ്തമായ വിധത്തിലാവണം നാം ഇനി പശുവിനും കോഴിക്കും മുയലിനുമൊക്കെ കൂടുണ്ടാക്കേണ്ടത്, വിശേഷിച്ച് പ്രളയസാധ്യതയുള്ള നദീതീരങ്ങളിലെ സംരംഭകർ. 

വെള്ളത്തിൽ പൊന്തിക്കിടക്കുന്ന കോഴിക്കൂടുകൾ കുട്ടനാട്ടിലെങ്കിലും പരീക്ഷിച്ചു തുടങ്ങാം   വീടുകളുടെ മട്ടുപ്പാവിലേക്ക്  പുറത്തുനിന്നുള്ള സ്റ്റെയർകേയ്സിനു പകരം ഇനി ചെരിഞ്ഞ റാമ്പുകൾ പരിഗണിക്കണമെന്നാണ് തൃശൂർ കൃഷിവിജ്ഞാനകേന്ദ്രത്തിലെ ഡോ.ടി. ഗിഗിൻ പറയുന്നത്.  വെള്ളപ്പൊക്കത്തിനുസാധ്യത കൂടിയ പ്രദേശങ്ങളിലെ ക്ഷീരകർഷകരെങ്കിലും ഇക്കാര്യത്തിൽ ഉത്സാഹിക്കണം.  പ്രളയജലമെത്തിയപ്പോൾ പശുവിനെ മട്ടുപ്പാവിലെത്തിക്കാൻ പാടുപെട്ടവർക്ക് അതിന്റെ പ്രസക്തി  മനസ്സിലാവും– ഡോ. ഗിഗിൻ ചൂണ്ടിക്കാട്ടി. പുതിയ തൊഴുത്തുകളുെട മേൽക്കൂരയ്ക്കു താഴെ തട്ടടിക്കുന്നത് തീറ്റവസ്തുക്കൾ സംഭരിക്കാൻ മാത്രമല്ല, വേനൽക്കാലത്ത് ചൂട് കുറയ്ക്കാനും ഉപകരിക്കും.   വെട്ടുകല്ലും ചുടുകട്ടയുമൊക്കെ അത്യാവശ്യത്തിനു മാത്രം ഉപയോഗിച്ച് ഇരുമ്പുകാലുകളിൽ താങ്ങിനിൽക്കുന്ന രൂപകൽപനയായിരിക്കും ഇനി തൊഴുത്തുകൾക്ക് ഉചിതം.

വെള്ളപ്പൊക്കത്തിൽ ചുവരിടിഞ്ഞുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനാണിത്. പ്രളയത്തെ തുടർന്ന് പശുക്കൾ നഷ്ടമായവർക്ക് പകരം ഉരുക്കളെ കണ്ടെത്തേണ്ടതുണ്ട്. കർണാടകത്തിലും മറ്റും പശുക്കൾക്ക് ചികിത്സയില്ലാത്ത രോഗം  പടർന്നുപിടിച്ചിരിക്കുകയാണ്.  കേരളത്തിലുണ്ടാകുന്ന എല്ലാ കിടാരികളെയും വളർത്തി ഉൽപാദനത്തിലെത്തിക്കാൻ നമുക്ക് കഴിയണം.  നിലവിലുള്ള കിടാരിസംരക്ഷണ പദ്ധതികൾ പ്രളയബാധിത മേഖലകളിൽ ഊർജിതമായി നടപ്പാക്കാം. പ്രളയബാധിതരായ കൃഷിക്കാരിലൂടെതന്നെയാവണം ഇത്തരം പദ്ധതികൾ നടപ്പാക്കേണ്ടത്. 

