സ്മാർട് കൃഷി 2030; നമ്മുെട നാട്ടിലെ കൃഷിയിൽ വരാവുന്ന മാറ്റങ്ങളിലൂടെ

പന്ത്രണ്ട് വർഷത്തിനപ്പുറം 2030ൽ ഉഴവ് നടത്തുന്ന ഹൈടെക് ബലരാമനെ സങ്കൽപിച്ചുനോക്കാം. ട്രാക്ടർ പാടത്ത് എത്തിയതായി മൊബൈലിൽ സന്ദേശമെത്തുന്നു. ഉഴവ് നടത്തേണ്ട ഭാഗത്തിന്റെ അതിരുകൾ ( അക്ഷാംശവും രേഖാംശവും) മൊബൈലിൽ രേഖപ്പെടുത്തി കമാൻ‍ഡ് നൽകുന്നതോടെ ട്രാക്ടർ കൃത്യമായ അതിരിനുള്ളിൽ ഉഴവ് നടത്തുന്നു. എത്ര ആഴത്തിൽ എത്ര തവണ ഉഴവ് നടത്തണമെന്നതും മൊബൈലിലൂെട തന്നെ നിർദേശിക്കാം. ജോലി പൂർത്തിയാകുന്നതോെട സ്ഥലത്തിന്റെ വിസ്തൃതി കണക്കാക്കി ട്രാക്ടർ തന്നെ ബില്ല് തയാറാക്കി  ബലരാമന് അയയ്ക്കുന്നു. കൃഷിക്കാരന്റെ അക്കൗണ്ടിൽ നിന്നു ട്രാക്ടർ ഉടമയുടെ അക്കൗണ്ടിലേക്ക് പണം പോകുന്നു.

ഉഴുതുകൊണ്ടിരിക്കുമ്പോൾതന്നെ പാടത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള മണ്ണിന്റെ പോഷകഘടന ട്രാക്ടറിലെ െസൻസറുകൾ നിരീക്ഷിക്കുന്നുണ്ടാവും. ഈ പരിശോധനയുെട അടിസ്ഥാനത്തിൽ ആവശ്യമായ വളപ്രയോഗം സംബന്ധിച്ച് ശുപാർശയും കൃഷിക്കാരന്റെ മൊബൈലിലേക്ക് എത്തുന്നു. വളം വിൽക്കുന്ന കമ്പനികളുെട ഓഫറുകളും തൊട്ടുപിന്നാെല പ്രതീക്ഷിക്കാം.  അതിൽ സ്വീകാര്യമായ പാക്കേജ് തിരഞ്ഞെടുക്കുകയേ വേണ്ടൂ. കമ്പനിയുെട സേവനവിഭാഗം വളവുമായി പാടത്തെത്തുന്നു. ജിപിഎസ് സംവിധാനമുള്ള ട്രാക്ടർ അഥവാ ഡ്രോൺ ഉപയോഗിച്ച് വളം വിതറുന്നു. അടിവളമൊക്കെ നൽകി  സജ്ജമാക്കിയ പാടത്ത് കൃത്യമായ അകലത്തിൽ വിത്ത് പാകാനായി ഫാംബട്ടുകളെത്തും. വിലയേറിയ ഹൈബ്രിഡ് വിത്തായതിനാൽ കൃത്യമായ അകലത്തിൽ നിശ്ചിത എണ്ണം വിത്തുകൾ മാത്രമാവും പാകുക. മാറുന്ന കാലാവസ്ഥയിൽ പെരുകാനിടയുള്ള കീടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് കിട്ടുന്നു.  തുടക്കത്തിലേ തന്നെ അവയെ ചെറുക്കാനായി നാനോ രൂപത്തിലുള്ള ജീവാണുവളങ്ങളുമായി അടുത്ത സേവനദാതാക്കൾ എത്തുകയായി... പലയിടങ്ങളിലായി ഇരുപത് പാടങ്ങളിലാണ് ബലരാമന്റെ കൃഷി. പക്ഷേ, കിടക്കയിലിരുന്നാൽ ഇരുപതിടത്തും ചെറുകാറ്റ് വീശുന്നതുപോലും അറിയാൻ ബലരാമന്റെ വീട്ടിൽ സംവിധാനമുണ്ട്.

