Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുധാന്യങ്ങളുടെ ഊര്

IMG-20180918-WA0011

ചെറുധാന്യങ്ങളുടെ തിരിച്ചുവരവിന് അട്ടപ്പാടിയിൽ തുടക്കം

‌അട്ടപ്പാടിയിലെ ആദിവാസികൾ കേരളത്തിന് എന്നും പോഷകദാരിദ്ര്യത്തിന്റെ പ്രതീകമായിരുന്നു. അതിൽ വാസ്തവമുണ്ടുതാനും. എന്നാൽ ഇനി കാര്യങ്ങൾ അങ്ങനെയാവില്ല. പോഷകസമ്പന്നതയുെട, സൂപ്പർഫുഡിന്റെ മലനിരകളായി അട്ടപ്പാടി അറിയപ്പെടാൻ പോവുകയാണ്. സ്വന്തം പോഷകസുരക്ഷയ്ക്കു മാത്രമല്ല കേരളത്തിന്റെയാകെ പോഷകസുരക്ഷയ്ക്കു വഴികാട്ടിയാവുന്ന പ്രവർത്തനങ്ങളാണ് അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ നടക്കുന്നത്. മില്ലറ്റ്(ചെറുധാന്യങ്ങൾ) ഗ്രാമമെന്ന പേരിൽ  റാഗി(പഞ്ഞപ്പുല്ല്), തിന, കുതിരവാലി, ചാമ,മണിച്ചോളം, വരക് തുടങ്ങിയ പാരമ്പര്യഭക്ഷ്യവിളകളുെട ഉൽപാദനം വർധിപ്പിക്കാനുള്ള പദ്ധതിക്കു കൃഷിവകുപ്പ് ഇവിടെ തുടക്കമിട്ടിരിക്കുകയാണ്. ആദിവാസികളുെട പരമ്പരാഗത ഭക്ഷണമായിരുന്ന ചെറുധാന്യങ്ങൾ ലോകമെമ്പാടും ആരോഗ്യഭക്ഷണമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കാലാവസ്ഥാമാറ്റം സൃഷ്ടിക്കുന്ന കെടുതികൾക്കിടയിൽ വരുംതലമുറയുെട അമൃതായി മാറുന്നത് ഇവയായിരിക്കുമത്രെ. പുറംലോകത്തിന്റെ സ്വാധീനം മൂലം  നഷ്ടമായ ചെറുധാന്യങ്ങൾ അവർ തിരികെ കൊണ്ടുവരുമ്പോൾ പ്രമേഹത്തിന്റെയും ജീവിതശൈലീരോഗങ്ങളുടെയും പിടിയിലായ മലയാളക്കരയാകെ കൈനീട്ടേണ്ടിവരും. അപ്പോൾ നമുക്ക് മധുവിനെ ഓർക്കാം; വിശപ്പടക്കാനുള്ള ശ്രമത്തിന്റെ പേരിൽ മർദനമേറ്റു മരിച്ച ആദിവാസി യുവാവിനെ. ‘അട്ടപ്പാടിയില്‍ കേരളത്തിന്റെ പോഷകസുരക്ഷ’യെന്നു കേട്ടു ചിരിക്കേണ്ടതില്ലെന്നു സാരം.

കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ  ഇടപെടലാണ് ചെറുധാന്യങ്ങളുെട ഗ്രാമമെന്ന ആശയം ഇവിടെ യാഥാർഥ്യമാക്കിയതെന്ന് അട്ടപ്പാടിയിലെ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും  പദ്ധതിയുെട സ്പെഷൽ ഓഫിസറുമായ ബി.സുരേഷ് പറഞ്ഞു. നാലു വർഷം മുമ്പ് അട്ടപ്പാടിയിൽ 31 കുട്ടികൾ പോഷകാഹാരക്കുറവ് മൂലം മരിച്ച സംഭവമാണ് ഈ ആശയത്തിലേക്ക് വഴി തെളിച്ചത്.  ഇക്കാര്യം അന്വേഷിക്കാൻ നിയമസഭാംഗമെന്ന നിലയിൽ ഇവിടെ സന്ദർശനം നടത്തിയ വി.എസ്. സുനിൽകുമാറിനോട്  തങ്ങൾക്കു റേഷനരിയും പഞ്ചസാരയും വേണ്ടെന്നും ചെറുധാന്യങ്ങൾ ഉൾപ്പെടെയുള്ള പരമ്പരാഗതഭക്ഷണമാണ് വേണ്ടതെന്നും ആദിവാസികൾ പറഞ്ഞിരുന്നു. തുടർച്ചയായ വരൾച്ചയും കൃഷിനാശവും മൂലം അട്ടപ്പാടിമേഖലയിൽ ചെറുധാന്യങ്ങളുടെ കൃഷി നിലച്ചിട്ടു വർഷങ്ങളായിരുന്നു. പിന്നീട് കൃഷിമന്ത്രിയായപ്പോൾ ഈ പ്രശ്നത്തിനു പരിഹാരം നേടി മന്ത്രി സുനിൽകുമാർ നടത്തിയ ആലോചനകളാണ് മില്ലറ്റ് ഗ്രാമം പദ്ധതിക്കു രൂപം കൊടുത്തത്. വിവിധ പദ്ധതികളിലൂെട തുടർച്ചയായി കൃത്രിമപോഷണം നൽകിയപ്പോൾ ഇവിടുത്തെ ശിശുമരണനിരക്ക് പകുതിയിലധികം താഴ്ന്നതും പോഷകാഹാരക്കൃഷിയുടെ പ്രസക്തി വർധിപ്പിച്ചു. പോഷകഗുണമുള്ള ഭക്ഷ്യവസ്തുക്കൾ സ്വയം ഉൽപാദിപ്പിച്ചു ഭക്ഷിക്കാൻ സാഹചര്യം സൃഷ്ടിച്ചാൽ മാത്രമേ അട്ടപ്പാടിയിലെ പട്ടിണിമരണങ്ങൾക്ക് ശാശ്വതപരിഹാരമാവൂ എന്ന് ഇതോടെ വ്യക്തമായി.  കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കുന്നതും കൂടുതൽ പോഷകസമ്പന്നവും ആദിവാസികൾക്ക് പരിചിതവുമായ ചെറുധാന്യങ്ങൾ തന്നെഇതിനായി തിരഞ്ഞെടുത്തത് സ്വാഭാവികം.

IMG-20180918-WA0010

ആദിവാസി ഊരുകളിൽ തരിശു കിടക്കുന്ന കൃഷിയിടങ്ങളിൽ ചെറുധാന്യങ്ങളുടെ കൃഷി പുനരാരംഭിക്കുന്നതിനുള്ള പദ്ധതിയാണ് മില്ലറ്റ് ഗ്രാമത്തിലൂെട വിഭാവനം ചെയ്യുന്നത്. ഒപ്പം പയറുവർഗങ്ങൾ, നിലക്കടല, തേൻ, പച്ചക്കറി എന്നിവയും ജൈവരീതിയിൽ ഉൽപാദിപ്പിക്കും. മൂന്നു വർഷത്തെ പദ്ധതി രണ്ടാം വർഷത്തിലേക്കു കടന്നു കഴിഞ്ഞു. കഴിഞ്ഞ വർഷം  നടന്ന ആദ്യകൃഷി 515 ഹെക്ടറിലായിരുന്നു. ഇതുവഴി ആകെ  90 ടൺ ചെറുധാന്യങ്ങളും നിലക്കടലയും പച്ചക്കറികളും ഉൽപാദിപ്പിച്ചെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. 