മത്സ്യക്കൃഷി നടക്കുന്ന ഫാമുകളും ഹാച്ചറികളും ഏറക്കുറെ സമ്പൂർണനാശമാണ് നേരിട്ടത്. കോടിക്കണക്കിനു മത്സ്യക്കുഞ്ഞുങ്ങൾ പൊതു ജലാശയങ്ങളിലെത്താൻ ഇടയായെങ്കിലും അവ നമ്മുെട മത്സ്യസമ്പത്തിൽ ആശാസ്യമല്ലാത്ത ഫലങ്ങളുണ്ടാക്കുമോയെന്ന ആശങ്ക പലർക്കുമുണ്ട്. വരുംവർഷങ്ങളിലെ മത്സ്യക്കൃഷിയിൽ പ്രളയസാധ്യതകൾക്ക് കൂടുതൽ പരിഗണന നൽകിയേ മതിയാവൂ. വളർത്തുകുളങ്ങളുെട ജൈവസുരക്ഷ ഇനി അവഗണിക്കപ്പെടരുത്. പ്രളയജലത്തെ അതിജീവിക്കുന്ന വിധത്തിൽ കൂടുമത്സ്യക്കൃഷി വ്യാപകമാക്കുകയുമാവാം. മത്സ്യക്കൃഷിമേഖലയിൽ ഇൻഷുറൻസ് പദ്ധതികൾ നടപ്പാക്കുന്നതിനു പരിമിതികളേറെയുണ്ട്. ഇതു പരിഹരിച്ചാൽ മാത്രമേ ഈ രംഗത്ത്കൂടുതൽ മുതൽമുടക്കിനു സംരംഭകർ ധൈര്യപ്പെടുകയുള്ളൂ.

ഗവേഷണ മുൻഗണനകൾ

വരൾച്ചയെ ചെറുക്കുന്ന വിളയിനങ്ങൾക്കും വേനൽ കഠിനമാവുന്നതിനു മുമ്പ് വിളവെടുക്കാവുന്ന ഹ്രസ്വകാല ഇനങ്ങൾക്കും കാലാവസ്ഥാമാറ്റത്തിന്റെ  കാലഘട്ടത്തിൽ കൂടുതൽ പ്രാധാന്യം നൽകാം. പുതിയ വിള ഇനങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണിത്.  മികച്ച ഇനങ്ങൾക്കും മികച്ച നടീൽരീതികൾക്കുമായിരിക്കണം മുൻഗണന. വെള്ളം മൂടിയാലും നശിച്ചുപോകാത്ത നെല്ലിനങ്ങൾ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. അടുത്ത കാലത്ത് പാലക്കാടൻ മേഖലയിൽ പ്രചരിച്ച ‘സിഗപ്പി’ പോലയുള്ള വിത്തുകൾ പൂർണമായും വെള്ളത്തിനടിയിലായാലും നശിക്കില്ലെന്ന് പട്ടാമ്പി നെല്ലുഗവേഷണകേന്ദ്രത്തിലെ ഡോ. ഇളങ്കോവൻരാമസ്വാമി ചൂണ്ടിക്കാട്ടി. ജനിതകമാറ്റത്തിലൂെട ഈ ഗുണമുള്ള കൂടുതൽ ഇനങ്ങൾ വികസിപ്പിക്കാൻ കഴിയും. ഓരുവെള്ളത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള നെല്ലിനങ്ങൾ വൈറ്റിലയിലെ കാർഷികഗവേഷണകേന്ദ്രം  വൈകാതെ പുറത്തിറക്കുമെന്നറിയുന്നു. കുട്ടനാട്ടിലെ  മികച്ച നെല്ലിനങ്ങളിൽകൂടി  ഇത്തരം അതിജീവനശേഷി കൂടി ചേർക്കാനുള്ള ഗവേഷണപ്രവർത്തനങ്ങൾക്ക് മുൻഗണന ലഭിക്കണം.  വെള്ളപ്പൊക്കത്തോടും വരൾച്ചയോടും സഹിഷ്ണുതയുള്ള വിള ഇനങ്ങൾ സമ്പൂർണ പരിഹാരമാകില്ലെന്ന് വെസ്റ്റേൺ ഓസ്ട്രേലിയൻസർവകലാശാലയിലെ പ്രഫസറും കാലാവസ്ഥാപഠനരംഗത്തെ രാജ്യാന്തര വിദഗ്ധനുമായ ഡോ. സിദ്ദിഖ് കടമ്പോട്ട് ചൂണ്ടിക്കാട്ടി. വളർച്ച ഘട്ടത്തിനിടയിൽ പ്രതികൂലസാഹചര്യങ്ങളുണ്ടാകുമ്പോൾ മാത്രമേ ഇവ പ്രയോജനപ്പെടൂ.