കൃഷിപ്പണികൾക്കു റോബട്ടുകൾ, രോഗ കീടനിയന്ത്രണത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിതബുദ്ധി), പോഷകലഭ്യത ഉറപ്പാക്കാൻ സെൻസറുകൾ, സ്ഥലപരിമിതി മറികടക്കാൻ വെർട്ടിക്കൽ ഫാമുകൾ, ഉൽപന്ന നിലവാരം മെച്ചപ്പെടുത്താൻ പ്രോബയോട്ടിക്കുകളും നാനോ ടെക്നോളജിയും. കർഷകപുത്രന്മാരുടെ ദിവാസ്വപ്നങ്ങൾക്കു വിഷയാവതരണം നടത്തുകയല്ല. ലോകത്തിന്റെ പല ഭാഗങ്ങളിൽ കൃഷിയുമായി ബന്ധപ്പെട്ടു നടക്കുന്ന ഗവേഷണ വികസന പ്രവർത്തനങ്ങളിലെ പ്രധാനപ്പെട്ട ചില മുന്നേറ്റങ്ങൾ എടുത്തു പറഞ്ഞെന്നു മാത്രം, ഈ മാറ്റങ്ങളിൽ പലതും നമ്മുെട നാട്ടിലും എത്തിത്തുടങ്ങിയെന്നതും ശ്രദ്ധേയം.  കേരളത്തിനു കാർഷികരംഗത്തെ പരിമിതികൾ മറികടന്ന് മുന്നേറാൻ ഇത്തരം അൾട്രാ ഹൈടെക് സാങ്കേതികവിദ്യകളെ ആശ്ലേഷിക്കുകയേ വഴിയുള്ളൂ. അവയെ അടുത്തറിയാം.

നിർമിതബുദ്ധി

വളരെയേറെ വിവരങ്ങൾ വിശകലനം ചെയ്ത്  വിവേചനപരമായ തീരുമാനമെടുക്കുന്ന  സംവിധാനമാണ് നിർമിതബുദ്ധി. കംപ്യൂട്ടർ സാങ്കേതികവവിദ്യയുെട അടുത്ത മുന്നേറ്റം ഈ രംഗത്തായിരിക്കും. ലോകമെമ്പാടും നിർമിതബുദ്ധി പ്രയോജനപ്പെടുത്തുന്നതിനുള്ള ഗവേഷണപദ്ധതികൾ നടന്നുവരികയാണ്. കാർഷികരംഗത്തും  നിർമിതബുദ്ധിയുെട വിശകലനശേഷി പ്രയോജനപ്പെടുത്താമെന്നു തെളിഞ്ഞിട്ടുണ്ട്.  ആന്ധ്രയിലെ  കർണൂൽ ജില്ലക്കാരായ 175 കൃഷിക്കാർനിർമിതബുദ്ധി പ്രയോജനപ്പെടുത്തി കൃഷിയിറക്കി കഴിഞ്ഞവർഷം നേട്ടമുണ്ടാക്കിയത് ദേശീയശ്രദ്ധ നേടി.  

രാജ്യാന്തര കാർഷിക ഗവേഷണ സ്ഥാപനമായ ഇക്രിസാറ്റ് (International Crop Research Institute for Semi Arid Tropics) ഇക്കാര്യത്തിൽ അവരെ സഹായിച്ചു. മറ്റുള്ളവർ പതിവുപോലെ മഴ പ്രതീക്ഷിച്ച്ജൂൺ ആദ്യം കൃഷി ഇറക്കിയപ്പോൾ  നിർമിതബുദ്ധിയുെട ഉപദേശം തേടിയ കൃഷിക്കാർ വിത മൂന്നാഴ്ചയോളം  വൈകിപ്പിച്ചു.

ഇക്രിസാറ്റും മൈക്രോസോഫ്റ്റും ചേർന്ന് നിർമിതബുദ്ധി ഉപയോഗിച്ചു വികസിപ്പിച്ച മൊബൈൽ ആപ്പിലൂെടയാണ് ഇതുസംബന്ധിച്ച നിർദേശം അവർക്ക് കിട്ടിയത്. മുപ്പതു വർഷം ഈ പ്രദേശത്തു കിട്ടിയ മഴയുടെയും മണ്ണിലെ ഈർപ്പത്തിന്റെയും കണക്കുകളും മഴലഭിക്കാനിടയുള്ള ദിവസങ്ങളെക്കുറിച്ചുള്ള പ്രവചനവും  വിശകലനം െചയ്താണ് ഇതു സാധ്യമായത്. വിത മുതൽ വിളവെടുപ്പ് വരെ വിവിധ കാലാവസ്ഥാ ഘടകങ്ങളും മണ്ണിന്റെ ഘടനയും വിശകലനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ആദ്യമഴയ്ക്കുശേഷം ഇടക്കാലത്ത് തീരെ മഴ കിട്ടാതെ വന്നത് മറ്റ് കൃഷിക്കാരുെട വിളവിനെ ബാധിച്ചു. എന്നാൽ വൈകി വിതച്ചവർക്കാവട്ടെ, ഏറ്റവും യോജ്യമായ കാലാവസ്ഥ പ്രയോജനപ്പെടുത്തി 30 ശതമാനത്തോളം അധിക വിളവ് നേടാനായി.