രണ്ടാമത്തെ കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ മാസമാണ് പൂർത്തിയായത്. ആകെ 40 ഊരുകളിലായി 485 ഹെക്ടറിൽ കൃഷി നടന്നു. അടുത്ത സീസണിൽ 515 ഹെക്ടറിൽ കൂടി കൃഷി നടത്തുന്നതോെട ആകെ ആയിരം ഹെക്ടറിൽ ഉൽപാദനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നുമില്ലറ്റ് വില്ലേജ് കൃഷി ഓഫിസർ ടി.കെ രജിത് പറഞ്ഞു.

കൃഷി നടത്താനാവശ്യമായ ചെറുധാന്യങ്ങളുടെ  വിത്ത് വിവിധ ഏജൻസികളിൽ നിന്നായി കൃഷിവകുപ്പ്എത്തിച്ചുകൊടുക്കുകയായിരുന്നു. അട്ടപ്പാടിയിലെ കൃഷിക്കാരുെട തനതു വിത്തുകളും ഇതിനായി പ്രയോജനപ്പെടുത്തി. സവിശേഷ ഇനങ്ങളായഅട്ടപ്പാടി തുവര, ആട്ടുക്കൊമ്പ് അമര എന്നിവയ്ക്ക് ഭൗമസൂചിക പദവി നേടാനുള്ള പ്രവർത്തനങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. കാർഷിക സർവകലാശാലയുടെ ഐപിആർ സെല്ലാണ് ഇതിനുവേണ്ട നേതൃത്വം നൽകുന്നത്. ജൈവവളം വിതരണം ചെയ്യുന്നതിനു നേതൃത്വം നൽകിയത് അട്ടപ്പാടിയിലെയും ഷോളയൂരിലെയും സർവീസ് സഹകരണ ബാങ്കുകളാണ്.

കൃഷിയിടം ഒരുക്കുന്നതിനും സർക്കാർ ഏജൻസികൾ സഹായിച്ചു. കൃഷിക്കാവശ്യമായി വിത്തുകളും വിളവെടുത്ത ധാന്യങ്ങളും സംഭരിക്കുന്നതിനുള്ള ധാന്യസംഭരണികൾ ഊരുകൾതോറും നൽകി. പരമ്പരാഗതരീതിയിൽ മുളകൊണ്ടു നിർമിച്ച സംഭരണികളാണിവ. വിത്ത്, നിലമൊരുക്കൽ,ജൈവവളം, വിള ഇൻഷുറൻസ് തുടങ്ങിയ ഇനങ്ങളിലായി ഒരു ഹെക്ടറിന് 15000 രൂപ വരെയുള്ള ആനുകൂല്യമാണ് പദ്ധതിയിലൂെട ലഭിക്കുന്നതെന്ന് രജിത് ചൂണ്ടിക്കാട്ടി. ഇൻഷുറൻസ് സംരക്ഷണമില്ലാതിരുന്ന ചെറുധാന്യങ്ങൾക്ക് ഈ വർഷം അത് ലഭ്യമാക്കിയിട്ടുണ്ട്.

വർഷങ്ങളായി തരിശുകിടന്ന മലഞ്ചെരിവുകളിൽ  ഒരിക്കൽകൂടി ആദിവാസികളുെട പരമ്പരാഗതവിളകൾ വളർന്നുതുടങ്ങിയെന്നതുതന്നെ പദ്ധതിയുെട ഇതുവരെയുള്ള പ്രധാന നേട്ടം.  നിലമൊരുക്കി ഓരോ ഇനവും പ്രത്യേകം വാരങ്ങളിൽ വിതച്ച്  ജൈവവളം നൽകിയും കളയെടുത്തും ശാസ്ത്രീയകൃഷി ചെയ്യാൻ ഫീൽഡ് അസിസ്റ്റന്റുമാർ പ്രോത്സാഹനം നൽകുന്നു. എന്നാൽ പരമ്പരാഗതമായ പഞ്ചക്കൃഷി നടത്തുന്നവരുമുണ്ട്. വിവിധ  കാലങ്ങളിൽ മൂപ്പെത്തുന്ന ചീര, റാഗി, ചാമ, ചോളം, കടുക്, തുവര, അമര, വരക്, കുതിരവാലി എന്നിങ്ങനെ ഒമ്പതിനം വിത്തുകൾ ഒരുമിച്ചു വിതയ്ക്കുന്ന രീതിയാണിത്. ഇവയിൽ ആദ്യം വിളവെടുപ്പിനു പാകമാകുന്നത് ചീര  ആയിരിക്കും. തുടർന്ന് ചാമ, തിന, റാഗി എന്നിവയും.  ഒമ്പതുമാസത്തിനുശേഷം വിളവെടുപ്പെത്തുന്നതുവരയുെട വിളവെടുപ്പോടെ പഞ്ചക്കൃഷി അവസാനിക്കും.

