Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭികാമ്യം സമ്മിശ്രത്തോട്ടങ്ങൾ

wayand

പ്രകൃതിക്ഷോഭത്തിന്റെ തിക്തഫലമെന്നതിനപ്പുറം  പ്രകൃതിയില്‍ മനുഷ്യന്റെ അമിത ഇടപെടല്‍ വരുത്തിവച്ച ദുരന്തം

കേരളത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളിൽ 1974 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ അന്തരീക്ഷ ഊഷ്‌മാവ് 1.46 ഡിഗ്രി  വർധിച്ചിരിക്കുന്നതായി കേരള സർക്കാർ 2014–ൽ പുറത്തിറക്കിയ കാലാവസ്ഥാ വ്യതിയാന കർമപദ്ധതി രൂപരേഖയില്‍ പറയുന്നു. വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ  ജില്ലകളെ അതീവ കാലാവസ്ഥാലോല ജില്ലകളായി അടയാളപ്പെടുത്തിയിട്ടുമുണ്ട്.   വയനാട്ടില്‍  അമ്പലവയൽ കാർഷികഗവേഷണകേന്ദ്രത്തിലെ രേഖകൾപ്രകാരം1984 മുതൽ 2017 വരെ വയനാട്ടിൽ അനുഭവപ്പെടുന്ന ശരാശരി കുറഞ്ഞ താപനിലയിൽ 1.1 ഡിഗ്രി സെല്‍ഷ്യസിന്റെയും കൂടിയ താപനിലയിൽ 0.9 ഡിഗ്രി സെല്‍ഷ്യസിന്റെയും വർധനയുണ്ട്.

ജൂണിലെ മഴദിനങ്ങൾ 12% കുറഞ്ഞതായും ജൂലൈയിൽ മഴദിനങ്ങൾ കൂടുന്നതായുമാണ് 1980 മുതൽ 2008 വരെ ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിധനേഷ്കുമാർ, പവൻ എന്നിവർ പ്രസിദ്ധീകരിച്ച പ്രബന്ധം പറയുന്നത്. എണ്‍പതുകൾവരെ 20 മുതൽ 30 മില്ലിമീറ്റർ മഴ ശരാശരി എല്ലാ മാസവും ലഭിച്ചിരുന്നു. അതിനുശേഷം 500 മില്ലിമീറ്ററില്‍ അധികം മഴ ലഭിക്കുന്ന ദിനങ്ങൾ 26% കണ്ടു കൂടിയതായാണ് കാണുന്നത്. അതായത്, മഴദിനങ്ങൾ കുറഞ്ഞുവരികയും മഴയുടെ തീവ്രത കൂടിവരികയുമാണെന്ന് അനുമാനിക്കാം. 

കൃഷിവകുപ്പിന്റെ പ്രാഥമികവിവരങ്ങളനുസരിച്ച് ഇക്കഴിഞ്ഞ പേമാരിയിലും പ്രളയത്തിലും 2393 ഹെക്‌ടർ നെല്ല്, 1028 ഹെക്‌ടർ വാഴ, 53 ഹെക്‌ടർ കാപ്പി, 40 ഹെക്‌ടർ പച്ചക്കറി, 65 ഹെക്‌ടർ ഇഞ്ചി, 13 ഹെക്‌ടർ കുരുമുളക്, എട്ടു ഹെക്‌ടർ അടയ്ക്ക, രണ്ടു ഹെക്‌ടർ തെങ്ങ് എന്ന കണക്കില്‍ പൂര്‍ണനാശമുണ്ടായി. കമുക്, വാഴ, കുരുമുളക് എന്നിവയ്ക്കു  വ്യാപകമായും ചിലയിടങ്ങളില്‍ കാപ്പിക്കും  വേരുചീയലിന്റെയും കുമിൾരോഗങ്ങളുടെയും ലക്ഷണങ്ങൾ കാണുന്നു.  നഷ്‌ടത്തിന്റെ വ്യാപ്‌തി ഇനിയും കൂടുമെന്നു സാരം. 