മഴയുെട സാധ്യത മനസ്സിലാക്കി കൃഷിയിറക്കാൻ മാത്രമല്ല മണ്ണിലെ പോഷകലഭ്യത തിരിച്ചറിഞ്ഞ് വളപ്രയോഗം ശുപാർശ ചെയ്യാനും രോഗ– കീട ആക്രമണം തുടക്കത്തിലേ കണ്ടെത്തി പ്രതിരോധിക്കാനും വിളകളുെട ആകെ ഉൽപാദനം മുൻകൂട്ടി കണക്കാക്കി വില പ്രവചിക്കാനും  ഇതേ ബുദ്ധി പ്രയോജനപ്പെടും.

അഗ്രി റോബട്ടുകൾ (ഫാംബട്ടുകൾ)

സോഫിയ റോബട്ടിന്റെ അഭിമുഖം കണ്ട് ലോകമാകെ അതിശയിച്ചിരിക്കുന്ന നാളുകളാണിത്. കൃഷിയിടത്തിലേക്കു പുതിയ സോഫിയമാർ കടന്നുവരാൻ അധികകാലം വേണ്ട.  മനുഷ്യകരങ്ങൾ ചെയ്തിരുന്ന പല ജോലികളും യന്ത്രക്കരങ്ങൾ ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. നിർമിതബുദ്ധി സംബന്ധിച്ച ഗവേഷണം പുരോഗമിക്കുന്നതനുസരിച്ച് റോബട്ടുകളുെട പ്രവർത്തനശേഷിയും വികസിക്കും. അധ്വാനഭാരം കുറയുമെന്നു മാത്രമല്ല, മനുഷ്യന് അപായകരമായ  പ്രവർത്തനങ്ങൾ  റോബട്ടുകളെ ഏൽപിക്കുകയുമാവാം.   വൈകാതെ തന്നെ കർഷകത്തൊഴിലാളികൾക്ക് പകരക്കാരായി അഗ്രി റോബട്ടുകൾ (കർഷക യന്തിരൻ) പാടത്തിറങ്ങുമെന്ന വിധത്തിലാണ് കാര്യങ്ങളുെട പോക്ക്. പാകമായ മുന്തിരിയും ആപ്പിളുമൊക്കെ പറിച്ചെടുക്കുന്ന വിദേശ നിർമിത യന്ത്രക്കരങ്ങളുെട വിഡിയോ  സമൂഹമാധ്യമങ്ങളിൽ കാണാം. എന്നാൽ കഴിഞ്ഞ വർഷം ബെംഗളൂരു ആസ്ഥാനമായുള്ള GroboMac ( Green Robot Machinery Pvt. Ltd.) കമ്പനി പരുത്തിച്ചെടിയിൽനിന്നു വിളവെടുക്കുന്നതിന് ‘ഗ്രോബോമാക് കോട്ടൺ പിക്കർ’ എന്ന സ്വദേശി യന്തിരനെ അവതരിപ്പിച്ചതോടെ ഇന്ത്യയും ഈ രംഗത്തെ കരുത്ത് തെളിയിച്ചിരിക്കുകയാണ്. സെമികണ്ടക്ടർ രംഗത്തുനിന്നും കൃഷിയിലേക്ക് ചുവടുമാറിയ മനോഹർ സംബന്ധം എന്ന കാർഷിക സംരംഭകനാണ് ഈ റോബട്ടിനു പിന്നിൽ. മറ്റു വിളകളുെട വിളവെടുപ്പും യന്തിരനെ പരിശീലിപ്പിക്കാനുള്ള ശ്രമത്തിലാണ് സംബന്ധവും കൂട്ടുകാരും.

ഇന്റർനെറ്റ് ഓഫ് തിങ്സും സെൻസറുകളും

പാടത്ത് കീടശല്യം നിശ്ചിത പരിധിയിലധികമാണെന്നു വീട്ടിലിരുന്ന് അറിയാനാകുമോ? തെങ്ങിൻചുവട്ടിൽ വേണ്ടത്ര വെള്ളം കിട്ടാതായാൽ ട്രെയിൻയാത്രയ്ക്കിടയിൽ സന്ദേശം കിട്ടുമോ?  അഴിച്ചുവിട്ട പശു വേലിക്കു പുറത്തു കടന്നാൽ എങ്ങനെ അറിയും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഐഒടി അഥവാഇന്റർനെറ്റ് ഓഫ് തിങ്സ്.  കീടശല്യം മാത്രമല്ല, നിങ്ങളുെട കൃഷിയിടത്തിലെ ഓരോ ചെറുമാറ്റങ്ങളും ലോകത്തിന്റെ ഏതു മൂലയിലിരുന്നും മനസ്സിലാക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത്.