ആദ്യകൃഷിയിൽ  ഉൽപാദിപ്പിച്ച ചെറുധാന്യങ്ങളിൽ ഒരു ഭാഗം കൃഷിവകുപ്പ് സംഭരിച്ചിട്ടുണ്ട്. കിലോയ്ക്ക് 40 രൂപയാണ് സംഭരണവില. ഇത്തവണ ഉൽപാദിപ്പിച്ച 15 ടൺ ചെറുധാന്യങ്ങൾ സംഭരിക്കാനും നടപടിയായിട്ടുണ്ട്. ഓരോ ആദിവാസികുടുംബത്തിന്റെയും ആവശ്യത്തിനെടുത്ത ശേഷം അധികമുള്ളതുമാത്രമാണു സംഭരിക്കുക. ഇങ്ങനെ സംഭരിക്കുന്ന ചെറുധാന്യങ്ങൾ സംസ്കരിച്ച് വിവിധ മൂല്യവർധിത ഉൽപന്നങ്ങളാക്കുന്ന സംരംഭത്തിനും ഇവിടെ തുടക്കമിട്ടുകഴിഞ്ഞു. റാഗിയുെട പൊടി, തിന, ചാമ എന്നിവയുെട അരി, മുളപ്പിച്ച പഞ്ഞപ്പുല്ലിൽനിന്നു നിർമിക്കുന്ന റാഗിമാൾട്ട്, കുക്കീസ്, എനർജി ഡ്രിങ്ക് തുടങ്ങിയ ഉൽപന്നങ്ങളാണ് ഇവിടെനിന്നു വിപണിയിലെത്തുക. പൂർണമായും ൈജവരീതിയിൽ കൃഷി നടക്കുന്ന മില്ലറ്റ് ഗ്രാമത്തിലെ കാർഷികോൽപന്നങ്ങൾക്കു സർട്ടിഫിക്കേഷൻ ഏജൻസിയായ ഇൻഡോസെർട്ടിന്റെ മേൽനോട്ടത്തിൽ ജൈവസാക്ഷ്യപത്രം നേടാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന കൃഷിയിലേക്ക് ആദിവാസികളെ തിരികെ കൊണ്ടുവരാൻ വലിയ  പ്രയത്നമാണ് കൃഷിവകുപ്പ് ഇവിടെ നടത്തുന്നത്. കൃഷി ഓഫിസർ, നാല് കൃഷി അസിസ്റ്റന്റുമാർ, 10 ഫീൽഡ് അസിസ്റ്റന്റുമാർ, ആറ്  ജീവനക്കാർ എന്നിവരടങ്ങുന്ന പ്രത്യേക ടീം ഇതിനായി പ്രവർത്തിക്കുന്നു. കൂടാതെ,  ഡപ്യൂട്ടി ഡയറക്ടറും മില്ലറ്റ് വില്ലേജ് സ്പെഷൽ ഓഫിസറുമായബി.സുരേഷ്,  അഗളി അസിസ്റ്റന്റ് ഡയറക്ടർ  ഏബ്രഹാം എന്നിവരുെട  നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ മേൽനോട്ടവുമുണ്ട്. കൃഷി ശരിയായി നടക്കുന്നുണ്ടെന്ന്ഉറപ്പാക്കാൻ പ്രദേശവാസികളായ ഫീൽഡ് അസിസ്റ്റന്റുമാർ ഊരുകളിൽ പതിവായിസന്ദർശനം നടത്തുന്നു. കാലാവസ്ഥാഭേദങ്ങൾ അനുഭവപ്പെടുന്ന അട്ടപ്പാടിയിലെ മഴനിഴൽപ്രദേശങ്ങളാണ് മില്ലറ്റ് വില്ലേജ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഊരുകളിലെ മൂപ്പൻ, മണ്ണൂക്കാരൻ തുടങ്ങിയ അധികാരസ്ഥാനങ്ങളെ മാനിച്ചും ആദിവാസികളുെട ആചാരാനുഷ്ഠാനങ്ങൾക്കു തടസ്സം സൃഷ്ടിക്കാതെയുമാണ് പദ്ധതി നടപ്പാക്കുന്നത്. 

