Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാഷൻ ഫ്രൂട്ടിൽ മുതലിറക്കിയ മൂവർ സംഘം

DSC_0041

മൂന്നു സുഹൃത്തുക്കൾ ചേർന്ന് നാലു വർഷം മുമ്പ് വണ്ടൻ‌മേട്ടിലെ പന്ത്രണ്ടേക്കറിൽ തുടങ്ങിയ പാഷൻഫ്രൂട്ട് കൃഷിയുടെ ഇന്നത്തെ വിസ്തൃതി നൂറേക്കർ. പാഷൻഫ്രൂട്ടിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിനു വേണ്ടി മാത്രം  കാൽ കോടി രൂപയുടെ സംസ്കരണശാല. ‘അത്രയ്ക്കായോ പാഷൻ ഫ്രൂട്ട്’ എന്നു സംശയിക്കുന്നവരോട് മൂവർ സംഘം പറയുന്നതും അതുതന്നെ, ‘‘ഇത്രയ്ക്കൊക്കെ ചെലവിടാൻ തക്ക  മൂല്യമുണ്ട് ഇതിനെന്നു ഞങ്ങളറിഞ്ഞത് നാലു വർഷം മുമ്പു മാത്രം.’’

എറണാകുളം ജില്ലയിലെ കോതമംഗലം ചേലാട് കാരക്കൊമ്പിൽ പ്രിൻസ് വർക്കി, മലയിൻകീഴ് ഒലിയപ്പുറം കെന്നഡി പീറ്റർ, കോട്ടപ്പടി മാവറ മനോജ് എം. ജോസഫ് എന്നിവരിൽ ആദ്യത്തെ രണ്ടു പേരും കൃഷിയും പൊതുപ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോകുന്നു. എന്‍ജിനീയറിങ് വിട്ട് കൃഷിയും തേനീച്ചവളർത്തലും സ്വീകരിച്ചു മൂന്നാമത്തെയാൾ. കേരളത്തിൽ പാഷൻഫ്രൂട്ടിനു പ്രിയമേറുന്നു എന്നു നാലു വർഷം മുമ്പ് തിരിച്ചറിഞ്ഞപ്പോഴാണ് മൂവരും ചേർന്ന് പാട്ടത്തിനു പന്ത്രണ്ടേക്കർ സ്ഥലമെടുക്കുന്നത്. 

ആദ്യം കൃഷിവകുപ്പിനു  നെല്ലിയാമ്പതിയിലുള്ള ഒാറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിലെ പാഷൻ ഫ്രൂട്ട് കൃഷി കണ്ടു മനസ്സിലാക്കി. പിന്നീട് മറ്റു രാജ്യങ്ങളിലെ കൃഷിരീതികളും അന്വേഷിച്ചറിഞ്ഞു. അറിഞ്ഞതെല്ലാം  ചേർത്തുവച്ച് പോരായ്മകളും സാധ്യതകളും വിലയിരുത്തിയ ശേഷം വാണിജ്യാടിസ്ഥാനത്തില്‍ കൃഷി തുടങ്ങുന്നത് 2014ൽ. തുടർന്ന് ഇടുക്കി ജില്ലയിൽതന്നെ വിവിധ പ്രദേശങ്ങളിലേക്കു കൃഷി വ്യാപിപ്പിച്ചു. കോതമംഗലത്ത് ഐഎസ്ഒ സർട്ടിഫിക്കേഷനോടെ സംസ്കരണശാലയും സ്ഥാപിച്ചു.

മലനാട് ബ്രാൻഡിൽ ആദ്യം പുറത്തിറങ്ങിയത് പാഷൻ ഫ്രൂട്ട് സ്ക്വാഷ്. പിന്നാലെ ജാമും സിറപ്പും. സ്വന്തം തോട്ടത്തിലെ പഴങ്ങളുടെ പൾപ്പിൽനിന്ന് കൃത്രിമ നിറവും ഫ്ലേവറും ചേർക്കാതെ തയാറാക്കുന്ന ഉൽപന്നങ്ങൾ എന്നതാണ് വിപണിയിൽ തങ്ങൾക്കു മേൽക്കൈ നൽകുന്ന ഘടകമെന്ന് പ്രിൻസ്. പാഷൻ ഫ്രൂട്ടിന്റെ കുരുവിനുമുണ്ട് പോഷകമേന്മ. മലനാടിന്റെ സ്ക്വാഷ് ബോട്ടിലിൽ പക്ഷേ കുരു അതേപടി ഉൾപ്പെടുത്തുന്നത് പോഷക ഗുണം മാത്രം ലക്ഷ്യമിട്ടല്ല, ഫാം ഫ്രഷ് ഉൽപന്നമെന്ന് ഉപഭോക്താക്കൾക്ക് ഉറപ്പു നൽകാൻകൂടിയാണ്.

