Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെറസ് കൃഷിക്ക് ഗ്രോബാഗ് ട്രേ

G-bag-tray

മട്ടുപ്പാവിലെ കൃഷി അനായാസവും സുരക്ഷിതവുമാക്കാനുള്ള ട്രേ

‘തക്കാളിയും മുളകും കാരറ്റും വെണ്ടയുമെല്ലാം നിറഞ്ഞു വളരുന്ന മട്ടുപ്പാവ്. സമൃദ്ധമായ വിളവ്. കറിവയ്ക്കേണ്ട സമയത്ത് മുറവുമായി മട്ടുപ്പാവിലേക്ക് കയറുക, ആവശ്യമുള്ള പച്ചക്കറികൾ ശേഖരിക്കുക. തികച്ചും ശുദ്ധമായ പച്ചക്കറികൾ ആസ്വദിച്ചു കഴിക്കുക’ ഇതൊക്കെ തന്നെയായിരുന്നു പത്തുകൊല്ലം മുമ്പ് ടെറസ് കൃഷി തുടങ്ങുമ്പോൾ തന്റെയും സ്വപ്നമെന്ന് കൊല്ലം വവ്വക്കാവ് കവറാട്ട് ബിജു ജലാൽ പറയുന്നു. 

എന്നാൽ തുടക്കത്തിലുണ്ടായ ആവേശം പിന്നീടു തണുത്തു. കൃഷി മടുത്തതല്ല, കൃഷിയിടത്തിൽ നേരിട്ട വെല്ലുവിളികളായിരുന്നു പ്രശ്നം. കാലക്രമത്തിൽ ടെറസ്സിൽ ചോർച്ച വന്നേക്കാം എന്ന പേടി മുതൽ കാറ്റുപിടിച്ച് ചെടികൾ ഒടിഞ്ഞുതൂങ്ങുന്നതും കീടങ്ങളുടെയും ഉറുമ്പിന്റെയും ശല്യവുമെല്ലാം മനസ്സിൽ മടി നിറച്ചു. പക്ഷേ കൃഷി കൈവിടാൻ മനസ്സു വന്നില്ല. അങ്ങനെയാണ് ടെറസ്സ് കൃഷിക്കു ചേർന്ന ട്രേ സംവിധാനം ബിജു വികസിപ്പിച്ചെടുക്കുന്നത്. ഒട്ടേറെ പ്രശ്നങ്ങൾക്ക് ഒറ്റയടിക്കു പരിഹാരം.

ടെറസ്സിൽ ഈർപ്പം നിൽക്കുന്നത് രണ്ടു വഴിക്കാണ്. മഴക്കാലത്ത് എപ്പോഴും ഗ്രോബാഗിന്റെ അടിയിൽ ഈർപ്പം കെട്ടി നിൽക്കും. ഗ്രോബാഗിലൊഴിക്കുന്ന വെള്ളം പുറത്തേക്കു വന്നും അടിഭാഗം നനഞ്ഞിരിക്കും. ബിജുവിന്റെ ഗ്രോബാഗ് ട്രേ ഗുണം ചെയ്യുന്നത് ഈ സാഹചര്യത്തിലാണ്. എട്ടോളം ചെറിയ കാലുകളിൽ ഉയർന്നാണ് ട്രേ നിൽക്കുന്നത്. ഈ ട്രേയിൽ വയ്ക്കുന്ന ഗ്രോബാഗിൽ വീഴുന്ന വെള്ളം ടെറസ്സിലേക്കു നനഞ്ഞിറങ്ങാതെ ട്രേയിൽ ശേഖരിക്കപ്പെടും. ഉറുമ്പുകൾ ഉൾപ്പെടെയുള്ള ക്ഷുദ്രജീവികൾ ഗ്രോബാഗിനകത്തേക്ക് കടക്കാതിരിക്കാൻ ഈ വെള്ളം തടസ്സമാകുകയും ചെയ്യും. ട്രേയിൽ കെട്ടി നിൽക്കുന്ന വെള്ളം ഒഴിവാക്കാന്‍ അനുബന്ധമായുള്ള ചെറിയ ക്യാപ്പ് ഊരി വിട്ടാൽ മതി.

വളർന്നു വരുന്ന ചെടിയും കായ്ഫലംകൊണ്ട് കനമേറിയ തണ്ടും പിടിച്ചു കെട്ടാനും ട്രേയിൽ സൗകര്യമുണ്ട്. മുക്കാലിഞ്ച് വലുപ്പമുള്ള അലുമിനിയം പൈപ്പോ അല്ലെങ്കിൽ അനുയോജ്യമായ കമ്പോ ഗ്രോബാഗിനകത്തു കൂടി ട്രേയിലേക്ക് കുത്തി നിർത്താൻ കഴിയും വിധമാണ് നിർമാണം. ഈ താങ്ങുകാലുകൾ വച്ച ശേഷമാണ് ഗ്രോ ബാഗിൽ മണ്ണ് നിറയ്ക്കേണ്ടത്. താങ്ങുകാലുകൾ ലഭിക്കുന്നതോടെ കാറ്റത്തും മഴയത്തും  ചെടി ചാഞ്ഞും ഒടിഞ്ഞും പോകാതെ സുരക്ഷിതമാവും. തുള്ളിനന സൗകര്യമുൾപ്പെടെ ഇനിയും ചിലതു കൂടി ചേർത്ത് ട്രേ  പരിഷ്കരിക്കാനുള്ള തിരക്കിലാണ് ബിജു. 

ഫോൺ : 9847475673