Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിടിവള്ളിയാകുന്ന വിള ഇൻഷുറൻസും ഹ്രസ്വകാല പച്ചക്കറികളും

unnikrishnan-1

മലപ്പുറം എടവണ്ണ ചാത്തല്ലൂരിലെ ഒരു കുന്നിൻചരിവു മുഴുവൻ പാവലും  പയറും ചുരയ്ക്കയും പടവലവുംകൊണ്ട് പച്ചപ്പു പടർത്തിയ ഇല്ലത്തുംകണ്ടി ഉണ്ണിക്കൃഷ്ണന് പേമാരിയും പ്രളയവും കഴിഞ്ഞപ്പോൾ നഷ്ടം ലക്ഷങ്ങൾ. കുറഞ്ഞത് മുപ്പത്തിയഞ്ചു ടൺ പാവയ്ക്കയെങ്കിലും ലഭിക്കേണ്ട രണ്ടരയേക്കർ പാവൽപന്തലിൽനിന്ന് ഈ സീസണിൽ ലഭിച്ചത് അതിന്റെ ആറിലൊന്നു മാത്രം.  പയറിന്റെയും പടവലത്തിന്റെയും ചുരയ്ക്കയുടെയും സ്ഥിതി അതിലും മോശം. ഉണ്ണിക്കൃഷ്ണന്റെ നഷ്ടം പച്ചക്കറിയിൽ തീരുന്നില്ല, ഉരുൾപൊട്ടലിൽ ഒലിച്ചുപോയത് അഞ്ചേക്കർ കരനെൽകൃഷി; അതും കൊയ്ത്തിനു പാകമായി നിന്ന കതി രുകൾ. പ്രളയത്തിൽ കരകവിഞ്ഞൊഴുകിയ കൈത്തോട് ഇരച്ചു കയറി അഞ്ചു ദിവസം ആൾപ്പൊക്കം വെള്ളം നിന്നപ്പോൾ നശിച്ചത് കുലച്ചുതുടങ്ങിയ അറുനൂറോളം നേന്ത്രവാഴകൾ. 

മഞ്ഞളിപ്പു പടർന്ന പാവൽപന്തലിലേക്കും മുരടിച്ചു നിൽക്കുന്ന പാവയ്ക്കയിലേക്കും നോക്കിനിൽക്കുമ്പോഴും ഉണ്ണിക്കൃഷ്ണന്റെ മുഖത്തു പക്ഷേ നിരാശയില്ല. കണ്ണിൽ നിറയെ അടുത്ത പച്ചക്കറി സീസണെക്കുറിച്ചുള്ള പ്രതീക്ഷ; തലയ്ക്കു മീതെ വെള്ളം വന്നാൽ അതിനു മീതെ തോണി എന്ന ധൈര്യം. ‘‘അറിയാവുന്ന തൊഴിൽ കൃഷിയാണ്. 

ഇരുപത്തിമൂന്നു വർഷമായി സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്തും പച്ചക്കറിക്കൃഷി ചെയ്യുന്നു. കൃഷി നഷ്ടമാണെന്നൊക്കെ ആളുകൾ പറയും, വിലയിടിവും വിളനാശവും മൂലമുള്ള നഷ്ടം അപൂർവമല്ലതാനും. എന്നാൽ അതിലേറെ ലാഭവും നൽകിയിട്ടുണ്ട് കൃഷി. കടബാധ്യത മൂലം അച്ഛനു വിൽക്കേണ്ടി വന്ന ഒന്നരയേക്കർ വയൽ വർഷങ്ങൾക്കു ശേഷം വീണ്ടെടുക്കാനുള്ള സമ്പാദ്യം എനിക്കു നൽകിയതു കൃഷിയാണ്. പടിപടിയായി വർഷം പതിനാറേക്കറിലേക്ക് കൃഷി വളർത്തിയത് ലാഭം മുതലിറക്കിത്തന്നെ. ഇത്തവണത്തെ നഷ്ടം പരിഹരിക്കാൻ അടുത്ത ഒന്നോ രണ്ടോ സീസണുകൾ അനുകൂലമാവണം, കൂടുതൽ അധ്വാനിക്കണം. മുമ്പ് വേനൽകൃഷിക്കായിരുന്നു മുൻകരുതലുകളത്രയും. ഇനി പെരുമഴക്കാലവും മുന്നിൽക്കാണണം’’, ഉണ്ണിക്കൃഷ്ണന്റെ വാക്കുകൾ.