ലോകമാകെ ഒരു വലയുടെ ഭാഗമായി മാറുമ്പോൾ കൃഷി മാറി നിൽക്കുന്നതെങ്ങനെ? കംപ്യൂട്ടറുകളുെട ശൃംഖലയായി തുടങ്ങിയ നെറ്റ് ഇന്ന് എല്ലാവിധ സ്മാർട് ഉപകരണങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നു. ടിവിയും ഫ്രിജും എസിയുമൊക്കെ നെറ്റ് കണക്റ്റഡ് ആകാമെങ്കിൽ നനയ്ക്കുന്ന പമ്പും പറമ്പും ഉഴവ് നടത്തുന്ന ട്രാക്ടറും മരുന്ന് തളിക്കുന്ന സ്പ്രെയറുമൊക്കെ അങ്ങനെയാക്കാം. ഇതുവഴിയുണ്ടാകുന്ന നേട്ടം സങ്കൽപത്തിനും അപ്പുറമാണ്. വിശേഷിച്ച് കേരളംപോലെ തുണ്ടു കൃഷിഭൂമികൾ കൂടുതലുള്ള നാട്ടിൽ ഒരിടത്തിരുന്ന് എല്ലാ കൃഷിയിടങ്ങളും നിരീക്ഷിക്കാനും അവിെടയുള്ള  യന്ത്രസംവിധാനങ്ങൾ പ്രവർത്തിപ്പിക്കാനുമൊക്കെ ഐഒടി സഹായിക്കുന്നു. കൃത്യമായ തീരുമാനം കൃത്യസമയത്ത് എടുക്കുന്നതിനും കൃത്യമായി നടപ്പാക്കുന്നതിനും ഇതുവഴി സാധിക്കും.

െബംഗളൂരുവിലെ  അവനിജൽ കമ്പനി വികസിപ്പിച്ച  നികാഷ് സംവിധാനം ഐഒടി അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ആദ്യകാല കാർഷിക ആപ്പുകളിലൊന്നാണ്. ആപ്പുമായി ബന്ധപ്പെടുന്ന കൺട്രോളറും അനുബന്ധമായുള്ള വയർലെസ് സെൻസറുകളും ഒരുമിച്ചു ചേർന്നുള്ള നന സംവിധാനമാണിത്. പലയിടങ്ങളിലായി വ്യത്യസ്ത കൃഷികളുള്ള കൃഷിക്കാരന് ഓരോ വിളയ്ക്കും മണ്ണിനും കാലാവസ്ഥയ്ക്കും യോജിച്ച നന പ്രോഗ്രാം ചെയ്യാൻ നെറ്റ് അധിഷ്ഠിതമായ ഈ സംവിധാനത്തിൽ സാധിക്കും. വിളകളുെട വളർച്ചയും മണ്ണിലെ ഈർപ്പവും മനസ്സിലാക്കി കൃത്യസമയത്ത് നന തുടങ്ങുകയും അവസാനിപ്പിക്കുകയുമാവാം. പറമ്പിൽ കയറാതെ കൃഷി നടത്തുന്ന യുഗത്തിലേക്കു കൂടിയാണ്  സാങ്കേതികവിദ്യ നമ്മെ നയിക്കുന്നത്.

നാനോ ടെക്നോളജി

അതിസൂക്ഷ്മതലത്തിൽ പദാർഥങ്ങളുടെ സ്വഭാവസവിശേഷതകൾ പഠനവിധേയമാക്കുകയും വിവിധ മേഖലകളിൽ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണിത്. ഒരു മീറ്ററിന്റെ നൂറു കോടിയിൽ ഒരു ഭാഗമാണ് ഒരു നാനോമീറ്റർ.  ഇത്രയും കുറഞ്ഞ വലുപ്പത്തിലുള്ള പദാർഥങ്ങൾ ഉപയോഗിച്ച് നവീനമായ പല ഉൽപന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കാമെന്നു തെളിഞ്ഞിട്ടുണ്ട്. ഉയർന്ന ഉപരിതലവിസ്തീർണം, പ്രതിപ്രവർത്തനശേഷി, അതുല്യമായ കണികാഘടന എന്നിവയൊക്കെയാണ് നാനോ പദാർഥങ്ങളുെട സവിശേഷതകൾ.

