Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്മിശ്രക്കൃഷിയുടെ സാമ്രാജ്യം

x-default

മലർവിഴിയുടെ കൃഷിവഴികൾ ബോഡിനായ്ക്കന്നൂരിൽനിന്ന് ഉടുമ്പൻചോലയിലെ ആർഡി എസ്റ്റേറ്റിലേക്കുള്ള അന്നത്തെ യാത്ര മലർവിഴിയുടെ മനസ്സിൽ ഇന്നുമുണ്ട്. ഇരുപത്തിയെട്ടു വർഷം മുമ്പായിരുന്നു അത്. ഊരും പേരും ഭാഷയുമറിയാത്ത നാട്ടിലേക്കുള്ള യാത്ര. തമിഴ്നാട്ടിലെ അതിസമ്പന്ന കുടുംബത്തിൽ ജനിച്ച്, മധുരയിലെ മികച്ച കോൺവെൻറ് സ്കൂളിൽ പഠിച്ച്, വിവാഹിതയായി, വീട്ടമ്മയായിക്കഴിഞ്ഞിരുന്ന മലർവിഴി ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിലേക്കു വരുന്നത് കൃഷിചെയ്യാനാണ്. ഇംഗ്ലീഷല്ലാതെ മാതൃഭാഷയായ തമിഴുപോലും അന്നു കാര്യമായി അറിയില്ല. പിന്നെ മലയാളത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. കൃഷിയാകട്ടെ, അറിയുകയേ ഇല്ല. മലർവിഴിയുടെ മുന്നിൽ പക്ഷേ വേറെ വഴിയില്ലായിരുന്നു. അപ്രതീക്ഷിതമായ ചില സാഹചര്യങ്ങൾ ഭർത്താവിന്റെ ബിസിനസ് തകർത്തു തരിപ്പണമാക്കിയിരുന്നു. ഉടുമ്പൻചോലയില്‍ കുടുംബസ്വത്തായി ലഭിച്ച  ഏലത്തോട്ടം ഏറ്റെടുത്തു നടത്തി കടബാധ്യതകളിൽനിന്നു കരകയറാൻ മലർ വിഴി തുനിയുന്നത് അങ്ങനെ. ഭാഷയറിയാതെ, കൃഷിയറിയാതെ ഉടുമ്പൻചോലയിലെത്തിയ മലർവിഴി ഇന്ന് ഒന്നാന്തരം സമ്മിശ്രക്കൃഷിത്തോട്ടത്തിനുടമയാണ്. ഏലവും കാപ്പിയും കുരുമുളകും പച്ചക്കറികളും പശുവും ആടും കോഴിയും താറാവും മൽസ്യവുമെല്ലാം ചേർന്ന് സമ്മിശ്രക്കൃഷിയുടെ സൗന്ദര്യം നിറയുന്ന കൃഷിയിടം. 

Cardamom

ഏലം ഏലേലം

സ്വന്തമായുള്ളതും സഹോദരന്റെ വീതവും ചേർന്ന് മുപ്പത്തിയെട്ട് ഏക്കർ ഇന്ന് മലർവിഴിയുടെ കൃഷിയിടം. ഏലം തന്നെയാണ് തുറുപ്പുചീട്ട്. ഏലത്തിന്റെ കാര്യത്തിൽ, ഉടുമ്പൻചോലയിൽ എത്തുന്ന കാലത്തുണ്ടായിരുന്ന രീതികളിൽനിന്ന് ഏറെ മാറ്റം ഇന്നു കൃഷിയിലും വിളവെടുപ്പിലും ഉൽപാദനത്തിലും സംഭവിച്ചിട്ടുണ്ടെന്ന് മലർവിഴി. അന്നു വിളവെടുപ്പു കാലം ആറുമാസത്തിലൊതുങ്ങും. ഇന്നു വർഷം മുഴുവൻ വിളവെടുപ്പ്. ജൂലൈ മുതൽ ജനുവരി വരെ മികച്ച ഉൽപാദനം. നനയും പരിപാലനവും നന്നായാൽ തുടർന്നും മോശമല്ലാത്ത വിളവ്. ഞള്ളാനി ഇനത്തിന്റെ വരവോടെയാണ് ഈ മാറ്റമുണ്ടായത്. മൂന്നേക്കറിൽ പരീക്ഷിച്ച് മികച്ച ഉൽപാദനവും നീണ്ട വിളവെടുപ്പുകാലവും ബോധ്യപ്പെട്ട ശേഷം ഘട്ടംഘട്ടമായി മുഴുവൻ തോട്ടവും ഞള്ളാനിയിലേക്കു മാറുകയായിരുന്നെന്നു മലർവിഴി. 

