Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല നെല്ലിന്റെ വിത്തറ

വയൽനാടെന്ന വയനാട്ടിൽ നെൽകൃഷിയെന്നത് ജീവിതത്തിന്റെ താളവും ഭാഗവുമായിരുന്ന കാലത്തു നിന്ന് മാറ്റങ്ങൾ സംഭവിച്ചെങ്കിലും കാർഷിക മേഖലയിൽ വയനാടൻ നെല്ലിന്റെ പേരും പെരുമയും ഒന്നു വേറെ തന്നെയാണ്. നഞ്ചയും പുഞ്ചയും വർഷത്തിൽ രണ്ട് കൃഷികളായി വയലുകളിൽ നെൽകൃഷി നിറയുന്ന കാഴ്ച എന്നും മായാതെ നിൽക്കുന്നതാണ്. പരമ്പരാഗത നെൽവിത്തിനങ്ങൾ കൃഷി ചെയ്യുന്നവരുടെയും എണ്ണം കുറഞ്ഞെങ്കിലും പഴയ വിത്തിനങ്ങൾ ചില കർഷകരടക്കം ഇപ്പോഴും സംരക്ഷിച്ച് പോരുന്നുണ്ട്.

നെൽവിത്തുകളുടെ ശേഖരം

അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ പരമ്പരാഗത നെൽവിത്തിനങ്ങളുടെ അടക്കം നെൽവിത്തുകളുടെ ശേഖരം തന്നെയുണ്ട്. വയനാടൻ നെൽവിത്തുകൾ ഉൾപ്പെടെ നൂറിലേറെ നെല്ലുകളുടെ വിത്തുകളാണ് ഇവിടെ പതിറ്റാണ്ടുകളായി സംരക്ഷിക്കുന്നത്. ജില്ലയിൽ കാലങ്ങളായി നെൽകൃഷിയിലുണ്ടായ കുറവാണ് പല നെൽവിത്തിനങ്ങളും കർഷകരുടെ കൈയിൽ നിന്ന് നഷ്ടപ്പെടാനുണ്ടായ കാരണം. ഒരുകാലത്ത് നൂറുമേനി വിളഞ്ഞ നെല്ലിനങ്ങളുടെ വിത്തുകൾ കർഷകർക്ക് നഷ്ടപ്പെട്ടെങ്കിലും അവയിൽ ലഭ്യമായവയെല്ലാം ഗവേഷണ കേന്ദ്രം സംരക്ഷിച്ച് വരുന്നുണ്ട്. 

1985 മുതൽ സംരക്ഷണം

പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ 1985 മുതലാണ് പരമ്പരാഗത നെൽവിത്തിനങ്ങൾക്ക് സംരക്ഷണത്തിന് കൂടുതൽ നടപടികൾ സ്വീകരിച്ചത്. മുൻപ് വിത്തിനങ്ങളിലേറെയും  ഉണ്ടായിരുന്നെങ്കിലും സംരക്ഷണത്തിന് കൃത്യമായി രീതികളോ കൂടുതൽ നടപടികളോ ഉണ്ടായിരുന്നില്ല. 1985 ൽ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രഫസറായിരുന്ന സൂസമ്മ ജോർജാണ് വിത്തിനങ്ങളുടെ കൃത്യമായ പട്ടികയുണ്ടാക്കാനും അവയുടെ സംരക്ഷണത്തിനും തുടക്കമിട്ടത്. തുടർന്നിങ്ങോട്ട് വിത്തുകളെല്ലാം സംരക്ഷിച്ച് വരുന്നുണ്ട്. 