DSC_0030-1

കൃഷിപാഠം

ആറടി ഉയരമുള്ള കരിങ്കൽതൂണുകളിൽ ജി.ഐ. വയർ വലിച്ച് പന്തൽ. 15X10 അടി അകലത്തിൽ ഒരേക്കറിൽ 260 തൈകൾ. കളകയറാതിരിക്കാൻ തടങ്ങളിൽ മൾച്ചിങ്(പുത), ഒപ്പം തുള്ളിനന സംവിധാനം. പർപ്പിൾ പഴങ്ങൾ കായ്ക്കുന്ന, ഗുണമേന്മയുള്ള തൈകൾ കൊണ്ടുവന്നത് ബെംഗളൂരുവിൽനിന്ന്. ചെടി കുത്തനെ മുകളിലേക്കു പടർത്തിയ ശേഷം വശങ്ങളിലേക്കു ചായ്ച്ചു പടർത്തുന്ന പന്തൽ ശൈലി (ട്രെല്ലീസ്)യിലാണു പരിപാലനം. അതുവഴി തണ്ടുകളിൽ നേരിട്ടു സൂര്യപ്രകാശം ലഭിക്കും, രോഗ, കീടബാധ കുറയും, കായ്കൾ ഒറ്റ നോട്ടത്തിൽ കാണാം.  പടർന്നു പന്തലിക്കുമ്പോൾപോലുംചെടികൾക്കിടയിൽ 4–6 അടി അകലം ലഭിക്കുമെന്നതിനാൽ വളപ്രയോഗവും വിളവെടുപ്പും സീസൺ കഴിയുമ്പോഴുള്ള കമ്പുകോതലുംഎളുപ്പം. ഏഴുമാസംകൊണ്ട് ചെടികൾ കായ്ച്ചു തുടങ്ങിയെന്നു മനോജ്. ഏഴു വർഷമാണു ചെടിയുടെ ശരാശരി ആയുസ്. ആദ്യ വർഷത്തെക്കാൾ ഉൽപാദനം കൂടും അടുത്ത വർഷം. മൂന്നാം വർഷം അതേ ഉൽപാദനം  തുടരും. പിന്നീടുള്ള വർഷങ്ങളിൽ കുറഞ്ഞുവരും. ആദ്യ വർഷം ഏക്കറിന് 5–6 ടൺ പഴം ലഭിച്ചപ്പോൾ കഴിഞ്ഞ വർഷത്തെ  ഉൽപാദനം  7–8 ടൺ. പൾപ്പെടുത്ത ശേഷമുള്ള പഴത്തൊണ്ട് ചാണകം ചേർത്ത് കമ്പോസ്റ്റാക്കി കൃഷിയിടത്തിലേക്കു ജൈവവളം നിർമിക്കുന്നു.

കേരളത്തിന്റെ സാഹചര്യത്തിനു പൂർണമായും യോജിച്ച വാണിജ്യക്കൃഷിരീതി വിദഗ്ധർക്കുപോലും നിശ്ചയമില്ലാത്തതിനാൽ തുടക്കത്തിൽ പല പാളിച്ചകളും  പറ്റിയെന്നു കെന്നഡി. തുടക്കത്തിൽ ഒരേക്കറിന് പാട്ടത്തുക, പന്തൽ, പണിക്കൂലി, തുള്ളിനന ഉൾപ്പെടെ  അഞ്ചര ലക്ഷത്തോളം രൂപ ചെലവിടേണ്ടി വന്നെങ്കിൽ പിന്നീടത് നാലു ലക്ഷത്തിലേക്ക് കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞത് നിരന്തര  നിരീക്ഷണത്തിലൂടെയാണ്. വീട്ടില്‍ രണ്ടോ നാലോ  ചെടി വളർത്തുന്നതുപോലെ അനായാസമല്ല വാണിജ്യക്കൃഷി. ദ്രുതവാട്ടംപോലുള്ള പ്രശ്നങ്ങൾ അപ്രതീക്ഷിതമായി വന്നു വലച്ച സന്ദർഭങ്ങളുണ്ട്. കായ്പിടിത്തം കുറഞ്ഞതായിരുന്നു മറ്റൊരു പ്രശ്നം. പരാഗണം കുറയുന്നതാണു കാരണമെന്നു മനസ്സിലായപ്പോൾ ഏക്കറിന് പത്ത് എന്ന കണക്കിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചു. 

