Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച കർഷകനായ പ്രവാസിയുടെ വളർച്ചപ്പടവുകൾ

dsc07874

‘‘വലിയ ഒരു ബംഗ്ലാവ് പണിയണം, അതിനു ചേർന്ന കാർ വാങ്ങണം’’

– പത്തു വർഷത്തെ പ്രവാസജീവിതത്തിനുശേഷം സൗദിയിൽനിന്നു നാട്ടിലേക്കു മടങ്ങുമ്പോൾ ജോയിമോന്റെ ചിന്ത ഇങ്ങനെയായിരുന്നില്ല. വലിയ മുതൽമുടക്കില്ലാതെ  ഒരു വീടും പുരയിടവും വാങ്ങി കൈവശം ബാക്കിയുള്ള പണംകൊണ്ട് ഒരു ഫാം സ്വന്തമാക്കണം– ജോയിമോന്റെ സ്വപ്നം ഇത്ര മാത്രമായിരുന്നു. 

ആഗ്രഹിച്ചതുപോലെതന്നെ  കാര്യങ്ങൾ നടന്നു. കൃഷി ചെയ്യാൻ സ്ഥലം  കണ്ടെത്തിയത് കോട്ടയം ജില്ലയിലെ കൂരോപ്പടയിൽ– റബർതോട്ടം.   ആദ്യവർഷങ്ങളിൽ തന്നെ വരുമാനം കിട്ടിത്തുടങ്ങണമെന്ന താൽപര്യവും റബർതോട്ടം വാങ്ങാൻ കാരണമായി. റബർ വില ആകാശം മുട്ടിനിൽക്കുന്ന കാലമായിരുന്നു അത്. കൂടിയ വിലയ്ക്കു വാങ്ങിയ തോട്ടത്തിൽനിന്നുള്ള ആദായം നഷ്ടപ്പെടുത്താൻ പറ്റുമോ. തൽക്കാലം റബർകർഷകനായി തുടരാൻ അദ്ദേഹം തീരുമാനിച്ചു.  ഇടവിളയായി നേന്ത്രവാഴ, പൈനാപ്പിൾ കൃഷികളും നടത്തി. 

dsc-n2670

റബറിന്റെ ബംപർ വില നൽകിയ അധികാദായം ആഘോഷമാക്കാതെ സൂക്ഷിച്ചതാണ് ജോയിമോനെ രക്ഷിച്ചത്. റബർകൃഷിയിൽനിന്നുള്ള ആദായമുപയോഗിച്ച്  വേമ്പനാട് കായലിനോടു ചേർന്നു തെങ്ങിൻതോപ്പുൾപ്പെടെ 14 ഏക്കർ സ്ഥലം സ്വന്തമാക്കിയ സമയത്താണ് റബറിന്റെ വിലയിടിവ്. അതോെട കൃഷിയിലെ നിക്ഷേപതന്ത്രങ്ങളിൽ  ജോയിമോൻ കാതലായ  മാറ്റം വരുത്തി.  ഉൽപാദനകാലം പിന്നിട്ട റബർതോട്ടത്തിൽ ആവർത്തനക്കൃഷി വേണ്ടെന്ന് തീരുമാനിച്ചത്  അങ്ങനെ. ഫാം എന്ന സ്വപ്നം പൊടി തട്ടിയെടുത്തു. ഭക്ഷ്യവിളകളുെട ഉൽപാദനത്തിലെ സംരംഭസാധ്യതകളെക്കുറിച്ചായി അന്വേഷണം. സംഗതി കേട്ടപ്പോൾ തന്നെ പ്രോത്സാഹനവുമായി കൂരോപ്പടയിൽ കൃഷി ഓഫിസറായിരുന്ന അമ്പിളി എത്തി. വ്യത്യസ്തമായ ഒരു കാർഷികസംരംഭമാണ് അവർ നിർദേശിച്ചത്–തുറസ്സായ സ്ഥലത്ത് പച്ചക്കറിവിളകളുെട കൃത്യതാകൃഷി.   റബർ വെട്ടിമാറ്റിയ തോട്ടത്തിൽ ട്രാക്ടർ വന്നു മണ്ണിളക്കി. വാരം കോരി, തുള്ളിനന സംവിധാനമേർപ്പെടുത്തി. വെള്ളത്തിനൊപ്പം വളം കൂടി നൽകുന്ന ഫെർട്ടിേഗഷനും സൗകര്യമുണ്ടാക്കി.  പരിചിതമല്ലാത്ത കൃഷിക്കായി വലിയ തോതിൽ മുതൽ മുടക്കിയത് കൃഷി ഓഫിസറുടെ ശക്തമായ പിന്തുണ മൂലമായിരുന്നെന്ന് ജോയിമോൻ ഓർമിക്കുന്നു. മൂന്നര ലക്ഷം രൂപയോളമായി ആദ്യവർഷത്തെ മുതൽമുടക്ക്. കൃത്യതാകൃഷിയിലൂെട ഉൽപാദനം ഉയരുമ്പോൾ വിപണനം തലവേദനയാകുമോ എന്ന ഭയമുണ്ടായിരുന്നു. എന്നാൽ കൃഷിവകുപ്പിന്റെ പിന്തുണ കിട്ടിയതോെട വിപണനവും സുഗമമായി.

