Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊന്നാനിയുടെ കൂട്ടുകൃഷി

ഇടശ്ശേരി പറഞ്ഞതും എം.ഗോവിന്ദൻ എഴുതിയതും ‘കൂട്ടുകൃഷി’യെകുറിച്ചുതന്നെ. ഇടശ്ശേരി പറഞ്ഞ കാലത്തിനും ഏറെ ഇപ്പുറം ഇതാ മലപ്പുറം പൊന്നാനി ഉഴുതുമറിഞ്ഞിരിക്കുന്നു.. വിത്തിനെ വിളവാക്കാൻ മണ്ണ് തുടിക്കുന്നു.. ചെളിയിൽ കാലുകുത്താൻ യുവാക്കൾ ഒരുങ്ങിയിരിക്കുന്നു.. ഇത് ‘പൊന്നാര്യൻ കൊയ്യും പൊന്നാനി’.

മണ്ണിന്റെ പുഞ്ചിരി..

തരിശുഭൂമിയില്ലാത്ത പൊന്നാനി അതാണ് നഗരസഭയുടെ ലക്ഷ്യം. ഇതിനായി പൊന്നാര്യൻ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നഗരസഭ നടപ്പാക്കുന്ന പദ്ധതിയാണ് ‘പൊന്നാര്യൻ കൊയ്യും പൊന്നാനി. കർഷകർ ഉത്സാഹിച്ച് മണ്ണിലിറങ്ങിയതോടെ 25 ഏക്കറിൽ മാത്രം നെൽക്കൃഷിയുണ്ടായിരുന്നതിൽ ഇപ്പോൾ 93.5 ഏക്കറിലേക്ക് പൊന്നാനിയിലെ നെൽക്കൃഷി വ്യാപിപ്പിച്ചു. തരിശായി കിടന്നിരുന്ന വയലുകൾ സമൃദ്ധിയോടെ വിളവെടുപ്പിനു പാകമായി നിൽക്കുന്നു.

46.5 ഏക്കറിൽ വിരിപ്പും 47 ഏക്കറിൽ മുണ്ടകനുമാണ് കൃഷി. കഴിഞ്ഞ വർഷം 50,000 കിലോഗ്രാം അരി ഉൽപാദിപ്പിച്ചു. ഇത് പൊന്നാനിയുടെ ‘പൊന്നരി’ എന്ന പേരിൽ പത്തു കിലോയുടെയും 50 കിലോയുടെയും പായ്ക്കറ്റിൽ വിപണിയിലിറങ്ങിയിരിക്കുന്നു. 75% തവിട് നിലനിർത്തി പുഴുങ്ങിയാണ് അരി ചാക്കുകളിലാക്കുന്നത്.

പുത്തൻ കലവും അരിവാളും..

സ്ത്രീകളും യുവാക്കളും പ്രായമായവരുമെല്ലാം ഉൾക്കൊള്ളുന്ന പൊന്നാര്യൻ പാടശേഖര സമിതിയുടെ നേതൃത്വത്തിലുള്ള 41 അംഗ സംഘമാണ് ‘പൊന്നാര്യൻ കൊയ്യും പൊന്നാനി’യുടെ നെടുംതൂൺ. തരിശുഭൂമി ഇവർക്കു കൃഷി ചെയ്യാൻ ഭാഗിച്ചു നൽകിയിരിക്കുകയാണ്. ഉഴവു കൂലിയും ജൈവവളവും വിത്തും ഉൾപ്പെടെ ഒരു ഹെക്ടറിൽ കൃഷി ചെയ്യുന്നതിന് 17,500 രൂപ ഓരോ കർഷകനും നഗരസഭ സഹായധനം നൽകുന്നുണ്ട്.

