Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശത്തായാലും നാട്ടിലായാലും കൃഷി തന്നെ ഹമീദിനു വരുമാനമാർഗം

IMG-20180322-WA0005

സൗദിയിലെ റിയാദ് അൽഖർജിൽ നാൽപതേക്കർ പാട്ടത്തിനെടുത്ത് പച്ചക്കറിക്കൃഷി നടത്തിയ ഹമീദ് എല്ലാ അർഥത്തിലും ഒരു പ്രവാസികർഷകനാണ്. കാർഷികരംഗത്തെ രാജ്യാന്തര താരം !! പ്രവാസകാലത്തും തിരിച്ചെത്തിയപ്പോഴും ഹമീദിന്റെ കീശയിലെത്തിയിരുന്നത് മണ്ണിൽനിന്നുള്ള വരുമാനം മാത്രം. പത്തു വർഷമാണ് അദ്ദേഹം സൗദിയിൽ പ്രവർത്തിച്ചത്. ആദ്യവർഷം അറബിയുെട ശമ്പളക്കാരനായി കൃഷി നടത്തി. അടുത്ത വർഷം അറബി തന്റെ ഫാമുകളിലൊന്ന് ഹമീദിനു പാട്ടത്തിനു നൽകി.  നാൽപതിനായിരം  റിയാലായിരുന്നു പാട്ടം. അമ്പതു മീറ്റർ ഉയരമുള്ള സ്റ്റാൻഡുകളിൽ സ്പ്രിങ്ക്ളർ ഘടിപ്പിച്ച് ഒരു കിലോമീറ്റർ ചുറ്റളവിൽ നന നൽകിയായിരുന്നു അവിടെ കൃഷി.  കുഴൽക്കിണറുകളിൽ നിന്നുള്ള  വെള്ളമാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. പച്ചക്കറികളും ഉരുളക്കിഴങ്ങുമൊക്കെ വിള‍യുന്ന ഫാം വ്യത്യസ്ത വിളകളുെട കൃഷിയിൽ ഹമീദിനെ വിദഗ്ധനാക്കി.

പത്തുവർഷം മികച്ച രീതിയിൽ കൃഷി തുടർന്ന ഹമീദിനെ തിരികെ നാട്ടിലെത്തിച്ചത് മഴയാണ്. അപ്രതീക്ഷിതമായി പെയ്ത മഴയിൽ പകുതി സ്ഥലത്തെ കൃഷി പൂർണമായി നശിച്ചതോടെ നാട്ടിലേക്കു മടങ്ങുകയായിരുന്നു മരുഭൂമിയിൽ മഴ പെയ്തതുകൊണ്ട് കൃഷി അവസാനിപ്പിക്കേണ്ടി വന്ന ഹമീദിനു സ്വന്തം നാട്ടിൽ മഴക്കുറവാണ് വെല്ലുവിളി.  മഴയും  കൃഷിയിടത്തിലെ കുളവും പ്രയോജനപ്പെടുത്തി  ഇദ്ദേഹം പച്ചക്കറി ഉൽപാദനം തുടങ്ങിയിട്ട് 15വർഷമായി. മൂന്നു വർഷമായി എട്ടേക്കറോളം പച്ചക്കറി കൃഷിയുണ്ട്.  രണ്ടേക്കർ മാത്രമാണ് സ്വന്തം. ബാക്കി പാട്ടത്തിനെടുത്തു. ഇതിനു പുറമെ നാലേക്കർ പാടം പാട്ടത്തിനെടുത്ത് നെൽകൃഷിയും നടത്തുന്നുണ്ട്.