പനമരം, മാനന്തവാടി, ബാവലിപ്പുഴകളുടെ എല്ലാ കൈവഴികളിലും വെള്ളം കയറുകയും ഇവയുടെ വൃഷ്‌ടിപ്രദേശങ്ങളിൽ ഉരുൾപൊട്ടലുകളുണ്ടാവുകയും ചെയ്തു. വയനാടിന്റെ കാര്‍ഷികാധിഷ്ഠിത  സമ്പദ്ഘടനയെയും  മനുഷ്യരുടെ ഉപജീവനത്തെയും  ദുരന്തം വല്ലാതെ ഉലച്ചിട്ടുണ്ട്. 

ഭൂപ്രകൃതിയും ഭൂഭാഗചരിത്രവും 

മറ്റു ജില്ലകളിൽനിന്നു വ്യത്യസ്തമായി ഇവിടെ പശ്ചിമഘട്ട മലനിരകള്‍  കിഴക്കോട്ടു ചരിവുള്ളതും ഡക്കാൻ പീഠഭൂമിയുടെ തുടർച്ചയുമാണ്. സമുദ്രനിരപ്പിൽനിന്ന്1500 മീറ്റർ മുതൽ 2100 മീറ്റർവരെ ഉയരമുള്ളവലിയ മലകളും 1000 മുതൽ1500 മീറ്റർവരെ ഉയരമുള്ള ചെറുകുന്നുകളും അവയെ ചുറ്റിക്കിടക്കുന്ന ചതുപ്പുകളുടെ ശൃംഖലയുമാണ് ഈ ഭൂഭാഗം. പാറക്കൂട്ടങ്ങളും പുൽമേടുകളും ചോലക്കാടുകളും നിത്യഹരിത വനസസ്യങ്ങളാൽ നിറഞ്ഞ ചരിവുകളും താഴ്‌വാരങ്ങളുമാണ് വലിയ മലകളുടെ സ്വാഭാവിക പ്രകൃതി. കുന്നുകളിൽനിന്നു കിഴക്കൻ അതിരിലേക്കു പോകുമ്പോൾ വൈവിധ്യമാർന്ന സസ്യപ്രകൃതി, നിത്യഹരിതത്തിൽനിന്ന്  ഇലപൊഴിയുംകാടുകളിലേക്കു പതിയെ പരിണമിക്കുന്നതു കാണാം. ചതുപ്പുകളാകട്ടെ, ഒട്ടേറെ വൃക്ഷങ്ങളും ചെറുസസ്യങ്ങളും നിറഞ്ഞ് വർഷം മുഴുവൻ ഈ കൊച്ചു പീഠഭൂമിയെ ആർദ്രമാക്കി നിലനിർത്തിയിരുന്നു. ഇവിടുത്തെ ജലപദാർഥചംക്രമണത്തിന്റെ താളം ഈ സവിശേഷമായ ചെറുഘടകങ്ങളുടെ ആരോഗ്യവും അവ തമ്മിലുള്ള ബന്ധവും തുടർച്ചയുമാണ്. മണ്ണിന്റെ ആരോഗ്യവും നദികളിലെ നീരൊഴുക്കും അന്തരീക്ഷ ഊഷ്‌മാവും ഭൂഗർഭ ജലവിതാനവും സർവോപരി കാർഷികവിളകളുടെ ഉല്‍പാദനക്ഷമതയും കുടിവെള്ളലഭ്യതയുമൊക്കെ ഉറപ്പാക്കിയിരുന്നത് മുന്‍പറഞ്ഞ ഘടകങ്ങളായിരുന്നു. വൈത്തിരി പഞ്ചായത്തിലെ ലക്കിടി ഏഷ്യയിലെതന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായിരുന്നു. സാമാന്യം വലിയ തോതിലുള്ള മഴയെ സ്വീകരിക്കാൻ പരുവപ്പെട്ട ഭൂഭാഗമായിരുന്നു വയനാട് എന്നര്‍ഥം.

വയനാട്ടിൽ കൃഷി ആരംഭിക്കുന്നതു ചെറുകുന്നുകളിലെ പുനംകൃഷിയിലൂടെയാണ്. മുത്താറി, ചോളം തുടങ്ങിയ ധാന്യങ്ങളാണ് അന്നു കൃഷിചെയ്‌തിരുന്നത്. മലമടക്കുകളിൽ സ്വാഭാവികമായി വിളഞ്ഞിരുന്ന ഏലം, മഞ്ഞൾ, കുരുമുളക് എന്നിവ ശേഖരിച്ച്  വ്യാപാരം നടത്തിയിരുന്നതായാണ് ചരിത്രരേഖകൾ പറയുന്നത്. 