ഇനിയങ്ങോട്ട് ഇൻഷുറൻസ് 

കൃഷിനാശത്തിലും പതറാതെ നിൽക്കാൻ ഉണ്ണിക്കൃഷ്ണനു ധൈര്യം നൽകുന്ന ഘടകങ്ങൾ പലതുണ്ട്. ഏറ്റവും പ്രധാനം   മുഴുവൻ കൃഷിക്കും കൃഷിവകുപ്പിന്റെ  വിള ഇൻഷുറൻസ് പരിരക്ഷയുണ്ടെന്നതുതന്നെ. അഞ്ചേക്കറോളം വരും പന്തൽ പച്ചക്കറികൾ. ഒരു ഹെക്ടർ പന്തൽകൃഷിക്ക് ഇൻഷുറൻസ് പ്രീമിയം 250 രൂപ. കൃഷിനാശം സംഭവിച്ചാൽ ഹെക്ടറിന് 40,000 രൂപ നഷ്ടപരിഹാരം. മറ്റു പച്ചക്കറിയിനങ്ങൾക്കും പ്രീമിയം ഹെക്ടറിന് 250 രൂപ, നഷ്ടപരിഹാരം 25,000 രൂപ. നെല്ലിന്റെ കാര്യത്തിൽ പ്രീമിയം ഹെക്ടറിന് 250 രൂപ. നഷ്ടപരിഹാരം, നട്ട് 45 ദിവസം കഴിഞ്ഞതെങ്കിൽ 35,000 രൂപ. അതിനു മുമ്പെങ്കിൽ 15,000 രൂപ.  വാഴയിനങ്ങൾക്കെല്ലാം പ്രീമിയം മൂന്നു രൂപ. നഷ്ടം നേരിട്ടാൽ നേന്ത്രൻ കുലച്ചതിന് 300 രൂപയും കുലയ്ക്കാത്തതിന് 150 രൂപ. ഞാലിപ്പൂവന്‌ യഥാക്രമം 200 രൂപ, 100 രൂപ, ബാക്കിയെല്ലാ വാഴയിനങ്ങൾക്കും യഥാക്രമം 75 രൂപ, 50 രൂപ. ഇപ്പറഞ്ഞവയിൽ ചാത്തല്ലൂരിൽത്തന്നെ അൽപം ഉയർന്ന പ്രദേശത്തു കൃഷിയിറക്കിയ 600 പൂവൻ വാഴ  മാത്രമാണ് കാര്യമായ കെടുതികളില്ലാതെ രക്ഷപ്പെട്ടത്. 

എടവണ്ണ കൃഷിഭവന്റെ ഉൽസാഹത്തിലാണ് മുഴുവൻ കൃഷിയും ഇൻഷുർ ചെയ്തതെന്ന് ഉണ്ണിക്കൃഷ്ണൻ. ‘പ്രീമിയം നിരക്ക് നാമമാത്രം. കഴിഞ്ഞ വർഷം കൃഷിവകുപ്പു പുതുക്കി നിശ്ചയിച്ച നഷ്ടപരിഹാരം സാമാന്യം ഉയർന്ന തുക തന്നെ. കൃഷിച്ചെലവിന്റെ നല്ല പങ്കും ഇതുവഴി തിരിച്ചു പിടിക്കാം. രക്ഷപ്പെട്ടു കിട്ടുന്ന വിളവ് വിപണിയിലെത്തിച്ച് അടുത്ത കൃഷിക്കുള്ള ചെലവും കണ്ടെത്താം’.  

വർഷങ്ങളോളം എൽഐസി ഏജന്റായിരുന്നെങ്കിലും ഉണ്ണിക്കൃഷ്ണന്‍ വിള ഇൻഷുറൻസിൽ മുഴുവന്‍ കൃഷിയും ചേർത്തത് മൂന്നു വർഷം മുമ്പു മുതലാണ്. പാട്ടക്കൃഷി വിള ഇൻഷുറൻസിന്റെ പരിധിയിൽ വരുെമന്നത് കൂടുതൽ സ്ഥലമെടുത്ത് കൃഷി വിപുലമാക്കാൻ ധൈര്യം നൽകുന്നുമുണ്ട്. ഏതായാലും ഇനിയങ്ങോട്ട് ഇൻഷുറൻസ് ഇല്ലാതെ കൃഷിക്ക് മുതലിറക്കരുതെന്നാണ് മുഴുവൻ കൃഷിക്കാരോടും ഉണ്ണിക്കൃഷ്ണന്റെ ഉപദേശം.

