Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുന്നൂ വാഴപ്പഴം ജ്യൂസ്

robusta-banana

സ്വന്തം ഗവേഷണഫലം കേരളത്തിൽ സംരംഭമായി മാറ്റുന്ന സന്തോഷത്തിലാണ് ഡോ.കൈമൾ

ഓറഞ്ചും മുന്തിരിയുമൊക്കെ പിഴിഞ്ഞ് നിങ്ങൾ ജ്യൂസ് കുടിച്ചിട്ടുണ്ടാവും. എന്നാൽ വാഴപ്പഴത്തിന്റെ ജ്യൂസ് കുടിച്ചിട്ടുണ്ടോ? അതും ഖരാംശം നീക്കിയ പഴച്ചാർ. തീരെ സാധ്യതയില്ല. കാരണം ലോകത്ത് ആദ്യമായി വാഴപ്പഴത്തിൽനിന്നു ജ്യൂസെടുക്കുന്ന സംരംഭത്തിനു തൃശൂർ ജില്ലയിലെ കേച്ചേരിയിൽ തുടക്കം കുറിച്ചിട്ടേയുള്ളൂ. 

ഏകദേശം രണ്ടു ദശകം മുമ്പ് മുംബൈയിലെ ഭാഭാ അണുശക്തി ഗവേഷണകേന്ദ്രത്തിൽ ശാസ്ത്രജ്ഞനായിരുന്ന ഡോ. കെ.കെ. സുരേന്ദ്രനാഥ കൈമളിന്റെ നേതൃത്വത്തിൽ വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ഈ സംരംഭം  പ്രവർത്തിക്കുന്നത്.  ഭാഭ ആറ്റമിക് സെന്ററിൽ വികസിപ്പിച്ച  സാങ്കേതികവിദ്യയുടെ പേറ്റന്റ് ഭാരത സർക്കാരിനാണ്. യഥാസമയം സംരംഭകർക്കു കൈമാറാതെ ഇത്രയുംനാൾ  അലമാരയിൽ ഉറങ്ങിക്കിടന്ന ഈ ടെക്നോളജി പുതുക്കിയെടുത്തു സംരംഭമാക്കാൻ മുൻകൈയെടുത്തത് ഗവേഷകനായ ഡോ. കൈമൾ തന്നെ. 

കൃഷിക്കാർക്കും ഉപഭോക്താക്കൾക്കും ഏറെ പ്രയോജനപ്പെടുന്ന സാങ്കേതികവിദ്യ വർഷങ്ങൾക്കു മുമ്പ് തായ്‌ലൻഡിലെ ഒരു സംരംഭകൻ വാങ്ങിയെങ്കിലും വിപണിക്കു ചേർന്ന ഉൽപന്നമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അനാഥമായ സാങ്കേതികവിദ്യ ഉപയോഗിക്കാൻ  അനുവാദം ചോദിച്ചെങ്കിലും ഗവേഷണത്തിനു നേതൃത്വം നൽകിയ തന്നോട് അധികൃതർ ആവശ്യപ്പെട്ട കനത്ത ഫീസ് നൽകാനാവാതെ ഡോ. കൈമൾ പിൻവാങ്ങുകയായിരുന്നു. 