വിവിധ പദാർഥങ്ങളുടെ നാനോ രൂപങ്ങൾ നിർമിച്ച് പുത്തൻ ഉൽപന്നങ്ങൾക്കു രൂപം കൊടുക്കുന്ന തിരക്കിലാണ് ഈ മേഖലയിലെ ഗവേഷകർ. കാർഷികരംഗത്തും നാനോപദാർഥങ്ങളുെട പ്രത്യേക ഗുണങ്ങൾ പ്രയോജനപ്പെടുത്താം. ഏതാനും ദിവസങ്ങളിലേക്കു മാത്രം ചെടികൾക്കു ലഭ്യമാവുന്ന രാസവളങ്ങൾക്കു പകരം ദീർഘകാലത്തേക്കു മിതമായ തോതിൽ ചെടിച്ചുവട്ടിൽ പോഷകസാന്നിധ്യമുറപ്പിക്കുന്ന നാനോ വളങ്ങൾ ഇത്തരമൊരു സാധ്യതയാണ്.  പോഷകങ്ങളും മരുന്നുകളുമൊക്കെ ആവശ്യമുള്ള സസ്യഭാഗങ്ങളിൽ മാത്രമായി പ്രയോഗിക്കുന്നതിനും നാനോപദാർഥങ്ങളെ ഉപയോഗിക്കാം. കോശഭിത്തികളെ തുളച്ചു കടന്നുപോകുന്ന കാർബൺ നാനോ ട്യൂബുകളാണ് ഇത്തരം സ്മാർട് വളങ്ങളും കീടനാശിനികളും രൂപപ്പെടുത്താൻ സഹായിക്കുന്നത്. കൃഷിയിടത്തിലെ രാസവസ്തുക്കളുെട ഉപയോഗം പരിമിതപ്പെടുത്താൻ ഇതുവഴി സാധിക്കും. ചെടികളുെട വളർച്ച മെച്ചപ്പെടുത്താനും  കുറയ്ക്കാനും നാനോ കണികകൾ ഉപയോഗിക്കാം.

സ്യൂഡോമോണാസ് പോലുള്ള ജീവാണുക്കൾ കർഷകർക്ക് പരിചിതമാണ്. ഇത്തരം ജീവാണുക്കളുെട സത്ത് നാനോ രൂപത്തിലാക്കി പ്രയോഗിച്ചാൽ കൂടുതൽ കാര്യക്ഷമത‌ കിട്ടുമെന്ന് കർണാടകത്തിലെ റെയ്ച്ചൂർ കാർഷിക സർവകലാശാലയിലെ ഗവേഷകർ  അടുത്തകാലത്ത് കണ്ടെത്തിക്കഴിഞ്ഞു. ഇതേ മാതൃകയിൽ എല്ലാ ജൈവ കീടനാശിനികളുടെയും വീര്യം  മെച്ചപ്പെടുത്താനാവും. ഭാവിലോകത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഏറ്റവും സഹായകമായ രണ്ടാമത്തെ സാങ്കേതികവിദ്യയായി ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാണിക്കുന്നത് നാനോ ബയോ‍െടക്നോളജിയാണ്. നാനോ സിലിക്കൺ ഡയോക്സൈഡ് പോലുള്ള സംയുക്തങ്ങൾ വിത്തുകളുെട കിളിർപ്പുശേഷിയും തൈകളുെട വളർച്ചനിരക്കും  വർധിപ്പിക്കും. വിളകളിലെ രോഗസാധ്യത ഇല്ലാതാക്കാനും അതിവേഗം രോഗനിർണയം നടത്താനും ഉൽപാദനക്ഷമതയും പോഷകലഭ്യതയും വർധിപ്പിക്കാനുമൊക്കെ ഇത് ഉപകരിക്കുന്നു.