പിന്നീട് ചതുപ്പുകൾ വയലുകളാക്കി നെൽകൃഷി ആരംഭിക്കുന്നു. ബ്രിട്ടിഷ് ഭരണത്തോടെ വലിയ മലഞ്ചെരുവുകളിൽ കാപ്പി, തേയിലക്കൃഷി വ്യാപിക്കുന്നു. അക്കാലത്താണ് വ്യാപകമായ  വനനശീകരണവും ആരംഭിക്കുന്നത്. വ്യാവസായികാവശ്യങ്ങൾക്കായി വലിയ തോതിൽ മരങ്ങള്‍ മുറിക്കപ്പെട്ടു. 

രണ്ടാം ലോകമഹായുദ്ധകാലത്തെ ‘ഗ്രോ മോർ ഫുഡ്’ പരിപാടിയുടെ  ഭാഗമായി വ്യാപക കുടിയേറ്റങ്ങളുണ്ടായി. വനം തെളിച്ചിടത്ത് കൃഷി ആരംഭിച്ചു. നാല്‍പതുകൾക്കു ശേഷം ഉണ്ടായ കുടിയേറ്റങ്ങളുടെ ഭാഗമായി വയനാട്ടിൽ സ്ഥിരം കരക്കൃഷി തുടങ്ങുകയും തെരുവ, കപ്പ, ഇഞ്ചി, ചേന എന്നിവയുടെ കൃഷി വ്യാപിക്കുക യും ചെയ്‌തു. പിന്നീട് കാപ്പി, കുരുമുളക്  എന്നിവയുടെ കൃഷിയും ക്രമേണ ശക്തമായപ്പോള്‍  ഭക്ഷ്യവിളക്കൃഷി വയലിൽ മാത്രമായി ഒതുങ്ങുകയും കുന്നുകളിൽ ഏകവിളക്കൃഷി ത്വരിതപ്പെടുകയും ചെയ്‌തു. ഇത് ചെറുകുന്നുകളിലെ വൃക്ഷാവരണത്തിൽ കാര്യമായ കുറവുണ്ടാക്കി. മണ്ണിലെ ജൈവാംശം നഷ്‌ടപ്പെടുകയും ജലസംഭരണശേഷി കുറയുകയും ചെയ്‌തു. എല്ലാ വിളകളുടെയും ഉല്‍പാദനം കുറഞ്ഞു. പുതിയ രോഗങ്ങൾ വന്നു. മിതോഷ്‌ണമേഖലയിലെ ഈർപ്പമുള്ള മണ്ണിൽ വളരുന്ന കുരുമുളകുചെടികൾ രോഗാ തുരമായി. രണ്ടായിരാമാണ്ടാകുമ്പോഴേക്കും വയനാട് കാർഷികപ്രതിസന്ധിയുടെ പിടിയിലായി. 