കൃഷിയിടത്തിൽനിന്നുള്ള വരുമാനം വീണ്ടും കൃഷിയിടത്തിൽ  നിക്ഷേപിക്കുന്ന രീതിയാണ് ജോയിമോനെ വ്യത്യസ്തനാക്കുന്നത്. പച്ചക്കറിക്കൃഷിയിൽനിന്നു കിട്ടിയ വരുമാനം ഉപയോഗിച്ചാണ് െഡയറിയൂണിറ്റ് തുടങ്ങിയത്.  പശുവളർത്തൽ തുടങ്ങിയാൽ കൃഷിക്കാവശ്യമായ ചാണകം സ്ഥിരമായി കിട്ടുമെന്ന വെറ്ററിനറി സർജന്റെ ഉപദേശമായിരുന്നു പ്രേരണ. രണ്ടരലക്ഷം രൂപ മുടക്കി അഞ്ച് പശുക്കളുെട യൂണിറ്റ് തുടങ്ങിയപ്പോൾ പകുതി തുക സബ്സിഡിയായി കിട്ടി. ചാണകവും ഗോമൂത്രവും സുലഭമായതോെട പച്ചക്കറി,വാഴ, കിഴങ്ങുവർഗങ്ങൾ, പാൽ എന്നിങ്ങനെ വരുമാനവഴികളും വർധിച്ചു. ഇപ്രകാരം കിട്ടിയ തുക വീണ്ടും ഫാമിലേക്കു തന്നെ– ആടുവളർത്തൽ, കോഴി– താറാവ് വളർത്തൽ, പടുതാക്കുളത്തിൽ മത്സ്യക്കൃഷി, പോളിഹൗസ് കൃഷി, പച്ചക്കറി തൈ ഉൽപാദനം – നാലു വർഷംകൊണ്ട് റബർതോട്ടം ഒരു മാതൃകാസമ്മിശ്ര– സംയോജിത കൃഷിത്തോട്ടമായി ജോയിമോൻ മാറ്റിക്കഴിഞ്ഞു. ഇതിൽ കൃത്യതാകൃഷിക്കു വേണ്ട അടിസ്ഥാനസൗകര്യങ്ങൾക്കു മാത്രമാണ് പ്രവാസജീവിതകാലത്തെ സമ്പാദ്യത്തിൽ നിന്നു ചെലവഴിച്ചത്. ബാക്കിയെല്ലാം ഫാമിന്റെ സ്വാഭാവിക വളർച്ചമാത്രം. 