മേടമാസത്തിൽ  വിത്തിട്ടു തുടങ്ങിയാൽ വർഷം മുഴുവൻ  തോട്ടത്തിൽ വിളവെടുപ്പുണ്ടാകും. ഫെബ്രുവരിയിൽ വേനലെത്തുമ്പോൾ മാത്രമേ ഉൽപാദനം കുറയാറുള്ളൂ. വെണ്ട, ചീര, മുളക്, വഴുതന, പയർ, ചുരയ്ക്ക, മത്തൻ, കുമ്പളം, കൊത്തമര, പാവൽ , കൂർക്ക, മധുരക്കിഴങ്ങ്, ചേന, േചമ്പ് , കാച്ചിൽ എന്നിങ്ങനെ ഹമീദിന്റെ കൃഷിയിടത്തിലെ ഉൽപന്നങ്ങളുെട പട്ടിക നീളുകയാണ്.  കൃഷിയിടത്തിന്റെ ഒരു ഭാഗത്തായി കൂവക്കൃഷിയുമുണ്ട്. ഇരുപതോളം ഇനങ്ങൾ ഉൽപാദിപ്പിക്കുന്നതിനാൽ കുറെ വിളകൾക്കെങ്കിലും മികച്ച വില കിട്ടുമെന്ന ഉറപ്പുണ്ട്. എല്ലാ ഇനങ്ങൾക്കും ഒരുമിച്ച് വില താഴാറില്ലെന്ന് ഹമീദ് ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒന്നോ രണ്ടോ ഇനങ്ങൾ മാത്രം ഉൽപാദിപ്പിക്കുമ്പോഴാണ് വിലത്തകർച്ച വെല്ലുവിളിയാവുക. കൂടുതൽ ഇനങ്ങൾ ഉള്ളപ്പോൾ ചില ഇനങ്ങൾക്കുണ്ടാവുന്ന നഷ്ടം മറ്റ് ഇനങ്ങൾ നികത്തും– ഹമീദ് പറഞ്ഞു.

ദിവസവും 6000–8000 രൂപയുടെ പച്ചക്കറികൾ വിപണിയിലെത്തിക്കുന്ന അദ്ദേഹത്തിനു വിപണനം ഒരു പ്രശ്നമായി തോന്നിയിട്ടില്ല. പാലക്കാട്ടെ ഒരു മൊത്തവ്യാപാരിയാണ്  തുടക്കം മുതൽ ഹമീദിന്റെ പച്ചക്കറികളും കിഴങ്ങുവിളകളും വാങ്ങുന്നത്. നിലവാരമുള്ള ഉൽപന്നങ്ങളായതിനാൽ കയറ്റുമതി വിപണിയിലേക്കും ഇവ എത്തുന്നു. ഇപ്രകാരം വിപണി ഉറപ്പാക്കി കൃഷി ചെയ്യുന്നതുമൂലം വിലത്തകർച്ചയെക്കുറിച്ച് ഇദ്ദേഹത്തിന് ആശങ്കപ്പെടേണ്ടിവന്നിട്ടില്ല, ജൈവരീതിയിലുള്ള കൃഷിയാണ്  പിന്തുടരുന്നത്. മൂന്ന് പശുക്കളുള്ളതിനാൽ വേണ്ടത്ര ചാണകം കിട്ടാനുണ്ട്. വളത്തിനും കീടനിയന്ത്രണത്തിനുമൊക്കെ ഹമീദിനു തനതായ ജൈവ കൂട്ടുകളുണ്ട്. പ്രവാസജീവിതത്തിനുശേഷം നാട്ടിലെത്തുന്ന മലയാളികൾക്ക് വരുമാനത്തിനായി ആശ്രയിക്കാവുന്ന തൊഴിലാണ് കൃഷിയെന്ന കാര്യത്തിൽ അദ്ദേഹത്തിനു സംശയമില്ല. വേണ്ടത്ര ഭക്ഷ്യവസ്തുക്കൾ കിട്ടാനില്ലാതെ വരുന്ന ലോകത്ത് ഇനി കൃഷി കൂടുതൽ ആദായകരമാവുകയേയുള്ളൂ. കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളെ മാത്രമാണ് കൃഷിക്കാർ ഭയപ്പെടേണ്ടത്– ഹമീദ് പറഞ്ഞു. പരിചയസമ്പന്നരായ കൃഷിക്കാരെട കൂടെ പ്രവർത്തിച്ച് കൃഷി പഠിച്ചശേഷമാവണം സംരംഭം എന്നു മാത്രം. അതോടൊപ്പം കൃഷിവകുപ്പിന്റെയും മറ്റും പരിശീലനപരിപാടികളിൽ പങ്കെടുക്കുകയും സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്തുകയും വേണം. 

ഫോൺ‍: 8281155276