Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴയത്തും വെയിലത്തും മായാത്ത വരുമാനം

s15

റബർ തളർന്നപ്പോൾ തുണയായത് കൊക്കോയും തെങ്ങും

വിലയിടിവിനെ തുടർന്ന് ഏഴേക്കറിലെ റബർമരങ്ങളുെട ശിഖരങ്ങൾ കോതി അവയിൽ കുരുമുളക് പടർത്തേണ്ടിവന്ന കൃഷിക്കാരാണ് തൃശൂർ കൊണ്ടാഴി  ഇടിഞ്ഞകുഴിയിൽ ഇ.എം. പൈലിയും മകൻ ബോസ് എന്ന ഇ.പി. മാത്യുവും. രണ്ടായിരാമാണ്ടിലായിരുന്നു അത്. ഒരു വിളയെ മാത്രം ആശ്രയിച്ചുള്ള കൃഷിയുടെ അപകടസാധ്യത അന്ന് അവർ മനസ്സിലാക്കി. റബർ വീണ്ടും പ്രധാന വരുമാനമായപ്പോഴും ഏകവിളക്കൃഷി വേണ്ടെന്നായിരുന്നു ഇരുവരുടെയും തീരുമാനം. 

വീടിനു ചുറ്റുമുള്ള അഞ്ചേക്കറിൽ തെങ്ങും കമുകും കുരുമുളകും കൊക്കൊയുമൊക്കെ നട്ടുവളർത്തിയത് അങ്ങനെയാണ്. റബറിനു വീണ്ടും വിലയിടിഞ്ഞപ്പോഴും വേവലാതിപ്പെടാതെ കൃഷി തുടരാൻ ഇതു സഹായിച്ചെന്നു ബോസ് പറയുന്നു. ഇപ്പോഴും  റബർ തന്നെ മുഖ്യവരുമാനം. എന്നാൽ റബർവിലയെക്കുറിച്ചുള്ള ഉത്കണ്ഠ നീക്കുന്നത് മറ്റുവിളകളുെട സാന്നിധ്യം തന്നെ. ഒപ്പം വിഷമില്ലാത്ത നെല്ലും പഴവും പച്ചക്കറിയുമൊക്കെ കിട്ടുന്നതിന്റെ സന്തോഷവും.

s7

തൊടുപുഴയിൽ നിന്ന് 1967ലാണ് പൈലിയും കുടുംബവും കൊണ്ടാഴിയിൽ താമസമാക്കിയത്. കഠിനാധ്വാനത്തിലൂെട നാട്ടിലെ കർഷകപ്രമുഖരായി അവർ വളർന്നു. വിദ്യാഭ്യാസസൗകര്യമില്ലാതിരുന്ന അക്കാലത്ത്  സ്വന്തമായി പ്രൈമറി വിദ്യാലയം സ്ഥാപിച്ച ഇ.എം. പൈലി ഇപ്പോഴും കൊണ്ടാഴിയിലെ ക്ഷിരോൽപാദകസംഘത്തിന്റെയും റബർ ഉൽപാദകസംഘത്തിന്റെയും പ്രസിഡന്റാണ്. എറണാകുളം ക്ഷീരോൽപാദക യൂണിയൻ ഡയറക്ടറും. മേലേകുളമ്പ് പാടശേഖരം സെക്രട്ടറിയും കൊണ്ടാഴി സഹകരണബാങ്ക് ഡയറക്ടറുമാണ് ബോസ്.എട്ടേക്കർ റബറിനൊപ്പം രണ്ടേക്കറിൽ നെൽകൃഷിയും അഞ്ചേക്കറിൽ സമ്മിശ്രക്കൃഷിയും നടത്തുന്ന ബോസിനു ബഹുവിളസമ്പ്രദായത്തിന്റെ ഗുണദോഷങ്ങൾ മറ്റാരേക്കാൾ പറയാനാവും. മേൽഭാഗത്ത് റബർതോട്ടം.  തൊട്ടുതാഴെ പുരയിടത്തിൽ തെങ്ങും ഇടവിളകളും. അതിനും താഴെ പാടത്ത് നെല്ലും വേനൽപച്ചക്കറിയും. കമുക്, ജാതി, കൊക്കോ, വാഴ, പച്ചക്കറികൾ, തീറ്റപ്പുല്ല്, കോഴി, പശു, അലങ്കാരപ്പക്ഷികൾ  എന്നിവയെല്ലാമുള്ള, ലക്ഷണമൊത്ത സമ്മിശ്രക്കൃഷിയാണ് പുരയിടത്തിലേത്.  

ഏതാനും വർഷം മുമ്പുവരെ മികച്ച വരുമാനം നൽകിയിരുന്ന റബർ തളർന്നപ്പോഴും വിളവൈവിധ്യത്തിന്റെ കരുത്തിൽ ഐശ്വര്യം നിലനിറുത്തുന്ന ഈ പുരയിടമാണ് വരുമാനച്ചോർച്ചയ്ക്കെതിരേയുള്ള ഇദ്ദേഹത്തിന്റെ ഇൻഷുറൻസ്. വരുമാനം കുറഞ്ഞെങ്കിലും  റബർകൃഷി നഷ്ടമില്ലാതെ കൊണ്ടുപോകാൻ കഴിയുന്നുണ്ടെന്നാണ്ബോസിന്റെ അഭിപ്രായം.  ഒരു വർഷം മൂന്ന് ടണ്ണോളം റബർ കിട്ടുന്നുണ്ട്. ഇപ്പോഴത്തെ നിരക്കിൽ 3.6 ലക്ഷം രൂപയുെട വരുമാനം. രാസവളം, റെയിൻഗാർഡ് എന്നിവയൊക്കെ ചെലവുചുരുക്കലിന്റെ ഭാഗമായി വേണ്ടെന്ന് വച്ചിരിക്കുന്നതിനാൽ മറ്റ് കൃഷിച്ചെലവുകളൊന്നുമില്ല.  നാലു ദിവസത്തിലൊരിക്കലാണ് ടാപ്പിങ്.

