Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേണ്ടത് അക്ഷയകൃഷി

Kuttanad-Paddy-Field

നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു പ്രളയകാലത്തുണ്ടായെന്നു വിശ്വസിക്കപ്പെടുന്ന നമ്മുെട നാട് സമാനതകളില്ലാത്ത മറ്റൊരു പ്രളയത്തിലകപ്പെട്ടിരിക്കുന്നു.  സമുദ്രനിരപ്പിനടിയിൽ നെൽകൃഷിയും ജീവനോപാധികളും സന്നിവേശിപ്പിച്ച് അതിസാഹസികരായ കർഷകരും കർഷകത്തൊഴിലാളികളും  മെയ്ക്കരുത്തുകൊണ്ടും മനക്കരുത്തുകൊണ്ടും രൂപപ്പെടുത്തിയ കുട്ടനാടിനെ ഈ ദുരന്തവേളയിൽ ലോകമാകെ സവിശേഷ ശ്രദ്ധയോടെ നോക്കുന്നുണ്ട്, വിശേഷിച്ച് കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ.

ഭൂപ്രദേശങ്ങൾ  കേവലം കാഴ്ചകൾ മാത്രമല്ല, അവയിലൂെട നാം ദർശിക്കുന്ന ചരിത്രവും ഓർമച്ചിത്രങ്ങളും കൂടിയാണ്. ഇങ്ങനെ സവിശേഷ ചരിത്രം സമ്മാനിക്കുന്ന ഈ നെല്ലറയുെട പ്രധാന സമ്പത്തും വിഭവവും ജലസമൃദ്ധിയാണ്.  അഞ്ചു നദികളിലൂെട പ്രകൃതി നൽകുന്ന ഈ ജലസമൃദ്ധി ഒരേ സമയം അനുഗ്രഹവും ദുരന്തവുമായി മാറുന്നുവെന്നതാണ് വിരോധാഭാസം.

കേന്ദ്ര ജലക്കമ്മീഷന്റെ  കണക്കുപ്രകാരം കേരളത്തിലെ 44 നദികളിലെ വാർഷിക നീരൊഴുക്ക് 57,633 ദശലക്ഷം ഘനമീറ്ററാണ്. പയസ്വിനി മുതൽ പെരിയാർ വരെയുള്ള വടക്കൻനദികളിലെ നീരൊഴുക്ക് മൺസൂണിൽ വർധിക്കുന്നു. എന്നാൽ ബാക്കി തെക്കൻ നദികളിൽ ഇത് കുറയുന്നുവെന്നാണ് കണക്ക്. ഒരു നൂറ്റാണ്ടിലെ മഴക്കണക്ക് പരിശോധിക്കുമ്പോൾ ശരാശരി വാർഷികമഴ നേരിയ തോതിൽ കുറയുന്നതായും കടുത്ത മഴദിനങ്ങൾ കൂടുന്നതായും സൂചന കിട്ടും. പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ, മൂവാറ്റുപുഴ എന്നീ നദികളിലൂെട കുട്ടനാട്ടിൽ ഒരു വർഷം ഒഴുകിയെത്തുന്നത്  13,816 ദശലക്ഷം ഘനമീറ്റർ വെള്ളമാണ്. അതിൽ 80 ശതമാനവും മൺസൂൺ കാലങ്ങളിലാണുതാനും.

