Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമൻ കണ്ടെത്തി കരിമ്പിൻജ്യൂസിൻ ചെപ്പടിവിദ്യ

Sugarcane

ഒടുവിൽ പ്രേമനതു കണ്ടെത്തി; ഇതുവരെ വെളിപ്പെടാതിരുന്ന രഹസ്യം. വർഷങ്ങൾ നീണ്ട ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും സാഫല്യം. അതിനിഗൂഢ പ്രപഞ്ച രഹസ്യങ്ങളൊന്നുമായിരുന്നില്ല പ്രേമൻ തേടിയത്. പ്രകൃതിദത്തമായ കരിമ്പിൻജ്യൂസിനെ ഒരുതരത്തിലുള്ള കൃത്രിമ സംരക്ഷകങ്ങളും ചേർക്കാതെ എങ്ങനെ പായ്ക്ക് ചെയ്ത് ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കാം; അതായിരുന്നു അന്വേഷണം.

കുടിച്ചാൽ കുളിരും മധുരവുംകൊണ്ട് മനസ്സു നിറയ്ക്കുന്ന കൂൾ കെയിൻ കരിമ്പുജ്യൂസ് കയ്യിലെടുത്ത് പ്രേമൻ പറയുന്നു, ‘‘പ്രകൃതിദത്ത ഉൽപന്നങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ പ്രകൃതിതന്നെ മാർഗങ്ങളും നൽകുന്നുണ്ട്. നമ്മുടെ മുൻതലമുറകൾ ഭക്ഷ്യോൽപന്നങ്ങളും ഒൗഷധങ്ങളുമെല്ലാം കാലങ്ങളോളം സൂക്ഷിച്ചിരുന്നത്  അങ്ങനെയാണ്. അതുതന്നെയാണ് ആരോഗ്യത്തിനു ഗുണകരവും. കരിമ്പു ജ്യൂസിന്റെ സൂക്ഷിപ്പു കാലം കൂട്ടുന്നതും ഈ മാർഗത്തിലൂടെ തന്നെ’’. കരിമ്പുജ്യൂസ് വിപണിയിലെത്തിക്കുന്ന വൻകിട ബ്രാൻഡുകൾക്കെല്ലാം രാസസംരക്ഷകങ്ങളെ ആശ്രയിക്കേണ്ടി വരുന്നു എന്നിടത്താണ് തന്റെ കണ്ടെത്തലിനു  മൂല്യമേറുന്നതെന്നും പ്രേമൻ. 

കരിമ്പുജ്യൂസിനൊപ്പം വിശേഷാനുപാതത്തിൽ ചെറുനാരങ്ങാനീരു ചേർത്താണ് പ്രേമൻ തന്റെ ഉൽപന്നത്തിന്റെ സൂക്ഷിപ്പു കാലം ദീർഘിപ്പിക്കുന്നത്. ചൂടാക്കുമ്പോൾ സാധാരണഗതിയിൽ ചെറുനാരങ്ങാനീരിനു കയ്പുരസം ഉണ്ടാവേണ്ടതാണ്. എന്നാൽ പ്രേമന്റെ കരിമ്പുജ്യൂസിൽ കയ്പിന്റെ കണികപോലുമില്ല. നാരങ്ങയുടെ ആസ്വാദ്യകരമായ ഫ്ലേവർ ഉണ്ടുതാനും.  മേൽപറഞ്ഞ രണ്ടുമല്ലാതെ വെള്ളമോ പഞ്ചസാരയോപോലും ഇതില്‍ ചേർക്കുന്നില്ല.കരിമ്പുജ്യൂസിന് ഒട്ടേറെ പോഷകഗുണങ്ങളും ആരോഗ്യമേന്മകളുമുണ്ട്. ‘‘കരിമ്പുജ്യൂസിന്റെ ഗ്ലൈസമിക് ഇൻഡക്സ് (രക്തത്തിലേക്ക് ആഗിരണം ചെയ്യുന്ന പഞ്ചസാരയുടെ തോത്) പഞ്ചസാരയെക്കാൾ താഴെയാണ്. ചെറുനാരങ്ങാനീരു ചേർക്കുമ്പോൾ കരിമ്പിലെ  ഗ്ലൂക്കോസ്, സുക്രോസും ഫ്രക്ടോസുമായി വിഘടിക്കുമെന്നതിനാൽ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്ന പഞ്ചസാരയുടെ അളവും കുറയും. ഇക്കാരണങ്ങളാല്‍ കരിമ്പുജ്യൂസ് മധുരപ്രിയർക്കു ധൈര്യമായി കഴിക്കാം’’, പ്രേമൻ അവകാശപ്പെടുന്നു.