dscn-2668

കൃഷിവകുപ്പിന്റെ വിപണിയിലൂെടയാണ് ആദ്യഘട്ടത്തിൽ ഉൽപന്നങ്ങൾ വിറ്റിരുന്നത്. ജോയിമോന്റെ ഫാമിലെ ഉൽപന്നങ്ങളുെട നിലവാരത്തെക്കുറിച്ച് കേട്ടറിഞ്ഞെത്തിയ പ്രമുഖ കയറ്റുമതി ഗ്രൂപ്പാണ് ഇപ്പോൾ ഇവിടെ വിളയുന്ന പഴം, പച്ചക്കറികൾ വാങ്ങുന്നത്. എല്ലാ ആഴ്ചയിലും അവർ ഫാമിലെത്തി ഉൽപന്നങ്ങൾ വാങ്ങിക്കൊള്ളും. രാസവസ്തുക്കൾ ഒഴിവാക്കിയുള്ള ജൈവകൃഷിരീതി പിന്തുടരുന്നതുകൊണ്ടാണ് കയറ്റുമതി വിപണിയിൽ പ്രവേശിക്കാൻ കഴിയുന്നതെന്നു ജോയിമോൻ ചൂണ്ടിക്കാട്ടുന്നു. ലാബ് പരിശോധനകളുെട അടിസ്ഥാനത്തിൽ ഉൽപന്നങ്ങളുെട നിലവാരം ഉറപ്പാക്കാറുണ്ട്. പ്രാദേശികവിപണിയെക്കാൾ ഉയർന്ന വില  ഇതുവഴി നേടാനാകുന്നുമുണ്ട്.

കൃത്യതാകൃഷിയിലേക്കു കടന്നപ്പോൾതന്നെ മണ്ണ് പരിശോധനയുെട അടിസ്ഥാനത്തിൽ അത്യാവശ്യം വേണ്ട രാസവളങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിച്ചിരുന്നു. കുമരകം കൃഷിവിജ്ഞാനകേന്ദ്രത്തിലെ വിദഗ്ധരാണ് മണ്ണ് പരിശോധനയുെട അടിസ്ഥാനത്തിൽ ഫെർട്ടിഗേഷൻഷെഡ്യൂൾ തയാറാക്കാനും മറ്റും സഹായിച്ചത്. കഴിഞ്ഞ വർഷം പിജിഎസ് ( പാർട്ടിസിപ്പേറ്ററി  ഗ്യാരണ്ടി സിസ്റ്റം ) ജൈവസാക്ഷ്യപത്രത്തിനുവേണ്ടിയുള്ള ശ്രമം ആരംഭിച്ചതോടെ സമ്പൂർണ ജൈവക്കൃഷിയായി മാറി. മഹാത്മാഗാന്ധി സർവകലാശാല ജൈവകൃഷി സംബന്ധിച്ചു നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ്, കൃഷിയെക്കുറിച്ചുള്ള തന്റെ സങ്കൽപമാകെ മാറ്റി മറിച്ചതായി ഇദ്ദേഹം പറയുന്നു. വിളകളെയല്ല മണ്ണിനെയാണ് പരിപാലിക്കേണ്ടതെന്ന തിരിച്ചറിവ് തന്ന  കോഴ്സ്, പ്രവാസി കർഷകനെന്ന നിലയിലുള്ള തന്റെ വളർച്ചയിെല  പ്രധാന പടിയായിരുന്നെന്നു ജോയിമോൻ.

dsc07927

ശരിയായ സമീപനമുണ്ടെങ്കിൽ എല്ലാ കൃഷിയും ആദായകരമാണെന്നാണ് ജോയിമോന്റെ പക്ഷം. ഒരു ഏത്തവാഴ നടുന്ന സ്ഥലത്ത് പന്ത്രണ്ട് വെണ്ട നടാം. ഇത്രയും വെണ്ടയിൽനിന്ന് ഒരു സീസണിൽ ഏഴര കിലോ വെണ്ടയ്ക്കാ വിളവെടുക്കാമെന്നാണ് ഇദ്ദേഹത്തിന്റെ കണക്ക്. മൂന്ന് സീസണിലായി ഇരുപതു കിലോയിലധികം വിളവ്. പതിനഞ്ചു കിലോയുള്ള  ഏത്തക്കുല വേണമോ ഇരുപതു കിലോ വെണ്ടയ്ക്ക വേണമോയെന്നേ കൃഷിക്കാരൻ തീരുമാനിക്കേണ്ടതുള്ളൂ– ജോയിമോൻ പറഞ്ഞു.