ഗവേഷണത്തിൽനിന്നു വിരമിച്ച ശേഷം മാളയിലെ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ബയോടെക്നോളജി വിഭാഗം  മേധാവിയായി പ്രവർത്തിക്കുമ്പോഴാണ് ഡോ.കൈമളിന്റെ സംരംഭകത്വം വീണ്ടും ഉണരുന്നത്. ആർക്കും പ്രയോജനപ്പെടാതെ പോയ തന്റെ സാങ്കേതികവിദ്യയെക്കുറിച്ചുള്ള നിരാശ 2011ൽ കോളജിൽ നടന്ന സംരംഭക സമ്മേളനത്തിൽ അദ്ദേഹം പങ്കുവച്ചു.  വൈകിയ വേളയിലെങ്കിലും ഈ സാങ്കേതികവിദ്യ പൊതുസമൂഹത്തിനു പ്രയോജനപ്പെടണമെന്നു സഹപ്രവർത്തകരായ അധ്യാപകർ നിർബന്ധിച്ചതോെട നെക്ടറീസ് ഫുഡ്സ് ഇന്ത്യ എന്ന സംരംഭത്തിനു 2013ൽ തുടക്കം കുറിക്കുകയായിരുന്നു. എന്നാൽ കേരളത്തിൽ സംരംഭകർക്കു നേരിടേണ്ടിവരുന്ന കടമ്പകൾ കാര്യങ്ങൾ പിന്നെയും വൈകിച്ചു. നാലു വർഷത്തിനു ശേഷം 2017 ഒക്ടോബറിലാണ് പൈലറ്റ് പ്ലാന്റിൽ ഉൽപാദനമാരംഭിച്ചത്. കൈമളിനൊപ്പം  മെറ്റ്സ് എൻജിനീയറിങ് കോളജിലെ അധ്യാപകരായ ഡോ.വി.എം .നിഷാദ്, ഡോ.ദീപക് വർഗീസ് എന്നിവരും ഈ സംരംഭത്തിൽ മുതൽമുടക്കിയിട്ടുണ്ട്. 

DSC_3399

സവിശേഷമായ സാങ്കേതികവിദ്യയിലൂെടയാണ് വാഴപ്പഴത്തിൽ നിന്നു ജ്യൂസെടുക്കുന്നതെന്നു കൈമൾ പറഞ്ഞു. കൂടുതൽ സമയം ആവശ്യമുള്ള ഉൽപാദനപ്രക്രിയയാണെങ്കിലും പോഷകസമ്പന്നമായ  ജ്യൂസിനു വലിയ സാധ്യതകളാണുള്ളത്. ബഹുരാഷ്ട്രകമ്പനികൾപോലും ഇതിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സാഹചര്യങ്ങളുെട പരിമിതിമൂലം ഒന്നും യാഥാർഥ്യമായില്ലെന്നു മാത്രം. എല്ലാ ഇനം വാഴപ്പഴങ്ങളിൽനിന്നും ജ്യൂസുണ്ടാക്കാൻ ഈ സാങ്കേതികവിദ്യയിലൂെട സാധിക്കുമെന്ന് ഡോ. കൈമൾ പറയുന്നു. എന്നാൽ ആദ്യഘട്ടത്തിൽ റോബസ്റ്റാപ്പഴം മാത്രമാണ്  ഉപയോഗപ്പെടുത്തുക. ജ്യൂസിന്റെ അംശവും പോഷകഘടകങ്ങളും കൂടുതലുണ്ടെന്നതും വലിയ കുലകൾ താരതമ്യേന കുറഞ്ഞ വിലയ്ക്കു കിട്ടുമെന്നതുമൊക്കെ റോബസ്റ്റ തിരഞ്ഞെടുക്കാൻ കാരണമായി. അതിലുപരി, പഴുത്തു തുടങ്ങുമ്പോഴേ കുലയിൽനിന്ന് അടർന്നുവീഴുന്നതിനാൽ സൂക്ഷിപ്പുകാലം കുറവുള്ള റോബസ്റ്റയുെട മൂല്യവർധനയ്ക്കു  കേരളത്തിൽ പ്രസക്തി കൂടുതലുണ്ട്.

ദിവസേന ഒരു ടണ്ണോളം വാഴപ്പഴം സംസ്കരിച്ച് ആയിരം ലീറ്റർ ജ്യൂസുണ്ടാക്കാൻ ശേഷിയുള്ള പൈലറ്റ് പ്ലാന്റിനു 2017 ഒക്ടോബറിൽ തുടക്കം കുറിച്ചു. പ്രദർശനങ്ങളിൽ പങ്കെടുത്ത് ഉപഭോക്താക്കളുെട അഭിപ്രായം തേടുകയായിരുന്നു ഇതുവരെ. അതിന്റെ അടിസ്ഥാനത്തിൽ ഏലക്കാ, ലെമൺ–ജിഞ്ചർ, സിന്നമൺ (കറുവ) എന്നീ രുചിഭേദങ്ങളിലായിരിക്കും ‘ട്രൂ യു’ജ്യൂസ് വിപണിയിലെത്തുക. അടുത്ത മാസം മുതൽ തൃശൂർ, എറണാകുളം, പാലക്കാട്  ജില്ലകളിൽ വിപണനം ആരംഭിക്കും. ആകർഷകമായ ലേബലിൽ 200 മില്ലി ബോട്ടിലുകളിലെത്തുന്ന ജ്യൂസിന് 30 രൂപയാണ് വില. 