വർഗസങ്കരണത്തിലും ജനിതക എൻജിനീയറിങ്ങിലുമൊക്കെ നാനോ സാങ്കേതികവിദ്യ ഏറെ പ്രയോജനപ്പെടും.വെർട്ടിക്കൽ ഫാമുകളും എൽഇഡി ലൈറ്റുകളും മുകളിലേക്കു വളരുന്ന കൃഷിയിടങ്ങളുെട ചെറുരൂപങ്ങൾ നമുക്ക് പരിചിതമാണ്. വെർട്ടിക്കൽ ഗാർഡനുകൾ ആധുനിക ഭവനങ്ങളിലെ സാന്നിധ്യമായി മാറുന്നുണ്ട്. എന്നാൽ മുപ്പതും നാൽപതും അതിലധികവും നിലകളിലായി കാർഷികോൽപാദനം നടത്തുന്ന ഹൈടെക് വെർട്ടിക്കൽ ഫാമുകളായിരിക്കും നാളത്തെ നഗരങ്ങളുെട അക്ഷയപാത്രം. സിംഗപ്പൂർപോലുള്ള രാജ്യങ്ങൾ ഈ രംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞു. ഇന്ത്യയിലെ മെട്രോനഗരങ്ങളിലും വെർട്ടിക്കൽ ഫാമുകൾ തരംഗമായി തുടങ്ങിയിട്ടുണ്ട്. വെർട്ടിക്കൽ അടുക്കളത്തോട്ടങ്ങളുണ്ടാക്കുന്ന മുംബൈയിലെ അൾട്ടിഫാം പോലുള്ള സ്റ്റാർട്ട് അപ് സംരംഭങ്ങൾ ഒരു ഉദാഹരണം മാത്രം. വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനും വെർട്ടിക്കൽ ഫാമുകൾ ഇവിടെ ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഭൂമിയിലെ ഇത്തിരി ഇടം മാത്രം പ്രയോജനപ്പെടുത്തി ആകാശത്തേക്കു വളരുന്ന ഫാമുകളിൽ വിളകൾക്കാവശ്യമായ വെള്ളം, പോഷകങ്ങൾ എന്നുവേണ്ട പ്രകാശം വരെ കൃത്രിമമായി എത്തിച്ചുനൽകാൻ സംവിധാനമുണ്ടാവും. പത്തും ഇരുപതും തട്ടുകളിലായി കൃഷി ചെയ്യുമ്പോൾ വേണ്ടത്ര സൂര്യപ്രകാശം വിളകൾക്ക് കിട്ടാറില്ല. ഇതിനുള്ള പരിഹാരമാണ് എൽ ഇ ഡി ബൾബുകൾ. കുറഞ്ഞ വൈദ്യുതിച്ചെലവിൽ സൂര്യപ്രകാശത്തിനു പകരക്കാരനാവാൻ എൽഇഡി വെളിച്ചത്തിനു സാധിക്കും. പരമാവധി ഉൽപാദനം കിട്ടത്തക്കവിധത്തിൽ യോജ്യമായ തരംഗദൈർഘ്യവും സമയക്രമവും  ക്രമീകരിക്കുന്ന വിധത്തിൽ ഈ സാങ്കേതികവിദ്യ വളർന്നുകഴിഞ്ഞു.

നേരത്തെ സൂചിപ്പിച്ച സെൻസറുകളുെടയും റോബട്ടുകളുടെയും ഐഒടി സാങ്കേതികവിദ്യയുടെയുമൊക്കെ സേവനം ഇത്തരം ഗോപുരത്തോട്ടങ്ങളിലുണ്ടായിരിക്കും. പിറ്റ്സ്ബർഗിലെ പഴയ ഒരു പടുകൂറ്റൻ ഉരുക്കുനിർമാണശാലയിൽ നാലു ചെറുപ്പക്കാർ ചേർന്നുണ്ടാക്കിയ ‘റോബോട്ടണി’ എന്ന വെർട്ടിക്കൽ ഫാം ഇതിനുദാഹരണമാണ്. ഇരുപതിനായിരം ചതുരശ്ര അടി വിസ്തൃതിയിലും 25 അടി ഉയരത്തിലും ഇവിടെ കൃഷി നടത്തുന്നത് റോബട്ടുകളാണ്.  തൈകൾ നട്ട ട്രേകൾ നാലാൾ ഉയരത്തിൽ അടുക്കുന്നതും ഓരോ ട്രേയിലും നൽകേണ്ട വെളിച്ചം, വെള്ളം, വളം എന്നിവ തീരുമാനിക്കുന്നതുമൊക്കെ നിർമിതബുദ്ധിയാൽ നിയന്ത്രിക്കപ്പെടുന്ന യന്തിരന്മാർ! ദിവസേന രണ്ടായിരം പൗണ്ട് ഇലവർഗ പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ ഇതിനു ശേഷിയുണ്ടെന്നാണ് ഈ സ്റ്റാർട് അപ് സംരംഭത്തിനു പിന്നിൽ പ്രവർത്തിച്ച ഓസ്റ്റിൻ വെബ്, സഹോദരൻ ബ്രാക് വെബ്, ഓസ്റ്റിൻ ലോറൻസ്, ഡാനിയേൽ സീം എന്നിവർ പറയുന്നത്.