അഞ്ചേക്കർ ഫാമിൽ നടപ്പാക്കിയ എല്ലാ കാര്യങ്ങളിലും മികവ് പുലർത്താൻ ഇദ്ദേഹത്തിനു കഴിയുന്നുണ്ട്. മികച്ച പച്ചക്കറി ഉൽപാദകൻ, കൂടുതൽ പാൽ അളന്ന ക്ഷീരകർഷകൻ,  മികച്ച മൃഗസംരക്ഷണ സംരംഭകൻ, മികച്ച ഹൈടെക് കർഷകൻ എന്നിങ്ങനെ  ഓൾ റൗണ്ടറായി മാറിയ ഈ പ്രവാസി വിവിധ കർഷക കൂട്ടായ്മകളിലും സജീവമാണ്. കൂരോപ്പടയിലെ കർഷക വിപണിയുെട നടത്തിപ്പിലും ക്ഷീരസംഘത്തിന്റെ പ്രവർത്തനങ്ങളിലും പുരുഷ സ്വാശ്രയസംഘത്തിലുമൊക്കെ ഇദ്ദേഹം സജീവം. കൂടുതൽ പഠിക്കാനും പരിശീലനം നേടാനുമുള്ള താൽപര്യം ജോയിമോന്റെ വളർച്ചയിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.  കാർഷിക മേഖലയമായി ബന്ധപ്പെട്ട സെമിനാറുകൾ, പ്രദർശനങ്ങൾ, പഠനയാത്രകൾ, ഹ്രസ്വകാലകോഴ്സുകൾ എന്നിവയൊക്കെ പ്രയോജനപ്പെടുത്താൻ അദ്ദേഹം ശ്രദ്ധ പുലർത്തുന്നു. കൃഷിയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ജോയിമോന്റെഒരു ഉപദേശം മാത്രം – ഏതു കൃഷിയായാലും സ്വയം ചെയ്തു മനസ്സിലാക്കാനും  അധ്വാനിക്കാനും തയാറായാലേ വിജയിക്കൂ.

അധ്വാനമൊക്കെ  തൊഴിലാളികളെ ഏൽപിച്ച് മാനേജരുെട കസേരയിൽ ഇരിക്കാൻ ആഗ്രഹിക്കുന്നവർക്കു യോജിച്ചതല്ല കാർഷിക സംരംഭങ്ങൾ. ശരിയായ സമീപനമുണ്ടെങ്കിൽ തൊഴിലാളിക്ഷാമം തലവേദനയാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. സ്ഥിരമായ ജോലി നൽകാൻ തയാറാണെങ്കിൽ അന്യസംസ്ഥാനക്കാരെ ആശ്രയിക്കാതെതന്നെ സംരംഭം നടത്താനാകും. തീവ്രമായ ആഗ്രഹം മാത്രമാണ് പ്രവാസിയായിരുന്ന തന്നെ മുഴുവൻസമയ കൃഷിക്കാരനാക്കി മാറ്റിയതെന്ന് ജോയിമോൻ പറയുന്നു. കാർഷിക പശ്ചാത്തലമുള്ള കുടുംബത്തിലാണ് വളർന്നതെങ്കിലും നെല്ല്, തെങ്ങ് എന്നിവ മാത്രമായിരുന്നു കുടുംബവക കൃഷിയുണ്ടായിരുന്നത്. പ്രവാസജീവിതം അവസാനിപ്പിച്ചശേഷമാണ് സമ്മിശ്രക്കൃഷിയുടെയും സംയോജിതകൃഷിയുെടയുമൊക്കെ ബാലപാഠങ്ങൾപോലും പഠിച്ചത്. പത്തു വർഷത്തെ ഏകവിളക്കൃഷി നൽകിയതിന്റെ ഇരട്ടിയിലധികം നേട്ടവും സംതൃപ്തിയുമാണ് നാലു വർഷത്തെ സമ്മിശ്രക്കൃഷിയിലൂെട കിട്ടിയതെന്നു ജോയിമോൻ പറഞ്ഞു.

ഫോൺ: 9744681731

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.