ഏലക്കൃഷിക്ക് തുണയും തുടർച്ചയുമായാണ് അനുബന്ധകൃഷികളും പക്ഷിമൃഗാദികളും വരുന്നത്. ഉടുമ്പൻചോലയിലേക്കു വരുന്ന കാലത്ത് പെട്ടെന്നൊരു സ്ഥിരവരുമാനം എന്ന ലക്ഷ്യത്തോടെയാണ് പശുവളർത്തൽ തുടങ്ങുന്നത്. പശുക്കളുടെ എണ്ണം പതിനഞ്ചിലെത്തിയതോടെ പാൽവിൽപനയിലൂടെ മോശമല്ലാത്ത വരുമാനം കയ്യിലെത്തിത്തുടങ്ങി. താമസിയാതെ ആടും മുട്ടക്കോഴിയും നാടൻമുട്ടത്താറാവും മൽസ്യക്കൃഷിയും ഫാമിന്റെ ഭാഗമായി.

പോളിഹൗസ് സ്ഥാപിച്ച് ബട്ടർബീൻസ്കൃഷിയും തുടങ്ങി. തമിഴ്നാട്ടിൽ മികച്ച വിപണിയുള്ള പച്ചക്കറിയിനമാണ് ബട്ടർബീൻസ്. കിലോ 80–120 രൂപ നിരക്കിൽ എല്ലാക്കാലവും വില. അതിർത്തിപ്രദേശമായതിനാൽ തമിഴ്നാടൻ വിപണിയിലേക്കുള്ള പ്രവേശവും എളുപ്പം. ഒപ്പം, കാബേജും കോളിഫ്ളവറുംപോലെ ഉടുമ്പൻചോലയുടെ കാലാവസ്ഥയ്ക്കിണങ്ങിയ മറ്റു പച്ചക്കറിയിനങ്ങളും. വീട്ടുചെലവിനും കൃഷിച്ചെലവുകൾക്കുമുള്ള പണം പക്ഷിമൃഗാദികളിൽനിന്നും പച്ചക്കറികളിൽനിന്നും വന്നുചേർന്നതോടെ ഏലത്തിന്റെ വരുമാനം നീക്കിയിരിപ്പായി. കടബാധ്യതകളിൽനിന്നു മെല്ലെ കരകയറിത്തുടങ്ങി. 

ഏലംകൃഷിയിൽ പരമ്പരാഗതരീതി പോരാ എന്നു മലർവിഴിക്കു തോന്നിയതും ഇക്കാലത്താണ്. ഞള്ളാനി ഇനത്തിലേക്കുള്ള മാറ്റത്തിനു പിന്നാലെ ജൈവകൃഷിയെക്കുറിച്ചും ഗൗരവമായി ആലോചിക്കുന്നത് അങ്ങനെ. പശുവും ആടും കോഴിയുമെല്ലാമുള്ളതിനാൽ ജൈവവളം ആവശ്യത്തിനുണ്ട്. എങ്കിൽപ്പിന്നെ എന്തുകൊണ്ട് ജൈവകൃഷി ആയിക്കൂടാ. അതും പക്ഷേ ഘട്ടം ഘട്ടമായിത്തന്നെ മതിയെന്നു നിശ്ചയിച്ചു. 