ഡ്രോണുകൾ

നമ്മുെട നാട്ടിലെ വിവാഹവേദികളിൽ ഫോട്ടോയെടുക്കാനായി പ്രത്യക്ഷപ്പെട്ട ഡ്രോണുകൾ വൈകാതെ തന്നെ പാടങ്ങളിലും തോട്ടങ്ങളിലുമൊക്കെ പണിക്കെത്തും. മരുന്ന് തളിക്കുന്നതിനും വളം വിതറുന്നതിനും മാത്രമല്ല വിളവിന്റെ കണക്കെടുക്കാനും കീടനിരീക്ഷണം നടത്താനുമൊക്കെ ഇവ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. കർണാടകത്തിെല ബെല്ലാരി സ്വദേശിയായ യല്ലപ്പ രാരാവി കൃഷിയിടത്തിൽ മരുന്നു തളിക്കാനായി രൂപപ്പെടുത്തിയ ഡ്രോൺ കഴിഞ്ഞ വർഷം ഏറെ ശ്രദ്ധ നേടിയിരുന്നു. വെള്ളക്കെട്ടുള്ള പാടത്ത് മരുന്നു തളിക്കാനാവാതെ വിഷമിച്ചിരുന്ന മാതാപിതാക്കളാണ് ഇങ്ങനൊരു സംവിധാനത്തെക്കുറിച്ചു ചിന്തിക്കാൻ യല്ലപ്പയ്ക്കു പ്രേരണയായത്. രയ്ച്ചൂരിെല കാർഷിക സർവകലാശാലയിൽ എം.െടക് വിദ്യാർഥിയാണ് ഈ കർഷകപുത്രൻ. കൃഷിക്കാർക്ക് ഒരിടത്തു നിന്നുകൊണ്ട് നിയന്ത്രിക്കാവുന്ന ഈ ഡ്രോണിൽ  നിശ്ചിത ഭാഗത്തു മാത്രമായി മരുന്നുതളി പരിമിതപ്പെടുത്താനും സംവിധാനമുണ്ട്. മരുന്നുതളി ആവശ്യമായ ഭാഗം ജിപിഎസ് സാങ്കേതികവിദ്യയിലൂെട മുൻകൂട്ടി അടയാളപ്പെടുത്താം.

കാർഷികാവശ്യത്തിനുള്ള ഡ്രോണുകൾ ഇപ്പോൾ നെറ്റിലൂെട വാങ്ങാനും അവസരമുണ്ട്. നാളികേരം വിളവെടുക്കാൻ ഇവയെ പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ അണിയറയിൽ നടന്നുവരുന്നു.  കീടനാശിനിപ്രയോഗംപോലെ ആരോഗ്യത്തിനു ഹാനികരമായ ജോലികളിൽ നിന്നു മനുഷ്യരെ ഒഴിവാക്കുന്നതിനൊപ്പം യഥാസമയം കൂടുതൽ കൃഷിസ്ഥലത്ത് മരുന്നുതളി നടത്തുന്നതിനും ഡ്രോണുകൾ ഉപകരിക്കും. കാർഷികാവശ്യത്തിനുള്ള ഡ്രോൺ നിർമാണം കേരളത്തിലെതന്നെ ചില സ്റ്റാർട് അപ് സംരംഭങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. പറന്നുവന്നു തേങ്ങയിടുകയും മരുന്നുതളിക്കുകയുമൊക്കെ ചെയ്യുന്ന പറക്കുംതളികകൾക്കായി കാത്തിരിക്കാം.

പ്രോബയോട്ടിക്സ് ആന്റിബയോട്ടിക്കുകളുെട വിപരീതമാണ് പ്രോബയോട്ടിക്കുകൾ. നശീകരണ സ്വഭാവമുള്ള സൂക്ഷ്മജീവികളാണ് ആന്റി ബയോട്ടിക്കിന്റെ അടിസ്ഥാനമെങ്കിൽ പ്രോബയോട്ടിക്കുകൾ ആരോഗ്യത്തിനു ഗുണം ചെയ്യുന്ന ബാക്ടീരിയകളാണ്. നാം ഉപയോഗിക്കുന്ന തൈരും യോഗർട്ടുമൊക്കെ ഒരുതരം പ്രോബയോട്ടിക്കുകൾതന്നെ. മൃഗസംരക്ഷണരംഗത്തും മത്സ്യക്കൃഷിയിലുമൊക്കെ ഉയർന്ന വളർച്ചനിരക്കും രോഗപ്രതിരോധശേഷിയും കൈവരിച്ച് ഉൽപാദനക്ഷമത വർധിപ്പിക്കാൻ പ്രോബയോട്ടിക്കുകളെ ഉപയോഗിച്ചു തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി. വിളകളുെട ഉൽപാദനക്ഷമത കൂട്ടാനും ഇവ ഉപയോഗിക്കാനാവും.