വയനാട് 2004ൽ വലിയ വരൾച്ച അനുഭവിച്ചു.  തുടർന്നുള്ള വർഷങ്ങളിലെല്ലാം വാർഷിക വർഷപാതം  കുറഞ്ഞുവന്നു. 2013, 2014 വർഷങ്ങളില്‍ മാത്രമാണ് കൂടുതൽ മഴ ലഭിച്ചത്. ജില്ലാ മണ്ണുസംരക്ഷണവകുപ്പു നൽകുന്ന കണക്കനുസരിച്ച് 70% സ്വാഭാവിക ഉറവകളും അപ്രത്യക്ഷമായി.  കബനി നദിയുടെ കൈവഴികളിൽ 27% പൂർണമായും അപ്രത്യക്ഷമാവുകയും 26% മഴക്കാലത്തു മാത്രം വെള്ളമൊഴുകുന്ന നീർച്ചാലുകളായി മാറുകയും ചെയ്‌തു. കാർഷിക, വികസന ഭൂവിനിയോഗത്തിന്റെ ഭാഗമായി കയ്യേറുകയോ വഴിതിരിച്ചുവിടുകയോ വൃഷ്‌ടിപ്രദേശത്തെ സ്വാഭാവികത പൂർണമായും മാറ്റിമറിക്കുകയോ ചെയ്‌തതിന്റെ ഭാഗമായി ജലചംക്രമണവ്യവസ്ഥ താറുമാറായതിന്റെ ലക്ഷണങ്ങളാണ് ഇത്.  വയനാട്ടിൽ മൊത്തത്തിൽ ഭൂഗർഭ ജലവിതാനം ശരാശരി നാലുമീറ്റർ താഴോട്ടുപോയി. അന്തരീക്ഷ ഊഷ്‌മാവിൽ ഉണ്ടാകുന്ന ഒരു ഡിഗ്രിയുടെ വ്യതിയാനം   നെല്ലിന്റെ ഉല്‍പാദനത്തിൽ 20% കുറവുണ്ടാക്കും. മിതോഷ്‌ണ കാലാവസ്ഥ ഇഷ്‌ടപ്പെടുന്ന കാപ്പിയും കുരുമുളകും ഏലവും വയനാടിന്റെ ഉയരുന്ന അന്തരീക്ഷ ഊഷ്‌മാവിൽ പിടിച്ചുനിൽക്കുക പ്രയാസം. വിസ്‌മൃതിയിലാണ്ട വയനാടിന്റെ ഓറഞ്ചുമരങ്ങൾ നമുക്കു മുന്നിലെ പാഠമാണ്.

കാർഷിക അതിജീവനം

പുഴത്തടങ്ങളിലെ നെൽകൃഷിയെയും വാഴക്കൃഷിയെയും  പച്ചക്കറികൃഷിയെയും ഇക്കഴിഞ്ഞ പ്രളയം വല്ലാതെ ബാധിച്ചു.  എന്നാൽ എട്ടു  ദിവസം വെള്ളം കെട്ടിനിന്നിട്ടും  പൊടിച്ചുവരുന്ന ചെന്താടി, വെളിയൻ, തൊണ്ടി, കല്ലടിയാര്യൻ തുടങ്ങിയ നെൽവിത്തുകൾ വലിയ പ്രതീക്ഷയുണർത്തുന്നുണ്ട്.  തൊണ്ടർ നാട് പഞ്ചായത്തിൽ ഒരു മാസത്തോളം (27 ദിവസം) വെള്ളം കെട്ടിനിന്ന ഗ്രാമത്തിൽ ദേവാല എന്ന പരമ്പരാഗത കർഷക കുന്നിൻമുകളിൽ ഞാറ്റടിയൊരുക്കി പത്തു നെൽവിത്തുകൾ സംരക്ഷിച്ചു കൃഷിയിറക്കുന്ന കാഴ്‌ചയും ഒരു സാധ്യതയാണ് നമുക്കു കാണിച്ചുതരുന്നത്.  വയനാട്ടിലെ പരമ്പരാഗത സമുദായങ്ങ ളായ കുറിച്യർ, വയനാടൻ നായൻമാർ, മുള്ളുകുറുമർ എന്നിവരുടെ വീടുകൾ കുന്നിൻചരിവിൽ വയലിനു മുകളിൽ ഉയർന്ന തിട്ടകളിലാണ്.  ഈ വീടുകളിലൊന്നും വെള്ളം കയറിയില്ല. തൃശ്ശിലേരിയിലെ പിലാക്കാവിൽ ഭൂമി വിണ്ടുകീറി അകന്നുനീങ്ങിയതൊഴിച്ചാൽ പരമ്പരാഗത ആവാസസ്ഥാനങ്ങളിൽ പ്രളയാഘാതം കുറവായിരുന്നു. 