നദികളുടെയും അവയുെട ആവാഹപ്രദേശങ്ങളുടെയും അപചയം, വനനശീകരണം, തണ്ണീർത്തടങ്ങളുെട ശോഷണം, അശാസ്ത്രീയമായ ഭൂവിനിയോഗം, നദികളിലെ മണൽസ്തരങ്ങൾക്കുണ്ടായ ശോഷണം എന്നിവയൊക്കെ പ്രളയക്കെടുതികൾക്ക് ആക്കം കൂട്ടുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിൽ കേരളത്തിന്റെ മലനാട്ടിലുണ്ടായ  ഭൂവിനിയോഗ മാറ്റങ്ങൾ അവിശ്വസനീയമാണ്. തോട്ടവിളകളുെട കൃഷി 27 ശതമാനത്തിൽനിന്ന് 40 ശതമാനമായി. മനുഷ്യവാസമേഖല 13 ശതമാനത്തിൽനിന്ന് 30 ശതമാനമായി. ജനസാന്ദ്രത ഗണ്യമായി വർധിക്കുകയും വനമേഖല നേർപകുതിയായി കുറഞ്ഞ് 30 ശതമാനത്തിലെത്തുകയും ചെയ്തു. നദികളിൽനിന്നുള്ള മണൽഖനനം പ്രതിവർഷം 11.33 ദശലക്ഷം ഘനമീറ്ററായി ഉയർന്നപ്പോൾ അവയിലെ വാർഷിക മണൽനിക്ഷേപം 0.37 ദശലക്ഷം ഘനമീറ്റർ മാത്രമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. തന്മൂലം നദികളുെട ആഴം ക്രമാതീതമായി കൂടി. എന്നാൽ മണൽത്തട്ട് ഇല്ലാതായതുമൂലം അവയുെട ജലസംഭരണശേഷി കുറയുകയും ചെയ്തു. ചെളിയടിയുന്നതുമൂലം അണക്കെട്ടുകളുെട ജലസംഭരണശേഷി പത്തുവർഷം കൊണ്ട് രണ്ടു ശതമാനം മുതൽ 16 ശതമാനം വരെ കുറഞ്ഞെന്നാണ് കണക്ക്. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കേണ്ട അണക്കെട്ടുകൾ മഹാപ്രളയത്തിനു വഴിയൊരുക്കിയതിനുള്ള കാരണവും ഇതുതന്നെ. ഏകദേശം 2800 മില്ലിമീറ്ററിലേറെ വാർഷിക മഴ കിട്ടുന്ന കേരളം നദികളുെട നാട് എന്നാണറിയപ്പെടുന്നത്. എന്നാൽ നദീതീരങ്ങൾ കയ്യേറിയും  നദീതടങ്ങൾ വെട്ടിപ്പിടിച്ചും  ജലപ്രവാഹത്തെ തടയുന്ന മനുഷ്യന്റെ ഇടപെടലുകളും കാലാവസ്ഥാവ്യതിയാനം മൂലം മഴയിലുണ്ടാവുന്ന താളംതെറ്റലുകളുമാണ് കേരളത്തിലെ മഹാപ്രളയത്തിനുള്ള പ്രധാന കാരണങ്ങൾ. നദികളെ മെരുക്കാനും അണക്കെട്ടുകളിലൂെട അവയുെട സ്വാഭാവിക പ്രവാഹം നിയന്ത്രിക്കാനും ശ്രമമുണ്ടായപ്പോഴൊക്കെഅവയ്ക്ക് പ്രത്യാഘാതങ്ങളുമുണ്ടായി. ഇതേത്തുടർന്ന് ‘നദികൾക്ക് കൂടുതൽ ഇടം’ എന്ന ആശയവുമായി പല രാജ്യങ്ങളും നദീതട സംരക്ഷണത്തിനായി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. കേരളസർക്കാരും നദീതട സംരക്ഷണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി വരുന്നുവെന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്.

നദികൾ എത്തിക്കുന്ന എക്കൽകൊണ്ടു സമ്പുഷ്ടമാക്കപ്പെട്ടവയാണ് കുട്ടനാട്ടിലെ കൃഷിയിടങ്ങൾ. ഇത്തരത്തിൽ എക്കൽ അടിഞ്ഞുണ്ടാകുന്ന ഫലപുഷ്ടിയെ ആശ്രയിച്ചുള്ള കൃഷിയാണ് ഇവിടെ നിലനിന്നിരുന്നത്. എന്നാൽ വെള്ളം കടക്കാത്ത വിധം ഉയരത്തിൽ കൃത്രിമബണ്ടുകൾ കെട്ടി പ്രളയജലത്തെ തടയുന്ന കൃഷിരീതിയാണ് നാം ഇപ്പോൾ പിന്തുടരുന്നത്. നദികളിലൂെട എത്തിച്ചേരുന്ന എക്കലാണ് ലോകത്തെവിടെയും  നദീതട കാർഷിക സംസ്കാരത്തിന്റെ അടിസ്ഥാനം. ഹെക്ടറിന് 25 ടൺ വരെ എക്കൽ  വർഷംതോറും കുട്ടനാടൻ ജലാശയങ്ങളിലേക്ക് നദികൾ എത്തിക്കുന്നുണ്ട്.  എന്നാൽ നെൽപാടങ്ങളിൽ എത്തി കൃഷിയെ സമ്പന്നമാക്കേണ്ട എക്കലും ചെളിയും കായലുകളിലും കനാലുകളിലും അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെടുത്തുകയും  അവയുെട ആഴം കുറയുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇത് വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വർധിപ്പിക്കുന്നു. എക്കൽ കുത്തിയെടുത്ത് കൃഷിക്കും ബണ്ട് ബലപ്പെടുത്തുന്നതിനും ഉപയോഗിച്ചിരുന്നവരാണ് നമ്മൾ.