തരിശുഭൂമിയിൽ കൃഷിയിറക്കുന്നതിന് 30,000 രൂപവരെ സംസ്ഥാന സർക്കാരിന്റെ സഹായധനവും മേഖലയെ കൂടുതൽ ഉണർത്തിയിരിക്കുന്നു. പവർ ട്രില്ലറും ഗാർഡൻ ട്രില്ലറും ഉൾപ്പെടെയുള്ള സൗകര്യങ്ങളും നഗരസഭ നൽകുന്നുണ്ട്. 32 വയസ്സുള്ള ശാരദ മുതൽ 85 പിന്നിട്ട നീലിയമ്മ ഉൾപ്പെടെ പത്തോളം പരമ്പരാഗത തൊഴിലാളികളും അറിവും അനുഭവവും പങ്കുവച്ച് കൂട്ടായ്മയ്ക്കു കരുത്തായുണ്ട്. കൈക്കോട്ടിന്റെ ചിരി.. അരിയാക്കുന്നതിനുവേണ്ടിയും വിത്തിനുവേണ്ടിയും പ്രത്യേകം കൃഷി നടക്കുന്നുണ്ടിവിടെ. നെൽക്കൃഷിക്കു പുറമേ നാടൻ നെൽവിത്ത് സംരക്ഷണമാണ് ലക്ഷ്യം. പതിനഞ്ചോളം നാടൻ നെൽവിത്തുകളാണ് പൊന്നാനിയിൽ കൃഷി ചെയ്തു സംരക്ഷിക്കുന്നത്. രണ്ടും ഒരേപോലെ ലാഭകരമാണെന്ന് ഇവർ പറയുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള നാട്ടുനെൽവിത്തുകൾ വരെ പൊന്നാനിയിൽ വ്യാപകമായി കൃഷി ചെയ്തു തുടങ്ങിയിരിക്കുന്നു. കൂട്ടായ്മയിലെ പരിചയസമ്പന്നരാണ് വിത്തുസംരക്ഷണത്തിനുള്ള കൃഷി ഏറ്റെടുത്തിരിക്കുന്നത്.

വഴിത്തിരിവിൽ..

വിവിധ മേഖലകളിലുള്ളവരാണ് നെൽക്കൃഷി സംരക്ഷണത്തിനായി ഒത്തൊരുമിച്ചിട്ടുള്ളത്. പൊന്നാര്യൻ പാടശേഖര സമിതിയുടെ സെക്രട്ടറിയായിട്ടുള്ള രജീഷ് ഊപ്പാല പൊന്നാനിയിലെ എൻഐഇടി കോളജിന്റെ മാനേജർ പദവി രാജിവച്ചാണ് മുഴുവൻ സമയ കൃഷിയിലേക്ക് ഇറങ്ങിയിരിക്കുന്നത്. 10 ഏക്കറിൽ ഇപ്പോൾ നെൽക്കൃഷി ചെയ്യുന്നു.

വിത്തുസംരക്ഷണമാണ് പ്രധാനം. പാടശേഖര സമിതിയുടെ ട്രഷററായിട്ടുള്ള കമലാ മേനോൻ എൺപത്തിനാല് പിന്നിട്ടെങ്കിലും ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ഒന്നര ഏക്കറിൽ കൃഷി ചെയ്യുന്നു. സമിതി പ്രസിഡന്റ് വി.വി. അബ്ദുൽ സലാമും വിത്ത് സംരക്ഷണം ഉൾപ്പെടെ തരിശുഭൂമികളിൽ പൊന്നു വിളയിക്കുന്നു.

സ്വർണദാനം..

നല്ലഭക്ഷണ പ്രസ്ഥാനം കഴിഞ്ഞ ഏതാനും വർഷത്തെ പ്രവർത്തനംകൊണ്ട് പൊന്നാനിക്കു നൽകിയ ഉൗർജത്തിൽനിന്നാണ് നഗരസഭ ‘പൊന്നാര്യൻ കൊയ്യും പൊന്നാനി’ എന്ന പദ്ധതിക്കു രൂപം നൽകിയിരിക്കുന്നത്. കൃഷിക്കാരെ ഏകോപിപ്പിച്ചുകൊണ്ട് ഇപ്പോഴും നല്ലഭക്ഷണ പ്രസ്ഥാനം ‘പൊന്നാര്യൻ കൊയ്യും പൊന്നാനി’ക്ക് ഒപ്പംനിൽക്കുന്നു. പൊന്നാനിയിലെ കൃഷി ഓഫിസറായിരുന്ന കെ.വാസുദേവൻ ഉൾപ്പെടെയുള്ളവർ തുടക്കംമുതൽ പദ്ധതിക്കു നൽകിയ ആവേശമാണ് തരിശുഭൂമികളിൽ കതിരായി കാണുന്നത്. എല്ലാറ്റിനും ഉപരി പൊന്നാനിക്കാർ ഒരുമിച്ച് പദ്ധതിക്കായി കൈകോർക്കുന്നു.

ഭൂമിയുടെ അറ്റത്തേക്ക്..

നെൽക്കൃഷി വ്യാപനം പ്രതീക്ഷ നൽകുന്നത് ജലസംരക്ഷണത്തിനുകൂടിയാണ്. കൃഷിയിടങ്ങൾ ഉഴുതുമറിച്ച് കൃഷിചെയ്യുമ്പോൾ മഴവെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങി ജലം സംരക്ഷിക്കപ്പെടും. ഇതിന്റെ ഭാഗമായി ഇത്തവണ പൊന്നാനിയിലെ ജലസ്രോതസ്സുകൾ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇൗഴുവതിരുത്തിയിൽ മാത്രം 11 കുളങ്ങൾ നവീകരിച്ചു.