ഒന്നു പിഴച്ചാൽ മറ്റൊന്ന്

വാർഷികവിളകളായ വാഴ, കിഴങ്ങുവർഗങ്ങൾ എന്നിവയെല്ലാം കൃഷിയിറക്കുന്നുണ്ടെങ്കിലും ഹ്രസ്വകാല പച്ചക്കറികൾ തന്നെയാണ് ഉണ്ണിക്കൃഷ്ണനു മുഖ്യം. നഷ്ടത്തിൽനിന്ന് അതിവേഗം തിരിച്ചുവരാനും ഇതാണു നല്ലത്.   വർഷം മൂന്നു വട്ടം കൃഷി ചെയ്യാം എന്നതും നേട്ടം. ഒട്ടേറെയിനങ്ങളിൽനിന്നു കാലാവസ്ഥയും വിപണിയും നോക്കി അതിവേഗം വരുമാനം നൽകുന്നവ തിരഞ്ഞെടുക്കാനും അവസരമുണ്ട്. ഒറ്റ മാസംകൊണ്ട് കൃഷിയും വിളവെടുപ്പു നടത്താവുന്ന ചീര മികച്ച ഉദാഹരണം. ഡിസംബറോടെയാണ് ചീരക്കൃഷി. ഒരാഴ്ച വീതം ഇടവേളയിട്ട് ഒന്നരയേക്കറോളം വയൽ നിറയെ കഴിഞ്ഞ വർഷം അരുൺ ഇനം ചീര കൃഷി ചെയ്തിരുന്നെന്ന് ഉണ്ണിക്കൃഷ്ണൻ. വിത്തിട്ട് ഇരുപതാം ദിവസം മുതൽ വിളവെടുപ്പ്. ഒരാഴ്ചകൊണ്ട് ഒരു തടം പറിച്ചു തീരുമ്പോഴേക്കും അടുത്ത തടം വിളവെടുപ്പിനു തയാർ. സ്വന്തം വണ്ടിയിൽ എടവണ്ണ ടൗണിൽ കൊണ്ടുപോയി നേരിട്ടാണ് വിൽപന നടത്തിയത്. ഈ വർഷം ചീരക്കൃഷി വിപുലമാക്കാൻ ആലോചനയുണ്ടെന്നും ഉണ്ണിക്കൃഷ്ണൻ. 

എടവണ്ണയിലുൾപ്പെടെ നല്ലൊരു പങ്ക് പച്ചക്കറിക്കർഷകരും കൂടുതൽ ലാഭം നേടാവുന്ന മൂന്നോ നാലോ ഇനങ്ങൾ നോക്കി കൃഷിയിറക്കുമ്പോൾ പച്ചക്കറികളിൽ മാത്രം ഇരുപതിനങ്ങൾ കൃഷിചെയ്യുന്നു ഈ കർഷകൻ. ഒന്നിൽ പിഴച്ചാൽ മറ്റൊന്നിൽ നേട്ടമുണ്ടാക്കും. ഉദാഹരണത്തിന്, തുടർച്ചയായ മഴയിൽ പാവലും പയറും പടവലവും തലകുനിച്ചപ്പോൾ മഴയെ കൂസാതെ നിന്നു രണ്ടു വർഷം പ്രായമായ കോവൽ. മികച്ച പ്രതിരോധശേഷി, പ്രതികൂല സാഹചര്യത്തിവും മികച്ച ഉൽപാദനം, തരക്കേടില്ലാത്ത വില. വിളവെടുപ്പു കഴിയുമ്പോൾ കമ്പുകോതി നിർത്തിയാൽ ഇനിയും രണ്ടോ മൂന്നോ വർഷം കൂടി ഈ പന്തൽ നിലനിർത്താമെന്ന് ഉണ്ണിക്കൃഷ്ണൻ. അതായത് തൽക്കാലം മുതൽമുടക്കൊന്നുമില്ലാതെ കുറഞ്ഞ പരിപാലനച്ചെലവിൽ സ്ഥിരവരുമാനം. ഈ സാഹചര്യത്തിൽ അതൊരു നേട്ടംതന്നെ.വിപണിയും കാലാവസ്ഥയും നോക്കി കൃഷിയിനങ്ങൾ ചിട്ടപ്പെടുത്താൻ കഴിഞ്ഞാൽ നഷ്ടസാധ്യത നന്നേ കുറയുമെന്നും നഷ്ടങ്ങൾ അതിവേഗം മറികടക്കാൻ കഴിയുമെന്നും ഉണ്ണിക്കൃഷ്ണൻ. സീസൺ കൃത്യമായി നിർണയിച്ചാണ് ഉണ്ണിക്കൃഷ്ണന്റെ പച്ചക്കറിക്കൃഷി. ആദ്യകൃഷി ഒാണം നോക്കി മേയിൽ തുടങ്ങി സെപ്റ്റംബറിൽ തീരും. അടുത്തത് മണ്ഡലകാലം ലക്ഷ്യമിട്ട് സെപ്റ്റംബറിൽത്തന്നെ തുടങ്ങി ഡിസംബർ ഒടുവില്‍ കഴിയുന്നു. താമസിയാതെതന്നെ വിഷു വിപണിക്കുള്ള മൂന്നാമത്തെ കൃഷി തുടങ്ങും. 