DSCN1574

ഹൈടെക് ജൈവകൃഷി

തന്റെ ഏലത്തോട്ടത്തിന്റെ കൃഷിചരിത്രത്തെ പല ഘട്ടങ്ങളായാണ് മലർവിഴി തിരിക്കുന്നത്. ഒന്ന്, ഇടുക്കി ജില്ലയിൽ മാത്രം രണ്ടായിരത്തിലേറെ ഏക്കർ ഏലത്തോട്ടമുണ്ടായിരുന്ന മുത്തച്ഛൻ എ.എസ്. സുബ്ബൻ ചെട്ട്യാരുടെ ആദ്യകാല കൃഷിരീതി. വല്ലപ്പോഴും വന്ന് കാടുവെട്ടി, പച്ചിലയും ചാണകവും മാത്രം നൽകിയുള്ള, ഒട്ടും ശാസ്ത്രീയമല്ലാത്ത കൃഷി. രാസവളങ്ങളും രാസകീടനാശിനികളും വാരിവിതറിയുള്ള കൃഷിയായിരുന്നു രണ്ടാം ഘട്ടം. എന്നാൽ അളവില്ലാതെ കീടനാശിനികൾ പ്രയോഗിച്ചിട്ടും രോഗ,കീടങ്ങളെ നിയന്ത്രിക്കാൻ കഴിയാതെവന്നു. ഉൽപാദനം കുറഞ്ഞു. മലർവിഴി കൃഷി ഏറ്റെടുക്കുമ്പോഴുള്ള സ്ഥിതി അതാണ്.  ജൈവവഴിയാണ് മൂന്നാം ഘട്ടം. നാടൻ പശുക്കളെ വാങ്ങി അവയുടെ ചാണകവും മൂത്രവുമെല്ലാം ഉപയോഗിച്ചുണ്ടാക്കുന്ന പഞ്ചഗവ്യവും ജീവാമൃതവുമെല്ലാം പ്രയോഗിച്ചുള്ള കൃഷി. ഇനിയുള്ള നാലാംഘട്ടമാണ് മലർവിഴിയുടെ പുതുവഴി. ഹൈടെക് ജൈവകൃഷിയെന്നു മലർവിഴി വിളിക്കുന്ന ശാസ്ത്രീയ ജൈവകൃഷി. ഇന്ന് ജൈവകൃഷി ചെയ്യുന്നവർ പഞ്ചഗവ്യവും ജീവാമൃതവുമൊക്കെ പ്രയോഗിക്കുന്നുണ്ടെങ്കിലും പലർക്കും അതിന്റെ ശാസ്ത്രീയമൂല്യത്തെക്കുറിച്ച് അറിയില്ല. ഒാരോ ജൈവോപാധിയുടെയും മേന്മകളും ഒാരോന്നിൽനിന്നും വിളകൾക്കു ലഭിക്കുന്ന പോഷകങ്ങളും എത്രയെന്നു പഠിച്ചും പരീക്ഷിച്ചുമുള്ള ജൈവകൃഷിയാണ് ഇനി വേണ്ടതെന്ന് ഈ കർഷക പറയുന്നു. 

രാസവളങ്ങളും രാസകീടനാശിനികളും തുടർച്ചയായി പ്രയോഗിച്ചുള്ള കൃഷിരീതിയാണ് ഏലത്തിന്റേത്. അതിനു വേണ്ടിവരുന്നതോ, ഭീമമായ ചെലവ്. ഏലംകൃഷിയുടെ ലാഭം മുഴുവൻ ചോർത്തുന്ന ഘടകവും ഇതുതന്നെ. പൂർണമായും ജൈവമാർഗത്തിലേക്കു വരുമ്പോൾ ഈ ചെലവ് അഞ്ചിലൊന്നായി ചുരുങ്ങും. അതുതന്നെയും, ജൈവവളങ്ങളും ജൈവകീടനാശിനികളും നിർമിക്കാൻ വേണ്ടിവരുന്ന അധ്വാനത്തിന്റെ ചെലവായിരിക്കുമെന്നും മലർവിഴി. 

ചെടികൾക്കാവശ്യമുള്ള എല്ലാ മൂലകങ്ങളും ജൈവകൃഷിയിലൂടെ ലഭിക്കുകയില്ലെന്നും ജൈവകൃഷിയിലേക്കു മാറുമ്പോൾ ഉൽപാദനം കുറയുമെന്നും രോഗകീടബാധകളെയെല്ലാം നിയന്ത്രിക്കാൻ ജൈവമാർഗത്തിനു പ്രാപ്തിയില്ലെന്നുമുള്ള വാദങ്ങളെ നിരാകരിക്കുന്നു ഈ കർഷക. രോഗങ്ങളെ പ്രതിരോധിക്കാനും ചെടികൾക്കു വലിച്ചെടുക്കാവുന്ന രീതിയിൽ മണ്ണിലെ മൂലകങ്ങളെ വിഘടിപ്പിക്കാനും പര്യാപ്തമായ ഒട്ടേറെയിനം മിത്ര ബാക്ടീരിയകളുണ്ട്. അത്തരം ബാക്ടീരിയകളും ട്രൈക്കോഡെർമപോലുള്ള ഫംഗസുകളുമെല്ലാം ശാസ്ത്രീയമായി പ്രയോഗിച്ചുള്ള കൃഷിയെയാണ് ഹൈടെക് ജൈവകൃഷിയെന്നു മലർവിഴി വിളിക്കുന്നതും.

