Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നരയേക്കർ കൃഷിക്ക് ശമ്പളമായി 90,000 രൂപ!

kalpavriksham

ഫാമിസൺ മാതൃകയിലുള്ള പച്ചക്കറിക്കൃഷി തങ്ങൾക്ക് നേട്ടങ്ങൾ മാത്രമാണ് സമ്മാനിച്ചിട്ടുള്ളതെന്ന് ബെംഗളൂരുവിന്റെ പ്രാന്തപ്രദേശമായ മുത്കൂരിലെ കൽപവൃക്ഷ ഫാമിൽ സഹോദരന്മാരായ  ചന്ദ്രമോഹനും ചന്ദ്രശേഖറും പറയുന്നു. വരുമാനം സംബന്ധിച്ച അനിശ്ചിതത്വം മാറിയെന്നതാണ് പ്രധാന നേട്ടം. മാസംതോറും നിശ്ചിത വരുമാനം ഉറപ്പാക്കാൻ കഴിയുന്നുണ്ട്. സുസ്ഥിര രീതികൾ മാത്രം പിന്തുടരുന്നതിനാൽ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുമെന്നതും നേട്ടമാണ്– ചന്ദ്രമോഹൻ ചൂണ്ടിക്കാട്ടി. വിഷവസ്തുക്കളുമായുള്ള സമ്പർക്കം ഇല്ലാതായതോടെ സ്വന്തം ആരോഗ്യം മാത്രമല്ല കുടുംബാംഗങ്ങളുെട ആരോഗ്യവും മെച്ചപ്പെട്ടു. രാസവളത്തിനും കീടനാശിനിക്കും വേണ്ടിവന്നിരുന്ന ഭീമമായ ചെലവും മാറിക്കിട്ടി.

തറവാടിനോടു ചേർന്ന് അമ്മ പുട്ടമ്മയുടെ പേരിലുള്ള 1.5 ഏക്കറിലാണ് ഇവർ ഫാമിസൺ  ഉപഭോക്താക്കൾക്കു വേണ്ടി കൃഷി നടത്തുന്നത്. ആകെ 72 യൂണിറ്റുകളിലായി അത്രയുംതന്നെ കുടുംബങ്ങൾക്ക് ആവശ്യമായ വിഷരഹിത പച്ചക്കറി ഇവർ ഉൽപാദിപ്പിക്കുന്നു.  അഞ്ചടി വീതിയും പത്തടി നീളവുമുള്ള 12 വാരങ്ങളാണ് 600 ചതുരശ്രയടി വിസ്തൃതിയുള്ള ഓരോ യൂണിറ്റിലുമുള്ളത്. അവയിൽ എന്തൊക്കെ കൃഷി ചെയ്യണമെന്നു തീരുമാനിക്കുന്നത് ഉപഭോക്താക്കളാണ്. ഉപഭോക്താക്കളുെട രുചിഭേദങ്ങൾ കൃഷിയിടം കാണുമ്പോൾ തന്നെ അറിയാം. ചിലരുടെ പ്ലോട്ടിൽ നാടൻ പച്ചക്കറികൾ മാത്രം. മറ്റു ചിലർ വിദേശഇനങ്ങൾ  കൃഷി ചെയ്തിരിക്കുന്നു. യൂണിറ്റുകൾക്ക് വാടകയുടെ പകുതി വീതമാണ് കൃഷിക്കാർക്ക് കിട്ടുക. ഒരു യൂണിറ്റിന് 1250 രൂപ വീതം 72 യൂണിറ്റുകളിൽനിന്ന് 90000 രൂപ നേടാൻ മാസം തോറും കിട്ടുമെന്നത് ചെറിയ നേട്ടമല്ല– ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. ഒന്നരയേക്കറിലെ പച്ചക്കറിക്കൃഷിയിൽനിന്നാണ് ഈ വരുമാനമെന്നോർക്കണം.

kalpavriksham-01

ഉപഭോക്താക്കൾക്ക് വീട്ടാവശ്യത്തിനു വേണ്ടിവരുന്നതിലും അധികം പച്ചക്കറികൾ ഇവിടെനിന്ന് വിളവെടുക്കാറുണ്ട്. ആഴ്ചയിൽ ഒരിക്കൽ കുടുംബസമേതം കൃഷിയിടത്തിലെത്താനും സ്വന്തം ഉൽപന്നങ്ങൾ വിളവെടുത്ത് കൊണ്ടുപോകാനും ഉത്സാഹിക്കുന്നവർ ഏറെ. വിശേഷിച്ച് കൊച്ചു കുട്ടികളുള്ള അണുകുടുംബങ്ങൾ മക്കളുമൊത്ത് കൃഷി കാണാൻ വരുന്നത് പതിവാക്കിയിട്ടുണ്ട്. കുട്ടികൾ മാത്രമല്ല മുതിർന്നവർപോലും പല പച്ചക്കറിവിളകളും പൂർണരൂപത്തിൽ കാണുന്നത് ഇത്തരം സന്ദർശനങ്ങളിലാണ്. കാരറ്റ് മണ്ണിനടിയിലാണ് വളരുന്നതെന്നും മത്തൻ പടരുന്ന വള്ളിച്ചെടിയാണെന്നുമൊക്കെ ഇക്കൂട്ടർക്കു പറഞ്ഞുകൊടുക്കേണ്ടി വരുന്നു. എന്നാൽ വരിസംഖ്യ കൃത്യമായി നൽകുന്നുണ്ടെങ്കിലും ഒരിക്കൽപോലും കൃഷിയിടത്തിൽ എത്താത്തവരുമുണ്ട്.  അവർക്ക് ഉൽപന്നങ്ങൾ വീട്ടിലെത്തിച്ചു കൊടുക്കും. വിവിധ സംസ്ഥാനക്കാരായ ഉപഭോക്താക്കൾക്ക് അവരുെട പാചകരീതികളുെട വ്യത്യാസമനുസരിച്ച് വിളവെടുപ്പ് നടത്താനും കൃഷിയിട സന്ദർശനം സഹായിക്കും. ഉദാഹരണമായി മത്തനൊപ്പം അതിന്റെ തളിരിലകളും ചേർത്ത് കറി വയ്ക്കുന്ന പ്രദേശങ്ങളുണ്ട്. അവിടങ്ങളിൽനിന്നുള്ളവർക്ക് മത്തൻ വിളവെടുക്കുന്നതിനൊപ്പം ഇ ലയും കിട്ടുമ്പോഴുണ്ടാകുന്ന അവരുടെ ആവേശം കാണേണ്ടതുതന്നെ– ചന്ദ്രമോഹൻ പറഞ്ഞു.