പൂർണമായി വെള്ളത്താൽ മൂടപ്പെട്ട നിലയിൽ ഒരു വിളയും അധികനാൾ നിലനിൽക്കില്ല. ജലം കിട്ടാെത ഒരു ചെടിയും മുളയ്ക്കുകയോ വളരുകയോ ഇല്ല.  പ്രതികൂലാവസ്ഥകളിൽ വളരുന്നതും കേരളത്തിനു യോജിച്ചതുമായ വിള ഇനങ്ങൾ ഇവിടെത്തന്നെ വികസിപ്പിക്കാൻ കഴിയണം. ഇതിനായി പ്രജനനനയം തന്നെ പരിഷ്കരിക്കാം. ഉൽപാദനക്ഷമതയ്ക്കും രോഗപ്രതിരോധത്തിനുമൊപ്പം കാലാവസ്ഥാമാറ്റത്തെ അതിജീവിക്കാനുള്ള  സങ്കേതങ്ങൾക്കും ഗവേഷണത്തിൽ പ്രാധാന്യം നൽകണം. കാലാവസ്ഥാപഠനം സംബന്ധിച്ച പഞ്ചവൽസരകോഴ്സിനു കേരള കാർഷിക സർവകലാശാല വർഷങ്ങൾക്കു മുമ്പേ തുടക്കം കുറിച്ചിട്ടുണ്ട്. വെസ്റ്റേൺ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയുെട സഹകരണത്തോടെ ആരംഭിച്ച ഈ കോഴ്സിനെ ഗൗരവത്തോടെ കാണാൻ അധികൃതർക്കു കഴിയുന്നില്ല. കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച സമർഥരായ വിദ്യാർഥികളാണ് കോഴ്സ് പൂർത്തിയാക്കി പുറത്തുവരുന്നത്. അവരുടെ സേവനം  നാട്ടിൽതന്നെ പ്രയോജനപ്പെടുത്തണം. ഡോ. സിദ്ദിഖ് പറഞ്ഞു.

കൃഷിഭൂമി വീണ്ടെടുക്കാൻ

പല തരത്തിലാണ് കൃഷിയിടം കൃഷിയോഗ്യമല്ലാതായിരിക്കുന്നത്. വെള്ളമിറങ്ങാത്ത കുട്ടനാടൻ പാടം മുതൽ ഉരുൾപൊട്ടിയ മലഞ്ചെരുവ് വരെ ഇക്കൂട്ടത്തിലുണ്ട്. അണക്കെട്ടിൽനിന്നുള്ള വെള്ളപ്പാച്ചി‌ലി‍ൽ നാല് അടിവരെ കനത്തിൽ മണലും എക്കലുമൊക്കെ അടിഞ്ഞ കൃഷിസ്ഥലങ്ങളുമുണ്ട്. ഏറെ പണവും കഠിനാധ്വാനവുംകൊണ്ടു മാത്രമേ പല കൃഷിയിടങ്ങളും  കൃഷിയോഗ്യമാവൂ. അതിനുള്ള ആളും അർഥവും ഇല്ലെന്നതാണ് കൃഷിക്കാരുെട പ്രധാന പ്രശ്നം. ഫലഭൂയിഷ്ടമായ ചുവന്ന മണ്ണുണ്ടായിരുന്ന പറമ്പ് കടൽത്തീരം പോലെ മണൽപരപ്പായി മാറിയ കാഴ്ചയാണ് ഇടുക്കിയിലെ  കൃഷിയിടങ്ങൾ സന്ദർശിച്ച കാർഷിക സർവകലാശാല അസിസ്റ്റന്റ്പ്രഫസർ ഡോ. ബെറിൻ പത്രോസ് പങ്കുവച്ചത്. പുഴയുടെ ഒരു വശത്തെ കൃഷിയിടങ്ങൾ മണൽ മൂടിയപ്പോൾ മറുവശത്തെ പറമ്പുകളിൽ എക്കൽ പാറപോലെ ഉറച്ചതായും കണ്ടു. ഇത്തരം കൃഷിയിടങ്ങളിലെമണ്ണിൽ എന്തൊക്കെ പോഷകങ്ങൾ ബാക്കിയുണ്ടെന്നറിയാൻ വിശദമായ സോയിൽ സർവേ ആവശ്യമാണ്. പ്രാഥമിക പരിശോധനയ്ക്കാവശ്യമായ  സാമ്പിളുകൾ 