ജാഗ്രതയോടെ

പരമ്പരാഗത നെൽവിത്തിനങ്ങളുടെ സംരക്ഷണത്തിന് ഞാറുനടുമ്പോൾ മുതൽ വിളവെടുക്കുന്ന  സമയംവരെ കൃത്യമായ ശ്രദ്ധ നൽകണം. സംരക്ഷിക്കുന്ന നെല്ല് ഞാറാകുമ്പോൾ  വയലിൽ മുൻപ് കൃഷി ചെയ്തിരുന്ന നെൽ വിത്തുകൾ കൂടെ മുളച്ചിട്ടുണ്ടോയെന്നും പരിശോധിക്കുകയും ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുകയും വേണം. വളർച്ചയുടെ ഓരോഘട്ടത്തിലും പരിശോധിക്കണം. നിലവിൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ അഞ്ച് വരികളിൽ ഒരു നെല്ലിന്റെ വിത്തുകളിറക്കി ഒരു മീറ്റർ അകലം വിട്ടിട്ടാണ് അടുത്ത നെല്ലിനം കൃഷിയിറക്കുന്നത്. എല്ലാ വിത്തിനങ്ങൾ തമ്മിലും കൃത്യമായ അകലം പാലിക്കുന്നുണ്ട്. കേന്ദ്രത്തിന്റെ ഒന്നര ഏക്കറോളം വയലിൽ കൃഷി ചെയ്താണ് ഇൗ വിത്തുകളെല്ലാം സംരക്ഷിക്കുന്നത്. കതിരാകുമ്പോഴും വിളവെടുക്കന്ന സമയത്തുമെല്ലാം കൃത്യമായ പരിശോധനയിലൂടെ  ഒരു നെല്ലിനം മാത്രമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്താണ് മുൻപോട്ട് പോകുന്നത്.  

സംരക്ഷണത്തിന് കോഡുകൾ

പരമ്പരാഗത നെല്ലിനങ്ങളായതിനാൽ തന്നെ കൂടുതൽ സുരക്ഷ നൽകിയാണ് വിത്തിനങ്ങളെ സംരക്ഷിക്കുന്നത്. കൃഷിയിറക്കുന്ന വയലുകളിൽ ഓരോ ഇനത്തിൽപ്പെട്ട നെല്ലിനവും മറ്റുള്ളവർ തിരിച്ചറിയാതിരിക്കാൻ കോഡുകളാണ് ഉപയോഗിക്കുന്നത്. നെൽവിത്തുകളുടെ മോഷണമടക്കം തടയുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ബന്ധപ്പെട്ട അധികൃതർക്ക് മാത്രമാണ് കോഡുകൾ ഏത് നെല്ലിനമാണെന്ന അറിവുണ്ടാകുക. പൂപ്പെ‍ാലിയോട് അനുബന്ധിച്ച് കേന്ദ്രത്തിലെ വയലിലെ എല്ലാ നെല്ലിനങ്ങളുടെയും പേരുകൾ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും പൂപ്പെ‍ാലി അവസാനിച്ചാൽ അവ എടുത്തുമാറ്റും. 

മന്ത്രിയുടെ നിർദേശം

മുൻപ് കാർഷിക ഗവേഷണ കേന്ദ്രത്തിലെത്തിയ മന്ത്രി വി.എസ്. സുനിൽകുമാറാണ് പരമ്പരാഗത നെൽവിത്തിനങ്ങളെ സംരക്ഷിക്കുകയും അവയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും വേണമെന്ന നിർദേശം വച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് പരമ്പരാഗത നെൽവിത്തുകളടക്കം കൃഷി ചെയ്ത നെൽവയലും  പൂപ്പെ‍ാലിയുടെ ഭാഗമാക്കി ഇത്തവണ സന്ദർശകർക്ക് കാണാൻ അവസരമുണ്ടാക്കിയത്.

പ്രദർശനം മാത്രമാകരുത്

ജില്ലയിലെ പരമ്പരാഗത നെൽവിത്തിനങ്ങളെല്ലാം ഇന്ന് ‘പ്രദർശന’ വസ്തുക്കൾ മാത്രമായി മാറുന്നത് ആശങ്കയുളവാക്കുന്നതാണ്. വയനാടൻ ജീരകശാലയും ഗന്ധകശാലയുമടക്കമുള്ളവ പ്രദർശനത്തിന്  മാത്രമായി കൃഷി ചെയ്യുന്നത് സമീപഭാവിയിൽ ജില്ലയുടെ നെല്ലിനങ്ങളെ ഇല്ലാതാക്കും. പരമ്പാരഗത നെല്ലിനങ്ങളെ കൃഷി ചെയ്യുന്നവർക്ക് കൃഷിവകുപ്പിന്റെ അടക്കം കൂടുതൽ സഹായങ്ങളും പ്രോൽസാഹനവുമെല്ലാം ലഭ്യമാക്കേണ്ടതാണ്. 