വെള്ളപ്പൊക്കത്തിനു ശേഷം പെട്ടെന്ന് അനുഭവപ്പെടുന്ന നിർജ്ജലീകരണവും ഉപരിതല നീരൊഴുക്കിലും ഭൂഗർഭജല വിതാനത്തിലുമുള്ള താഴ്‌ചയും ആശങ്ക ജനിപ്പിക്കുന്നുണ്ട്. തീർത്തും മാറ്റിമറിക്കപ്പെട്ട ജലചംക്രമണവ്യവസ്ഥയും മണ്ണിന്റെ ഊഷരതയുംതന്നെയാണ് ഇതിനു കാരണം. പെയ്‌തിറങ്ങിയ വെള്ളത്തെ പിടിച്ചുനിർത്താൻ മണ്ണിനു കഴിയാതാവുകയും തൻമൂലം മഴയ്‌ക്കുശേഷം ഉറവകളാൽ സജീവമാക്കേണ്ടിയിരുന്ന അരുവികളും കൈത്തോടുകളും പെട്ടെന്ന് വരണ്ടുപോവുകയും ചെയ്‌തതായാണ് കാണുന്നത്. വയനാടിന്റെ പരമ്പരാഗത ഭൂജല പരിപാലനവ്യവസ്ഥ കുന്നിന്മേലെയുള്ള  മരവും, കുന്നുകൾ ചേരുന്നിടത്തു മലങ്കൂവകൾ നിറഞ്ഞ ആത്തികളും (കുരവകൾ) ആത്തികൾക്കു താഴെ വയലിനോടു ചേർന്നു കൃഷിക്കായി ജലം സംഭരിക്കുന്ന തലക്കുളങ്ങളും അവയിൽനിന്നു പുറപ്പെടുന്ന തോടുകളും ചേർന്നതായിരുന്നു. വയലിലെ നെൽകൃഷി ചതുപ്പുകളെ അനേകം ചെറുതോടുകളുടെയും പുഴകളുടെയും സ്വാഭാവിക പ്രളയതടങ്ങളാക്കി നിലനിർത്തിയിരുന്നു.  മൂഴി എന്ന വയനാടൻ പ്രയോഗംതന്നെ എല്ലാ വർഷവും വെള്ളം കയറുന്ന വയലുകളെയാണ് സൂചിപ്പിക്കുന്നത്. 

പുനർനിർമാണം എങ്ങനെ

മലഞ്ചെരിവുകളെയും കുന്നുകളെയും വൃക്ഷാഭമായി നിലനിർത്താൻ കഴിയുന്ന തരത്തിൽ, സ്വാഭാവിക വൃക്ഷങ്ങളും കാപ്പിയും കുരുമുളകും അടങ്ങിയ സമ്മിശ്രത്തോട്ടങ്ങളാണ്് വയനാടിനു വേണ്ടത്. ചതുപ്പുകളിൽ പരമ്പരാഗത രീതിയിൽ വെള്ളം കെട്ടിനിർത്തിയുള്ള നെൽകൃഷിയും വേനലിലെ പച്ചക്കറി, പയർ കൃഷികളും സ്വാഭാവിക ജലചംക്രമണവ്യവസ്ഥയെയും മണ്ണിന്റെ ആരോഗ്യത്തെയും സംരക്ഷിക്കും. ഇത്ത രത്തിൽ സൂക്ഷ്‌മകാലാവസ്ഥയെ പുനസൃഷ്‌ടിച്ചുകൊണ്ടേ കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായ വേനലിനെയും വെള്ളപ്പൊക്കത്തെയും പ്രതിരോധിക്കാൻ കഴിയുകയുള്ളൂ. 