കുട്ടനാട്ടിൽ നെൽപാടങ്ങളുെട വിസ്തൃതി 1990കളിൽ 59,304 ഹെക്ടറായിരുന്നത് ഇപ്പോൾ 46,388 ഹെക്ടറായി ശോഷിച്ചിട്ടുണ്ട്. പ്രതിവർഷം 497 ഹെക്ടർ എന്ന തോതിലാണ് കുട്ടനാടൻ പാടങ്ങൾ ചുരുങ്ങുന്നത്. ഓരുകയറ്റത്തെ പ്രതിരോധിച്ച് കാർഷിക തീവ്രത ( ആവർത്തിച്ചുള്ള കൃഷി)  വർധിപ്പിക്കുന്നതിനാണ് തണ്ണീർമുക്കം ബണ്ട് നിർമിച്ചത്. വെള്ളപ്പൊക്കത്തിൽനിന്നു നെൽകൃഷിയെ സംരക്ഷിക്കാൻ 1955ൽ തോട്ടപ്പള്ളി സ്പിൽവേയും നിർമിച്ചു. ഇതൊക്കെയാണെങ്കിലും കുട്ടനാട്ടിൽ ഇപ്പോൾ കാർഷിക തീവ്രത 113 ശതമാനം മാത്രമാണ്. അതായത്  രണ്ടു തവണയെങ്കിലും നെൽകൃഷി ചെയ്യുന്ന പാടങ്ങളുെട വിസ്തൃതി 13 ശതമാനം മാത്രം! ഈ കാർഷികതീവ്രത 1980കളിൽ 133 ശതമാനമായിരുന്നെന്നോർക്കണം. അതേസമയം രണ്ടു വർഷമായി നെൽകൃഷിയിൽ  ഉണർവുണ്ടെന്നത് ശ്രദ്ധേയമാണ്. എന്നാൽ പുഞ്ചക്കൃഷിയിൽനിന്നു വർഷക്കൃഷിയിലേക്കുള്ള ചുവടുമാറ്റവും ഇതോടൊപ്പമുണ്ടായി. വർഷക്കൃഷിയുെട വിസ്തൃതി ഇപ്പോൾ17186 ഹെക്ടറിലെത്തി നിൽക്കുകയാണ്. ഇതിൽ 35 ശതമാനം ആലപ്പുഴ ജില്ലയിലും 40 ശതമാനം കോട്ടയം ജില്ലയിലുമാണ്. വർഷക്കൃഷിയിലുണ്ടാകുന്ന ഈ വർധന പാടശേഖരങ്ങളുെട ജലവാഹകശേഷി ഗണ്യമായി കുറയ്ക്കുന്നു. തണ്ണീർമുക്കം ബണ്ടിനു തെക്കുഭാഗത്തെ വേമ്പനാട്ടുകായലിന്റെ വിസ്തൃതിയിലും അധികമാണ് ഇപ്രകാരം കൃഷി നടക്കുന്ന പാടങ്ങളുടെ വിസ്തൃതി. പ്രളയജലം പരന്നൊഴുകുന്നതിനു തടസ്സമുണ്ടാക്കുന്ന വിധം വർഷക്കൃഷി വർധിക്കുന്നതും വെള്ളപ്പൊക്കത്തിന്റെ ആക്കം കൂട്ടുന്നുണ്ട്. 

കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന നദികളൊക്കെ വേമ്പനാട്ടുകായലിലൂടെ കടലിലേക്ക് നിർഗമിക്കേണ്ടവയാണ്. പാടശേഖരങ്ങൾക്കിടയിലെ കനാലുകളിലൂെടയാണ് പ്രളയജലം വേമ്പനാട്ടുകായലിൽ എത്തുക. തീരക്കടലിലെ മൺസൂൺ തിരയിളക്കവും  ഉയർന്ന ഒടിച്ചുകുത്തെന്ന പ്രതിഭാസവും കൂടിയാകുമ്പോൾ അഴിമുഖങ്ങളിലൂടെയുള്ള പ്രളയജലപ്രവാഹത്തിനും തടസ്സം നേരിടും. ഈ പശ്ചാത്തലത്തിലാണ് കനാലുകളിലെ ചെളി നീക്കി ആഴം കൂട്ടണമെന്നും പാടശേഖരങ്ങളിൽ പ്രളയജലം പരന്നൊഴുകത്തക്ക വിധത്തിൽ നിയന്ത്രിത മടകൾ സ്ഥാപിക്കണമെന്നും കുട്ടനാട് പാക്കേജിൽ മുൻഗണന നൽകി ശുപാർശ ചെയ്തത്.  അനുഭവസമ്പത്തുള്ള കർഷകരും പൂർവികരും വർഷകാലത്ത് പാടശേഖരങ്ങളെ ജലസംഭരണികളായും മത്സ്യ സംഭരണമേഖലകളായും സംരക്ഷിച്ചിരുന്നു. 

നിർഭാഗ്യവശാൽ പാടങ്ങൾക്കിടയിലെ കനാലുകളുെട  വീതി കുറയ്ക്കുന്ന ബണ്ടുനിർമാണവും  നീരൊഴുക്കിനു തടസ്സമുണ്ടാക്കുന്ന പാലങ്ങളുമാണ് ഇപ്പോഴും ഇവിടെ തുടരുന്നത്. കുട്ടനാടിന്റെ സവിശേഷ സാഹചര്യങ്ങളിൽ റോഡുകളെക്കാൾ കനാലുകൾക്കാണ് പ്രാമുഖ്യമെന്ന് ഇന്നു നാം തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെയാണ് നീരൊഴുക്ക് സുഗമമാക്കുന്ന വിധത്തിൽ  വേഗവഴികളായി ബൈപാസ് കനാലുകൾ നിർമിക്കണമെന്ന് കുട്ടനാട് പാക്കേജിൽ നിർദേശിച്ചത്.

പ്രളയജലം വേഗത്തിൽ കടലിലെത്തിക്കാൻ നടത്തിയ ആദ്യപ്രയത്നമാണ് തോട്ടപ്പള്ളി സ്പിൽവേ പദ്ധതി. പമ്പ– അച്ചൻകോവിൽ നദികളുെട സംഗമസ്ഥലത്തുനിന്ന് സെക്കൻഡിൽ 65,000 ഘനയടി വെള്ളം കടലിലേക്കൊഴുക്കുകയായിരുന്നു 1955ൽ പൂർത്തിയായ സ്പിൽവേയുടെ ലക്ഷ്യം. എന്നാൽ സ്പിൽവേ വഴിയുള്ള  നീരൊഴുക്ക് സെക്കൻഡിൽ 15,000 ഘനയടി മാത്രമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈയിടെ ഇത് വീണ്ടും കുറഞ്ഞിട്ടുണ്ടത്രെ. നദീമുഖം മുതൽ സ്പിൽവേ വരെ നിർമിക്കേണ്ടിയിരുന്ന ലീഡിങ് ചാനൽ പൂർണമായും തീർക്കാനായിട്ടില്ല. കടൽമുഖത്ത് മണ്ണ് അടിഞ്ഞു കൂടുന്നതും മഴക്കാലത്ത് കടലിൽ തിരയിളക്കമുണ്ടാകുന്നതും നീരൊഴുക്കിനു തടസ്സമാകാറുണ്ട്. കടൽമുഖത്ത് രൂപപ്പെട്ട മണൽത്തിട്ട ബലപ്പെടുത്തുന്ന വിധത്തിൽ സാമൂഹ്യവനവൽക്കരണത്തിന്റെ  ഭാഗമായി മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അഴിമുഖം നിർമാണങ്ങൾക്കും വനവൽക്കരണത്തിനും ഉപയോഗിക്കാനുള്ളതല്ല. മണലും മരങ്ങളും നീക്കി വീതി കൂട്ടിയാൽ പ്രളയജലം വേഗത്തിലൊഴുകി കടലിലെത്തും.