സ്യൂഡോമോണാസ് പോലുള്ള ജീവാണുവളങ്ങളും മിത്രബാക്ടീരിയ തന്നെയാണല്ലോ. കുറഞ്ഞ ചെലവിൽ കൂടുതൽ ഉൽപാദനക്ഷമതയുള്ള തീറ്റ ഉൽപാദിപ്പിക്കാൻ പ്രോബയോട്ടിക് സാങ്കേതികവിദ്യ സഹായിക്കുന്നു. സാൽമൊണല്ല, ഇ കോളി പോലുള്ള രോഗകാരികളെ ചെറുക്കാനായും  പന്നിവളർത്തൽ സംരംഭകർ പ്രോബയോട്ടിക്കുകൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാമാറ്റം മൂലമുള്ള താപവർധനയെ അതിജീവിക്കാൻ പ്രോബയോട്ടിക് തീറ്റകൾ മൃഗസംരക്ഷണരംഗത്തെ സംരംഭകർക്ക്  സഹായകമാണ്. മണ്ണിൽനിന്നുള്ള പോഷക ആഗിരണം മെച്ചപ്പെടുത്താനും  കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാനും ഇവ വിളകളെ സഹായിക്കുന്നു. വിദേശത്തുനിന്നുള്ള പ്രോബയോട്ടിക് മിശ്രിതങ്ങൾ മാത്രമായിരുന്നു അടുത്തകാലം വരെ ലഭിച്ചിരുന്നത്. ഇപ്പോൾ ഇന്ത്യൻ പ്രോബയോട്ടിക്കുകളും വിപണിയിലെത്തിയിട്ടുണ്ട്.

അഗ്രി ആപ്പുകൾ

നിങ്ങൾ ഒരു പുതുതലമുറ നെൽകർഷകനാണോ? പാടത്തെ എത്ര കീടങ്ങളെ അഥവാ രോഗങ്ങളെ നിങ്ങൾക്കു തിരിച്ചറിയാം.  പതിവായി പാടത്ത് സന്ദർശനം നടത്തുമെങ്കിലും ചാഴിയെയും തണ്ടുതുരപ്പനെയുമൊക്കെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ യോജ്യമായ പ്രതിവിധി തീരുമാനിക്കുന്നതെങ്ങനെ?  അച്ഛന്റെയും മുത്തച്ഛന്റെയുമൊക്കെ കൂടെ നടന്ന് കൃഷി പഠിക്കാൻ അവസരം കിട്ടാത്തവർക്ക് തുണയാവുകയാണ് പെസ്റ്റോസ്  എന്ന മൊബൈൽ ആപ്പ്. പ്ലേ സ്റ്റോറിൽ നിന്ന് ഇത് മൊബൈൽഫോണിൽ ഡൗൺലോഡ് ചെയ്തിട്ടുള്ളവർക്ക് നെൽപാടത്തെ മാത്രമല്ല പച്ചക്കറികൾ ഉൾപ്പെടെ ഒട്ടേറെ വിളകളിലെ കീടങ്ങളെ കൃത്യമായി തിരിച്ചറിയാനാവും.  കീടശല്യമുള്ള ചെടിയുെട ചിത്രം ആപ്പിലൂെട അയച്ചുകൊടുക്കുകയേ വേണ്ടൂ. നിങ്ങളുെട കൃഷി നശിപ്പിക്കുന്ന കീടം അഥവാ രോഗം ഏതാണെന്നു പെസ്റ്റോസ് കണ്ടെത്തി അറിയിക്കും. മാത്രമല്ല പരിഹാരവും നിർദേശിക്കും. സ്മാർട് ഫോണിലെ ക്യാമറ എടുത്ത ചിത്രത്തിൽനിന്നും കീടം അഥവാ രോഗം തിരിച്ചറിയാനായി നിർമിതബുദ്ധി സാങ്കേതികവിദ്യയാണ് പ്രയോജപ്പെടുത്തുന്നത്. ഈ സേവനം മൊബൈൽ ആപ്പിലൂെട എല്ലാവർക്കും ലഭ്യമാക്കുന്നുവെന്നു മാത്രം. മൊൈബൽ ആപ്പുകൾ കൃഷിക്കാർക്ക് നൽകുന്ന ഒരു സേവനം മാത്രമാണിത്. ‘എജി പിഎച്ച്ഡി’ എന്ന മൊബൈൽ ആപ്പ് വിളകളിലെ പോഷകക്കുറവ് തിരിച്ചറിയാൻ സഹായിക്കുമ്പോൾ ‘വീഡ്സ്കൗട്ട്’ ഉപയോഗിച്ച് കളകളെ തിരിച്ചറിയാം. ഈ വിധത്തിൽ കർഷകർക്കു പ്രയോജനപ്രദമായ ഒട്ടേറെ മൊബൈൽ ആപ്പുകൾ ഇപ്പോൾ ലഭ്യമാണ്. സാങ്കേതിക കാര്യങ്ങൾക്കു മാത്രമല്ല വിപണനം, സർക്കാർ സേവനങ്ങൾ എന്നിവയ്ക്കും കൃഷിക്കാർ ആപ്പുകളെ ആശ്രയിക്കേണ്ടിവരും.