‘‘ഇത്തവണ  ഒാണക്കൃഷിയുടെ ഒറ്റ വിളവെടുപ്പേ നടന്നുള്ളൂ. മികച്ച വിളവുള്ള പ്രീതി പാവലിനമാണ് കൃഷിയിറക്കിയിരുന്നത്. അന്നു പാവയ്ക്ക കിലോയ്ക്ക്70രൂപ ലഭിച്ചു. ഇപ്പോഴത് വിലയിടിഞ്ഞ് കിലോയ്ക്ക് 25–30 രൂപയായി. പോയതു പോട്ടെ, അടുത്ത സീസണിൽ പ്രതീക്ഷവയ്ക്കാം’’, ഉണ്ണിക്കൃഷ്ണന്റെ വാക്കുകൾ. പൂർണമായിട്ടല്ലെങ്കിലും, ജൈവക്കൃഷിക്ക് ഊന്നൽ കൊടുക്കുന്നതു വഴി പ്രാദേശികതലത്തിൽ വിപണനം താരതമ്യേന എളുപ്പമാകുന്നുണ്ടെന്നും ഈ കർഷകൻ പറയുന്നു.മലപ്പുറം ജില്ലയിൽ ഉരുൾപൊട്ടലിൽ കൃഷിനാശവും ആൾനാശവും ഏറെയുണ്ടായ പ്രദേശമാണ് എടവണ്ണയും ഊർങ്ങാട്ടിരിയും. പ്രദേശത്തെ ക്വാറികൾക്കും ഈ ദുരന്തത്തിൽ പങ്കുണ്ടെന്ന് ഉണ്ണിക്കൃഷ്ണൻ. ‘‘ചാത്തല്ലൂരിൽ മാത്രം പന്ത്രണ്ടിടങ്ങളിലാണ് ഉരുൾപൊട്ടിയത്.  നിർമാണപ്രവർത്തനങ്ങൾക്കു പാറ പൊട്ടിക്കേണ്ടത് ആവശ്യം തന്നെ. എന്നാൽ അനുവദിച്ചിരിക്കുന്നതിന്റെ പല മടങ്ങ് ലോഡ് പാറയാണ് ഇവിടെ നിന്നു ദിവസവും പൊട്ടിച്ചു കടത്തുന്നത്. സമീപപ്രദേശത്തെ വീടുകളെല്ലാം വിലയ്ക്കെടുത്ത് താമസക്കാരെ ഒഴിപ്പിക്കും. എന്നാൽ ഉരുളുപൊട്ടി മലവെള്ളം വരുന്ന വഴി മുൻകൂട്ടി കണ്ട് കൃഷിയിടങ്ങൾ മാറ്റാൻ ഞങ്ങൾക്കു കഴിയുമോ. പാറ പൊട്ടിക്കുന്നതിന്റെയും മല തുരക്കുന്നതിന്റെയുമെല്ലാം തിരിച്ചടി നേരിടുന്നത് ഞങ്ങളെപ്പോലുള്ള കർഷകരാണ്. നവകേരള സൃഷ്ടിയിൽ ഇതും സർക്കാർ ശ്രദ്ധിക്കുമോ?’’, ഉണ്ണിക്കൃഷ്ണന്റെ ചോദ്യം.  

ഫോൺ: 9645566278