റബർ ടാപ്പിങ് മുടങ്ങുകയോ വില ഇനിയും താഴുകയോ ചെയ്താൽ എട്ടേക്കർ ആദായരഹിതമാവും. അതേസമയം വീടിനോടു ചേർന്നുള്ള അഞ്ചേക്കറിൽ എല്ലാക്കാലത്തും എന്തെങ്കിലുമൊക്കെ വരുമാനം ഉറപ്പാണ്. കുരുമുളകും കൊക്കോയും നാളികേരവും കൂടി ഒരു വർഷം അഞ്ചു ലക്ഷം രൂപയോളം വരുമാനം നൽകുമെന്നാണ് ബോസിന്റെ കണക്ക്. ആകെ അഞ്ചു പശുക്കളിൽ രണ്ടെണ്ണമെങ്കിലും കറവയിലായിരിക്കും. ദിവസേന ശരാശരി 25 ലീറ്റർ പാൽ സംഘത്തിൽ നൽകുന്നുണ്ട്. അതോടൊപ്പം വിളകൾക്കാവശ്യമായ ചാണകവും തൊഴുത്തിൽ നിന്നു കിട്ടുന്നു. ബയോഗ്യാസ് പ്ലാന്റുള്ളതുകൊണ്ട് പാചകവാതകത്തിനായും പണം മുടക്കേണ്ടിവരുന്നില്ല. നല്ല അരി കിട്ടുമെന്നതാണ് രണ്ടേക്കറിലെ നെൽകൃഷിയുെട പ്രധാന നേട്ടം. ചെറിയ തോതിൽ നെല്ല് വിൽക്കാനും സാധിക്കുന്നു. പട്ടാമ്പി ഗവേഷണകേന്ദ്രത്തിൽ നിന്നുള്ള പുതിയ നെല്ലിനങ്ങളായ സുപ്രിയ, അക്ഷയ എന്നിവയാണ് ഇത്തവണ കൃഷി ചെയ്യുന്നത്. വരുമാനസുരക്ഷ മാത്രമല്ല വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും തേങ്ങയും കിഴങ്ങുവിളകളുമൊക്കെ കിട്ടുന്ന ഈ പറമ്പും അതിനോടു ചേർന്നുള്ള പാടവും കുടുംബത്തിന്റെ ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നു. വിപണിയിലെ വിലക്കയറ്റവും നിലവാരക്കുറവും ക്ഷാമവുമൊന്നും പേടിക്കേണ്ടല്ലോ.

s13

കഴിഞ്ഞ രണ്ടു വേനലുകളും കഠിനമായിരുന്നു. ടിപ്പർ ലോറിയിൽ വെള്ളമെത്തിച്ച് തുള്ളിനനയായി നൽകേണ്ടിവന്നു. ഉണങ്ങിപ്പോകാതെ സംരക്ഷിക്കാനായെങ്കിലും കമുകിലും കുരുമുളകിലും വിളവെടുക്കാൻ ഒന്നുമില്ല. ഇത്തവണത്തെ  മഴക്കെടുതി കഴിഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ മോശമായി. ഉറവവെള്ളം മൂലം കുരുമുളകിന്റെ ഇല കൊഴിഞ്ഞതിനാൽ അടുത്ത സീസണിലും ആദായം പ്രതീക്ഷിക്കുന്നില്ല. മിക്കവാറും  വിളകളുടെ ആദായം നിലച്ചപ്പോഴും തെങ്ങും കൊക്കോയും തെറ്റില്ലാത്ത വരുമാനം നൽകുമെന്നാണ് പ്രതീക്ഷ. പുരയിടം നിറയെ റബർ മാത്രം വയ്ക്കാതിരുന്നതു നന്നായെന്ന് ബോസ് പറയുന്നത് വിലയിടിവ് കണ്ടിട്ടു മാത്രമല്ല.  ലഭ്യമായ സ്ഥലം പരമാവധി ഉപയോഗപ്പെടുത്താനും കൃഷിച്ചെലവ് കുറയ്ക്കാനും സമ്മിശ്രക്കൃഷിവഴി സാധിക്കുന്നു. വേതനത്തിനും വളത്തിനുമായി മുടക്കുന്ന തുക വ്യത്യസ്ത വിളകൾക്കായി പങ്കുവയ്ക്കുന്നതിനാലാണ് കൃഷിച്ചെലവ് കുറയുന്നത്. കാലാവസ്ഥയുെട രൂക്ഷത വിവിധ ഭാവങ്ങളിൽ എത്തുമ്പോൾ പിടിച്ചുനിൽക്കുന്ന രണ്ടു വിളയെങ്കിലും സ്വന്തമായുണ്ടാവുന്നത് അഭികാമ്യം തന്നെ. 

ഫോൺ: 9446230160