കാലാവസ്ഥാമാറ്റത്തിന്റെ പശ്ചാത്തലത്തിൽ കുട്ടനാ‍ടൻ മേഖലയിലുണ്ടാകുന്ന മറ്റൊരു ഭീഷണി ഓരുകയറ്റമാണ്. മഴക്കാലത്തിനുശേഷം കായലിലെ ജലനിരപ്പ് സ്വാഭാവികമായും താഴുമ്പോൾ ഉണ്ടാകുന്ന ഓരുകയറ്റവും മണ്ണിന്റെ അധികരിച്ച അമ്ലതയും വർധിക്കുന്ന മലിനീകരണവും സങ്കീർണമായ പ്രശ്നങ്ങളാണ്. തീവ്ര രാസകൃഷിരീതികൾ പിന്തുടരുന്ന പഞ്ചാബിലും മറ്റും റിപ്പോർട്ട് ചെയ്യപ്പെടുന്നതുപോലെ മണ്ണിന്റെ ആരോഗ്യശോഷണത്തിനു  വഴിവയ്ക്കുന്ന അമ്ലത, ലവണവൽക്കരണം, ഘനലോഹ മലിനീകരണം തുടങ്ങിയ പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തിവേണം നമ്മുടെ സാഹചര്യങ്ങളെയും വിലയിരുത്തേണ്ടത്.

കാലാവസ്ഥാമാറ്റത്തോടു പുലർത്തിയ നിഷ്ക്രിയ മനോഭാവത്തിനേറ്റ തിരിച്ചടിയാണ് നാം അനുഭവിച്ച ദുരന്തം. ജനിച്ച നാട്ടിൽ വീടും സ്വന്തപ്പെട്ടവരെയും നഷ്ടപ്പെട്ട് കാലാവസ്ഥാ അഭയാർഥികളാകുന്ന സാഹചര്യം നാം അനുഭവിച്ചുകഴിഞ്ഞു. മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് ജീവനരീതികൾ ആവിഷ്കരിക്കുന്നതിനും പ്രതിരോധവഴികൾ തേടുന്നതിനുമുള്ള വഴികാട്ടിയാവണം ഈ ദുരന്തം. 

കൃഷിയിടത്തിൽനിന്നു പരമാവധി ഉൽപാദനവും വരുമാനവും നൽകുന്ന അക്ഷയകൃഷിയാവണം മാറിയ സാഹചര്യങ്ങളിൽ കുട്ടനാട്ടിലുണ്ടാവേണ്ടത്. മണ്ണും വെള്ളവും മാത്രമല്ല ജൈവവൈവിധ്യവും പരിസ്ഥിതിയും അതുവഴി സംരക്ഷിക്കപ്പെടണം. പ്രാദേശിക സാഹചര്യങ്ങൾക്കു ചേരുന്ന കൃഷിക്രമങ്ങൾ ഉണ്ടാകണം. കുട്ടനാട്ടിലെ വിസ്തൃതമായ പാടശേഖരങ്ങൾ മഴക്കാല ജലസംഭരണികൾ കൂടിയാക്കി സംരക്ഷിക്കണമെന്ന പാഠവും ഇതോടൊപ്പമുണ്ട്. മാനസികമായി തളർന്ന കൃഷിക്കാർക്കൊപ്പം ഉദ്യോഗസ്ഥരും ഗവേഷകരും പൊതുസമൂഹവും ഇതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. അസാധാരണ സാഹചര്യങ്ങൾ  ആവശ്യപ്പെടുന്നത് അസാധാരണമായ പരിഹാരവഴികളാണ്.

(വിലാസം‌:  രാജ്യാന്തര കായൽകൃഷി ഗവേഷണ പരിശീലനകേന്ദ്രം, കുട്ടനാട്)

ഫോൺ: 9387882179