കാർഷികസർവകലാശാല ശേഖരിച്ചു കഴിഞ്ഞതായി  ഡയറക്ടർ ഓഫ് റിസർച്ച്ഡോ. പി. ഇന്ദിരാദേവി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രളയബാധിത കൃഷിയിടങ്ങൾക്കുള്ള ശുപാർശകൾ ഉടൻ നൽകും.  ഭൂമി വീണ്ടും കൃഷിയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങളിൽ കൃഷിക്കാർക്ക് പിന്തുണയുമായി കാർഷിക സർവകലാശാലയുണ്ടാകുമെന്നും ഡോ. ഇന്ദിരാദേവി കൂട്ടിച്ചേർത്തു. മണൽ മൂടിയ കൃഷിയിടങ്ങളിലെ വിളകളുടെ ചുറ്റും മണൽ നീക്കി നല്ല മണ്ണ് നിറയ്ക്കുകയാണ് വേണ്ടത്.  തൊഴിലാളിക്ഷാമമുള്ള കേരളത്തിൽ യന്ത്രങ്ങളുടെയും തൊഴിലുറപ്പുപദ്ധതിയുടെയും സാധ്യതകൾ  ഇതിനായി പ്രയോജനപ്പെടുത്താനാവും. മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളിൽ  വീണ്ടും കല്ലുകെട്ടി സംരക്ഷിക്കണം. രാമച്ചം പോലുള്ള ചെടികൾ അരികിലൂടെ വച്ചുപിടിപ്പിക്കുക, കയർഭൂവസ്ത്രമുപയോഗിക്കുക തുടങ്ങിയ സുസ്ഥിരരീതികളെക്കുറിച്ചു കൂടി ചിന്തിക്കേണ്ട സമയമാണിത്. 

ഉരുൾപൊട്ടലിലും  മണ്ണിടിച്ചിലിലും  താറുമാറായ ഹൈറേഞ്ചിലെ പല കൃഷിയിടങ്ങളും വീണ്ടെടുക്കാൻ ഭീമമായ ചെലവും പ്രയത്നവും വേണ്ടിവരും. കൃഷിക്കാർക്ക് മാത്രമായി  സാധിക്കുന്ന കാര്യമല്ല ഇതെന്ന് ഇടുക്കി ശാന്തൻപാറയിലെ ബാപ്പുജി കൃഷിവിജ്ഞാനകേന്ദ്രം മേധാവി ‍ഡോ. ബിനു സാം ചൂണ്ടിക്കാട്ടി.

പ്രളയജലം സംഹാരതാണ്ഡവമാടിയ കൃഷിയിടങ്ങളിലെ മണ്ണിൽ  മിത്രജീവാണുക്കൾ‍ നശിച്ചിട്ടുണ്ടാവാമെന്ന് കുമരകം കാർഷിക ഗവേഷണകേന്ദ്രത്തിലെ ഡോ.വന്ദന പറഞ്ഞു. അതേസമയം പ്രാണവായുവില്ലാത്ത സാഹചര്യങ്ങളിൽ വളരുന്ന രോഗകാരികളായ സൂക്ഷ്മാണുക്കൾ പെരുകിയിട്ടുമുണ്ടാവും. ഇത്തരം  മണ്ണിൽ മിത്രസൂക്ഷ്മാണുക്കളുെട എണ്ണം വർധിപ്പിക്കുന്നതിനു ചാണകം, ജീവാമൃതം, ജീവാണുവളങ്ങൾ എന്നിവ ചേർക്കുന്നത് നല്ലതാണ്. ഇത്തരം കൃഷിയിടങ്ങളിൽ പൊട്ടാഷ് നൽകാം. എക്കലും ചെളിയുമൊക്കെ ഉറച്ചു കട്ടിയായ കൃഷിയിടങ്ങളിൽ അവ പൊട്ടിച്ച് വായുസഞ്ചാരത്തിന് അവസരം നൽകുകയും വേണം.