∙ വിവരങ്ങൾക്ക് കടപ്പാട്  

അബ്ദുൽ റഹ്മാൻ ഫാം മാനേജർ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, അമ്പലവയൽ.

അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ സംരക്ഷിക്കുന്ന നെൽ വിത്തുകൾ.

paddy

വയനാടൻ നെല്ലിനങ്ങൾ

മുള്ളൻകുറുവ, മസൂറി, കുഞ്ഞുകുഞ്ഞ്, തെ‍ാണ്ടി-ഒന്ന്, തെ‍ാണ്ടി-രണ്ട്, തെ‍ാണ്ടി-മൂന്ന്, കോതണ്ടൻ, ഇ.എം. (എടവക), ദീപ്തി, ആയിരക്കണ, കണലി, പുട്ടബെറ്റ, അടുക്കൻ, ഉരുളൻകയമ, അമ്പലവയൽ-ഒന്ന്, അമ്പലവയൽ-രണ്ട്, പുന്നാടൻ തെ‍ാണ്ടി, വലിയതൊണ്ടി, കീർവാണ, ഇന്റൻ, മണ്ണുവെളിയൻ, പാൽതെ‍ാണ്ടി, വെളിയൻ, ഞവര, ചെന്താടി, വാളിച്ച, പാൽവെളിയൻ, ചേറ്റുവെളിയൻ, മല്ലികുറുവ, വെളുംപാല, ‍ഞവരബാക്ക്, ജപ്പാൻ വയലറ്റ്, രാജമേനി, ചോമാല, കുറ്റിവെളിയൻ, ചെന്നെല്ല്, പെരുവായ, തെ‍ാണ്ണൂറാംതെ‍ാണ്ടി, ആടി, ചെന്തൊണ്ടി, വലിച്ചൂരി, കല്ലടിയാര്യൻ, ഓണാട്ടൻ, മംഗലാപുരം പുഞ്ച, കന്നിക്കയമ, കെ‍ാടക് വെളിയൻ, മുള്ളൻപുഞ്ച, കുറുവ. 

സുഗന്ധ നെല്ലിനങ്ങൾ

കയമ, ബസ്മതി 370, ബസ്മതി 385, ജീരകശാല, ഗന്ധകശാല ഡ്വാർഫ്, കസ്തൂരി, ഗന്ധകശാല-ഒന്ന്, പുസ ബസ്മതി, പുസ സുഗന്ധി നാല്, രസഗദം, പുസ സുഗന്ധി-രണ്ട്, പാക്കിസ്ഥാൻ ബസ്മതി, സുഗന്ധമതി, ഐഇടി 7191, ഗന്ധകശാല. 

മറ്റു നെല്ലിനങ്ങൾ

വെള്ളരി, കൈരളി, വടക്കൻ ചിറ്റേനി, കറുത്ത മോടൻ, വെളുത്തരി കയമ, ചുവന്നവട്ടൻ, വലിയ ചെമ്പൻ, ശബരി, ജെഡുഹല്ലിക, മസ്കാത്തി, ജയതി, ത്രിവേണി, ഭാരതി, വെളുത്തവട്ടൻ, അരി‍ക‍്‍രായി, അശ്വതി, കട്ടമോടൻ, അരുവക്കാരി, പെ‍ാന്നാര്യൻ, ആര്യൻ, രശ്മി, പറമ്പുവട്ടൻ, ഇലപ്പൂചെമ്പൻ, ചെറിയ ആര്യൻ, വെളുത്തരി തവളക്കണ്ണൻ, രോഹിണി, കെ‍ാടിയൻ, നിള, ജ്യോതി, കവുങ്ങിൻപൂത്തല, എരവപാണ്ടി, ആതികിരായ.