മറയൂരിലെ മധുരക്കരിമ്പ്

എറണാകുളം ജില്ലയിൽ മൂന്നാർ പാതയില്‍ നേര്യമംഗലം ചെല്ലിശ്ശേരിൽ സി.കെ. പ്രേമൻ സംരംഭ വഴിയിലെത്തിയിട്ട് വർഷങ്ങളേറെയായി. മഹിമ ബ്രാൻഡിൽ എള്ളെണ്ണയും മറയൂർ ശർക്കരയും വിപണിയിലെത്തിക്കുമ്പോഴും പ്രേമന്റെ സ്വപ്ന സംരംഭം കരിമ്പുജ്യൂസ് തന്നെയായിരുന്നു. ആറേഴു വർഷത്തെ പരീക്ഷണത്തിനൊടുവിലാണ് ചെറുനാരങ്ങാനീരിൽ ചെന്നെത്തുന്നത്. പുരയിടത്തിൽ തന്നെയുള്ള ശർക്കരനിർമാണ ഫാക്ടറിയിൽ കരിമ്പുജ്യൂസ് ഉൽപാദനവും തുടങ്ങി. 

മാലിന്യവും കലർപ്പുമില്ലാതെ കരിമ്പുജ്യൂസ് കഴിക്കുക എന്നത് പ്രധാനമാണെന്നു പ്രേമൻ. കരിമ്പുനീര് പിഴിഞ്ഞെടുക്കാനുള്ള ആധുനിക യന്ത്രസംവിധാനങ്ങളും മികച്ച പായ്ക്കിങ്ങും പ്രേമന്റെ ഉൽപന്നത്തെ കൂടുതൽ സുരക്ഷിതമാക്കുന്നു. സ്പൗട്ട് ആൻഡ് ക്യാപ് രീതിയിലുള്ള പായ്ക്കിലും പെറ്റ് ബോട്ടിലിലും വിപണിയിലെത്തിച്ച ജ്യൂസിന് മികച്ച പ്രതികരണം ലഭിച്ചതോടെ വിദേശവിപണി കൂടി ലക്ഷ്യം വയ്ക്കുകയാണ് പ്രേമൻ.

കരിമ്പുജ്യൂസിന്റെ സാങ്കേതികവിദ്യ കൈമാറുമോ എന്ന അന്വേഷണങ്ങളുമായി ഒട്ടേറെപ്പേര്‍  പ്രേമനെ സമീപിക്കുന്നുണ്ട്. കൊടുക്കില്ല എന്ന വാശിയൊന്നുമില്ല ഈ സംരംഭകന്. പക്ഷേ തൽക്കാലം അതിനില്ല. കാരണങ്ങൾ രണ്ടാണ്. അനേക വർഷങ്ങളുടെ അന്വേഷണമുണ്ട് കൂൾകെയ്നു പിന്നിൽ. സ്വന്തം ബ്രാൻഡിൽ അതു വിപണി നേടുന്നത് ആഹ്ലാദകരമായ അനുഭവം തന്നെയാണല്ലോ. 

മറ്റൊന്ന്, മറയൂരിലെ കരിമ്പു കർഷകരോടുള്ള കരുതലാണ്. മാസം ശരാശരി പതിനഞ്ചു ടൺ കരിമ്പാണ് മറയൂർ കർഷകരിൽനിന്ന് ഇപ്പോൾ വാങ്ങുന്നത്. ഉൽപാദനം കൂടുന്നതോടെ ആവശ്യം പല മടങ്ങായി വർധിക്കും. മറയൂരിലേതുൾപ്പെടെ കേരളത്തിലെവിടെയുമുള്ള കരിമ്പുകൃഷിക്കും കർഷകർക്കും സുസ്ഥിര വിപണിയും വിലയും ലഭിക്കാൻ തന്റെ ഉൽപന്നം കാരണമാവുമെങ്കിൽ അതിലും വലിയ ആനന്ദമുണ്ടോ എന്ന് പ്രേമൻ. ജ്യൂസ് വിൽപനയിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ നിശ്ചിത വിഹിതം മറയൂരിലെ പാരമ്പര്യ കരിമ്പു കർഷകരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുന്നുമുണ്ട്.

ഫോൺ: 9447159588