റോഡ്, പാലം, പൊതുകെട്ടിടങ്ങൾ, പാർപ്പിടം എന്നിവയുടെ നിർമാണവും മറ്റു വികസനപ്രവർത്തനങ്ങളും ജലചംക്രമണവ്യവസ്ഥ മനസ്സിലാക്കി നീർത്തടാധിഷ്‌ഠിതമായി ആസൂത്രണം ചെയ്യണം. വെള്ളം, മണൽ, കരിങ്കല്ല് മുതലായ പ്രകൃതിവിഭവങ്ങളുടെ ചൂഷണത്തിലും ഉപയോഗത്തിലും ശാസ്‌ത്രീയ അളവുകോൽ നിശ്ചയിക്കണം. ചെറുതും വലുതുമായ പുഴത്തടങ്ങളിലെ വെള്ളപ്പൊക്കസാധ്യതാപ്രദേശങ്ങൾ മേഖലകളായി തിരിച്ച് വ്യത്യസ്ത പരിപാലന, വികസന പാക്കേജുകൾ തയാറാക്കണം. ഓരോ പ്രദേശത്തും യോജിച്ച കാർഷികവിളകളെയും ഇനങ്ങളെയും കുറിച്ച് നിർദേശങ്ങളുണ്ടാവേണ്ടിയിരിക്കുന്നു. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ വിത്തുകളും ധാന്യങ്ങളും സൂക്ഷിക്കുന്നതിനു സുരക്ഷിതമായ സ്റ്റോർഹൗസുകൾ ആവശ്യമാണ്. പ്രതികൂല കാലാവസ്‌ഥയിലും ഉൽപാദനം ഉറപ്പാക്കുന്നതിനായി സമാന്തര പ്ലാനുകളും, പ്രതികൂല കാലാവസ്ഥകളെ അതിജീവിക്കുന്ന വിത്തുകളുടെയും, മറ്റു വിഭവങ്ങളുടെയും കരുതൽ ശേഖരങ്ങളും ഉണ്ടാവണം.പ്രാദേശിക ഭക്ഷ്യോല്‍പാദനം  മനുഷ്യരുടെ ഭക്ഷ്യസുരക്ഷയെ സ്വാധീനിക്കുന്ന ഘടകം എന്ന നിലയിൽ വലിയ പ്രാധാന്യമർഹിക്കുന്നു. കാലാവസ്ഥാവ്യതിയാനം യാഥാർഥ്യമാണെന്നിരിക്കെ,  മാറുന്ന കാലാവസ്ഥയ്‌ക്കിണങ്ങിയതും തനതു ഭൂഭാഗത്തിന്റെ ഉല്‍പാദനക്ഷമത നിലനിർത്തുന്നതുമായ പ്രാദേശിക കാർഷിക സംവിധാനങ്ങളെ പരമാവധി ശക്തിപ്പെടുത്തി നിലനിർത്തണം. ഭൂമിയുടെയും പ്രകൃതിവിഭവങ്ങളുടെയും മേലുള്ള അവകാശാധികാരങ്ങള്‍ സംബന്ധിച്ച  ധാരണകളിൽ ഒരു സമൂഹമെന്ന രീതിയിൽ ചില മാറ്റങ്ങൾ ഇനി അനിവാര്യമാണ്.  വെള്ളവും പദാർഥങ്ങളും മനുഷ്യൻ തീർത്ത അതിർത്തിക്കപ്പുറം ചംക്രമണം ചെയ്യുന്നു എന്നതുകൊണ്ട് അവയുടെ മേലുള്ള സാമൂഹിക അവകാശങ്ങൾ അംഗീകരിക്കപ്പെടുക യും വ്യക്തിഗത അധികാരങ്ങൾ നിയന്ത്രിക്കപ്പെടുകയും വേണം. ഈ ഭൂഭാഗത്ത്  ജീവിതം കരുപ്പിടിപ്പിച്ച മനുഷ്യർ കാലങ്ങളായി ആർജ്ജിച്ച അറിവുകളും വിഭവപരിപാലനത്തിനായി ആവിഷ്കരിച്ച സംവിധാനങ്ങളും തിരിച്ചുെകാണ്ടുവന്നേ മതിയാകൂ.   പരിമിതമായ പ്രകൃതിവിഭവങ്ങളെ ആശ്രയിച്ച് മാന്യമായി ജീവിക്കാൻ എല്ലാ വിഭാഗം മനുഷ്യർക്കും അവസരം ഉണ്ടാവുകയും വേണം. 

ദീർഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണവും തുടര്‍പ്രക്രിയകളും വഴിയേ വയനാടിനെ  വീണ്ടെടുക്കാനാവുകയുള്ളൂ. അതിനുള്ള ഇച്ഛാശക്തി  വയനാട്ടിലെ ജനങ്ങള്‍ക്കും നമ്മുടെ ഭരണസംവിധാനത്തിനും ഉണ്ടാകുമെന്നു പ്രത്യാശിക്കാം.വിലാസം: എം. എസ്. സ്വാമിനാഥൻ ഗവേഷണനിലയം, കല്‍പറ്റ,വയനാട്. 

ഫോണ്‍ 9446537019