സംഭരിച്ച ചെറുധാന്യങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളാക്കുന്നതിനായി സംസ്കരണശാല സ്ഥാപിക്കാനും നടപടികൾ പൂർത്തിയായിവരുന്നു. അത് പ്രവർത്തനക്ഷമമാകുന്നതുവരെ കോയമ്പത്തൂർ കാർഷിക സർവകലാശാലയുെട കൃഷിവിജ്ഞാനകേന്ദ്രം നടത്തുന്ന അഗ്രിബിസിനസ് ഇൻകുബേഷൻ സെന്ററാണ് അട്ടപ്പാടിയുെട സൂപ്പർഫുഡ് സംസ്കരിച്ച് പായ്ക്കറ്റുകളിലാക്കുന്നത്. പോഷകസുരക്ഷയ്ക്കൊപ്പം ആദിവാസികളുെട വരുമാനസുരക്ഷയും മെച്ചപ്പെടുത്താമെന്നാണ് കൃഷിവകുപ്പിന്റെ പ്രതീക്ഷ.       

അട്ടപ്പാടിയിലെ അ‍ഞ്ച് ഊരുകൾ മാതൃകാ ഊരുകളായി മാറ്റിയെടുക്കാനും പദ്ധതി ലക്ഷ്യമിടുന്നു.  മൂന്നു വർഷത്തെ പദ്ധതി പൂർത്തിയാകുമ്പോഴേക്കും ആദിവാസികളുെട നേതൃത്വത്തിലുള്ള ഉൽപാദകകമ്പനി രൂപീകരിച്ച് ചെറുധാന്യ, ജൈവക്കൃഷി സംരംഭങ്ങളുെട ചുമതല അവരെ ഏൽപിക്കും. മില്ലറ്റ് ഗ്രാമം പദ്ധതിയിലൂെട ഉൽപാദിപ്പിച്ച മൂല്യവർധിത ഉൽപന്നങ്ങൾ പായ്ക്കറ്റുകളിൽ വിപണനത്തിനു തയാറായിട്ടുണ്ട്. എന്നാൽ ഇവയുടെ വിപണനം സംബന്ധിച്ച് വ്യക്തത ഉണ്ടാവാത്തതിനാൽ പ്രദർശനങ്ങളിലൂടെയും ജനപ്രതിനിധികൾ വഴിയുമാണ് ഇപ്പോൾ വിതരണം. അങ്കണവാടികൾ വഴി സംസ്ഥാനത്തെ മുഴുവൻ ശിശുക്കൾക്കും അട്ടപ്പാടിയുെട ഈ നന്മ എത്തിക്കുന്നതിനു സാധിക്കും.  വനിതാ, ശിശുക്ഷേമവകുപ്പ് ഇവ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

പൊതുവിപണിയിലെ മറ്റ് ഉൽപന്നങ്ങളുമായി മത്സരിക്കുന്ന ‘അട്ടപ്പാടി ഓർഗാനിക് ’ എന്ന സ്വന്തം ബ്രാൻഡാണ് മില്ലറ്റ് വില്ലേജ് പ്രവർത്തകരുടെ സ്വപ്നം.

ഫോൺ: 9443174433