കൃഷിക്ക് ആവശ്യമായ വെള്ളവും വൈദ്യുതിയും സൗജന്യമായി  നൽകുന്ന അയൽസംസ്ഥാനങ്ങളിലെ  മാതൃക കേരളത്തിലും നടപ്പാക്കണമെന്നു കെന്നഡി പറയുന്നു. കേരളത്തിൽ പാട്ടത്തുകയും പണിക്കൂലിയും കൂടുതലാണ്. വാണിജ്യക്കൃഷി കേരളത്തിൽ വളരാത്തതിനു കാരണവും ഇതുതന്നെ. വെള്ളവും വൈദ്യുതിയും സൗജന്യമായി ലഭ്യമാക്കുകയാണ് കൃഷിയിലേക്ക് കൂടുതൽ സംരംഭകരെ ആകർഷിക്കാനുള്ള വഴി. 

ഫോൺ: (പ്രിൻസ്) 9497125337

FSCN4585

ആരോഗ്യത്തിനും ആദായത്തിനും

കേരളത്തിൽ പാഷൻ ഫ്രൂട്ടിന് വിപണി ലഭിച്ചു തുടങ്ങിയിട്ട് ചുരുങ്ങിയ നാളുകളേ ആയിട്ടുള്ളൂ. അൽപം പുളിയും അതിലേറെ മധുരവുമുള്ള ഈ പഴം മുമ്പും ചില വീടുകളിലൊക്കെ ഉണ്ടായിരുന്നു. ആരും അത്ര ഗൗനിച്ചില്ലെന്നു മാത്രം. അരുണ രക്താണുക്കളുടെ എണ്ണം കൂട്ടാന്‍  ഇതു  ഗുണകരം എന്നു പ്രചരിച്ചതോടെ വിപണി ഉഷാറായി. വിറ്റമിൻ സിയും എയും പൊട്ടാസ്യവും നിയാസിനും ഫൈബറുമെല്ലാം ചേർന്നു പോഷകസമൃദ്ധമാണ് പാഷൻ ഫ്രൂട്ടെന്നു വിദഗ്ധർ. ഉറക്കമില്ലായ്മ, ഹൈപ്പർ ടെൻഷൻ, ദഹനപ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് ആശ്വാസം നൽകും. മഞ്ഞ, പർപ്പിൾ നിറങ്ങളിലുള്ള ഇനങ്ങളാണ് കൂടുതലായി കൃഷി ചെയ്യുന്നത്. സ്ക്വാഷിന് ആകർഷകമായ നിറം ലഭിക്കുന്നത് മഞ്ഞയിനത്തിന്റെ പൾപ് ഉപയോഗിക്കുമ്പോൾ. മധുരം കൂടുതൽ പർപ്പിൾ ഇനത്തിന്. നന്നായി മൂപ്പെത്തുമ്പോൾ ചില കായ്കളുടെ പുറത്തു ചെറിയ പാടുകളൊക്കെ വീഴും. കാണാനൊരു ഭംഗിയില്ലെന്നു കരുതി അവഗണിക്കരുത്. അതിനായിരിക്കും കൂടുതൽ മധുരം.

കൃഷിവകുപ്പിനു പാലക്കാട് നെല്ലിയാമ്പതിയിലുള്ള ഒാറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിലെത്തിയാൽ പാഷൻ ഫ്രൂട്ടിന്റെ കൃഷി കാണാനും ശാസ്ത്രീയ കൃഷിരീതികളും മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണവും പഠിക്കാനും അവസരമുണ്ടെന്ന് സൂപ്രണ്ട് സി.എസ്. അജിത് കുമാര്‍.

ഫോൺ: 04923 246225 (ഒാഫിസ്), 9400191365