ചെടിയുടെ വളർച്ച, ഫംഗസ്–ബാക്ടീരിയ ബാധകൾക്കെതിരെയുള്ള ഫലപ്രദമായ പ്രതിരോധം, കീടങ്ങളെ തുരത്തൽ, മികച്ച ഉൽപാദനം, ഗുണമേന്മയുള്ള ഉൽപന്നങ്ങൾ തുടങ്ങി കൃഷിയുടെ എല്ലാ തലങ്ങളെയും ജൈവമാർഗത്തിൽ നിയന്ത്രിക്കാൻ സാധിക്കുന്ന സ്ഥിതി. സ്വന്തം നിലയ്ക്കുള്ള പരീക്ഷണങ്ങളിലൂടെ ഈ വഴിക്ക് ഏറെ മുന്നേറിക്കഴിഞ്ഞു ഇന്നു മലർവിഴി. എട്ട് എംഎം ബോൾഡ് നിലവാരമുള്ള ഏലം വിളയുന്ന മലർവിഴിയുടെ കൃഷിയിടംതന്നെ ഉദാഹരണം.   അടുത്ത  ഘട്ടത്തിൽ സ്വന്തം കണ്ടെത്തലുകൾ കർഷകർക്കു സൗജന്യമായി നൽകുമെന്നും മലർവിഴിയുടെ ഉറപ്പ്. 

IMG-20181013-WA0003

കൈപ്പുണ്യം കലർപ്പില്ലാതെ

ഏലത്തോട്ടത്തിൽ പരാഗണത്തിന്റെ തോതും അതുവഴി കായ്പിടിത്തവും വർധിക്കാനാണ് ഇരുപത്തിയഞ്ചിലേറെ വൻതേൻപെട്ടികൾ സ്ഥാപിച്ചത്. അതുവഴി വിളവു വർധിച്ചെന്നു മാത്രമല്ല, തേനുൽപന്നങ്ങളുടെ വിപണിയിലേക്കും കടന്നു മലർവിഴി. തേനിലിട്ട മുന്തിരിയും ഈന്തപ്പഴവുമുൾപ്പെടെ തേനുൽപന്നങ്ങൾ പലതുണ്ട്. ഫാമിൽ വിളയുന്ന പഴങ്ങളും പച്ചക്കറികളും മൂല്യവർധന വരുത്തി നിർമിക്കുന്നസ്ക്വാഷുകളും ജാമുകളും വേറെ. എല്ലാറ്റിനും മികച്ച വിപണി. 

IMG-20181013-WA0009

പച്ചക്കറിയും ഗിഫ്റ്റ് 

മൽസ്യക്കൃഷിയും യോജിപ്പിച്ചുള്ള അക്വാപോണിക്സ് കൃഷിക്കും ഇതിനിടയിൽ സമയം കണ്ടെത്തുന്നു ഈ വനിത. ഏലത്തിനിടയിൽ പച്ചക്കറികൾ കൃഷിയിറക്കി ജൈവപച്ചക്കറികൾ വിളവെടുത്തു മുന്തിയ വിലയ്ക്ക് നഗരങ്ങളിൽ വിൽക്കാനുള്ള പദ്ധതിയാണ് അടുത്തത്. മലർവിഴി ഇന്ന് മറുനാട്ടുകാരിയല്ല, തനി മലയാളി വനിത. അധ്വാനവും ആത്മവിശ്വാസവുംകൊണ്ട് കൃഷിയിലും വരുമാനത്തിലും വിസ്മയം തീർക്കുന്ന ഉടുമ്പൻചോലയുടെ മലർ.

ഫോൺ: 9961890031