നാരിന്റെ അംശം ഭാഗികമായി നീക്കുന്നതൊഴികെ വാഴപ്പഴത്തിലെ എല്ലാ പോഷകഘടകങ്ങളും മെച്ചപ്പെട്ട തോതിൽ ‘ട്രൂ യു’ ജ്യൂസിലുണ്ടാകുമെന്ന് കൈമൾ പറഞ്ഞു. നീക്കം ചെയ്യുന്ന ഫൈബർ പ്രയോജനപ്പെടുത്തി ഐസ്ക്രീം, ബിസ്കറ്റ് എന്നിവ നിർമിക്കാനുള്ള സാങ്കേതികവിദ്യയും ഇവർക്കുണ്ട്. മികച്ച നിലവാരമുള്ള ഈ ഉൽപന്നങ്ങൾ കൂടി ഉൽപാദിപ്പിക്കുന്നതോടെ കൃഷിക്കാരിൽനിന്ന് മെച്ചപ്പെട്ട വിലയ്ക്ക് വാഴപ്പഴം വാങ്ങാനായേക്കും. പഴത്തൊലിയിൽ നിന്ന്എൻസൈമുകൾ, സൗന്ദര്യ വർധകവസ്തുക്കൾ എന്നിവ നിർമിക്കാനും പദ്ധതിയുണ്ട്.തുടക്കത്തിൽ കമ്പനിക്ക് ആവശ്യമായ റോബസ്റ്റ വാഴക്കുല നൽകുന്നതിന് തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏതാനും വാഴക്കർഷകരുമായി ചർച്ച നടക്കുകയാണ്. മുൻകൂട്ടി ധാരണയിലെത്തുന്ന നിരക്കിൽ ഒരു വർഷത്തേക്ക് റോബസ്റ്റ കുലകൾ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ചതഞ്ഞും മുറിഞ്ഞും അടർന്നുമുണ്ടാകുന്ന പാഴ്നഷ്ടങ്ങൾ ഒഴിവാക്കാൻ പഴുക്കുന്നതിനു മുമ്പുതന്നെ സംസ്കരണകേന്ദ്രത്തിൽ കുലകൾ എത്തിക്കണം. വർഷം മുഴുവൻ നിശ്ചിത തോതിൽ ഉൽപാദനം ക്രമീകരിക്കാൻ കമ്പനി കൃഷിക്കാരെ സഹായിക്കും. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ബാധിക്കാതെ വർഷം മുഴുവൻ സ്ഥിരവില ഉറപ്പാക്കാമെന്നാണ് കമ്പനി കൃഷിക്കാർക്കു  നൽകുന്ന വാഗ്ദാനം.  സീസൺ മാറുന്നതനുസരിച്ച് വിലയിൽ വലിയ അന്തരമുണ്ടാകുന്ന ഉൽപന്നമാണ് റോബസ്റ്റ. ഈ സാഹചര്യത്തിൽ വർഷം മുഴുവൻ സ്ഥിരവില നൽകി കൃഷിക്കാരെ ആകർഷിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. വിപണി വികസിക്കുന്നതനുസരിച്ച് കൂടുതൽ കൃഷിക്കാരെ കമ്പനിയുടെ കുടക്കീഴിൽ കൊണ്ടുവരാമെന്നും സംസ്കരണശേഷി വർധിപ്പിക്കാമെന്നുമുള്ള കണക്കുകൂട്ടുന്നു.  

ഫോൺ– 9446372733